Follow KVARTHA on Google news Follow Us!
ad

Tsunami Alert | വീണ്ടും പൊട്ടിത്തെറിച്ച് റുവാങ് അഗ്‌നിപര്‍വതം; ഇന്‍ഡോനേഷ്യയില്‍ സുനാമി മുന്നറിയിപ്പ്; സാം റതുലാംഗി വിമാനത്താവളം അടച്ചു, 11,000 പേരെ ഒഴിപ്പിച്ചു

3 ദിവസത്തിനിടെ 5 തവണയാണ് സ്‌ഫോടനമുണ്ടായത് Indonesia, Volcano, Eruption, Triggers, Tsunami Alert, Thousands Evacuated, Major Airport, Shuts, Five Time
ജകാര്‍ത: (KVARTHA) ഇന്‍ഡോനേഷ്യയില്‍ റുവാങ് അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചതിന്റെ കാഴ്ച ലോകത്തെ ഞെട്ടിപ്പിച്ചിരിക്കുകയാണ്. ശക്തമായ സ്‌ഫോടനത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അഗ്‌നിപര്‍വതത്തിന്റെ ഒരു ഭാഗം കടലില്‍ തകര്‍ന്ന് വീണ് 1871ല്‍ സംഭവിച്ചത് പോലെ സുനാമിയുണ്ടാകുമോ എന്ന ആശങ്കയാണ് ഉദ്യോഗസ്ഥര്‍ ഉയര്‍ത്തുന്നത്. 

2018 ല്‍ ഇന്‍ഡോനേഷ്യയിലെ അനക് ക്രാകറ്റോവ അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന്, പര്‍വതത്തിന്റെ ചില ഭാഗങ്ങള്‍ സമുദ്രത്തിലേക്ക് വീണു. പിന്നാലെ സുമാത്രയുടെയും ജാവയുടെയും തീരങ്ങളില്‍ സുനാമി ഉണ്ടായതോടെ നൂറുകണക്കിന് ആളുകളാണ് മരിച്ചത്. 

പൊട്ടിത്തെറിക്കുന്നതിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. വളരെ ഭയാനകവും അപകടകരവുമായ സാഹചര്യമാണ് ചിത്രങ്ങള്‍ കാണിക്കുന്നത്. ചാരവും പുകയും 19 കിലോമീറ്റര്‍ വരെ ഉയരത്തിലുള്ള സ്ട്രാറ്റോസ്ഫിയറിലെത്തിയത് (അന്തരീക്ഷ പാളി) സ്‌ഫോടനത്തിന്റെ തീവ്രത വ്യക്തമാക്കുന്നതാണ്. വടക്കന്‍ സുലവേസി പ്രവിശ്യയിലാണ് ഈ അഗ്‌നിപര്‍വതം. പര്‍വതത്തിലൂടെയുള്ള ചുവന്ന ലാവ പ്രവാഹത്തിന്റെ ദൃശ്യം പുറത്തുവന്നു. അടുത്ത കാലത്തുണ്ടായ രണ്ട് ഭൂകമ്പങ്ങള്‍ക്ക് പിന്നാലെയാണ് റുവാങ് അഗ്‌നിപര്‍വത സ്‌ഫോടനമുണ്ടായത്. 

അഗ്‌നിപര്‍വത സ്‌ഫോടനത്തെ തുടര്‍ന്ന് ആളുകളെ ഒഴിപ്പിച്ചു. പതിനൊന്നായിരം പേരെയാണ് ഇതുവരെ ഒഴിപ്പിച്ചത്. റുവാങില്‍ നിന്ന് ആദ്യ ഘട്ടത്തില്‍ ടാഗുലാന്‍ഡാങ് ദ്വീപിലേക്ക് 800ലധികം ആളുകളെയാണ് മാറ്റി പാര്‍പിച്ചത്. മനാഡോയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയാണ് ഈ ദ്വീപ്. വീണ്ടും സ്‌ഫോടനമുണ്ടായതോടെ കൂടുതല്‍ ആളുകളെ ഒഴിപ്പിക്കുകയായിരുന്നു. റിസ്‌ക് മേഖലയിലെ 11,615 പേരെ ഒഴിപ്പിക്കാന്‍ തീരുമാനിച്ചെന്ന് ദുരന്ത നിവാരണ ഏജന്‍സി മേധാവി അബ്ദുല്‍ മുഹരി അറിയിച്ചു. 

