Follow KVARTHA on Google news Follow Us!
ad

വഖഫ്‌ബോര്‍ഡ് കുംഭകോണം: മാനനഷ്ടക്കേസ് നല്‍കുമെന്ന് സി.എം ഇബ്രാഹിം

ബംഗളൂരു: കര്‍ണാടക വഖഫ്‌ബോര്‍ഡില്‍ വന്‍ ഭൂമി കുംഭകോണം നടന്നതായി സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ടില്‍ തന്റെ പേര് വലിച്ചിഴച്ചതിനെതിരെ കോടതിയില്‍ മാനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് കര്‍ണാടകയിലെ മുതിര്‍ന്ന രാഷ്ട്രീയ നേതാവും മുന്‍ കേന്ദ്ര വ്യോമയാന മന്ത്രിയും മലയാളിയുമായ സി.എം ഇബ്രാഹിം അറിയിച്ചു.

കര്‍ണാടക ഹൈക്കോടതിയിലാണ് കേസ് ഫയല്‍ ചെയ്യുന്നതെന്നും സി.എം. ഇബ്രാഹിം ബുധനാഴ്ച രാവിലെ ഫോണില്‍ കെ. വാര്‍ത്തയോട് പറഞ്ഞു. വഖഫ്‌ബോര്‍ഡിന്റെ കിഴിലുള്ള ഭൂമിയും സ്വത്തും അന്യാധീനപ്പെട്ടതുവഴി രണ്ട് ലക്ഷം കോടിയുടെ ക്രമക്കേട് നടന്നുവെന്ന് ചൂണ്ടിക്കാട്ടി ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അന്‍വര്‍മാണിപ്പാടി മുഖ്യമന്ത്രി ഡി.വി സദാനന്ദഗൗഡയ്ക്ക് സമര്‍പ്പിച്ച റിപോര്‍ട്ടിലാണ് സി.എം ഇബ്രാഹിമടക്കം 38പേര്‍ കുറ്റക്കാരാണെന്ന് പരാമര്‍ശിക്കുന്നത്.

കഴിഞ്ഞ നാല്പതിറ്റാണ്ട്കാലമായി താന്‍ കര്‍ണാടകയിലെ സജീവരാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചുവരികയാണ്. വഖഫ്‌ബോര്‍ഡുമായി തനിക്ക് യാതൊരുബന്ധവുമില്ല. മൂന്നോ നാലോ തവണ മറ്റുചില ആവശ്യങ്ങള്‍ക്കായി താന്‍ കര്‍ണാടക വഖഫ്‌ബോര്‍ഡ് ആസ്ഥാനത്ത് ചെന്നിരുന്നു. ഇത് മാത്രമാണ് ആ സ്ഥാപനവുമായി ബന്ധം. ഭൂമി കുംഭകോണക്കേസില്‍ തന്റെ പേര് പരാമര്‍ശിക്കപ്പെട്ടതോടെ സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പിയുടെ രാഷ്ട്രീയ പാപ്പരത്തമാണ് വെളിപ്പെട്ടത്. കര്‍ണാടകയില്‍ ബി.ജെ.പി ജനങ്ങളില്‍ നിന്ന് അനുദിനം ഒറ്റപ്പെട്ട് വരികയാണ്. നിയമസഭയിലേക്ക് അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. മന്ത്രിമാരടക്കമുള്ള ബി.ജെ.പി നേതാക്കള്‍ ഒന്നൊന്നായി അഴിമതിക്കേസില്‍പ്പെട്ട് ജയിലിലേക്ക് പോകുകയാണ്. മുഖ്യമന്ത്രി സദാനന്ദഗൗഡ പ്രതിനിധികരിച്ച ഉഡുപ്പി-ചിക്കമാംഗ്ലൂര്‍ ലോകസഭാമണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി തോറ്റ് തുന്നംപാടി. ഇതില്‍ സമനില തെറ്റിയ ബി.ജെ.പി നേതൃത്വം സ്വന്തം നാണക്കേട് മറക്കാന്‍ സൃഷ്ടിച്ച സംഭവമാണ് വഖഫ്‌ബോര്‍ഡ് ഭൂമി കുംഭകോണമെന്നും അതില്‍ തന്റെ പേര് അനാവശ്യമായി വലിച്ചിഴച്ചതാണെന്നും സി.എം ഇബ്രാഹിം വിശദീകരിച്ചു.

