Follow KVARTHA on Google news Follow Us!
ad

World Cup | ഫ്രാൻസിനിത് ചരിത്രം; മൊറോക്കോ മടങ്ങുന്നത് അഭിമാനത്തോടെ

France beat Morocco 2-0 to set up final date with Argentina #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
/ മുജീബുല്ല കെ വി

(www.kvartha.com)
ബെൽജിയത്തെയും സ്പെയിനെയും പിന്നെ ക്വാർട്ടറിൽ പോർചുഗലിനെയും തകർത്ത് മുന്നേറിയ മൊറോക്കോയുടെ സ്വപ്നക്കുതിപ്പിന് സെമി ഫൈനലിൽ വിരാമം. കീഴടങ്ങാൻ കൂട്ടാക്കാത്ത മൊറോക്കോയുടെ ഗോൾപോസ്റ്റിൽ എതിരില്ലാത്ത രണ്ടു ഗോളുകൾ അടിച്ചു കയറ്റിക്കൊണ്ട് നിലവിലെ ജേതാക്കളായ ഫ്രാൻസ് തുടർച്ചയായി രണ്ടാം വട്ടവും ലോകക്കപ്പ് ഫുട്‌ബോളിന്റെ ഫൈനലിൽ കടന്നു. ഡിസംബർ പതിനെട്ടിന് നടക്കുന്ന ഫൈനലിൽ അവർ അർജന്റീനയെ നേരിടും. മത്സരത്തിന്റെ അഞ്ചാം മിനിറ്റിൽ ഹെര്‍ണാണ്ടസും, എൺപതാം മിനിറ്റിൽ പകരക്കാരൻ റന്‍ഡല്‍ കോലോ മുവാനിയുമാണ് ഫ്രാൻസിന്റെ ഗോളുകൾ നേടിയത്.
               
France beat Morocco 2-0 to set up final date with Argentina, Kerala, Article, Football,FIFA-World-Cup-2022,Qatar,France,Morocco,Argentina.

ഫ്രാൻസിനെ തോല്പിക്കണമെങ്കിൽ മൊറോക്കോയ്ക്ക് ചരിത്രം തിരുത്തേണ്ടിയിരുന്നു. അഞ്ചുതവണ പരസ്പ്പരം ഏറ്റുമുട്ടിയിട്ടും ഫ്രാൻസിനെ കീഴടക്കാനാവാത്ത ചരിത്രം. അത് പക്ഷെ, സംഭവിച്ചില്ല.
ഗോൾനില സൂചിപ്പിക്കും പോലെ ഏകപക്ഷീയമായിരുന്നില്ല മത്സരം. ഉടനീളം മൊറോക്കോ വീരോചിതം പോരാടി. ഫ്രാൻസ് ഗോൾമുഖത്ത് വട്ടമിട്ട് പറന്ന്, അവസാന നിമിഷങ്ങളിൽപ്പോലും ഫ്രാൻസിനെ വിറപ്പിച്ച് വിട്ടാണവർ കീഴടങ്ങിയത്. ഇനി മൂന്നാം സ്ഥാനത്തിനുവേണ്ടിയുള്ള ലൂസേഴ്‌സ് ഫൈനലിലവർ ശനിയാഴ്ച ക്രൊയേഷ്യയെ നേരിടും.
              
France beat Morocco 2-0 to set up final date with Argentina, Kerala, Article, Football,FIFA-World-Cup-2022,Qatar,France,Morocco,Argentina.

ഗോൾ തടയുന്നതാണ് മൊറോക്കോയുടെ കളി. എന്നാൽ, ശൂന്യതയിൽനിന്നും ഗോൾ കൊണ്ടുവരുന്നതാണ് ഫ്രാൻസിന്റെ കളി. നിലവിലെ ചാമ്പ്യൻമാർ, പരിചയ സമ്പന്നർ, ലോകോത്തര കളിക്കാർ, താരനിബിഡം, റാങ്കിങ്ങിൽ ബഹുദൂരം മുന്നിൽ. 98, 2018 ചാമ്പ്യന്മാർ. 2006 റണ്ണറപ്പ്. രണ്ടുവട്ടം മൂന്നാം സ്ഥാനം. ഗ്രൂപ്പിൽ ട്യുണീഷ്യയോട് തോറ്റതോഴിച്ചാൽ ആധികാരിക ജയങ്ങൾ. ഓസീസ്, ഡെന്മാർക്ക്, പോളണ്ട്, ഇംഗ്ലണ്ട് ഒക്കെ തകർത്തു... എല്ലാനിലക്കും ഫ്രാൻസിന് തന്നെയായിരുന്നു മുൻ‌തൂക്കം. എന്നാൽ മറുവശത്ത് മൊറോക്കോയ്ക്ക് ഉണ്ടായിരുന്ന മുൻ‌തൂക്കം, ടൂർണമെന്റിൽ തോൽവിയറിയാത്തവർ എന്നതായിരുന്നു. ക്വാർട്ടറിലും സെമിയിലും ആദ്യം. കീഴടങ്ങാൻ മനസ്സില്ലാത്തവർ, ഉരുക്ക് പ്രതിരോധം തീർക്കുന്നവർ.. ഒപ്പം, ഇതുവരെ തോൽപ്പിച്ചതൊക്കെ തങ്ങളെക്കാൾ മികച്ച ടീമുകളെയും. ഇനി കളിക്കേണ്ടത് അതിലും മികച്ചവരോടും.

