Follow KVARTHA on Google news Follow Us!
ad

Parenting | ഒരാൾ, ആദ്യം ശരിയും തെറ്റും തിരിച്ചറിയുന്നത് മാതാവിൻ്റെ മടിത്തട്ടിൽ നിന്ന്!

പെറ്റമ്മയാണ് ഏതൊരാളുടെയും ആദ്യ ഗുരു Success Tips, Lifestyle, Career, Good Mother
/ മിൻ്റാ സോണി

(KVARTHA) ഒരു അമ്മ തൻ്റെ കുഞ്ഞിൽ ചെലുത്തുന്ന സ്വാധീനത്തിലൂടെ ലോകത്തിൻ്റെ തന്നെ ഭാവിയെയാണ് സ്വാധീനിക്കുന്നത്. അതിനാൽ തന്നെ അമ്മമാർക്കു മാത്രമേ ശാന്തിയും സമാധാനവും സന്തോഷവും നിറഞ്ഞ ഒരു ലോകത്തെ സൃഷ്ടിക്കാൻ കഴിയു. ഒരിക്കൽ ഒരു മഹാനോട് ഒരാൾ ചോദിച്ചു. അങ്ങയുടെ കുട്ടിക്കാലത്തെ തികച്ചും അവിസ്മരണീയമായ സംഭവം എന്താണ്?. അതു കേട്ടതും മഹാനായ ആ വ്യക്തിയുടെ കണ്ണുകൾ നിറഞ്ഞു. അദ്ദേഹം പറഞ്ഞു. എനിക്ക് മൂന്ന് വയസാകുന്നതിനു മുൻപ് ഒരു ദിവസം ഞാൻ ഒരു നുണ പറഞ്ഞു. അത് അറിഞ്ഞയുടനെ അമ്മ എന്നെ അടുത്തു വിളിച്ചു.

Article, Editor’s-Pick, Success Tips, Lifestyle, Career, Good Mother, Teacher, Mothers,

 എൻ്റെ തൊട്ടടുത്തു മുട്ടുകുത്തി നിന്ന് അമ്മ സ്നേഹത്തോടെ പറഞ്ഞു: എൻ്റെ പൊന്നുമോനെ, എൻ്റെ ജീവനെക്കാളേറെ ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ട്. പക്ഷേ, നീ ഒരു നുണ പറഞ്ഞുവെന്നു കേൾക്കുന്നതിനെക്കാൾ നീ മരിച്ചു കാണാനാണ് ഈ അമ്മ ആഗ്രഹിക്കുക. അമ്മയുടെ ഈ വാക്കുകൾ ഒരു കൂരമ്പു പോലെ എൻ്റെ ഹൃദയത്തിൽ തുളച്ചു കയറി. അതിനു ശേഷം ഇന്നുവരെ ഞാൻ ഒരിക്കൽ പോലും നുണപറഞ്ഞിട്ടില്ല. കുഞ്ഞുങ്ങളെ ശരിയായ വഴിയിലൂടെ നയിക്കാൻ മറ്റാരെക്കാളും അമ്മമാർക്കാണ് കഴിയുകയെന്ന് ഈ സംഭവം വ്യക്തമാക്കുന്നു.

കുഞ്ഞുങ്ങളെ ഏറ്റവുമധികം സ്വാധീനിക്കാൻ കഴിയുന്നത് അമ്മമാർക്ക് ആണ്. അമ്മമാർ എന്തുകാണിച്ചു കൊടുക്കുന്നുവോ അതാണ് കുഞ്ഞുങ്ങൾ കൂടുതൽ പഠിക്കുന്നത്. അമ്മയുടെ മുലപ്പാൽ കുഞ്ഞിൻ്റെ ശരീരത്തെ മാത്രമല്ല പരിപോഷിപ്പിക്കുന്നത്. അതവൻ്റെ മനോബുദ്ധികളെയും ഹൃദയത്തെയും വികസിപ്പിക്കുന്നു. അതുപോലെ പെറ്റമ്മ പകർന്നുനൽകുന്ന ജീവിതമൂല്യങ്ങളും മാതൃകയുമാണ് കുഞ്ഞുങ്ങൾക്ക് ഭാവിജീവിതത്തിനുള്ള ശക്തിയും വീര്യവും നൽകുന്നത്. അഞ്ച് വയസുവരെയെങ്കിലും കുട്ടികൾക്ക് മാതൃലാളനയേറ്റു വളരാൻ അവസരം നൽകണം. പിന്നീട് 15 വയസ്സുവരെ സ്നേഹവും ശിക്ഷണവും നൽകി വളർത്തണം.

