Follow KVARTHA on Google news Follow Us!
ad

തെയ്‌കോണ്ടോയില്‍ ഉയരങ്ങള്‍ കീഴടക്കി വെള്ളിക്കോത്ത്

തെയ്‌കോണ്ടോ എന്ന കൊറിയന്‍ ആയോധനകലയില്‍ ദേശീയതലത്തില്‍ തന്നെ ശ്രദ്ധ നേടുകയാണ് കാസര്‍കോട് ജില്ലയിലെ വെള്ളിക്കോത്ത് ഗ്രാമം. വെള്ളിക്കോത്തു നിന്നുള്ള നിരവധി കുട്ടികള്‍ Kanhangad, Kasaragod, Sports, Local-News, Winner, Youth, VV Madhu, Vellikoth makes history in Taekwondo.
കാഞ്ഞങ്ങാട്: (www.kvartha.com 30.04.2017) തെയ്‌കോണ്ടോ എന്ന കൊറിയന്‍ ആയോധനകലയില്‍ ദേശീയതലത്തില്‍ തന്നെ ശ്രദ്ധ നേടുകയാണ് കാസര്‍കോട് ജില്ലയിലെ വെള്ളിക്കോത്ത് ഗ്രാമം. വെള്ളിക്കോത്തു നിന്നുള്ള നിരവധി കുട്ടികള്‍ ദേശീയ സംസ്ഥാന തലങ്ങളില്‍ നടക്കുന്ന തെയ്‌കോണ്ടോ ചാമ്പ്യന്‍ഷിപ്പുകളില്‍ മെഡലുകള്‍ വാരിക്കൂട്ടുമ്പോള്‍ അത് വി വി മധുവെന്ന ചുറുചുറുക്കുള്ള പരിശീലകന്റെ അശ്രാന്ത പരിശ്രമങ്ങളുടെ ഫലമാണ്.

സംസ്ഥാനത്തെ ഏറ്റവും മികച്ച പരിശീലകന്‍, ഏറ്റവും മികച്ച പരിശീലനകേന്ദ്രം എന്നീ ബഹുമതികള്‍ ഈ വര്‍ഷം മധുവിനേയും വെള്ളിക്കോത്തെ അദ്ദേഹത്തിന്റെ തെയ്‌കോണ്ടോ ഇന്‍സ്റ്റിറ്റിയൂട്ടിനേയും തേടിയെത്തിയപ്പോള്‍ അത് അര്‍ഹതയ്ക്കുള്ള അംഗീകാരമായി. തല ഉയരത്തില്‍ ഉള്ള കിക്കുകളും കറങ്ങിയും ചാടിയുമുള്ള ദ്രുതഗതിയിലുള്ള കിക്ക് വിദ്യകളുമൊക്കെ പ്രധാന സ്വഭാവമായുള്ള ഈ ആയോധന കല 1992 മുതല്‍ ഒളിമ്പിക്‌സ് ഗെയിംസിലെ മത്സര ഇനമായതോടെയാണ് അന്താരാഷ്ട്രതലത്തില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. ഇന്ന് സംസ്ഥാനത്ത് കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകാരവും ഈ കായിക ഇനത്തിനുണ്ട്.


കോഴിക്കോട് വി കെ കൃഷ്ണമേനോന്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ആറാമത് നാഷണല്‍ സൗത്ത് സോണ്‍ തെയ്‌കോണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ തെയ്‌കോണ്ടോ ഇന്‍സ്റ്റിറ്റിയൂട്ട് വെള്ളിക്കോത്ത് ചരിത്ര നേട്ടമാണ് സ്വന്തമാക്കിയത്. ഹിത ചന്ദ്രന്‍ സ്വര്‍ണവും മീനാക്ഷി ആര്‍, വൈശാഖി എന്നിവര്‍ വെള്ളിയും അക്ഷയ് വി മുരളി, സ്‌നേഹ കെ, നവ്യ പ്രകാശ്, വര്‍ഷ ഭാര്‍ഗവന്‍ എന്നിവര്‍ വെങ്കലവും നേടി നാടിന്റെ അഭിമാനതാരങ്ങളായി. 2016 - 17 വര്‍ഷത്തെ മികച്ച തെയ്‌കോണ്ടോ ക്ലബ്ബിനും മികച്ച പരിശീലകനുമുള്ള അവാര്‍ഡ് പുരുഷന്‍ കടലുണ്ടി എം എല്‍ എയില്‍ നിന്ന് വി വി മധു ഏറ്റുവാങ്ങുകയും ചെയ്തു.