കളി തുടങ്ങി അഞ്ചാം മിനിറ്റിൽ തന്നെ ഫ്രാൻസ് ഗോളടിച്ചു. നേരത്തെ പറഞ്ഞ 'ശൂന്യത'യിൽ നിന്നും ഉണ്ടാക്കിയ ഗോൾ. അൽ ബൈത്ത് സ്റ്റേഡിയം തിങ്ങിനിറഞ്ഞ മൊറോക്കോ ആരാധകരെ നിശ്ശബ്ദരാക്കിക്കൊണ്ട് തിയോ ഹെർണാണ്ടസാണ് ഫ്രാൻസിനായി ഗോൾ നേടിയത്. പെനാൽറ്റി ബോക്‌സിന് സമീപത്തുനിന്ന് എംബാപ്പെയുടെ ഷോട്ട് മൊറോക്കോ ഡിഫൻസ് തടഞ്ഞു, പക്ഷേ ഡിഫൻഡറുടെ ദേഹത്ത് തട്ടി തിരിച്ചുവന്ന പന്ത് ഫാർ പോസ്റ്റിൽ ഒഴിഞ്ഞു നിൽക്കുന്ന ഹെർണാണ്ടസിന് മുന്നിൽ വീഴുന്നു, അദ്ദേഹം പന്ത് സ്വീകരിച്ച് കാലുയർത്തി ഒരു അക്രോബാറ്റിക് ഷോട്ടിലൂടെ ഗോൾകീപ്പർ യാസീൻ ബാനുവിനെ കീഴടക്കി! പന്ത് ഹെർണാണ്ടസിന് കിട്ടുംമുമ്പ് കയ്യിലൊതുക്കാമെന്ന ധാരണയിൽ അഡ്വാൻസ് ചെയ്തതാണ് ബാനുവിന് വിനയായത്. ചിരിച്ചുകൊണ്ട് ഗോൾ വല കാക്കുന്ന ബോനുവിന് ഒന്നും ചെയ്യാനായില്ല.


ടൂർണമെന്റിൽ ആദ്യമായി എതിർ ടീം മൊറോക്കൻ വല കുലുക്കിയ നിമിഷമായിരുന്നു അത്. ഒന്ന് സെറ്റായിവരും മുമ്പേ വീണ ഗോൾ ഒരൽപ്പം അമ്പരപ്പിച്ചെങ്കിലും, പെട്ടെന്നുതന്നെ കളിയുടെ താളം വീണ്ടെടുത്ത് ആവേശത്തോടെ പ്രത്യാക്രമണങ്ങൾക്ക് കോപ്പുകൂട്ടുന്ന മൊറോക്കോ താരങ്ങളെയാണ് പിന്നെ കണ്ടത്. നിമിഷങ്ങൾക്കകം ഫ്രാൻസ് ഗോൾപോസ്‌റ്റിന്റെ ഇരുപത്തഞ്ച് വാരകൾ അകലേനിന്ന് മൊറോക്കോയുടെ ഔനാഹി തുടുത്തുവിട്ട ഷോട്ട് ഫ്രാൻസ് ഗോളി ലോറിസ് പിടികൂടി.

നിമിഷങ്ങൾക്കകം പന്തുമായി ഫ്രാൻസ് ഹാഫിലേക്ക് കുതിച്ച മൊറോക്കോയുടെ ബൗഫൽ പന്ത് സിയാഷിന് പാസ് നൽകിയെങ്കിലും സിയാഷിന്റെ ഷൂട്ട് പോസ്റ്റിന് പുറത്തേക്ക് പറന്നു. തൊട്ടുടനെ ഫ്രാൻസ് ഫോർവേഡ് ഗിറൂദിന്റെ തകർപ്പൻ ഷോട്ട് ഗോൾപോസ്റ്റിൽ തട്ടി പുറത്തുപോയി. യാസീൻ ബോനോയ്ക്ക് പന്ത് തടുക്കാനായിരുന്നില്ല. 26 ആം മിനിറ്റിൽ മൊറോക്കോയുടെ ബൗഫലിന് മഞ്ഞകാർഡ്. ഫ്രഞ്ച് ബോക്സിൽ തിയോ ഹെർണാണ്ടസിനെ ഫൗൾ ചെയ്തതിന് റഫറി മഞ്ഞക്കാർഡ് നൽകുകയായിരുന്നു.

