Follow KVARTHA on Google news Follow Us!
ad

Allegation | വ്യാജ സര്‍ടിഫികറ്റ് തയാറാക്കിയ എസ് എഫ് ഐ വനിതാ നേതാവിന്റെ പി എച് ഡി പ്രവേശനം പിന്‍വാതില്‍ വഴിയാണെന്ന ആരോപണവുമായി കെ എസ് യു

എന്‍ട്രന്‍സ് പരീക്ഷയില്‍ റാങ്ക് ലഭിച്ചത് മറയാക്കിയാണ് അഡ്മിഷന്‍ നേടിയതെന്നും ആരോപണം KSU Allegation, PhD Admission, SFI Woman Leader, Kerala News
കണ്ണൂര്‍: (www.kvartha.com) വ്യാജ സര്‍ടിഫികറ്റ് തയാറാക്കിയെന്ന സംഭവത്തില്‍ എസ് എഫ് ഐ വനിതാ നേതാവും കാസര്‍കോട് സ്വദേശിനിയുമായ വിദ്യക്ക് പി എച് ഡി യ്ക്ക് പിന്‍വാതിലിലൂടെയാണ് പ്രവേശനം ലഭിച്ചതെന്ന ആരോപണവുമായി കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് പി മുഹമ്മദ് ശമ്മാസ്. കണ്ണൂര്‍ ഡിസിസി ഓഫീസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം ആരോപിച്ചത്.

2019-ല്‍ കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ നടന്ന പി എച് ഡി എന്‍ട്രന്‍സ് പരീക്ഷയില്‍ റാങ്ക് ലഭിച്ചത് മറയാക്കി പിന്‍വാതിലിലൂടെ വിദ്യ പി എച് ഡി അഡ്മിഷന്‍ നേടി. പി എച് ഡിക്ക് എന്‍ട്രന്‍സ് പരീക്ഷയുടെ റാങ്ക് പരിഗണിക്കില്ല എന്ന വസ്തുത നിലനില്ക്കേ, റിസര്‍ച് കമിറ്റിക്ക് മുമ്പില്‍ പ്രപോസല്‍ അവതരിപ്പിക്കാനുള്ള അവസരം മാത്രമാണ് എന്‍ട്രന്‍സ് പരീക്ഷയിലൂടെ ലഭിക്കുന്നത് എന്ന വസ്തുതയെ അവഗണിച്ച് ഉന്നത സ്വാധീനത്തില്‍ തരികിട മാര്‍ഗത്തിലൂടെ പി എച് ഡി അഡ്മിഷനും നേടി എടുത്തു എന്നതും ഞെട്ടലുളവാക്കുന്ന സംഭവമാണെന്ന് ശമ്മാസ് പറഞ്ഞു.

ജെനറല്‍ വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ 50% മാര്‍കും എസ് സി എസ് ടി വിദ്യാര്‍ഥികള്‍ 45% മാര്‍കും വാങ്ങിയാല്‍ റിസര്‍ച് കമിറ്റിക്ക് മുന്‍പില്‍ പങ്കെടുക്കാനുള്ള യോഗ്യതയാകും. നിശ്ചയിക്കുന്ന തീയതിക്കുള്ളില്‍ റിസര്‍ച് പ്രപോസല്‍ ഡിപാര്‍ട്മെന്റില്‍ സമര്‍പ്പിക്കണം. തുടര്‍ന്ന് റിസര്‍ച് കമിറ്റി ചേരുന്ന ദിവസം ഈ പ്രപോസല്‍ അവതരിപ്പിക്കണം. റിസര്‍ച് കമിറ്റി പ്രപോസല്‍ അംഗീകരിച്ചാല്‍ മാത്രമേ വിദ്യാര്‍ഥിക്ക് പി എച് ഡി അഡ്മിഷന്‍ ഉചിതമാര്‍ഗേണ ലഭിക്കുകയുള്ളു.

