Follow KVARTHA on Google news Follow Us!
ad

മറയൂര്‍: കാട്ടുനീതിയുടെ ഊര്; വിലക്കിന്റെ നാട്

1993 ഓഗസ്റ്റിലെ ഒരു സായാഹ്നത്തില്‍ കാന്തല്ലൂര്‍ സ്വദേശിനി മാരിയമ്മ രണ്ടു മക്കളുമായി കാന്തല്ലൂര്‍ പുഴയില്‍ Idukki, Kerala, Marayoor, Panchayath, Crime, Murder
മറയൂര്‍: (www.kvartha.com 19.10.2014) 1993 ഓഗസ്റ്റിലെ ഒരു സായാഹ്നത്തില്‍ കാന്തല്ലൂര്‍ സ്വദേശിനി മാരിയമ്മ രണ്ടു മക്കളുമായി കാന്തല്ലൂര്‍ പുഴയില്‍ ചാടി മരിച്ചു. അച്ഛന്‍ മരിച്ചപ്പോള്‍ കാണാന്‍ നാട്ടുകൂട്ടം അനുവദിക്കാത്തതില്‍ മനം നൊന്തായിരുന്നു മാരിയമ്മ പിഞ്ചുമക്കളുമായി ജീവനൊടുക്കിയത്. അന്യ ഊരുകാരനെ പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ നാട്ടുകൂട്ടം ഈരുവിലക്ക് ഏര്‍പെടുത്തിയിരുന്നതിനാലാണ് മാരിയമ്മക്ക് ജന്‍മഗ്രാമത്തില്‍ പ്രവേശിച്ച് പിതാവിന് അന്ത്യാഞ്ജലി അര്‍പിക്കാന്‍ കഴിയാതെ പോയത്. വനിതാ കമ്മീഷനും സ്ത്രീപരിരക്ഷാ നിയമങ്ങളും അരങ്ങുതകര്‍ക്കുന്ന സാക്ഷരകേരളത്തിലെ പ്രജയായിട്ടും മറയൂര്‍ അഞ്ചുനാട്ടിലെ മാരിയമ്മയുടെ മരണകാരണം ആരും അന്വേഷിച്ചില്ല.

ഏറ്റവും ഒടുവില്‍ കഴിഞ്ഞയാഴ്ച ഗ്രാമപെരിയധനം (ഗ്രാമത്തലവന്‍) ഗോപാലകൃഷ്ണന്‍ കൊല്ലപ്പെട്ടതിന് പിന്നിലും അഞ്ചുനാട്ടിലെ ഊരുവിലക്കെന്ന ദുരാചാരം. 28 വര്‍ഷമായി ഊരുവിലക്കില്‍ കഴിയുന്ന ഹരിരാമനും ഗ്രാമക്കാരും തമ്മിലുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കീഴാന്തൂര്‍ ഗ്രാമത്തിലെ ഹരിരാമന്റെ ഉടമസ്ഥതയിലുള്ള തോട്ടത്തില്‍ നിന്നും ഗ്രാന്റീസ് മരങ്ങള്‍ മുറിച്ചു കൊണ്ടു പോകുന്നതു സംബന്ധിച്ച തര്‍ക്കമാണ് ചോരവീഴാന്‍ കാരണം.

Idukki, Kerala, Marayoor, Panchayath, Crime, Murder
അഞ്ചുനാടിന്റെ കവാടം


ഊരുവിലക്കപ്പെട്ടാല്‍ പൊതുവഴി പോലും ഇവര്‍ക്കു മുമ്പില്‍ കൊട്ടിയടയ്ക്കപ്പെടും. ഹരിരാമന്റെ ഉടമസ്ഥതയിലുള്ള തോട്ടത്തില്‍ നിന്ന് ഗ്രാന്റീസ് മരങ്ങള്‍ മുറിച്ചുകൊണ്ടു പോകുന്ന പൊതു വഴി ഗ്രാമവാസികള്‍ തടസപ്പെടുത്തിയിരുന്നു. ഇതിനെതിരെ ഹരിരാമന്‍ തഹസില്‍ദാര്‍ക്കും വില്ലേജ് ഓഫീസര്‍ക്കും പരാതി നല്‍കി. ഇതില്‍ പ്രകോപിതരായ ചിലര്‍ ഹരിരാമന്റെ വീട് തകര്‍ത്തു. ഇതിന്റെ അനന്തര ഫലമായിരുന്നു കൊലപാതകം. ഹരിരാമന്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.