ആദ്യ നിമിഷങ്ങളിൽത്തന്നെ മൊറോക്കോ ഗോൾ വഴങ്ങിയതോടെ നിശബ്ദമായിപ്പോയ ഗാലറി വീണ്ടും ഉണർന്നു. ചടുലമായ മൊറോക്കോ മുന്നേറ്റങ്ങൾക്ക് തുടർച്ചയുണ്ടായതോടെ വീണ്ടും ആരവങ്ങളുയർന്നു. 36-ആം മിനിറ്റിൽ ഫ്രാൻസിന് നല്ലൊരവസരം ലഭിച്ചു. വലതുവശത്ത് നിന്ന് മുന്നേറി ചൗമേനി എംബാപ്പെയ്ക്ക് പാസ് നൽകി. പക്ഷേ എംബാപ്പെയുടെ ഷോട്ടിന് ശക്തിപോരായിരുന്നു. ഷോട്ട് ബോനുവിനെ തോൽപ്പിച്ചെങ്കിലും, ഗോൾ ലൈനിൽ നിന്ന് ഡിഫൻഡർ സേവ് ചെയ്തു. .

ഒന്നാം പകുതി അവസാനിക്കാനിരിക്കെ ജവാദ് എൽ-യാമിഖിയുടെ ഉജ്ജ്വല ശ്രമം! പോസ്റ്റിൽ കയറിയിരുന്നെങ്കിൽ അത് ഈ ടൂർണമെന്റിന്റെ ഗോൾ ആവുമായിരുന്നു. മൊറോക്കോയ്ക്ക് അനുകൂലമായി ലഭിച്ചൊരു കോർണറിൽ നിന്ന് സെന്റർ ബാക്ക് യാമിഖിയുടെ അവിശ്വസനീയമായ ആ ബൈസിക്കിൾ കിക്ക് ഫ്രാൻസ് ഗോളി ഹ്യൂഗോ ലോറിസ് ഉടനീള ഡൈവിലൂടെ കഷ്ടിച്ച് രക്ഷപ്പെടുത്തി! ഫിംഗർ ടിപ്പ് സേവ്! എന്നിട്ടും പന്ത് പോസ്റ്റിൽ തട്ടി മടങ്ങി.


അഞ്ചാം മിനിറ്റിൽ തന്നെ ഫ്രാൻസ് നേടിയ ഗോളിന് ശേഷം ഒന്നാം പകുതി സംഭവ ബഹുലമായിരുന്നു. ഫ്രാൻസ് പ്രതിരോധനിരയ്ക്കും ഗോൾകീപ്പർ ഹ്യൂഗോ ലോറിസിനും വിശ്രമമില്ലാത്ത നിമിഷങ്ങൾ സമ്മാനിച്ച്, ഗോൾ തിരിച്ചടിക്കാൻ നിരന്തരമായി മൊറോക്കോ ശ്രമിച്ചെങ്കിലും, ഒരു ഗോൾ മാത്രം സംഭവിച്ചില്ല. ആദ്യ പകുതിയിൽ അക്ഷരാർത്ഥത്തിൽ ഫ്രാൻസിനെ വിറപ്പിച്ചു വിട്ടു. അവസരങ്ങളുടെ കുത്തൊഴുക്കോടെയാണ് മൊറോക്കോ ഒന്നാം പകുതി അവസാനിപ്പിച്ചത്. യാമിക്കിന്റെയാ അസാധ്യ കിക്ക് ഗോളായിരുന്നെങ്കിൽ മത്സര ഗതിതന്നെ മറ്റൊന്നായേനേ. ആദ്യ പകുതിയിൽ 56% ബോൾ പൊസെഷൻ മൊറോക്കോ!

രണ്ടാം പകുതിയിലും, ആദ്യ പകുതിയിൽ നിർത്തിയേടത്തുനിന്നുതന്നെ മൊറോക്കോ തുടങ്ങി. സംഘടിതമായ ആക്രമങ്ങൾ, നിരന്തരമായ മുന്നേറ്റങ്ങൾ. മറുഭാഗത്ത് എംബാപ്പേയും, ഗിറൂദും കിട്ടുന്ന അവസരങ്ങളിലെല്ലാം കൗണ്ടർ അറ്റാക്ക് നയിക്കുന്നുണ്ടായിരുന്നു. അസാമാന്യ വേഗതകൊണ്ട് മറ്റു കളിക്കാരെ കീഴടക്കിയുള്ള എംബാപ്പേയുടെ മുന്നേറ്റം നയനാനന്ദകരം തന്നെ. അമ്പത്തിരണ്ടാം മിനിറ്റിലെ ഇതുപോലൊരു മുന്നേറ്റം സോഫിയാണ് അംറാബത്ത് ടാക്ലിങ്ങിലൂടെ തടഞ്ഞു.