സ്‌ഫോടനത്തെ തുടര്‍ന്ന് ഇന്‍ഡോനേഷ്യയുടെ വടക്ക് ഭാഗത്ത് റുവാങ് പര്‍വതത്തില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന മനാഡോ നഗരത്തിലെ സാം റതുലാംഗി വിമാനത്താവളം അടച്ചു. 24 മണിക്കൂര്‍ നേരത്തേക്കാണ് വിമാനത്താവളം അടച്ചിടുകയെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു. ചൊവ്വാഴ്ച രാത്രി 9.45ഓടെ ആദ്യ പൊട്ടിത്തെറിയുണ്ടായതോടെ പ്രദേശത്താകെ പുകയും ചാരവും വ്യാപിച്ചു. വിമാനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന വിധത്തില്‍ ചാരം വ്യാപിച്ചതിനാലാണ് വിമാനത്താവളം അടച്ചിടുന്നതെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. 

ചൈന, സിംഗപുര്‍, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഈ വിമാനത്താവളത്തില്‍ നിന്ന് സര്‍വീസുണ്ട്. അയല്‍രാജ്യമായ മലേഷ്യയിലെ കോട്ട കിനാബാലു അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള വിമാന യാത്രയും തടസ്സപ്പെട്ടു. 

റുവാങ് അഗ്‌നിപര്‍വതത്തില്‍ നിന്ന് പുറത്തുവരുന്ന രാസവസ്തുക്കളെ കുറിച്ച് അന്വേഷിക്കാനാണ് ശാസ്ത്രജ്ഞരുടെ തീരുമാനം. നിലവില്‍ സ്‌ഫോടനം അവസാനിക്കാന്‍ കാത്തിരിക്കുകയാണ്. ഈ അഗ്‌നിപര്‍വതം തുടര്‍ച്ചയായി പൊട്ടിത്തെറിക്കുകയാണ്. മൂന്ന് ദിവസത്തിനിടെ അഞ്ച് തവണയാണ് അഗ്‌നിപര്‍വത സ്‌ഫോടനമുണ്ടായത്. ആദ്യത്തെ സ്‌ഫോടനം ഏപ്രില്‍ 16 നാണ് നടന്നത്. പിന്നീട്, ഏപ്രില്‍ 17 രാത്രി വൈകിയും ഭയങ്കരമായ ഒരു സ്‌ഫോടനം ഉണ്ടായി.

ആദ്യത്തെ സ്‌ഫോടനത്തില്‍ ആകാശത്ത് രണ്ട് കിലോമീറ്റര്‍ ഉയരത്തില്‍ ചാരമെത്തി. ഇതിനുശേഷം രണ്ടാം സ്ഫോടനത്തെ തുടര്‍ന്ന് ഇത് രണ്ടര കിലോമീറ്ററായി ഉയര്‍ന്നു. പിന്നീട് അത് അന്തരീക്ഷത്തിന്റെ താഴത്തെ പാളിയിലെത്തി. കടലില്‍ നിന്ന് 725 മീറ്റര്‍ ഉയരത്തിലാണ് ഈ അഗ്‌നിപര്‍വതം സ്ഥിതി ചെയ്യുന്നത്.  