സര്‍വകലാശാലയ്ക്ക് കീഴിലുള്ള ഡിപാര്‍ട് മെന്റിലെ വിവിധ സെന്ററുകളിലെ അധ്യാപകരും പുറമെയുള്ള ഡിപാര്‍ട് മെന്റിലെ രണ്ട് അധ്യാപകരും ചേര്‍ന്ന ഒരു ഔദ്യോഗിക ബോഡിയാണ് റിസര്‍ച് കമിറ്റി. പി എച് ഡി പ്രവേശനത്തിലെ അവസാന തീരുമാനം എടുക്കുന്നത് ഈ കമിറ്റിയാണ്.

2019 -ല്‍ പി എച് ഡി അഡ്മിഷന് മലയാള വിഭാഗത്തില്‍ പത്ത് സീറ്റാണ് നോടിഫൈ ചെയ്തത്. പ്രവേശന പരീക്ഷയും പ്രപോസല്‍ അവതരണവും കഴിഞ്ഞ് 10 പേരുടെ ലിസ്റ്റ് തയാറായപ്പോള്‍ അതില്‍ വിദ്യയുടെ പേര് ഉണ്ടായിരുന്നില്ല. അതിന് ശേഷം സൂപര്‍ ന്യൂമറിയായി അഞ്ച് പേരെ കൂടി എടുക്കാന്‍ റിസര്‍ച് കമിറ്റി തീരുമാനിച്ചു

ഇതുപ്രകാരം ജെ ആര്‍ എഫ് ഉള്ള മൂന്ന് വിദ്യാര്‍ഥികളെയും ജെ ആര്‍ എഫ് ഇല്ലാത്ത രണ്ട് വിദ്യാര്‍ഥികള്‍ക്കും അഡ്മിഷന്‍ നല്കി. അങ്ങനെ നോടിഫൈ ചെയ്ത പത്ത് സീറ്റിന് പുറമെ അഞ്ച് പേരെക്കൂടി എടുത്തു സര്‍വകലാശാലയ്ക്ക് ലിസ്റ്റ് കൈമാറി. പക്ഷെ ആ ലിസ്റ്റ് സര്‍വകലാശാല അംഗീകരിച്ചില്ല. സര്‍വകലാശാല ഡിപാര്‍ട് മെന്റിനോട് ഈ അനധികൃതമായ പ്രവര്‍ത്തിയുടെ റിപോര്‍ട് ആവശ്യപ്പെടുകയാണ് ഉണ്ടായത്.

നോടിഫൈ ചെയ്ത സീറ്റുകള്‍ക് പുറമെ നല്ല പ്രപോസലുകള്‍ വന്നാല്‍ ആ വിദ്യാര്‍ഥിക്ക് ജെ ആര്‍ എഫ് സ്‌കോളര്‍ഷിപ് ഉണ്ടെങ്കില്‍ ആ വിദ്യാര്‍ഥിയെ സൂപര്‍ ന്യൂമറിയായി ഒഴിവുള്ള അധ്യാപകന് എടുക്കാം.
സര്‍വകലാശാലയ്ക്ക് ഡിപാര്‍ട് മെന്റ് ഇത്തരത്തിലാണ് മറുപടി നല്‍കിയത്. എന്നാല്‍ സര്‍വകലാശാല ഈ മറുപടി അംഗീകരിച്ചില്ല.

പകരം ആദ്യം തിരഞ്ഞെടുത്ത പത്ത് പേര്‍ക്കും പിന്നീട് സൂപര്‍ ന്യൂമറിയായി എടുത്ത മൂന്ന് പേര്‍ക്കും അഡ് മിഷന്‍ കൊടുക്കാന്‍ സര്‍വകലാശാല പറഞ്ഞു. തുടര്‍ന്ന് വിദ്യ കോടതിയെ സമീപിച്ചു. കോടതി ഈ വിദ്യാര്‍ഥിക്ക് കഴിയുമെങ്കില്‍ അഡ്മിഷന്‍ കൊടുക്കണമെന്ന് വിധിച്ചു. ഈ കോടതി വിധിയുമായി സര്‍വകലാശാലയില്‍ ചെന്നപ്പോള്‍ സെക്ഷന്‍ ഓഫീസര്‍ നിയമപരമായ തടസ്സങ്ങള്‍ സൂചിപ്പിച്ച് വിദ്യയെ മടക്കി അയച്ചു.

