Follow KVARTHA on Google news Follow Us!
ad

Memories | മാഞ്ഞുപോയ മധുരോർമകൾ

ഒരിക്കലും മറക്കില്ലെന്ന് ഒരു പാടുവട്ടം വാക്കുതന്നവൾ Love, Relationship, College Study
/ കൂക്കാനം റഹ്‌മാൻ

(KVARTHA) അവൾ എനിക്കു വേണ്ടി എന്നെ ഉദ്ദേശിച്ചു മാത്രം പാടി 1970 മാർച്ചിൽ, യാത്രയയപ്പുയോഗത്തിൽ. അവൾ ഒരിക്കൽ പറഞ്ഞു, 'നിൻ്റെ ചിരിയിൽ ഞാൻ വീണുപോയി. വർത്തമാനം പറയുമ്പോഴുള്ള മുഖഭാവം മറക്കാൻ കഴിയില്ല'. അതിൽ ഞാൻ അലിഞ്ഞു പോയി. കോളേജിലെ ബ്യൂട്ടി അവളായിരുന്നു. പ്രണയക്കത്തുകൾ ഒരുപാട് കൈമാറി. കാറ്റാടി മരത്തണലിലെ വെള്ളപ്പൂഴിയിലിരുന്ന് സ്നേഹമലരുകൾ പരസ്പരം പകുത്തു നൽകി. ഒരിക്കലും മറക്കില്ലെന്ന് ഒരു പാടുവട്ടം വാക്കു തന്നു. ഇരുന്നും നിന്നും വാതുറന്നു ചിരിച്ചുമുളള ഫോട്ടോ നോട്ട് ബുക്കിൽ തിരുകി ആരും കാണാതെ എനിക്കു തന്നു. അവ ഓരോന്നും സ്വകാര്യമായി ഞാൻ സൂക്ഷിച്ചു വെച്ചു.

Faded sweet memories

സ്നേഹമൂറുന്ന വാക്കുകൾ ചാലിച്ചെഴുതിയ കത്തുകൾ വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും ഡയറിത്താളുകളിൽ വെച്ചിട്ടുണ്ട്. കോഫി ഹൗസിൽ കാപ്പി കുടിക്കാൻ ചെന്നാൽ ഗ്ലാസുകൾ പരസ്പരം മാറ്റി അവൾ കുടിക്കും. ക്ലാസുള്ള ദിവസങ്ങളിൽ വൈകുന്നേരത്തെ യാത്ര പറച്ചിൽ ഓരോ ചോക്ലേറ്റ് പരസ്പരം പങ്കിട്ടുകൊണ്ടാണ്. അത് ആരും കാണാതെ എൻ്റെ വായിലേക്ക് തിരുകി വെക്കും. ഹോ! എന്തൊരുമധുരമായിരുന്നു ആ ചോക്ലേറ്റിന്'. അവൾക്കു വേണ്ടി അവളെക്കുറിച്ച് ഞാൻ കഥയെഴുതി. അവളുടെ ചുരുളൻ മുടിയും, വെളുത്ത സാരിയിലെ കറുത്ത ചിത്രപ്പുള്ളികളും നെറ്റിയിലെ കറുത്ത പൊട്ടും വിശദമാക്കിക്കൊണ്ടുള്ള കഥകളാണധികവും എഴുതിയത്.