കേരളത്തിന്റെ സൗന്ദര്യമായ മൂന്നാറില്‍ നിന്നും 50 കിലോമീറ്റര്‍ അകലെയാണ് അഞ്ചുനാട്. മറയൂര്‍ പഞ്ചായത്തിലെ മറയൂര്‍, കാരയൂര്‍ ഗ്രാമങ്ങളും കാന്തല്ലൂര്‍ പഞ്ചായത്തിലെ കാന്തല്ലൂര്‍, കീഴാന്തൂര്‍ ഗ്രാമങ്ങളും തമിഴ്‌നാട്ടിലെ കൊട്ടകുടി ഗ്രാമവും അടങ്ങുന്നതാണ് അഞ്ചുനാട്. ഇതില്‍ നാലു നാടുകളും സാക്ഷര കേരളത്തിലാണെങ്കിലും സാമൂഹ്യപരിഷ്‌ക്കരണത്തിന്റെ വെളിച്ചം ഇന്നും ഇവിടേക്ക് എത്തിയിട്ടില്ല.  ആചാരപ്രകാരം ഈ അഞ്ചു ഗ്രാമങ്ങളില്‍ ഉള്ളവരുമായി മാത്രമേ വിവാഹം കഴിക്കാന്‍ സാധിക്കുകയുള്ളൂ. ഇത് ലംഘിക്കപ്പെട്ടാല്‍ ഫലം ആജീവനാന്ത വിലക്ക്.

ഊരുവിലക്കിന് വിധേയമാകുന്നവര്‍ക്ക് ബന്ധുവീടുകളില്‍ പ്രവേശിക്കാനോ ക്ഷേത്രങ്ങളില്‍ പോകാനോ ബന്ധുക്കളുമായി സംസാരിക്കാന്‍ പോലുമോ സാധ്യമല്ല. കടകളില്‍ നിന്നും സാധനങ്ങളും ലഭിക്കില്ല. പൊതു കിണര്‍ പോലും നിഷേധിക്കപ്പെടും. കുടിയിലുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്താതിരിക്കാന്‍ അകലെ മറ്റൊരു വീട്ടിലാണ് വിലക്കപ്പെടുന്നവര്‍ താമസിക്കുന്നത്. രക്തബന്ധമുളളവരുടെ പോലും വിവാ ഹത്തിനോ ഉത്സവത്തിനോ മരണാനന്തര ചടങ്ങിലോ പങ്കെടുക്കാന്‍ പാടില്ല. ഏതെങ്കിലും കാരണത്താല്‍ പങ്കെടുത്താല്‍ ആ കുടുംബത്തേയും വിലക്കും.

മകള്‍ അന്യജാതിയില്‍പ്പെട്ട യുവാവിനെ വിവാഹം കഴിച്ചതിന്റെ പേരിലാണ് കാന്തല്ലൂര്‍ ഗ്രാമപഞ്ചായ ത്തിലെ തീര്‍ഥമല ആദിവാസി കോളനിയിലെ അഴകര്‍ സ്വാമിയുടെ കൂടുംബത്തെ ഊരുവിലക്കിയത്. മുതുവാന്‍ വിഭാഗത്തില്‍പെട്ട അഴകര്‍സ്വാമി - കന്നിയമ്മ ദമ്പതികള്‍ വര്‍ഷങ്ങളായി തീര്‍ഥമലകുടിയിലാണ് കൃഷി ചെയ്തിരുന്നത്. ഇവരുടെ മകള്‍ ഷൈല അന്യജാതിയില്‍ പെട്ട യുവാവിനെ വിവാഹം ചെയ്തതാണ് വിനയായത്.