തുടര്‍ന്ന് ആ കാലഘട്ടത്തിലെ സര്‍വകലാശാല യൂനിയന്‍ ജെനറല്‍ സെക്രടറിയും ഇന്നത്തെ എസ് എഫ് ഐ സംസ്ഥാന സെക്രടറിയും അന്നത്തെ എസ് എഫ് ഐ ജില്ലാ നേതാവുമായിരുന്ന പിഎം ആര്‍ഷോയുടെയും അന്നത്തെ എസ് എഫ് ഐ ജില്ലാ സെക്രടറി അമല്‍ സിഎസിന്റെയും ഉന്നത ബന്ധങ്ങള്‍ ഉപയോഗിച്ച് വിസിയായിരുന്ന ധര്‍മരാജ് അടാട്ടിനെ സ്വാധീനിച്ച് അഡ്മിഷന്‍ കൊടുക്കില്ലെന്ന് പറഞ്ഞ സെക്ഷന്‍ ഒഫീസര്‍ ലീവ് ആയ ദിവസം നോക്കിയാണ് വിദ്യക്ക് അനധികൃതമായി പി എച് ഡിക്ക് അഡ്മിഷന്‍ കൊടുത്തതെന്നും ശമ്മാസ് ആരോപിച്ചു.

ഇതിന് അന്നത്തെ സിപിഎം നേതാവും നിലവിലെ മന്ത്രിയുമായ പി രാജീവും വഴിവിട്ട ഇടപെടലുകള്‍ നടത്തി. ഇപ്പോഴും ഇവിടുത്തെ വിദ്യാര്‍ഥിയാണ് വിദ്യ. സംവരണതത്വങ്ങള്‍ പാലിക്കാതെയാണ് അഡ്മിഷന്‍ നല്കിയതെന്നും ശമ്മാസ് ആരോപിച്ചു.

അഞ്ച് വിദ്യാര്‍ഥികള്‍ക്ക് അഡ്മിഷന്‍ നല്കുമ്പോള്‍ ഒരു എസ് സി / എസ് ടി വിദ്യാര്‍ഥിക്ക് നിര്‍ബന്ധമായും അഡ്മിഷന്‍ നല്കണം. ആദ്യത്തെ പത്ത് വിദ്യാര്‍ഥികള്‍ക്ക് അഡ്മിഷന്‍ നല്കിയപ്പോള്‍ രണ്ട് പേര്‍ എസ് സി വിദ്യാര്‍ഥികള്‍ ആയിരുന്നു. എന്നാല്‍ അവസാന അഞ്ചില്‍ എസ് സി വിദ്യാര്‍ഥികള്‍ ഇല്ല. എസ് സി വിദ്യാര്‍ഥിക്ക് അഡ്മിഷന്‍ നല്കിയാല്‍ പതിനഞ്ചാം റാങ്ക് കാരിയായ വിദ്യ വീണ്ടും പുറത്ത് പോകും എന്നതിനാലാണ് ക്രമക്കേട് നടത്തിയതെന്നും ശമ്മാസ് ആരോപിച്ചു.

എറണാകുളം മഹാരാജാസ് കോളജിലെ വ്യാജ സര്‍ടിഫികറ്റിന് പിറകിലും എസ് എഫ് ഐ സംസ്ഥാന സെക്രടറി പി എം ആര്‍ഷോയുടെ കരങ്ങളാണെന്നും പി മുഹമ്മദ് ശമ്മാസ് പറഞ്ഞു. മഹാരാജാസ് കോളജില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആയി കാസര്‍കോട് ജില്ലയിലെ കെ വിദ്യ സേവനമനുഷ്ഠിച്ചു എന്നുള്ള വ്യാജ രേഖ ഉണ്ടാക്കിയത് വിദ്യാഭ്യാസ മേഖലയെയും കേരളീയ മന:സാക്ഷിയെയും ആകെ ഞെട്ടിപ്പിക്കുന്ന സംഭവമാണെന്നും ശമ്മാസ് പറഞ്ഞു.