നേരത്തെ 1871 ലാണ് റുവാങ് അഗ്‌നിപര്‍വതം ഇത്രയും തീവ്രതയോടെ പൊട്ടിത്തെറിച്ചത്. അന്ന് ഒരു ഭീകരമായ സുനാമി വന്നിരുന്നു. സ്‌ഫോടനത്തിന് ശേഷം ഈ അഗ്‌നിപര്‍വതം കടലില്‍ മുങ്ങുമോ എന്ന ആശങ്കയിലാണ് ശാസ്ത്രജ്ഞര്‍. അങ്ങനെയെങ്കില്‍ ഭാവിയില്‍ ഇത് കടലിനടിയിലെ അഗ്‌നിപര്‍വതമായി മാറും. 

ഈ അഗ്‌നിപര്‍വത സ്‌ഫോടനത്തിന്റെ തീവ്രത 2022-ല്‍ പൊട്ടിത്തെറിച്ച ഹംഗ ടോംഗ അഗ്‌നിപര്‍വതത്തിന്റെ കാര്യത്തിലെന്നപോലെ ഏറ്റവും ഉയര്‍ന്ന നിലയാണിത്. അന്ന് അത് ഭൂമി മുഴുവന്‍ ബാധിച്ചു. അതിന്റെ ഷോക് വേവ് രണ്ട് തവണ ഭൂമിയില്‍ ഉടനീളം അനുഭവപ്പെട്ടിരുന്നു. 

ഇന്‍ഡോനേഷ്യയിലെ ഏറ്റവും സജീവമായ അഗ്‌നിപര്‍വതം

ലോകത്തിലെ ഏറ്റവും സജീവമായ അഗ്‌നിപര്‍വതം ഇന്‍ഡോനേഷ്യയിലാണ്. ഇവിടെ ആകെ 121 അഗ്‌നിപര്‍വതങ്ങളുണ്ട്. ഇതില്‍ 74 എണ്ണം 1800 മുതല്‍ സജീവമാണ്. ഇതില്‍ 58 അഗ്‌നിപര്‍വതങ്ങള്‍ 1950 മുതല്‍ സജീവമാണ്. എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കാമെന്നര്‍ഥം. 2022 ഓഗസ്റ്റ് 12 മുതല്‍ ഏഴ് അഗ്‌നിപര്‍വതങ്ങള്‍ തുടര്‍ച്ചയായി പൊട്ടിത്തെറിക്കുന്നു. ക്രാകതൗ, മെരാപി, ലെവോടോലോക്, കരംഗ്താങ്, സെമേരു, ഇബു, ദുക്‌നോ എന്നിവയാണ് സജീവമായ അഗ്‌നിപര്‍വതങ്ങള്‍.

എന്തുകൊണ്ടാണ് ഇവിടെ കൂടുതല്‍ സജീവമായ അഗ്‌നിപര്‍വതങ്ങള്‍? 

ഇതിന് മൂന്ന് വലിയ കാരണങ്ങളുണ്ട്. ആദ്യത്തേത്, ഇന്‍ഡോനേഷ്യ സ്ഥിതി ചെയ്യുന്നിടത്ത്, യുറേഷ്യന്‍ ടെക്‌റ്റോണിക് പ്ലേറ്റ് തെക്ക് ഭാഗത്തേക്ക് നീങ്ങുന്നു എന്നതാണ്. ഇന്‍ഡ്യന്‍-ഓസ്‌ട്രേലിയന്‍ ടെക്‌റ്റോണിക് പ്ലേറ്റ് വടക്കോട്ട് നീങ്ങുന്നു. ഫിലിപീന്‍സ് പ്ലേറ്റ് പടിഞ്ഞാറോട്ട് നീങ്ങുന്നു. ഇപ്പോള്‍ ഈ മൂന്ന് ഫലകങ്ങളുടെ കൂട്ടിയിടിയോ വഴുക്കലോ കാരണം, അഗ്‌നിപര്‍വത സ്‌ഫോടനങ്ങള്‍ നടക്കുന്നു. 

