Follow KVARTHA on Google news Follow Us!
ad

Common Man | പഴയ തെരഞ്ഞെടുപ്പ് ആവേശം ഇന്ന് ജനങ്ങൾക്കില്ല, എന്നും മണ്ടന്മാരാകുന്നത് തന്നെ കാരണം!

ഇനി ഒരു മാറ്റമുണ്ടാകുമോ? Politics, Election, Lok Sabha Election
/ സോണി കല്ലറയ്ക്കൽ

(KVARTHA) ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ തീയതികൾ കേന്ദ്ര ഇലക്ഷൻ കമ്മീഷൻ പ്രഖ്യാപിച്ചിരിക്കുകയാണ്. പല രാഷ്ട്രീയ പാർട്ടികളുടെയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചുകൊണ്ടും ഇരിക്കുന്നു. ചിലർ സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയാക്കിയപ്പോൾ ചില പാർട്ടികളുടെ സ്ഥാനാർത്ഥികൾ ഇനിയും പൂർണ്ണമാകാനുണ്ട്. സ്ഥാനാർത്ഥികളാകുന്നവർ നാമനിർദേശ പത്രികകൾ സമർപ്പിക്കാനും തുടങ്ങി കഴിഞ്ഞു. പ്രചാരണത്തിലും സജീവമായിക്കൊണ്ടിരിക്കുന്നു. എന്നാൽ പഴയ കാലത്തെ ചൂട് ഈ തെരഞ്ഞെടുപ്പിന് ഉണ്ടോ? അതാണ് നാം പരിശോധിക്കേണ്ടത്. ശരിക്കും ഒരു തെരഞ്ഞെടുപ്പ് എന്നാൽ ഒരു കാലത്ത് നമുക്കൊക്കെ ഒരു ഉത്സവമായിരുന്ന കാലമുണ്ടായിരുന്നു.
    
People do not have the old election enthusiasm today

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് ഫലം വരുന്നതുവരെ ആവേശത്തിലായിരുന്നു പ്രത്യേകിച്ച് ഒരോ മലയാളിയും. മറ്റ് സംസ്ഥാനങ്ങളിലെ ജനങ്ങളെ അപേക്ഷിച്ച് അന്നൊക്കെ മലയാളിയുടെ വായനാശീലവും വളരെ കൂടുതലായിരുന്നു. പത്രങ്ങളിൽ ഒക്കെ വരുന്ന തെരഞ്ഞെടുപ്പ് വാർത്തകളും സ്ഥാനാർത്ഥികളെക്കുറിച്ചുള്ള അഭിപ്രായങ്ങളും അവർ കൃത്യമായി മനസ്സിൽ കുറിച്ചെടുക്കുമായിരുന്നു. ഇന്ത്യൻ രാഷ്ട്രീയത്തെക്കുറിച്ച് ആയാലും കേരളാ രാഷ്ട്രീയത്തെക്കുറിച്ച് ആയാലും നല്ല അറിവ് ഇവിടുത്തെ ജനങ്ങൾക്ക് ഉണ്ടായിരുന്നു. അതിനാൽ തന്നെ പഴയകാലത്ത് ഒരോ തെരഞ്ഞെടുപ്പ് വരുമ്പോഴും അത് ഇവിടുത്തെ ജനം ആവേശപൂർവ്വം ഏറ്റെടുക്കുമായിരുന്നു.