അവൾ അത് വായിക്കും. നിറഞ്ഞ ചിരിയോടെ, ഇമ വെട്ടുന്ന മിഴികളുമായി അവൾ എൻ്റെ മുന്നിൽ വന്ന് അല്പനേരം നിൽക്കും. കയ്യെഴുത്തുമാസിക കയ്യിലുണ്ടാവും. അത് നിവർത്തി അവളെക്കുറിച്ചെഴുതിയ കഥാ പേജ് എന്നെ കാണിക്കും. ആ പേജിൽ അവൾ അമർത്തി ചുംബിക്കും. ഒന്നും പറയാതെ ക്ലാസിലേക്ക് ചെല്ലും. പഠനകാലം കഴിയാറായി. യാത്രയയപ്പും, ഫോട്ടോ എടുപ്പും ചായ സൽക്കാരവും പൊടിപൊടിച്ചു. ആ തിരക്കിനിടയിലും അവൾ എൻ്റെ അടുത്തെത്തും ഒന്നു സ്പർശിച്ചിട്ടേ കടന്നുപോവൂ. അവളുടെ വിയർപ്പു മണം ആസ്വാദ്യകരമാണ്. അത് ആസ്വദിക്കാൻ ഞാൻ ആഗ്രഹിക്കുന്നതുമാണ്. അക്കാര്യം ഞാൻ അവളോട് പറഞ്ഞിരുന്നില്ല.

യാത്രയയപ്പു കഴിഞ്ഞു. സഹപാഠികളുടെ കണ്ണു വെട്ടിച്ച് ഞങ്ങൾ കാറ്റാടി മരത്തണലിൽ എത്തി. അടുത്തടുത്തിരുന്നു. ഒന്നും മിണ്ടാതെ പരസ്പരം നോക്കിയിരുന്നു. അവൾ ഓട്ടോഗ്രാഫിലെ കുറിപ്പിനെ കുറിച്ചു പറഞ്ഞു. പരീക്ഷ കഴിഞ്ഞു റിസൽട്ടറിഞ്ഞാൽ നമ്മൾ രണ്ടു പേരും ജോലിയിൽ പ്രവേശിക്കും. നമുക്ക് ഒന്നിക്കണം. അതിന് സാധ്യമാവുമോ എന്നറിയില്ല. എങ്കിലും ഞാൻ പിടിച്ചു നിൽക്കും അവൾ ഓട്ടോഗ്രാഫിലെ എഴുത്തു ഒന്നു കൂടി വായിച്ചു. ഒന്നാവാൻ പറ്റില്ലെങ്കിലും ജീവിതാവസാനം വരെ വിവരങ്ങൾ അറിയിക്കണം. എന്നും ഓർക്കണം. ഓരോ മാറ്റവും പരസ്പരം അറിയിക്കണം. അവൾ എന്നെ കെട്ടിപ്പിടിച്ചു. കവിളിൽ തുരുതുരേ ഉമ്മ വെച്ചു. തിരിച്ചു ഞാനും. അവളോടൊപ്പം റയിൽവേസ്റ്റേഷൻ വരെ ഞാൻ ചെന്നു. ടാറ്റയോതി ഞങ്ങൾ പിരിഞ്ഞു.

വർഷങ്ങൾ പലതു കഴിഞ്ഞു. ജോലി, വിവാഹം, മക്കൾ എല്ലാ കാര്യങ്ങളും അന്യോന്യമറിയിച്ചു. ഇതെല്ലാമായിട്ടും അവളെക്കുറിച്ചുള്ള ഓർമ്മ എൻ്റെ മനസ്സിൽ നിന്ന് മായുന്നില്ല. കുറേ വർഷങ്ങളായി അവളുടെ വിവരമൊന്നുമറിയുന്നില്ല. പലരുമായി ബന്ധപ്പെട്ടു അവളെക്കുറിച്ചറിയാൻ. ദീർഘനാളത്തെ അന്വേഷണങ്ങൾക്ക് ശേഷം വിവരമറിഞ്ഞു. അൽഷിമേഴ്സ് ബാധിച്ച് കിടപ്പിലാണെന്ന്. എന്തായാലും അവളെ കാണണമെന്ന് ഞാൻ നിശ്ചയിച്ചു. എന്നെ കണ്ടാൽ പഴയ ഓർമ്മകൾ തിരികെ വരുമെന്ന് ഞാൻ കരുതി.

