Follow KVARTHA on Google news Follow Us!
ad

കോടതി വിധി മറികടക്കാന്‍ മദ്യഷാപ്പുകള്‍ സ്ഥലം മാറ്റി വീണ്ടും തുടങ്ങരുത്: മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

മദ്യഷാപ്പുകളുടെ സ്ഥലം മാറ്റുന്ന സംസ്ഥാനമായി കേരളം മാറരുതെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കോടതി വിധി Kerala, Kozhikode, Beverages Corporation, Court, Government, Farmer, Thamarasseri.
കോഴിക്കോട്: (www.kvartha.com 30.04.2017) മദ്യഷാപ്പുകളുടെ സ്ഥലം മാറ്റുന്ന സംസ്ഥാനമായി കേരളം മാറരുതെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കോടതി വിധി മറികടക്കാന്‍ നഗരപ്രദേശങ്ങളിലെ മദ്യഷാപ്പുകള്‍ ഗ്രാമങ്ങളിലേക്ക് മാറ്റി സ്ഥാപിക്കരുത്. മദ്യഷാപ്പുകള്‍ നഗരങ്ങളില്‍ നിന്നും ഗ്രാമങ്ങളിലേക്ക് മാറ്റാന്‍ സുപ്രീം കോടതി പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 31 ാമത് താമരശ്ശേരി രൂപതാ ദിനാഘോഷം കോഴിക്കോട് പുല്ലൂരാംപാറ ബഥാനിയ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്‍ച്ച് ബിഷപ്.


മദ്യത്തിനെതിരെ നടക്കുന്ന പ്രക്ഷോഭത്തില്‍ നിന്നും കെ സി ബി സി പിന്നോട്ട് പോവരുതെന്നും അദ്ദേഹം പറഞ്ഞു. മദ്യം സമൂഹത്തിനുണ്ടാക്കുന്ന അപകടം വളരെ വലുതാണ്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം മാത്രമാണ് മദ്യം വിറ്റ് ലാഭം കൊയ്യാന്‍ ശ്രമിക്കുന്നത്. ബിഹാറില്‍ മദ്യം പൂര്‍ണമായി നിരോധിച്ചപ്പോഴുണ്ടായ നഷ്ടം അവിടുത്തെ സര്‍ക്കാര്‍ മുഖവിലയ്‌ക്കെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

ഭാരതത്തിന്റെ മാനവികത ഐക്യത്തിന് കൂട്ടായ പ്രവര്‍ത്തനമാണ് ആവശ്യം. കേരളത്തിലെ സഭകള്‍ ഇതിനായി ഒന്നിച്ചു പ്രവര്‍ത്തിക്കണം. ഇതര മതസ്ഥരെ അന്യരായി സഭ കാണുന്നില്ല. എല്ലാ മതവിശ്വാസികളെയും മാനിച്ച് അവരുടെ നന്മകള്‍ സ്വീകരിച്ചും ക്രൈസ്തവ നന്മകള്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്ന് നല്‍കിയുമാണ് സഭ പ്രവര്‍ത്തിക്കേണ്ടത്. കസ്തൂരിരംഗന്‍, ഗാഡ്ഗില്‍ പോലുള്ള വിഷയത്തിലും ഇത്തരം ഇടപെടലാണ് ആവശ്യം.

ഇതൊരു ഭൂപ്രദേശത്തിന്റെ പ്രശ്‌നമാണ്. ഇത്തരം വിഷയങ്ങളെ ഒരു വിഭാഗത്തിന്റെ പ്രശ്‌നമായി മാത്രം ഒതുക്കാന്‍ ശ്രമിക്കരുത്. കേരളം മുതല്‍ മുംബൈ വരെയുള്ള ഭൂപ്രദേശത്തിന്റെ പ്രശ്‌നമാണിത്. നിലവിലെ നിയമം പാലിച്ച് ഭൂമി വാങ്ങി വര്‍ഷങ്ങളായി താമസിക്കുന്നവരെ കയ്യേറ്റക്കാരായി ചിത്രീകരിക്കാനുള്ള നീക്കത്തെ എതിര്‍ക്കുകയാണ് വേണ്ടത്. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് താത്കാലിക പരിഹാരമുണ്ടാകുന്നുണ്ടെങ്കിലും ശാശ്വത പരിഹാരം കാണേണ്ടതുണ്ട്. മലയോര മേഖലയില്‍ കൃഷി ചെയ്ത് ജീവിക്കുന്നവരുടെ ദുരിതം സര്‍ക്കാര്‍ കാണാതിരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. കസ്തൂരി രംഗന്‍ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മലയോര മേഖലയില്‍ കര്‍ഷകര്‍ക്ക് കൃഷിയിറക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണുള്ളത്. ഹൈറേഞ്ചിന് കര്‍ഷകര്‍ നല്‍കിയ സംഭാവന സര്‍ക്കാര്‍ മനസിലാക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.


Keywords: Kerala, Kozhikode, Beverages Corporation, Court, Government, Farmer, Thamarasseri, Cardinal Mar George Alencherry flays hasty liquor policy