എന്നാൽ കാലം മാറിയപ്പോൾ ഈ തെരഞ്ഞെടുപ്പുകളിലൊക്കെ പണ്ട് നിലനിന്നിരുന്ന ആവേശമൊക്കെ ഉണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാരണം, അതിന് ജനത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. സോഷ്യൽ മീഡിയ ഫ്ലാറ്റ് ഫോമുകളും ടിവി ചാനലുകളും ഒക്കെ സജീവമായി മാറിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് ഒരോ ദിവസവും രാഷ്ട്രീയ പാർട്ടികളെയും അതിലെ നേതാക്കളെയും ഭരണാധികാരികളെയും ഒക്കെ വിലയിരുത്താൻ കഴിയുന്നു. ഇവരുടെയൊക്കെ കപടതയും അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയവും നെറികേടും സ്ഥിരതയില്ലാത്ത വാചക കസർത്തും ഒക്കെ കുട്ടികൾ മുതൽ മുതിർന്ന ആളുകൾ വരെ മനസിലാക്കി വരുന്നു എന്ന് തന്നെ പറയാം. അതുകൊണ്ട് രാഷ്ട്രീയം അല്ലെങ്കിൽ തെരഞ്ഞെടുപ്പ് എന്ന് കേൾക്കുമ്പോൾ തന്നെ ഒരു വെറുപ്പ് പലരിലും സംജാതമാകുന്നുണ്ട്.

ആര് ഇവിടെ ഭരിച്ചാലും ജനത്തിന് പ്രത്യേകിച്ച് ഒരു ഗുണവും ഇല്ലെന്ന് തിരിച്ചറിഞ്ഞു കൊണ്ടിരിക്കുന്നു ഇവിടുത്തെ വോട്ടർമാർ. അധികാരം കിട്ടിക്കഴിയുമ്പോൾ ദൈവത്തെക്കാൾ അധികമായുള്ള നേതാക്കളുടെ ഗർവും അഹങ്കാരവും ഒക്കെ കണ്ടു മടുത്തവരാണ് എല്ലാവരും. എന്ത് പദ്ധതിയുമായി ജനപ്രതിനിധികൾ വന്നാലും അവർക്ക് നാടിൻ്റെ നന്മയല്ല സ്വന്തം കീശവീർപ്പിക്കാനുള്ള ഒരു ഉപാധിയാകുന്നു ഇവിടുത്തെ ഒരോ നല്ല പദ്ധതികളും. അതിനാൽ മറ്റ് രാജ്യത്തൊക്കെ ഒന്നോ രണ്ടോ മാസം കൊണ്ട് പൂർത്തിയാകുന്ന പല പദ്ധതികളും നമ്മുടെ രാജ്യത്ത് നടപ്പാക്കാൻ പത്തും പതിനഞ്ചും വർഷം എടുക്കുന്നു. ഇനി പദ്ധതി നടപ്പാക്കിയാലോ അതിനുള്ള ഫണ്ട് തങ്ങളുടെ പോക്കറ്റിൽ നിന്ന് എടുത്തതാണെന്ന മട്ടിൽ ചിരിക്കുന്ന പടം വെച്ച് പോസ്റ്റർ ഇറക്കുന്ന വെറും അല്പൻമാരായിരിക്കുന്നു നമ്മുടെ ജനപ്രതിനിധികൾ. ഒരിക്കലും സാധാരണക്കാരെ കണ്ടാൽ ചിരിക്കാത്തവർ പോലും പോസ്റ്ററിൽ വെളുക്കെ ചിരിക്കുന്നവരായി മാറുന്നു.

ഇങ്ങനെ തലതിരിഞ്ഞ നമ്മുടെ രാഷ്ട്രീയത്തെയും നേതാക്കളെയും വെറുക്കുന്നവരായി മാറിക്കൊണ്ടിരിക്കുന്നു നമ്മുടെ പുതുതലമുറ. പണ്ട് ഭരണാധികാരികൾക്കും രാഷ്ട്രീയ നേതാക്കൾക്കും സമൂഹത്തിൻ്റെ മുന്നിൽ ഒരു വലിയ അംഗീകാരം ഉണ്ടായിരുന്നെങ്കിൽ പുതുതലമുറയുടെ മനസ്സിൽ ഇന്നത്തെ നേതാക്കൾ വെറും പരിഹാസകരായി മാറുന്ന കാഴ്ചയാണ് കാണുന്നത്. ഇവിടെ ഒരോ രാഷ്ട്രീയ പാർട്ടികളും അതിലെ നേതാക്കളും തെരഞ്ഞെടുപ്പ് എന്ന് പറഞ്ഞ് കോടികൾ പൊടിപൊടിക്കുമ്പോൾ ഡിഗ്രിയും ഡിപ്ലോമായും പോസ്റ്റ് ഗ്രാജുവേഷനുമൊക്കെ കഴിഞ്ഞ ചെറുപ്പക്കാർ ഒരു ജോലിക്കായി വിദേശത്ത് തെണ്ടുന്നതാണ് പൊതുഅനുഭവം. വമ്പിച്ച നികുതിയും വിലക്കയറ്റുവുമൊക്കെ ആയി നാട്ടിലെ പാവം ജനത പൊറുതി മുട്ടുമ്പോൾ സാധാണക്കാരൻ അടയ്ക്കുന്ന നികുതി പണം ഉപയോഗിച്ച് വിദേശയാത്രകളും ചികിത്സയും നടത്തുന്ന ജനപ്രതിനിധികളാണ് നമുക്ക് ഉള്ളത്.