അന്വേഷണ സംഘത്തെ നയിച്ച ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അന്‍വര്‍ മാണിപ്പാടിക്ക് ഇക്കാര്യത്തില്‍ ഗൂഢരാഷ്ട്രീയ ലക്ഷ്യങ്ങളുള്ളതായി സംശയമുണ്ടെന്നും ഇബ്രാഹിം തുടര്‍ന്നു. മൈനോറിറ്റി കമ്മീഷന്റെ കാലാവധി ഫെബ്രുവരി 24ന് അദ്ദേഹം പൂര്‍ത്തിയാക്കിയതാണ്. ആ സ്ഥാപനത്തിന്റെ അമരത്തിരിക്കാന്‍ അന്‍വര്‍ കിണഞ്ഞ് ശ്രമിക്കുന്നുണ്ടെന്നാണ് വിവരം. ഇതിന് ബി.ജെ.പി നേതൃത്വത്തെ തൃപ്തിപ്പെടുത്തണം. ഇതിനുള്ള കുല്‍സിത നീക്കമാണ് തന്റെ പേരും വഖഫ്‌ബോര്‍ഡ് കുംഭകോണത്തില്‍ വലിച്ചഴച്ചതിന് പിന്നിലെന്നും ഇബ്രാഹിം പറഞ്ഞു. തനിക്കെതിരെയുള്ള ഇത്തരം പരാമര്‍ശങ്ങള്‍ കര്‍ണാടകയിലെ ജനം വിശ്വസിക്കില്ലെന്ന് ഇബ്രാഹിം വ്യക്തമാക്കി.

അന്വേഷണ കമ്മീഷന്റെ കുറ്റപത്രത്തില്‍ സി.എം ഇബ്രാഹിമിന് പുറമെ കാസര്‍കോട് കീഴൂര്‍ സ്വദേശിയും കര്‍ണാടക നിയമസഭാംഗവുമായ എന്‍.എ. ഹാരിസിനെതിരെയും പരാമര്‍ശമുണ്ട്. ഇതേ കുറിച്ച് ഹാരിസ് ചൊവ്വാഴ്ച കെ. വാര്‍ത്തയോടെ പ്രതികരിച്ചത്, അന്വേഷണ കമ്മീഷന്റെ റിപോര്‍ട്ടിന് പിന്നീല്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നായിരുന്നു.

അതേ സമയം വഖഫ്‌ബോര്‍ഡ് കുംഭകോണത്തെ ചൊല്ലി ചൊവ്വാഴ്ച കര്‍ണാടക നിയമസഭയില്‍ കോണ്‍ഗ്രസും ഭരണകക്ഷിയായ ബി.ജെ.പയും തമ്മില്‍ പൊരിഞ്ഞ വാഗ്വാദം നടന്നു. മാണിപ്പാടി കമ്മീഷന്‍ റിപോര്‍ട്ട് മേശപ്പുറത്ത് വെക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ ഒച്ചപ്പാടുകള്‍ സൃഷ്ടിച്ചു. ഇതേ തുടര്‍ന്ന് അന്വേഷണ റിപോര്‍ട്ട് ബുധനാഴ്ച സഭയുടെ മേശപ്പുറത്ത് വെക്കാമെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. ഇതിന്‍മേല്‍ ഏതുതരത്തിലുള്ള അന്വേഷണം വേണമെന്ന് പിന്നീട് നിശ്ചയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Keywords: National, Bangalore, Case, Waqaf Board, C.M Ibrahim

You might alos read
വഖഫ് ബോര്‍ഡ് കുംഭകോണം ആരോപണം തെളിയിച്ചാല്‍ രാഷ്ട്രീയം വിടും: സി.എം. ഇബ്രാഹിം

Post a Comment