മാതാപിതാക്കളുടെ ലാളന വേണ്ടത്ര ലഭിക്കാതെ വളരുന്ന കുട്ടികളിൽ വിശാലഹൃദയത്തിനു പകരം മൃഗമനസാകും വളരുന്നത്. എന്നാൽ, ലാളന മാത്രം കുഞ്ഞുങ്ങൾക്ക് നൽകിയാൽ പോരാ, നല്ല സംസ്ക്കാരവും തങ്ങളുടെ മക്കൾക്ക് പകർന്നു നൽകാൻ കഴിയണം. അതിന് ആദ്യം മാതാപിതാക്കൾ നല്ല സംസ്ക്കാരം നേടിയിയിരിക്കണമെന്ന് മാത്രം. അവധിയെടുത്താലും വേണ്ടില്ല. കുട്ടികളോടൊത്ത് കഴിയാൻ മാതാപിതാക്കൾ സമയം കണ്ടെത്തണം. കുട്ടികളെ വിനോദ സ്ഥലങ്ങളിലും സിനിമയ്ക്കും കൊണ്ടുപോകുന്നതല്ല അവരോടുള്ള യഥാർത്ഥ സ്നേഹം. മറിച്ച്, കുട്ടികൾക്ക് ശരിയായ സംസ്ക്കാരം പകർന്നുകൊടുക്കുന്നതാണ് യഥാർത്ഥ സ്നേഹം.

പ്രതികൂല സാഹചര്യങ്ങളിൽ തളരാതെ നിൽക്കാനുള്ള ശക്തി അതിൽ നിന്നു മാത്രമേ കുട്ടികൾക്ക് ലഭിക്കു എന്ന തിരിച്ചറിവാണ് ഓരോ മാതാപിതാക്കൾക്കും വേണ്ടത്. മാത്രമല്ല അതിലൂടെ മാത്രമേ സമൂഹത്തിൽ ശാന്തിയും സമാധാനവും നിലനിർത്താനും കഴിയു. ഓർക്കുക, പെറ്റമ്മയാണ് ഏതൊരാളുടെയും ആദ്യ ഗുരു. ഒരു കുട്ടി ജീവിതത്തിൻ്റെ ആദ്യ പാഠങ്ങൾ പഠിക്കുന്നതും ശരിയും തെറ്റും തിരിച്ചറിയുന്നതും മാതാവിൻ്റെ മടിത്തട്ടിൽ നിന്നാണ്. ഒരുവൻ്റെ വ്യക്തിത്വം രൂപപ്പെടുന്നത് ചെറുപ്പത്തിൽ അവനു ലഭിച്ച സംസ്ക്കാരത്തിൽ നിന്നാണ്. ആ സംസ്ക്കാരം അവനു പകരുന്നതിൽ മുഖ്യ പങ്കുവഹിക്കുന്നത് അമ്മയാണ്. ഈ സത്യം ഓരോ പെറ്റമ്മമാരും മനസിലാക്കുക, മറക്കാതിരിക്കുക.


(കൗൺസിലിംഗ് സൈകോളജിസ്റ്റ് ആണ് ലേഖിക)

Keywords: Article, Editor’s-Pick, Success Tips, Lifestyle, Career, Good Mother, Teacher, Mothers, the first teacher of every person



< !- START disable copy paste -->

إرسال تعليق