കളിയുടെ ഗതിക്കെതിരായി, 80-ആം മിനിറ്റിൽ ഫ്രാൻസ് വീണ്ടും ഗോൾ നേടി. ആദ്യഗോൾ തികച്ചും 'യാദൃശ്ചിക'മെങ്കിൽ, ബോക്സിനുള്ളിൽ ആസൂത്രണം ചെയ്ത മനോഹര ഗോളായിരുന്നു ഫ്രാൻസിന്റെ രണ്ടാം ഗോൾ! പന്തുമായി പെനാൽറ്റി ബോക്സിൽ വട്ടം കറങ്ങി മൊറോക്കന്‍ പ്രതിരോധത്തെ തകർത്ത് എംബാപ്പെ കൊടുത്ത പാസ് റന്‍ഡല്‍ കോലോ മുവാനി ആറ് വാര മാത്രം അകലെ നിന്ന് അനായാസം വലയിലേക്ക് കയറ്റുകയായിരുന്നു. പകരക്കാരനായി അയാൾ ഗ്രൗണ്ടിലിറങ്ങിയിട്ട് അപ്പോൾ നാല്പത് സെക്കന്റുകളെ ആയിരുന്നുള്ളൂ.

അവസാന നിമിഷങ്ങളിൽ തലങ്ങും വിലങ്ങും ആക്രമിച്ച മൊറോക്കോയ്ക്ക് ഗോൾ ലഭിക്കാതിരുന്നത് നിർഭാഗ്യം ഒന്നുകൊണ്ടു മാത്രം! നിരവധിയനവധി അവസരങ്ങൾ, പോസ്റ്റിലേക്ക് നിരന്തരമുള്ള ഷോട്ടുകൾ, ഒന്നുപോലും പക്ഷെ, ഗോളായില്ല! തുലച്ചുകളഞ്ഞ അവസരങ്ങൾക്കും കയ്യും കണക്കുമില്ല. ഫിനിഷിങ്ങിന് ഒരു മെസ്സിയോ ഒരു എംബാപ്പേയോ, ഒരു ഗിറൂദോ, എന്തിന് കണിശതയോടെ പോസ്റ്റിലേക്ക് ഷൂട്ട് ചെയ്യുന്ന ഒരു ഷാർപ്പ് ഷൂട്ടറെങ്കിലും ഉണ്ടായിരുന്നെങ്കിൽ, മത്സരത്തിന്റെ റിസൾട്ട് മറ്റൊന്നാകുമായിരുന്നു.

മത്സരത്തിനൊടുവിൽ റഫറിയുടെ നീണ്ട വിസിൽ മുഴങ്ങുമ്പോൾ 'ചുവന്ന' സ്റ്റേഡിയം സങ്കടക്കടലായി.
കിട്ടിയ അവസരങ്ങൾ കൃത്യമായി ഉപയോഗിച്ച ഫ്രാൻസ് ജയിച്ചു കയറി. തുടർച്ചയായ രണ്ടാം ഫൈനലിലേക്ക്. മൊറോക്കോയെ അവരുടെ ശൈലിയിൽത്തന്നെ പ്രതിരോധിച്ച് മത്സരം നയിക്കുകയായിരുന്നു ഫ്രാൻസ്. ഈ ലോകകപ്പിലെ മൊറോക്കോയുടെ സ്വപ്നക്കുതിപ്പിന് അങ്ങിനെ പര്യവസാനം. സെമിഫൈനലിലെത്തുന്ന ആദ്യ ആഫ്രിക്കൻ രാജ്യമെന്ന അഭിമാനത്തോടെ, വമ്പന്മാരെ വീഴ്ത്തിയ തലയെടുപ്പോടെ, തലയുയർത്തിതന്നെ അവർക്ക് മടങ്ങാം. ക്രൊയേഷ്യയെ തോല്പിച്ച് മൂന്നാം സ്ഥാനം നേടാൻ ഇനിയൊരു അവസരവുമുണ്ട്. മത്സരാനന്തരം എംബാപ്പേയും ഹക്കീമിയും തങ്ങളുടെ ജേഴ്‌സികൾ പരസ്പ്പരം കൈമാറുന്ന കാഴ്ച മനോഹരമായിരുന്നു.

Keywords: France beat Morocco 2-0 to set up final date with Argentina, Kerala, Article, Football,FIFA-World-Cup-2022,Qatar,France,Morocco,Argentina.

Post a Comment