1999ലാണ് വെള്ളിക്കോത്ത് തെയ്‌കോണ്ടോ പരിശീലനമാരംഭിക്കുന്നത്. തുടക്കത്തില്‍ വെള്ളിക്കോത്ത് യംഗ്‌മെന്‍സ് ക്ലബ്ബിലും പിന്നീട് ജവഹര്‍ ബാലജനവേദി ഹാളിലുമായിരുന്നു പരിശീലനം. തേര്‍ഡ് ഡാന്‍ ബ്ലാക്ക് ബെല്‍റ്റ് നേടിയ വി വി മധു അടുത്ത കാലത്താണ് സ്വന്തമായി പരിശീലന കേന്ദ്രമാരംഭിച്ചത്. സുസജ്ജമായ തെയ്‌കോണ്ടോ ട്രെയിനിംഗ് ഹാളും തെയ്‌കോണ്ടോ മാറ്റടക്കം എല്ലാ അനുബന്ധ സംവിധാനങ്ങളുമുള്ള ഇവിടെ നിലവില്‍ 150ലധികം കുട്ടികളാണ് ഈ ആയോധനകല പരിശീലിക്കുന്നത്. ദേശീയതലത്തിലും സംസ്ഥാനതലത്തിലും സി ബി എസ് ഇ സ്‌കൂള്‍ ചാമ്പ്യന്‍ഷിപ്പുകളിലും മെഡലുകള്‍ വാരിക്കൂട്ടാന്‍ മധുവിന്റെ ശിഷ്യര്‍ക്കു സാധിച്ചിട്ടുണ്ട്. 2014 മുതല്‍ തുടര്‍ച്ചയായി മൂന്നു വര്‍ഷം കാസര്‍കോട് ജില്ലാ ചാമ്പ്യന്‍പട്ടം നേടിയതും വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റിയൂട്ടിലെ ചുണക്കുട്ടികള്‍ തന്നെ. നാഷണല്‍ റഫറി കൂടിയാണ് മധു. ഡല്‍ഹിയില്‍ ഈ വര്‍ഷം നടന്ന ദേശീയ സ്‌കൂള്‍ ഗെയിംസിലടക്കം നിരവധി ദേശീയ മല്‍സരങ്ങളില്‍ റഫറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.


പെണ്‍കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചു വരുമ്പോള്‍ സ്വയരക്ഷയ്ക്ക് അവരെ പ്രാപ്തരാക്കുന്നതിനും ആത്മധൈര്യം പകരുന്നതിനും ഹയര്‍ സെക്കന്‍ഡറി തലത്തില്‍ മധുവും പരിശീലകരായ പ്രകാശന്‍, ഷാജി എന്നിവരും കാസര്‍കോട് ജില്ലയിലെ ബങ്കളം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്കായി ആരംഭിച്ച കരുത്ത് എന്ന പരിപാടി വന്‍വിജയമാവുകയും ഇപ്പോഴത് സംസ്ഥാനത്തെ 70 ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ നടപ്പിലാക്കിയിരിക്കുകയുമാണ്. ചെറുവത്തൂര്‍, മുച്ചിലോട്ട്, രാംനഗര്‍ സ്വാമി രാംദാസ് മെമ്മോറിയല്‍ ഗവ ഹൈസ്‌കൂള്‍ എന്നിവിടങ്ങളും മധു തെയ്‌കോണ്ടോ പരിശീലിപ്പിക്കുന്നുണ്ട്.

വെള്ളിക്കോത്തെ വി വി കുഞ്ഞമ്പു - മാണിക്കം ദമ്പതികളുടെ മകനാണ് മധു. ഭാര്യ: ദയ. തെയ്‌കോണ്ടോ താരം കൂടിയായ അമേയ, നിയത എന്നിവര്‍ മക്കളാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kanhangad, Kasaragod, Sports, Local-News, Winner, Youth, VV Madhu, Vellikoth makes history in Taekwondo.