Follow KVARTHA on Google news Follow Us!
ad

വഖഫ് ബോര്‍ഡ് കുംഭകോണം ആരോപണം തെളിയിച്ചാല്‍ രാഷ്ട്രീയം വിടും: സി.എം. ഇബ്രാഹിം

ബാംഗ്ലൂര്‍: കര്‍ണ്ണാടക വഖഫ് ബോര്‍ഡില്‍ കോടികളുടെ ക്രമക്കേടുകളില്‍ തന്റെ പേരും പരാമര്‍ശിച്ചത് തെളിയിച്ചാല്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമെന്ന് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സി.എം. ഇബ്രാഹിം. കര്‍ണ്ണാടക ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അന്‍വര്‍ മാണിപ്പാടി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഡി.വി. സദാനന്ദഗൗഡയ്ക്ക് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലാണ് വഖഫ് ബോര്‍ഡ് കുംഭകോണത്തില്‍ കര്‍ണ്ണാടക രാഷ്ടീയത്തിലെ കരുത്തനായ നേതാവും മലയാളിയുമായ സി.എം. ഇബ്രാഹിമിനെതിരെ ആരോപണം ഉന്നയിച്ചത്. രണ്ട് ലക്ഷം കോടി രൂപയുടെ ക്രമക്കേടുകള്‍ വഖഫ്‌ബോര്‍ഡില്‍ നടന്നുവെന്നും ബോര്‍ഡിന്റെ അധീനതയിലുള്ള ഭൂസ്വത്ത് തിരിമറി നടത്തിയെന്നുമാണ് അന്‍വര്‍ മാണിപ്പാടിയുടെ അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. മുന്‍ കര്‍ണ്ണാടക മന്ത്രി റോഷന്‍ അലി ബേയ്ഗ് കാസര്‍കോട് കീഴൂര്‍ സ്വദേശിയും കര്‍ണ്ണാടക നിയമസഭാംഗവുമായ എന്‍.എ. ഹാരിസ് എന്നിവരും ക്രമക്കേടുകളില്‍ പങ്കാളികളാണെന്ന് അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. സി.എം. ഇബ്രാഹിം ഒരു ആരാധാന കേന്ദ്രത്തിന്റെ മറവില്‍ 44,000 ചതുരശ്ര അടി ഭൂമി സ്വന്തം പേരിലാക്കിയെന്നും അന്‍വര്‍ മാണിപ്പാടി 5,000 പേജുകളുള്ള റിപ്പോര്‍ട്ടില്‍ ആരോപിച്ചിട്ടുണ്ട്.

ശനിയാഴ്ച നഗരത്തിലെ ഒരു ഹോട്ടലില്‍ വാര്‍ത്താസമ്മേളനം വിളിച്ചു ചേര്‍ത്താണ് സി.എം. ഇബ്രാഹിം തനിക്കെതിരെയുള്ള ആരോപണങ്ങള്‍ ഒന്നൊന്നായി ഖണ്ഡിച്ചത്. അന്‍വര്‍ മാണിപ്പാടിയുടെ ആരോപണങ്ങളെ സി.എം. ഇബ്രാഹിം പരിഹസിച്ചുതള്ളി. സമചിത്തത നഷ്ടപ്പെട്ട ഒരു വ്യക്തിയുടെ ജല്‍പ്പനങ്ങളായി മാത്രമായാണ് അന്വേഷണ റിപ്പോര്‍ട്ടിനെ താന്‍ കാണുന്നതെന്നും അന്‍വര്‍ മാണിപ്പാടിക്ക് അടിയന്തിര വൈദ്യ ചികിത്സ നല്‍കേണ്ട സമയം അതിക്രമിച്ചതായും കേന്ദ്രമന്ത്രിസഭയില്‍ വ്യോമയാന വകുപ്പ് കയ്യാളിയിരുന്ന ഇബ്രാഹിം കൂട്ടിച്ചേര്‍ത്തു.

അതേസമയം അന്‍വര്‍ മാണിപ്പാടി കമ്മീഷന്‍ റിപ്പോര്‍്ട്ടിനോട് നാല് ദിവസം മുമ്പ് പ്രതികരിക്കവെ 'കെ വാര്‍ത്ത'യോട് ഇബ്രാഹിം പറഞ്ഞത്, വഖഫ് ബോര്‍ഡിനെ ചുറ്റിപ്പറ്റി തനിക്കെതിരെ ഉന്നയിച്ച ആരോപണം സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാറിന്റെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നായിരുന്നു. അടുത്ത വര്‍ഷം നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഉഡുപ്പി-ചിക്കമംഗ്ലൂര്‍ ലോകസഭാ ഉപതെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സദാനന്ദഗൗഢ പ്രതിനിധീകരിച്ച മണ്ഡലം കോണ്‍ഗ്രസ് പിടിച്ചെടുത്തു. മുഖ്യമന്ത്രിയടക്കം ബി.ജെ.പി മന്ത്രിമാര്‍ അഴിമതിക്കേസില്‍പ്പെട്ട് ജയിലഴിക്കുള്ളിലായിരിക്കുകയാണ്. ഇതിന്റെ ജാള്യത മറച്ചുപിടിക്കാനുള്ള തന്ത്രമാണ് അന്‍വര്‍ മാണിപ്പാടിയെ കൊണ്ട് അന്വേഷണ റിപ്പോര്‍ട്ട് പടച്ചുവിട്ടതിന് പിന്നിലെന്നും ഇബ്രാഹിം 'കെ വാര്‍ത്ത'യോട് പറഞ്ഞിരുന്നു.

You might also read
വഖഫ്‌ബോര്‍ഡ് കുംഭകോണം: മാനനഷ്ടക്കേസ് നല്‍കുമെന്ന് സി.എം ഇബ്രാഹിം

Keywords: C.M.Ibrahim, Bangalore, Karnataka, National

1 comment

  1. Rastreeyam vittal pora.. Eni ulla jeevitham jailil enjoy cheythaal mathi..