Follow KVARTHA on Google news Follow Us!
ad

Kottayam UDF | കലാശക്കൊട്ടിലും ആളുകുറഞ്ഞു; വിധിയെഴുതാൻ മണിക്കൂറുകൾ ബാക്കിൽനിൽക്കെയും കോട്ടയത്ത് ആശങ്കയിൽ യുഡിഎഫ്; പ്രചാരണത്തിന്റെ ആദ്യഘട്ടം മുതൽ നേരിട്ടത് നിരവധി പ്രതിസന്ധികൾ

നേതാക്കൾ തമ്മിൽ വാക് പോര് Kottayam, Lok Sabha Election, Congress, Politics, UDF
കോട്ടയം: (KVARTHA) ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വിധിയെഴുതാൻ മണിക്കൂറുകൾ ബാക്കി നിൽക്കെയും കോട്ടയത്ത് ആശങ്കയിൽ യുഡിഎഫ്. പ്രചാരണത്തിന്റെ ആദ്യഘട്ടം മുതൽ നിരവധി പ്രതിസന്ധികൾ നേരിട്ട യുഡിഎഫിൽ കലാശക്കൊട്ടിൽ ആളുകുറഞ്ഞതാണ് ഒടുവിൽ വിവാദമായിരിക്കുന്നത്.
ബുധനാഴ്ച നടന്ന കൊട്ടിക്കലാശത്തില്‍ ആള്‍ക്കൂട്ടം കുറവായതോടെ തട്ടിക്കൂട്ട് കലാശക്കൊട്ടായി മാറിയെന്ന് മുന്നണിയിൽ വലിയ ആരോപണ പ്രത്യാരോപണങ്ങൾ ഉയർന്നു.

UDF

കോട്ടയത്തും വിവിധ നിയോജകമണ്ഡല ആസ്ഥാനങ്ങളിലുമാണ് യുഡിഎഫ് ആഘോഷമായ കലാശക്കൊട്ട് ലക്ഷ്യമിട്ടിരുന്നത്. ആള്‍ക്കൂട്ടം കുറഞ്ഞതോടെ പരിപാടി വെറും വഴിപാടായത് മുന്നണിക്കും നാണക്കേടായെന്നാണ് പ്രവർത്തകരുടെ വിമർശനം. വൈക്കത്ത് കലാശക്കൊട്ട് നടന്നെന്നുപോലും പറയാനാവാത്ത സ്ഥിതിയിലായിരുന്നു കാര്യങ്ങൾ. കടുത്തുരുത്തിയിൽ പിടിച്ചുനിന്നെങ്കിലും പാലായിൽ അംഗബലം ഇരുനൂറുകടത്താൻ യുഡിഎഫിന് കഴിഞ്ഞില്ല.

കൊട്ടിക്കലാശത്തിന് കേരളാ കോണ്‍ഗ്രസ് നേതൃത്വം ആവശ്യത്തിന് പ്രവര്‍ത്തകരെ കൊണ്ടുവരാന്‍ തയ്യാറാകാതിരുന്നതിനെ ചൊല്ലി യുഡിഎഫ് ജില്ലാ നേതൃയോഗത്തില്‍ ശക്തമായ വാക്പോര് നടന്നതായാണ് വിവരം. യോഗത്തില്‍ ഇരു പാര്‍ട്ടികളുടെയും നേതാക്കള്‍ തമ്മില്‍ ഏറ്റുമുട്ടിയതായും സൂചനയുണ്ട്.
പാലായിലും കടുത്തുരുത്തിയിലും പിറവത്തും നൂറുപേരെ വീതം ഇറക്കാന്‍ പോലും നിങ്ങള്‍ക്ക് സംവിധാനം ഇല്ലേ എന്നായിരുന്നു നേതൃയോഗത്തിൽ ഒരു മുതിര്‍ന്ന നേതാവിന്‍റെ ചോദ്യം.

എൽഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടൻ നൂറുശതമാനം ഫണ്ട് വിനിയോഗിച്ചുവെന്നത് സര്‍ക്കാര്‍ വെബ്സൈറ്റില്‍ പകൽപോലെ സത്യമാണെന്നിരിക്കെ അവസാന ഘട്ടത്തില്‍ ഇത് വ്യാജമാണെന്ന് പ്രസ്താവന നടത്തിയത് ഗുണമാണോ ദോഷമാണോ ചെയ്യുകയെന്ന് ആലോചിക്കണമെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. മുന്നണി ജില്ലാ ചെയർമാന്റെ രാജിയടക്കം ഉയർത്തിയ പ്രതിസന്ധികളെ മറികടക്കാനും യുഡിഎഫിന് കഴിഞ്ഞില്ലെന്നും വിമര്‍ശനം ഉണ്ടായി.

പ്രചാരണം മുന്നേറുന്നതിനിടെയാണ് യുഡിഎഫ്​ ജില്ല ചെയർമാനും കേരള കോൺഗ്രസ് ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റുമായ സജി മഞ്ഞക്കടമ്പിൽ മുന്നണിയും പാർടിയും വിട്ടത്. കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി സി തോമസ് കെ.എം മാണിയുടെ വീട്ടിൽ നടത്തിയ സന്ദർശനവും പ്രചാരണ രംഗത്ത് സജീവ
സാന്നിധ്യമാകാത്തതും തിരിച്ചടിയായെന്നും മുന്നണിയിൽ വിമർശനമുണ്ട്. പിജെ ജോസഫും ടി യു കുരുവിള, തോമസ് ഉണ്ണിയാടന്‍ അടക്കമുള്ള ജോസഫ് വിഭാഗം നേതാക്കളും പ്രചാരണ രംഗത്ത് സജീവമായിരുന്നില്ല.

യുഡിഎഫ് സ്ഥാനാർത്ഥി നടത്തിയിട്ടുള്ള രാഷ്ട്രീയ മലക്കം മറിച്ചിലുകൾ ഇനിയും തുടരുമെന്ന് കോൺഗ്രസ് പ്രവർത്തകർതന്നെ പലയിടത്തും പ്രചരിപ്പിച്ചുവെന്ന് പറഞ്ഞായിരുന്നു ജോസഫ് വിഭാഗം ഇതിന് മറുപടി പറഞ്ഞത്. തമ്മിലടി കാരണം ജനകീയ വിഷയങ്ങള്‍ കൃത്യമായി ജനങ്ങളുടെ മുന്നിലെത്തിക്കാന്‍ കഴിഞ്ഞില്ലെന്ന ആശങ്കയും നേതാക്കള്‍ക്കുണ്ട്.


Keywords: Kottayam, Lok Sabha Election, Congress, Politics, UDF, Election, LDF, CPM, Congress, Thomas Chazhikadan, KM Mani, UDF worried in Kottayam even with hours left to poll.

Post a Comment