4-6-2018 മുതല്‍ 31-3-2019 വരെ മലയാളം അധ്യാപികയായി കെ വിദ്യ ഏറണാകുളം മഹാരാജാസ് കോളജില്‍ കരാര്‍ അടിസ്ഥാനത്തില്‍ സേവനമനുഷ്ഠിച്ചിരുന്നു എന്ന വ്യാജ സര്‍ടിഫികറ്റ് ഒട്ടേറെ മാഫിയാ പ്രവര്‍ത്തനങ്ങളുടെ ചുരുളഴിയുന്ന സംഭവം കൂടിയാണെന്നും ശമ്മാസ് ചൂണ്ടിക്കാട്ടി.

ഉന്നത വിദ്യാഭ്യാസ മേഖലയെ ആര്‍ഷോമാരെപ്പോലുള്ള ക്രമിനലുകളുടെ കളിയരങ്ങാക്കി മാറ്റിയിരിക്കുകയാണ്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല പിണറായി ഭരണകാലത്ത് കുരങ്ങന് പൂമാല കിട്ടിയാല്‍ ഉപയോഗിക്കുന്നത് പോലെ ആര്‍ഷോമാര്‍ക്ക് എന്തും ചെയ്യാന്‍ കഴിയുന്ന എസ് എഫ് ഐ ഓഫീസ് പോലെ അധ:പതിച്ച ക്രിമിനല്‍ സംഘങ്ങളുടെ വിഹാര ഭൂമിയാക്കി മാറ്റിയിരിക്കുന്നുവെന്നും ശമ്മാസ് പറഞ്ഞു.

KSU alleges that PhD admission of SFI woman leader who prepared fake certificate is through back door, Kannur, News, Press Meet, KSU, Allegation, SFI, PhD, Education, Politics, Kerala

വിദ്യവിളയാടേണ്ട സര്‍വകലാശാലകള്‍ വികല ചിന്തയുടെ വിലാസ കേന്ദ്രമാക്കി മാറ്റാന്‍ ഭരണത്തിന്റെ തണല്‍ ഉപയോഗിക്കുകയാണ്. ഗവേഷണ വിദ്യാര്‍ഥികളെയാകെ പരിഹാസ്യരാക്കുന്ന അവസ്ഥയാണ് സംജാതമായിട്ടുള്ളത്. എസ് എഫ് ഐക്കാരുടെ ക്രിമിനല്‍ മാഫിയ മനസ്സുള്ള സംഘങ്ങള്‍ക്ക് വിഹരിക്കാനുള്ള താവളങ്ങളായി കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ അധ:പ്പതിപ്പിച്ചതിന്റെ ഉത്തരവാദിത്വം ഭരണകൂടത്തിനാണെന്നും ശമ്മാസ് പറഞ്ഞു.

വ്യാജരേഖ തയാറാക്കലും വ്യാജ സര്‍ടിഫികറ്റ് തയാറാക്കലും കുലത്തൊഴിലാക്കി എസ് എഫ് ഐക്കാര്‍ മാറ്റിയിരിക്കുകയാണെന്നും മുഹമ്മദ് ശമ്മാസ് പറഞ്ഞു. കെ എസ് യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എംസി അതുല്‍, ആഷിത്ത് അശോകന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Keywords: KSU alleges that PhD admission of SFI woman leader who prepared fake certificate is through back door, Kannur, News, Press Meet, KSU, Allegation, SFI, PhD, Education, Politics, Kerala. 

Post a Comment