അഗ്‌നിപര്‍വതങ്ങള്‍ പൊട്ടിത്തെറിക്കുന്ന രാജ്യം

അഗ്‌നിപര്‍വതങ്ങള്‍ പൊട്ടിത്തെറിക്കുന്ന രാജ്യം എന്നാണ് ഇന്‍ഡോനേഷ്യയെ വിളിക്കുന്നത്. പസഫിക് റിംഗ് ഓഫ് ഫയറിലാണ് ഈ രാജ്യം സ്ഥിതി ചെയ്യുന്നത്. ഭൂമിശാസ്ത്രപരമായ മിക്ക പ്രവര്‍ത്തനങ്ങളും ഈ പ്രദേശത്ത് നടക്കുന്നു. ഭൂകമ്പങ്ങള്‍, സുനാമികള്‍, ലാവാ താഴികക്കുടങ്ങളുടെ രൂപീകരണം തുടങ്ങിയവ സംഭവിക്കുന്നത് ഇതുമൂലമാണ്. ഇതുമൂലം പലതവണ വന്‍ നാശനഷ്ടവും സ്വത്തു നാശവും സംഭവിക്കുന്നുണ്ട്. ഇന്‍ഡോനേഷ്യയിലെ ഏറ്റവും സജീവമായ അഗ്‌നിപര്‍വ്വതങ്ങള്‍ മൗണ്ട് കെലൂട്, മൗണ്ട് മെറാപി എന്നിവയാണ്. ഇവ രണ്ടും ജാവ പ്രവിശ്യയിലാണ്. 

അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചതോടെ യൂറോപില്‍ വേനല്‍ക്കാലമില്ല!

ഇന്‍ഡോനേഷ്യയിലെ മിക്ക അഗ്‌നിപര്‍വതങ്ങളും 3000 കിലോമീറ്റര്‍ നീളമുള്ള ഭൂമിശാസ്ത്ര ശൃംഖലയിലാണ് സ്ഥിതി ചെയ്യുന്നത്. ഇതിനെ സുന്ദ ആര്‍ച് എന്ന് വിളിക്കുന്നു. ഇവിടെയാണ് ഇന്‍ഡ്യന്‍ മഹാസമുദ്രത്തിന്റെ സബ്ഡക്ഷന്‍ സോണ്‍. ഏഷ്യന്‍ പ്ലേറ്റ് മൂലമാണ് ഇവിടെ ഭൂരിഭാഗം അഗ്‌നിപര്‍വതങ്ങളും ഉണ്ടായത്. ഇന്‍ഡോനേഷ്യയിലെ ഏറ്റവും ഭയാനകമായ അഗ്‌നിപര്‍വത സ്‌ഫോടനം 1815 ല്‍ സംഭവിച്ചു. അപ്പോള്‍ തംബോറ പര്‍വതം പൊട്ടിത്തെറിച്ചു. ഇക്കാരണത്താല്‍, യൂറോപില്‍ വര്‍ഷങ്ങളോളം വേനല്‍ക്കാലം ഉണ്ടായിരുന്നില്ല. കാരണം അഗ്‌നിപര്‍വതത്തില്‍ നിന്നുള്ള ചാരം കൊണ്ട് അന്തരീക്ഷം മൂടപ്പെട്ടിരുന്നു. അന്ന് 90000 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. പതിനായിരത്തോളം പേര്‍ക്ക് സ്ഫോടനത്തില്‍ പരുക്കേറ്റു. ശേഷിക്കുന്ന 80000 ആളുകള്‍ വിളനാശവും പട്ടിണിയും മൂലം മരിച്ചു.

Keywords: News, World, World-News, Social-Media-News, Indonesia, Volcano, Eruption, Triggers, Tsunami Alert, Thousands Evacuated, Major Airport, Shuts, Five Times, Three Days, Stratosphere (second layer of the atmosphere of Earth, located above the troposphere and below the mesosphere.), Ruang Mountain, Indonesia's volcano eruption triggers tsunami alert, thousands told to evacuate.

Post a Comment