അന്വേഷിച്ചു അന്വേഷിച്ചു അവസാനം അവളുടെ താമസസ്ഥലം കണ്ടെത്തി. വീട്ടുകാരോടൊക്കെ വിവരം പറഞ്ഞാണ് ഞാൻ വീട്ടിലേക്ക് ചെല്ലുന്നത്. ആകാംക്ഷയോടെ വീട്ടിലേക്ക് കയറി. പഴയ പ്രണയിനിയെ കാണാനാണ്. അവൾ എങ്ങിനെ സ്വീകരിക്കും? എങ്ങിനെ സംസാരിക്കും? പഴയ പ്രണയോർമ്മകൾ മനസ്സിലുണ്ടാവുമോ? അന്ന് പാടിയ പാട്ട് ഓർമ്മിക്കുമോ? പ്രേമലേഖനങ്ങളിലെ മധുര വാക്കുകൾ മനസ്സിലുണ്ടാവുമോ? കെട്ടിപ്പിടിച്ച് കവിളിൽ ഉമ്മ തന്നത് മറന്നു കാണുമോ? ഇതൊന്നും ഓർമ്മയില്ലാതിരിക്കില്ല. അതൊക്കെ സ്വകാര്യമായി ചോദിക്കണം. ഇപ്പോഴും നിന്നെക്കുറിച്ച് ഓർക്കുകയും നിന്നെ നായികയാക്കി കഥ എഴുതിക്കൊണ്ടേയിരിക്കുന്നുണ്ടെന്നും പറയണം.

അവളുടെ മുറിയിലേക്ക് ചെന്നു. കസേരയിൽ ചാഞ്ഞ് ഇരിക്കുന്നുണ്ട്. ഞാൻ അവളുടെ പേര് ഉറക്കെ വിളിച്ചു. പ്രതികരണമില്ല. ഞാൻ മനസ്സിൽ ചോദിക്കാൻ കരുതിയ കാര്യങ്ങളൊന്നും ചോദിച്ചില്ല. കുറേ നേരം അവളെത്തന്നെ നോക്കിയിരുന്നു. പ്രായമായെങ്കിലും പഴയ സൗന്ദര്യമൊന്നും കെട്ടുപോയിട്ടില്ല. അവിടെ ഇരുന്നു നിശ്ശബ്ദയായിരിക്കുന്ന അവളെ നോക്കി സ്വയം പറഞ്ഞു. ഞാൻ ഇനിയെന്തിന് ഇവളെ ഓർക്കണം, പഴയ പ്രണയോർമ്മകൾ മനസ്സിൽ കൊണ്ടു നടക്കണം. എല്ലാം അവസാനിച്ചില്ലേ? പക്ഷേ അവളെ ഓർക്കണം. പഴയതെല്ലാം മനസ്സിൽ താലോലിച്ച് നടക്കണം. അതെങ്കിലും ബാക്കിയാവട്ടെ. വീട്ടുകാരോട് യാത്ര പറയും മുമ്പേ അവളുടെ കൈ ഞാൻ മുറുകെ പിടിച്ചു. ആരും കാണാതെ കൈകളിൽ ചുംബിച്ചു. രണ്ടു തുള്ളി ചുടുകണ്ണീർ അവളുടെ കൈകളിൽ പതിച്ചു. അവൾ കണ്ണു തുറന്നു. എന്നെ സ്നേഹത്തോടെ നോക്കി. ഒന്നു പുഞ്ചിരിച്ചു. എന്തെങ്കിലും സംസാരിക്കുമെന്നു കരുതി. അതുണ്ടായില്ല. മുഖത്തെ പുഞ്ചിരി മാഞ്ഞു. ദുഖത്തോടെ അവിടെ നിന്നിറങ്ങി നടന്നു.


Keywords: Love, Relationship, College Study, Farewell, Smile, Talking, Letters, Chocolates, Autograph, Railway Station, Job, Marriage, Children, Faded sweet memories.

Post a Comment