Follow KVARTHA on Google news Follow Us!
ad

UAE Weather | ദുബൈയിലെ പ്രളയസമാന സാഹചര്യം ക്ലൗഡ് സീഡിംഗ് മൂലമല്ലെന്ന് യുഎഇ കാലാവസ്ഥാ കേന്ദ്രം; യഥാര്‍ഥ കാരണം ഇത്

റോഡുകളും ജനജീവിതവും സാധാരണ നിലയിലാക്കാന്‍ ശ്രമം തുടരുന്നു Cloud Seeding, Dubai, United Arab Emirates, Meteorologists, Rain, Weather, Flooded, Drenche
ദുബൈ: (KVARTHA) കഴിഞ്ഞ ദിവസമുണ്ടായ ദുബൈയെ സ്തംഭിപ്പിച്ച കനത്ത മഴയ്ക്ക് കാരണം ക്ലൗഡ് സീഡിംഗ് മൂലമല്ലെന്ന് യുഎഇ കാലാവസ്ഥാ കേന്ദ്രം. പ്രളയസമാന സാഹചര്യം ഉണ്ടാക്കിയ നിലവിലെ മഴയ്ക്ക് കാരണം ക്ലൗഡ് സീഡിംഗ് മൂലമല്ലെന്ന് കാലാവസ്ഥാ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപോര്‍ട് ചെയ്തു. നിലവിലെ ദുരന്തം വിതച്ച മഴയ്ക്ക് കാരണമായിട്ടുള്ളത് കൊടുങ്കാറ്റുകളാണെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറഞ്ഞു.

ജല ലഭ്യതയ്ക്കായി മഴ സാധ്യതയുള്ള മേഘങ്ങള്‍ കണ്ടെത്തി സില്‍വര്‍ ആയഡൈഡ്, ഡ്രൈ ഐസ് തുടങ്ങിയ രാസവസ്തുക്കള്‍ വിതറി മഴപെയ്യിക്കുന്ന രീതിയാണ് ക്ലൗഡ് സീഡിംഗ്. 1990കള്‍ മുതല്‍ മഴയ്ക്കായി യു എ ഇ പിന്തുടരുന്ന രീതിയാണ് ക്ലൗഡ് സീഡിംഗ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പ്രതിവര്‍ഷം മൂന്നൂറോളം ക്ലൗഡ് സീഡിംഗ് മിഷനുകളാണ് നിലവില്‍ യുഎഇ നടത്തുന്നത്. ഇത് വാര്‍ഷിക മഴ ലഭ്യതയില്‍ 10 മുതല്‍ 15 ശതമാനം വരെ വര്‍ധനവുണ്ടാക്കുന്നുവെന്നാണ് കണക്ക്.

25000 അടി ഉയരത്തില്‍ വിമാനങ്ങള്‍ ഉപയോഗിച്ചാണ് സില്‍വര്‍ ആയഡൈഡ്, ഡ്രൈ ഐസ് തുടങ്ങിയ രാസവസ്തുക്കള്‍ മേഘങ്ങള്‍ക്ക് മുകളില്‍ വിതറുക. ജല ലഭ്യത ഉറപ്പാക്കല്‍ ലക്ഷ്യമിട്ടാണ് പലപ്പോഴും ക്ലൗഡ് സീഡിംഗ് നടത്താറ്. 50 ശതമാനമെങ്കിലും മഴയ്ക്ക് സാധ്യതയുള്ള മേഘങ്ങളിലാണ് ക്ലൗഡ് സീഡിംഗ് നടത്തുക. ഇതോടെ ഇത്തരം മേഘങ്ങളില്‍ നിന്നും മഴ ലഭിക്കാനുള്ള സാധ്യത 75 ശതമാനം വരെയാകും.

ക്ലൗഡ് സീഡിംഗില്‍ മഴ മേഘങ്ങളെ കൃത്രിമമായി നിര്‍മിക്കുന്നില്ല. മറിച്ച് പ്രകൃതി നിശ്ചയിക്കുന്ന സ്ഥലത്ത് പ്രകൃതിക്ക് ഇഷ്ടമുള്ള നേരത്ത് പെയ്യിക്കാനായി കാത്തുവച്ചിരിക്കുന്ന മേഘങ്ങളെ മനുഷ്യന്‍ നിര്‍ബന്ധിച്ച് വേറെ മേഖലകളില്‍ പെയ്യിക്കുകയാണ് ചെയ്യുന്നത്. യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന് കീഴില്‍ (എന്‍ സി എം) യുഎഇ റിസര്‍ച് പ്രോഗ്രാം ഫോര്‍ റെയിന്‍ എന്‍ഹാന്‍സ്‌മെന്റ് സയന്‍സ് (യു എ ഇ ആര്‍ ഇ പി) എന്ന പേരില്‍ പ്രത്യേക പദ്ധതി തന്നെ ഇതിനായി നടപ്പാക്കിയിട്ടുണ്ട്.

ജല ലഭ്യത ഉറപ്പാക്കാനുള്ള സുസ്ഥിരമായ സംവിധാനമായാണ് യുഎഇ ഇതിനെ കണക്കാക്കുന്നത്. പ്രകൃതി സൗഹൃദമായ തരത്തിലും ചെലവ് ചുരുക്കിയും ഏറ്റവും സുരക്ഷിതമായ രീതിയിലാണ് ക്ലൗഡ് സീഡിംഗ് നടത്തുന്നതെന്ന് എന്‍ സി എം അവകാശപ്പെടുന്നു. ഫെബ്രുവരിയില്‍ നാല് ദിവസത്തിനിടെ 25ല്‍ അധിക തവണ ക്ലൗഡ് സീഡിംഗ് നടത്തിയതായി രാജ്യത്തെ കാലാവസ്ഥാ വിദഗ്ധര്‍ അറിയിച്ചിരുന്നു.

