Follow KVARTHA on Google news Follow Us!
ad

Railway | കനത്ത മഴ; പിറ്റ് ലൈനില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ട്രെയിന്‍ സമയത്തില്‍ മാറ്റം വരുത്തി റെയില്‍വെ

തിരുവനന്തപുരം: (KVARTHA) ശനിയാഴ്ച (14.10.2023) രാത്രി ആരംഭിച്ച ശക്തമായ മഴയില്‍ തിരുവനന്തപുരം ഉള്‍പെടെയുള്ള വിവിധ ജില്ലകളില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിരുന്നു. ശക്തമായ മഴയില്‍ തലസ്ഥാന നഗരിയിലെ റോഡുകള്‍ വെള്ളത്തിനടിയിലായി. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. കഴക്കൂട്ടം പൗണ്ടുകടവ്, വേളി ഭാഗങ്ങളില്‍ തോട് കരകവിഞ്ഞൊഴുകുകയാണ്. നിരവധി വീടുകള്‍ വെള്ളിത്തിലാണ്. രാത്രി ഒരു മണി മുതല്‍ വീടുകളില്‍ വെള്ളം കയറിയെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

കഴക്കൂട്ടത്ത് വെള്ളംകയറി. ടെക്‌നോപാര്‍കില്‍ ജോലി ചെയ്യുന്നവരെ ഉള്‍പെടെ വീടുകളില്‍ നിന്ന് മാറ്റുകയാണ്. അമ്പലത്തിന്‍കര സബ് സ്റ്റേഷന് സമീപത്തെ 30 ഓളം വീടുകളിലാണ് വെള്ളം കയറിയത്. ഇവിടെ നിന്നും ആളുകളെ മാറ്റി പാര്‍പിച്ചുകൊണ്ടിരിക്കുകയാണ്. അഗ്നിരക്ഷാസേന രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. ഫൈബര്‍ ബോടിലാണ് ആളുകളെ മാറ്റുന്നത്.

ഈ സാഹചര്യത്തില്‍ തിരുവനന്തപുരത്തെ ട്രെയിന്‍ സമയത്തില്‍ മാറ്റം വരുത്തി റെയില്‍വെ. കൊച്ചുവേളിയിലെ പിറ്റ് ലൈനില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ട്രെയിന്‍ നമ്പര്‍ 12625 തിരുവനന്തപുരം - ന്യൂഡെല്‍ഹി കേരള എക്‌സ്പ്രസിന്റെ സമയത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നതെന്ന് റെയില്‍വെ അറിയിച്ചു.

ഞായറാഴ്ച ഉച്ചയ്ക്ക് 12.30ന് പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം - ന്യൂഡെല്‍ഹി കേരള എക്‌സ്പ്രസ് ഏഴ് മണിക്കൂറും അഞ്ച് മിനിറ്റും വൈകുമെന്നാണ് അറിയിപ്പ്. റെയില്‍വെ നല്‍കിയ വിവരമനുസരിച്ച് വൈകുന്നേരം 7.35ന് ആയിരിക്കും കേരള എക്‌സ്പ്രസ് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്നത്. യാത്രക്കാര്‍ ട്രെയിന്‍ പുറപ്പെടുന്ന സമയം സംബന്ധിച്ച് റെയില്‍വെയുടെ അറിയിപ്പുകള്‍ ശ്രദ്ധിക്കണം.

അതേസമയം, ജില്ലയിലെ അടിയന്തിര സാഹചര്യം പരിഗണിച്ച് എല്ലാ റവന്യു ഉദ്യോഗസ്ഥരോടും ഓഫീസില്‍ പ്രവേശിക്കുവാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. മഴക്കെടുതി ഉണ്ടായിട്ടുള്ള സ്ഥലങ്ങളില്‍ വേണ്ട സഹായങ്ങള്‍ എത്തിക്കുവാനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാനും തഹസീല്‍ദാര്‍മാര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി.

താലൂക് കണ്‍ട്രോള്‍ റൂമുകള്‍ പൂര്‍ണസജ്ജമാണെന്നും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ടെന്നും പൊതു ജനങ്ങള്‍ക്ക് അടിയന്തിര സാഹചര്യമുള്ള പക്ഷം താലൂക്ക് കണ്‍ട്രോള്‍ റൂമുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

സംസ്ഥാനത്ത് ഞായറാഴ്ച (15.10.2023) ഉള്‍പെടെ അടുത്ത അഞ്ചു ദിവസത്തേക്കുള്ള ഏറ്റവും പുതിയ മഴ മുന്നറിയിപ്പ് പുറത്തിറക്കി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം ഞായറാഴ്ച 12 ജില്ലകളില്‍ മഞ്ഞ ജാഗ്രതയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലൊഴികെയുള്ള വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ 12 ജില്ലകളിലാണ് മഞ്ഞ ജാഗ്രത. ഒറ്റപ്പെട്ടതും ശക്തവുമായ മഴക്കുള്ള സാധ്യതയാണ് അധികൃതര്‍ അറിയിക്കുന്നത്. ഒക്ടോബര്‍ 18വരെ ഈ ജില്ലകളില്‍ മഞ്ഞ ജാഗ്രത മുന്നറിയിപ്പാണ് നിലവില്‍ നല്‍കിയിരിക്കുന്നത്.

ഒക്ടോബര്‍ 17ന് കണ്ണൂരിലും കാസര്‍കോടും ഉള്‍പെടെ 14 ജില്ലകളിലും മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബര്‍ 19ന് നിലവില്‍ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, വയനാട് ജില്ലകളിലാണ് മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിട്ടുള്ളത്. ശക്തമായ മഴയില്‍ കെടുതി തുടരുന്നതിനിടെയാണ് പുതുക്കിയ മഴ മുന്നറിയിപ്പ് പുറത്തുവിടുന്നത്.




Keywords: News, Kerala, Kerala-News, Weather, Weather-News, Train-News, Thiruvananthapuram News, Kerala News, Techno Park, Kazhakoottam News, Railway, Train, Announced, Change Time, Heavy Rain, Thiruvananthapuram: Railway announces change in timings as heavy rain continues.

Post a Comment