ആയുര്‍വേദ നഴ്‌സിംഗിന് പഠിക്കുന്ന മകള്‍ക്ക് അനുയോജ്യമായ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ കോളനിയില്‍ ഇല്ലാത്തതിനാലാണ് മറ്റൊരു വിവാഹത്തിന് തയാറായതെന്ന് മാതാവ് കന്നിയമ്മ പറയുന്നു. ഇവരുടെ മകള്‍ ആയുര്‍വേദ കോഴ്‌സിനായി ബിഹാറില്‍ പാറ്റ്‌നയില്‍ പഠിക്കുകയായിരുന്നു. ഈ കോളജിലെ ലക്ചററായിരുന്ന ബിഹാര്‍ സ്വദേശി റാം എന്ന യുവാവുമായി പ്രണയത്തിലാകുകയും 2013 ഡിസംബര്‍ 12നു വിവാഹിതയാവുകയും ചെയ്തു.
Idukki, Kerala, Marayoor, Panchayath, Crime, Murder
അഞ്ചുനാട്ടിലെ കുട്ടികളുടെ നൃത്തം

മറയൂരിലെത്തിയ ഇവര്‍ ദേവികുളം സബ് രജിസ്ട്രാര്‍ ഓഫീസില്‍ വിവാഹം നിയമപരമായി രജിസ്റ്റര്‍ ചെയ്തു. വാടകവീട്ടില്‍ താമസിക്കുകയായിരുന്ന ഇവരുടെ വീട്ടില്‍ ഇവരെ സന്ദര്‍ശിക്കാന്‍ എത്തിയ കുടിയിലെ ഗോപാലന്‍, തിരുമേനി എന്നിവരെയും നാട്ടുകൂട്ടം ഊരുവിലക്കി. പിന്നീട് നാട്ടുകൂട്ടം വിധിച്ച പിഴയടച്ച് ഇവര്‍ ഊരുവിലക്കില്‍നിന്ന് രക്ഷപ്പെട്ടു.

എന്നാല്‍ അഴകര്‍സ്വാമിക്കും കന്നിയമ്മയ്ക്കും കുടുംബത്തിനും ഊരുവിലക്കിന് അയവുണ്ടായില്ല. കുടിയില്‍ ഒറ്റപ്പെട്ട ഇവര്‍ പയസ് നഗര്‍ ചുരക്കുളത്തുള്ള വാടകവീട്ടിലേക്ക് എല്ലാം ഉപേക്ഷിച്ച് മാറി. 10 ഏക്കറോളം കൃഷിസ്ഥലം അനാഥമാകുകയും ചെയ്തു. ഇവര്‍ പലതവണ നാട്ടുകൂട്ടത്തില്‍ പരാതി സമര്‍പ്പിച്ചെങ്കിലും അംഗീകരിക്കാന്‍  തയാറായില്ല.

ഊരുവിലക്കിയ അഴകര്‍ സ്വാമിക്ക് മൂന്ന് പെണ്‍കുട്ടികളും ഒരു ആണ്‍ കുട്ടിയുമാണുള്ളത്. മക്കളെല്ലാം ഉന്നത വിദ്യാഭ്യാസം ഉള്ളവരാണ്. മകളെ ഗോത്രത്തിനു പുറത്ത് വിവാഹം ചെയ്തതാണ് ശക്തിവേലിന്റെ കുടുംബം ചെയ്ത തെറ്റ്. മറയൂര്‍ ഗ്രാമത്തിലാണ് ശക്തിവേലിന്റെ കുടുംബം. ശക്തിവേലിന്റെ മകളുടെ വിവാഹം രാജാക്കാട് സ്വദേശിയായ യുവാവുമായി നടത്തിയിരുന്നു. തുടര്‍ന്നാണ് അഞ്ചുനാട് ഗ്രാമകമ്മിറ്റി ഈ കുടുംബത്തിന് അയിത്തം കല്‍പിച്ചത്.

ഊരുവിലക്കപ്പെട്ട ബന്ധുവീട്ടില്‍ പോയതാണ് മറയൂര്‍ കുടിയില്‍ താമസിക്കുന്ന ധനുഷ്‌കോടി ചെയ്ത തെറ്റ്. അഞ്ചുനാട് ഗ്രാമങ്ങളില്‍ 14 കുടുംബങ്ങള്‍ ഇപ്പോള്‍ ഈരുവിലക്കിന് ഇരയായിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ചെറിയ കുറ്റങ്ങള്‍ക്ക് പിഴയിട്ട് ശിക്ഷ ഒഴിവാക്കുന്ന രീതി വന്നിട്ട് അധികകാലമായില്ല.  ഗ്രാമകമ്മിറ്റി ചര്‍ച്ചചെയ്ത് ദൈവത്തിനുമുമ്പില്‍ മാപ്പുചോദിച്ച് വിധിക്കുന്ന ശിക്ഷ അടച്ചാല്‍ ഗ്രാമത്തിലെ അംഗമായി തുടരാം.