നിലവില്‍ 60 ലധികം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളുടെ ശൃംഖലയാണ് രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്. സംയോജിത റഡാര്‍ ശൃംഖലയിലൂടെ നിരന്തരം നിരീക്ഷണം നടത്തിയാണ് ക്ലൗഡ് സീഡിംഗ് പ്രവര്‍ത്തനം. അഞ്ച് പ്രത്യേക വിമാനങ്ങള്‍ ഇതിനായി മാത്രം യു എ ഇ സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ട്.

ക്ലൗഡ് സീഡിംഗിന് ആവശ്യമായ ഫ്‌ലെയറുകള്‍ നിര്‍മിക്കാന്‍ ഒരു അത്യാധുനിക ഫാക്ടറിയും യുഎഇയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അനുകൂല സാഹചര്യമുണ്ടായാല്‍ അവ വിലയിരുത്തി ഏത് സമയത്തും ക്ലൗഡ് സീഡിംഗ് നടത്തുകയാണ് രീതി. 2015ല്‍ യുഎഇ റിസര്‍ച് പ്രോഗ്രാം ഫോര്‍ റെയിന്‍ എന്‍ഹാന്‍സ്‌മെന്റ് സയന്‍സ് പദ്ധതി തുടങ്ങിയത് മുതല്‍ 14 പ്രൊജക്ടുകള്‍ 85ല്‍ അധികം രാജ്യങ്ങളുമായി സഹകരിച്ച് യു എ ഇ നടപ്പാക്കിയിട്ടുണ്ട്. ഇതിനായി 22.5 മില്യന്‍ ഡോളര്‍ ചെലവഴിച്ചു.


യു എ ഇയ്ക്ക് പുറമേ അയല്‍ രാജ്യങ്ങളായ സഊദി അറേബ്യ, ഒമാന്‍ എന്നിവയും ജല ലഭ്യതയ്ക്കായി ക്ലൗഡ് സീഡിംഗ് പരീക്ഷിക്കാറുണ്ട്. ഇന്‍ഡ്യയില്‍ മലിനീകരണം നിയന്ത്രണ വിധേയമാക്കാന്‍ ഈ മാര്‍ഗം സ്വീകരിക്കുന്നതിനേക്കുറിച്ച് ശാസ്ത്രജ്ഞര്‍ സൂചനകള്‍ നല്‍കിയിട്ടുണ്ട്.

അതേസമയം, ദുരിതത്തില്‍ നിന്ന് കരകയറാന്‍ പൗരന്‍ എന്നോ പ്രവാസി എന്നോ വ്യത്യാസം ഇല്ലാതെ എല്ലാവരുടെയും സുരക്ഷയാണ് പ്രധാനമെന്ന് യു എ ഇ പ്രസിഡന്റ് ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പറഞ്ഞു. ജനങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കാനും പ്രതിസന്ധികള്‍ സമൂഹത്തിന്റെയും ജനങ്ങളുടെയും യഥാര്‍ഥ കരുത്ത് വെളിവാക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

കനത്ത മഴ തുടരുന്നതിനാല്‍ ദുബൈ വിമാനത്താവളത്തില്‍ നിന്ന് ഇതുവരെ 884 വിമാനങ്ങളാണ് റദ്ദാക്കിയത്. വിമാനത്താവളം പൂര്‍വസ്ഥിതിയിലാക്കാന്‍ വലിയ ശ്രമമാണ് നടക്കുന്നത്. വ്യാഴാഴ്ച (18.04.2024) രാവിലെ ടെര്‍മിനല്‍ ഒന്നിലും മൂന്നിലും പ്രവര്‍ത്തനം ഭാഗികമായി പുനഃസ്ഥാപിച്ചു. ടെര്‍മിനല്‍ മൂന്നില്‍ ഫ്‌ലൈ ദുബായ്, എമിറേറ്റ്‌സ് ചെക് ഇന്‍ വീണ്ടും തുടങ്ങി. ദുബൈയില്‍ ഇറങ്ങുന്ന വിമാനങ്ങള്‍ക്ക് അനുമതി നല്‍കി.

റോഡുകളും ജനജീവിതവും സാധാരണ നിലയിലാക്കാന്‍ ശ്രമം തുടരുകയാണ്. വെള്ളക്കെട്ട് നീക്കാന്‍ തുടങ്ങി. ദുബൈ മെട്രോയില്‍ കൂടുതല്‍ സ്റ്റേഷനുകള്‍ സാധാരണ നിലയിലായിട്ടുണ്ട്. ചൊവ്വാഴ്ചയുണ്ടായ കനത്ത മഴയില്‍ ഒരു വര്‍ഷം ലഭിക്കുന്ന മഴയാണ് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ദുബൈയില്‍ ലഭിച്ചത്.

Keywords: News, Gulf, Gulf-News, Weather, Weather-News, Cloud Seeding, Dubai, United Arab Emirates, Meteorologists, Rain, Weather, Flooded, Drenched, Experts, Storm, Climate Change, Experts Think Cloud Seeding Did Not Play Role in Dubai Floods.

Post a Comment