Follow KVARTHA on Google news Follow Us!
ad

Oridathu | 'ഒരിടത്ത്', കുഗ്രാമത്തിലേക്ക് നാഗരികത കടന്നുവരുന്നതിന്റെ കഥപറയുന്ന സിനിമ

ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ട കലാമൂല്യമുള്ള ചിത്രം Movies, Entertainment, Cinema,
/ കെ ആർ ജോസഫ്

(KVARTHA) 1986-ൽ ജി അരവിന്ദന്റെ തിരക്കഥയിലും സംവിധാനത്തിലും പുറത്തിറങ്ങിയ മലയാള സിനിമയായിരുന്നു 'ഒരിടത്ത്'. ആ കാലഘട്ടത്തിൽ ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ട കലാമൂല്യമുള്ള ചിത്രം കൂടിയായിരുന്നു ഇത്. ഒരു കുഗ്രാമത്തിലേക്ക് നാഗരികത കടന്നു വരുന്നതിന്റെ ചിത്രീകരണമാണ് ഒരിടത്ത് എന്ന് ഒറ്റവാക്കിൽ പറഞ്ഞു വെക്കാം. ഇന്ന് നാഗരികതയുടെ വരവ് പുതു തലമുറയ്ക്ക് അജ്ഞാതമാണ്. ശരിക്കും ഈ തലമുറയ്ക്ക് അത് പഠിക്കാൻ ഉതകുന്നതാണ് ഒരിടത്ത്. വൈദ്യുതി കടന്നു വരാത്ത ആ കാലഘട്ടത്തിലെ ഒരു ഗ്രാമത്തിന്റെ തനിമ ഒപ്പിയെടുത്ത ഒരു ചലച്ചിത്രം എന്നും ഒരിടത്ത് എന്ന ഈ സിനിമയെ വിശേഷിപ്പിക്കാം.
 
Oridathu, Malayalam Super Hit Movie

നിലവിലുള്ള ഒരവസ്ഥയിൽ നിന്ന് പുതുതായ ഒരു അവസ്ഥയിലേക്കുള്ള മാറ്റം (വൈദ്യുതിയുടെ കടന്നു വരവിനും മുൻപും ശേഷവും), അതിന്റെ താളപ്പിഴകൾ ഗ്രാമ ജീവിതത്തിൽ പ്രതിഫലിക്കുന്നത് ഒക്കെയാണ് ഈ സിനിമയിൽ കാണാനാവുക. അതിൻ്റെ കഥാസാരം ഇങ്ങനെ. 'പണ്ട് ഒരിടത്തൊരിടത്ത് ഒരു ഗ്രാമമുണ്ടായിരുന്നു. അവിടെ ഒരു പാട് മനുഷ്യർ ഇടകലർന്ന് ജീവിച്ചിരുന്നു. ഗ്രാമത്തിൽ ഒരു പാട് ചെമ്മൺ നിരത്തുകളുണ്ടായിരുന്നു. അതിലൂടെ ഉയരത്തിലുയരത്തിൽ പൊടി പറത്തിക്കൊണ്ട് കുടമണികൾ കുലുക്കി കാളവണ്ടികൾ പോകാറുണ്ടായിരുന്നു. ഈ വണ്ടികൾ പട്ടണത്തിലേക്കും നാട്ടുമ്പുറങ്ങളിലേക്കും തിരിച്ചും മറിച്ചും ഓടിക്കൊണ്ടിരുന്നു.

ഗ്രാമത്തിൽ അങ്ങിങ്ങായി പലയിടത്തായി സാധനങ്ങൾ വിൽക്കുന്ന കടകളുണ്ടായിരുന്നു. പലക കൊണ്ട് നിരകൾ തീർത്ത കടകളായിരുന്നു അവിടെ ഉണ്ടായിരുന്നത്. അവിടത്തെ അന്നത്തെ ആളുകൾ പനയോല കൊണ്ടുള്ള വിശറി വീശിയിട്ടായിരുന്നു ചൂട് അകറ്റിയിരുന്നത്. വൈദ്യുതി ആ ഗ്രാമത്തിൽ എത്തിയിട്ടില്ലായിരുന്നു. വൈദ്യുതി വിളക്കുകളെപ്പറ്റിയോ ഫാനിനെപ്പറ്റിയോ ആ ഗ്രാമത്തിലെ ജനങ്ങൾ ബോധവാനല്ലായിരുന്നു. അല്ലെങ്കിൽ അറിയില്ലായിരുന്നു. വൈദ്യുതി വരുന്നതിന് മുമ്പ് ലോറികളിലും വണ്ടികളിലുമായി പോസ്റ്റുകളും തൂണുകളും കൊണ്ടിട്ടു. പിന്നീട് അലൂമിനിയം കമ്പികൾ ലോറികളിൽ കൊണ്ടു വന്നിട്ടു.

ശേഷം കാക്കിയുടുപ്പും പാൻറുമിട്ട വൈദ്യുതി ജീവനക്കാരുടെ വരവായി .കുഴി വെട്ടലും പോസ്റ്റ് നാട്ടലും കമ്പി വലിക്കലുമായി കാര്യങ്ങൾ മുറയ്ക്ക് വൃത്തിയായി നടന്നു. പല വീടുകളിലും വൈദ്യുതി എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഇത് ഗ്രാമ ജീവിതത്തെയും അവിടത്തെ ആളുകളെയും പല തരത്തിൽ മാറ്റത്തിനു വിധേയരാക്കുകയായിരുന്നു. ആദ്യം വൈദ്യുതി വിളക്കുകൾ കത്തിച്ച രംഗം ജനങ്ങളിൽ അത്ഭുതമുണ്ടാക്കി. വീടുകളിൽ സ്വിച്ച് ഓണാക്കിയും ഓഫാക്കിയും വൈദ്യുതിയുടെ മാസ്മരികതയിൽ അവർ ആഹ്ലാദം പൂണ്ടു. മുൻപ് ഇരുട്ട് ചൂഴ്ന്ന് കയറി നിന്ന ആ ഗ്രാമം വൈദ്യുതിയും വെളിച്ചവും കൊണ്ട് നിറഞ്ഞു'.

1986-ൽ ജി അരവിന്ദന്റെ തിരക്കഥയിലും സംവിധാനത്തിലും പുറത്തിറങ്ങിയ ഒരിടത്ത് എന്ന ചിത്രത്തെക്കുറിച്ചാണ് മേൽ വിവരണം. മികച്ച സംവിധാനത്തിനും മികച്ച ചിത്രത്തിനുമുള്ള സംസ്ഥാന അവാർഡ്, മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് എന്നിവ കരസ്ഥമാക്കിയ ഈ ചിത്രം 1987-ലെ വെനീസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഗോൾഡൻ ലയൺ പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെടുകയും ചെയ്തു. സിനിമയെ സ്നേഹിക്കുന്നവർ, പുതിയ സിനിമ പ്രവർത്തകർ, സിനിമയിലൂടെ വളരാൻ ആഗ്രഹിക്കുന്നവർ തുടങ്ങി എല്ലാവരും ഈ സിനിമ ഒരിക്കൽ കാണാൻ ശ്രമിച്ചാൽ അതൊരു നഷ്ടമാകില്ല. പുതിയ തലമുറയ്ക്ക് മികച്ചൊരു പാഠപുസ്തകമാകും തീർച്ച.
  

Keywords: Movies, Entertainment, Cinema, Oridathu, G Aravindan, Direction, Script, Village, Civilization, Electricity, Bullocks Karts, State Awards, Venice International Film Festival, Super Hit, Oridathu, Malayalam Super Hit Movie.

Post a Comment