ശരിക്കും ഇവിടെ നടക്കുന്നത് ശരാശരിക്ക് മുകളിലുള്ള ധൂർത്ത് തന്നെയാണ്. ഇതിൽ ഒരു പാർട്ടിയും നേതാവും ഭിന്നരല്ലാതായിരിക്കുന്നു. വേറെ എന്ത് കാര്യത്തിലും തർക്കവും വാദപ്രതിവാദവും ഒക്കെ നടത്തിയാലും അഴിമതി കാര്യത്തിലും സ്വന്തം കീശവീർപ്പിക്കുന്നതിനും എല്ലാവരും തോളോടുതോൾ ചേർന്ന് നിൽക്കുന്ന ഒരു ദുഷിച്ച സമ്പ്രദായമാണ് ഇവിടെയുള്ളത്. ഇവിടെ അഴിമതിക്കാരെ തുരത്താൻ എന്ന പേരിൽ ആദർശ ധീരതയുടെ അവതാരങ്ങളായി ജനിച്ച പലരും പിന്നീട് അഴിമതിയുടെ പേരിൽ അഴിക്കുള്ളിലും ആയിക്കൊണ്ടിരിക്കുന്നു.

ശരിക്കും ഇവിടുത്തെ രാഷ്ട്രീയവും തെരഞ്ഞെടുപ്പും ഒക്കെ ജനം മടുത്തു എന്ന് പറയാം. ഓരോ തെരഞ്ഞെടുപ്പും ജനങ്ങൾക്ക് മേൽ നികുതി ഭാരം ഏൽപ്പിക്കുന്നതല്ലാതെ മറ്റ് കാര്യമായ മെച്ചമൊന്നും ഇല്ലാതായിരുക്കുന്നു. ആര് തെരഞ്ഞെടുക്കപ്പെട്ടാലും കോരന് കുമ്പിളിൽ തന്നെ കഞ്ഞി. അതിനാൽ പഴയകാലത്തെ ആവേശമൊന്നും ഇപ്പോഴത്തെ തെരഞ്ഞെടുപ്പുകളിൽ ജനങ്ങൾക്ക് ഇല്ലാ എന്ന് പറയാം. ഓരോ തെരഞ്ഞെടുപ്പും ജനത്തെ മണ്ടന്മാരാക്കുന്ന അനുഭവം ആണ് എല്ലാവർക്കും ഉള്ളത്. വോട്ട് നേടി ജയിച്ചു കഴിയുമ്പോൾ ഒരോ ജനപ്രതിനിധിയും ജനത്തെ കളിയാക്കുന്ന അവസ്ഥ. അതാണ് ഇതുവരെ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. അതിന് ഇനി ഒരു മാറ്റമുണ്ടോ, അത് കാത്തിരുന്ന് കാണുക തന്നെ വേണം.

Keywords: Politics, Election, Lok Sabha Election, Parties, Candidates, Nomination Letter, Campaign, Social Media, News Channels, Voters, Corruption, People do not have the old election enthusiasm today.

Post a Comment