മറയൂര്‍ ഗ്രാമത്തില്‍ വാര്‍ഷിക വരിയായി (തലക്കെട്ട്) ഒരു കുടുംബത്തിന് 500 രൂപ കൊടുക്കണം. മറ്റു ഗ്രാമങ്ങളായ കാരയൂര്‍, കീഴാന്തൂര്‍, കാന്തല്ലൂര്‍ എന്നിവിടങ്ങളില്‍ ഉത്സവസമയത്ത് അതതു കാലഘട്ടത്തിലെ വരിയാണ് ഒടുക്കേണ്ടത്. വരിയായി ലഭിക്കുന്ന തുകയാണ് ആഘോഷത്തിനായി ചെലവഴിക്കുന്നത്. എന്നാല്‍ പാവങ്ങള്‍ എന്തു ചെയ്യും?. ഗ്രാമക്കൂട്ടം ശിക്ഷ വിധിക്കുന്നവരെ ഇരുട്ടളക്കുടിക്കു മുകളിലെ അഞ്ചുനാട്ടാന്‍പാറയില്‍നിന്നു താഴേക്കു തള്ളിയിടുന്ന ശിക്ഷാസമ്പ്രദായവും നേരത്തെ ഉണ്ടായിരുന്നു.
Idukki, Kerala, Marayoor, Panchayath, Crime, Murder
അഞ്ചുനാടിന്റെ ദൃശ്യം

മന്ത്രി, മന്നാടിയാര്‍, പെരിയധനം എന്നിവരുടെ നിയന്ത്രണത്തില്‍ വര്‍ഷംതോറും തെരഞ്ഞെടുക്കുന്ന ഗ്രാമകമ്മിറ്റിക്കാണ് ഗ്രാമത്തിന്റെ ഭരണച്ചുമതല. ഇവര്‍ എടുക്കുന്ന തീരുമാനങ്ങള്‍ ഗ്രാമക്കാര്‍ അനുസരിച്ചേപറ്റൂ. അഞ്ച് നാട്ടിലെ ഗ്രാമങ്ങളിലേക്ക് പ്രവേശിക്കുന്നതിനായി ഗ്രാമ വാതില്‍ (തലൈ വാസല്‍ ) ഉണ്ട്. ഇവിടെയെത്തുന്നവര്‍ വാതിലിലൂടെ മാത്രമേ ഗ്രാമത്തിനുള്ളില്‍ പ്രവേശിക്കാവൂ. പാണ്ഡ്യനാട്ടു സംസ്‌കാരത്തില്‍ ജീവിച്ചിരുന്നവരാണ് അഞ്ചുനാട് ഗ്രാമക്കാര്‍.

അഞ്ചുഗ്രാമത്തിലായി 750 കുടുംബമാണുള്ളത്. പഴശ്ശിരാജാവിന്റെകാലത്തും മാര്‍ത്താണ്ഡവര്‍മയുടെകാലത്തും അധികംവരുന്ന നെല്ല് ഖജനാവിലേക്കു നല്‍കിയ സമുദായമായിരുന്നത്രെ ഇത്. തിരുവിതാംകൂര്‍ രാജാവിന് കപ്പം കൊടുത്ത സമുദായം, തഞ്ചാവൂരില്‍നിന്നു വിത്തല്ലൂര്‍ ചടയന്റെ അനുഗ്രഹത്തോടെ നെല്ലു കൊണ്ടുവന്ന് മറയൂര്‍ മേഖലയില്‍ ആദ്യമായി കൃഷി നടത്തിയ സമുദായം എന്നിങ്ങനെയെല്ലാമുളള പെരുമ ഒരു വശത്തുണ്ടുതാനും.

അഞ്ചുനാട്ടിലേക്കുളള കവാടം മനോഹരമാണ്. എന്നാല്‍ ഈ കവാടത്തിനപ്പുറം കാട്ടുനീതിയാണ്. ഇതിനിരയായ മാരിയമ്മമാരുടെ വിതുമ്പലുകള്‍ ചെവിയോര്‍ത്താല്‍ കേള്‍ക്കാം.

Related News: 
കീഴാന്തൂര്‍ ഗ്രാമത്തലവന്റെ കൊലപാതകം: പ്രതി അറസ്റ്റില്‍
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Idukki, Kerala, Marayoor, Panchayath, Crime, Murder. 

Post a Comment