Follow KVARTHA on Google news Follow Us!
ad

Wild Elephant | നാട്ടിലിറങ്ങിയ കൊമ്പന്മാരെ തുരത്താനെത്തിച്ച കുങ്കിയാനയെ കാണാനില്ല; രാത്രി കാട്ടാനകള്‍ക്കൊപ്പം നാട് വിട്ടതായി ആരോപണം

വ്യാഴാഴ്ച രാത്രിയാണ് ഓപറേഷന്‍ തുടങ്ങിയത് Palakkad News, Kumki, Elephant, Eloped, Wild Tusker, Forest Department, Panthalloor News
പാലക്കാട്: KVARTHA) വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് തലവേദനയായി നാടുവിറപ്പിച്ച കാട്ടുകൊമ്പന്മാരെ തുരത്താനെത്തിയ കുങ്കിയാന കാട്ടാനകള്‍ക്കൊപ്പം മുങ്ങി. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് സംഭവം. പന്തല്ലൂരിലിറങ്ങിയ കാട്ടാനകളെ വിരട്ടി കാടുകയറ്റാനെത്തിച്ച ശ്രീനിവാസന്‍ എന്ന കുങ്കിയാനയെയാണ് കാണാതായത്. വൈകാതെ മണിക്കൂറുകള്‍ക്കുള്ളില്‍ തിരിച്ചുകിട്ടി.

വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്: പന്തല്ലൂരിലിറങ്ങിയ കാട്ടാനകളെ വിരട്ടി കാടുകയറ്റാനാണ് കുങ്കിയാനയെ കൊണ്ടുവന്നത്. കുറേ ദിവസമായി പന്തല്ലൂര്‍, ഇരുമ്പ് പാലം മേഖലകളില്‍ 'കട്ടക്കൊമ്പന്‍', 'ബുള്ളറ്റ്' എന്നീ കാട്ടാനകള്‍ ജനവാസകേന്ദ്രങ്ങളിലിറങ്ങി നാശനഷ്ടം വരുത്തുകയും ജനങ്ങള്‍ക്ക് ഭീഷണിയുമാകുകയായിരുന്നു.

പ്രദേശവാസികളുടെ പരാതിയെ തുടര്‍ന്ന് കാട്ടുകൊമ്പന്മാരെ തുരത്താന്‍ മുതുമലയില്‍നിന്നു വസീം, വിജയ്, ശ്രീനിവാസന്‍, ബൊമ്മന്‍ എന്നീ കുങ്കിയാനകളെ എത്തിച്ചു. വ്യാഴാഴ്ച രാത്രിയാണ് കാട്ടാനകളെ തുരത്താനുള്ള ഓപറേഷന്‍ തുടങ്ങിയത്. എന്നാല്‍, കാട്ടാനകളെ കണ്ടതോടെ കുങ്കിയാന കാട്ടാനകള്‍ക്കൊപ്പം മുങ്ങി.

കാട്ടാനകളെ തടയാന്‍ കാട്ടാനകള്‍ വരുന്നവഴിയില്‍ കുങ്കിയാനകളെ തളച്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കാത്തിരിക്കുകയായിരുന്നു. രാത്രി എട്ടോടെ പ്രദേശത്ത് കനത്ത മൂടല്‍മഞ്ഞുണ്ടായിരുന്നു. മഞ്ഞ് മാറിയപ്പോള്‍ ശ്രീനിവാസന്‍ എന്ന കുങ്കിയാനയെ കാണാതായി. ചങ്ങല വേര്‍പെടുത്തിയാണ് ശ്രീനിവാസന്‍ സ്ഥലം വിട്ടത്. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും പാപ്പാന്മാരും പരിസരം മുഴുവന്‍ തിരഞ്ഞെങ്കിലും കണ്ടില്ല.

പിന്നീട് രാത്രി 12 മണിയോടെ കാട്ടുകൊമ്പന്മാര്‍ക്കൊപ്പം ശ്രീനിവാസനെ കണ്ടെത്തി. ഏറെ നേരത്തെ ശ്രമഫലമായി ഉദ്യോഗസ്ഥരും പാപ്പാന്മാരും കുങ്കിയാനകളുടെ സഹായത്തോടെ ശ്രീനിവാസനെ തിരിച്ചെത്തിക്കുകയായിരുന്നു. എന്നാല്‍ വെള്ളിയാഴ്ച രാവിലെ ശ്രീനിവാസനെ തേടി കാട്ടാനകള്‍ എത്തി. ഇവരെ തുരത്തിയതായി വനപാലകര്‍ അറിയിച്ചു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് പന്തല്ലൂരില്‍ നിന്ന് തന്നെയാണ് ശ്രീനിവാസനെ പിടികൂടിയത്. തുടര്‍ന്ന് മുതുമല തൊപ്പക്കാട് ആനസങ്കേതത്തില്‍ കൊണ്ടുപോയി കുങ്കിയാനയാക്കി മെരുത്തി. ശ്രീനിവാസന്റെ അന്നത്തെ കൂട്ടുകാര്‍ക്കൊപ്പമായിരിക്കാം അവന്‍ പോയതെന്നാണ് വനപാലകരുടെ നിഗമനം. എന്തായാലും ശ്രീനിവാസനെ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് വനംവകുപ്പ്.




Keywords: News, Kerala, Kerala-News, Humour-News, Palakkad-News, Palakkad News, Kumki, Elephant, Eloped, Wild Tusker, Forest Department, Panthalloor News, Palakkad: Kumki elephant elope with Wild tusker.

Post a Comment