Follow KVARTHA on Google news Follow Us!
ad

World Cup | അർജന്റീനൻ വിജയഗാഥ; ഓറഞ്ച് പടയെ തകര്‍ത്ത് മെസിയും സംഘവും നേടിയത് ചരിത്രവിജയം

FIFA World Cup: Messi’s Argentina beats Netherlands #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
(www.kvartha.com) തുടർച്ചയായി രണ്ടാമത്തെ ക്വാർട്ടർ ഫൈനലും പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടപ്പോൾ, മൂന്നിനെതിരെ നാല് ഗോളുകൾക്ക് നെതർലൻസിനെ തോൽപിച്ച് അർജന്റീന ലോകകപ്പ് ഫുട്‌ബോളിന്റെ സെമിഫൈനലിൽ കടന്നു. അത്യന്തം വാശിയേറിയ ഉജ്ജ്വല പോരാട്ടത്തിൽ മുഴുവൻ സമയവും എക്സ്ട്രാ ടൈമും 2 - 2 ന് സമനിലയിലായതിനെ തുടർന്നാണ് പെനാൽറ്റി ഷൂട്ടൗട്ട് വേണ്ടി വന്നത്. ഷൂട്ടൗട്ടിൽ നെതർലൻസിന്റെ രണ്ട് ഷോട്ടുകൾ രക്ഷപ്പെടുത്തിയ ഗോൾകീപ്പർ എമിലിയാനോ മാര്‍ട്ടിനെസ് ആണ് അർജന്റീനയുടെ രക്ഷകനായത്.
                             
FIFA World Cup: Messi’s Argentina beats Netherlands, international,FIFA-World-Cup-2022,Top-Headlines,Latest-News,Football,Sports,Article.

മുഴുവൻ സമയത്ത് അർജന്റീനക്കായി നഹ്വെല്‍ മൊളീന്യയും നായകന്‍ ലയണല്‍ മെസ്സിയും ഗോൾ നേടിയപ്പോൾ, നെതർലൻസിന്റെ രണ്ടു ഗോളുകളും പകരക്കാരനായിറങ്ങിയ വൗട്ട് വെഗോര്‍സ്റ്റിന്റെയായിരുന്നു. വെള്ളിയാഴ്ച്ച രാത്രി ഖത്തർ സമയം 10 മണിക്ക് ലൂയിസ് വാന്‍ഗാലിന്റെ കുട്ടികള്‍ അണിനിരക്കുന്ന നെതര്‍ലന്‍ഡ്‌സും ലയണൽ സ്കലോനിയുടെ അർജന്റീനയും തമ്മിലുള്ള മരണക്കളിക്ക് ലുസൈൽ സ്റ്റേഡിയത്തിൽ കിക്കോഫ് ആയപ്പോൾ, ഒരൊറ്റ ഗ്രൂപ്പ് മത്സരവും തോറ്റിട്ടില്ലാത്ത, ഓരോ മത്സരം കഴിയുന്തോറും കൂടുതൽ മെച്ചപ്പെട്ടുവരുന്ന നെതർലാൻസ്‌ ഒരു ഭാഗത്തും, സൗദിയിൽനിന്നേറ്റ ഞെട്ടൽ പഴങ്കഥയാക്കി പിന്നീടങ്ങോട്ട് തിരിഞ്ഞുനോക്കാതെ മുന്നേറുന്ന അർജന്റീന മറുവശത്തുമായി സെമി ബർത്ത് തേടിയുള്ള പോരാട്ടം തുടങ്ങി.




കരുത്തരായ എതിർ ടീമുകളുടെ കത്രികപ്പൂട്ട് പ്രതിരോധം ഭേദിക്കാൻ മെസ്സി എന്ന അതികായന്റെ അത്ഭുത ഗോളുകൾ വേണ്ടിവരുന്നു എന്നതാണ് അർജന്റീനയുടെ ദൗർബല്യം. എന്നാൽ, എതിരാളികളിൽനിന്ന് അർജന്റീനയ്ക്ക് മുൻതുക്കം കൊടുക്കുന്ന അവരുടെ ശക്തിയും അതുതന്നെ. ലോകകപ്പില്‍ മുമ്പ് അഞ്ച് മത്സരങ്ങളിൽ പരസ്പ്പരം ഏറ്റുമുട്ടിയപ്പോൾ ഇരുടീമുകള്‍ക്കും വിജയവും തോൽവിയും തുല്യം. രണ്ട് വിജയങ്ങളും രണ്ട് തോല്‍വിയും. ഒരു മത്സരം സമനില.

ഗോൾ മാറ്റി നിർത്തിയാൽ, ആദ്യപകുതി സമാസമം ആയിരുന്നു. തുടക്കത്തിൽ അർജന്റീനയ്ക്കായിരുന്നു മുൻതൂക്കമെങ്കിലും, ക്രമേണ ഹോളണ്ട് താളം വീണ്ടെടുത്തു. 35-ാം മിനിറ്റിലാണ് അർജന്റീന ആദ്യ ഗോൾ നേടിയത്. മെസ്സിയായിരുന്നു ഗോളിന്റെ സൂത്രധാരൻ. നിരവധി നെതർലാൻസ്‌ ഡിഫൻഡർമാർക്കിടയിലൂടെ തളികയിലെന്നോണം മെസ്സി നൽകിയ ഉജ്ജ്വല പാസിൽ നിന്ന് ഗോളിയെ വെട്ടിച്ച് മൊളീന ഹോളണ്ട് വല കുലുക്കി. ഗോൾ! അർജന്റീന 1 - 0. അർജന്റീനൻ കാണികളുടെ ആഹ്ളാദാരവങ്ങളാൽ ലുസൈൽ സ്‌റ്റേഡിയം പ്രകമ്പനം കൊണ്ടു.

തൊട്ടടുത്ത മിനിറ്റിൽ പന്തുമായി നെതർലാൻസ്‌ ബോക്‌സിന് പുറത്ത് മെസ്സിയുടെ നൃത്തം! നാലു ഡിഫൻഡർമാർ അകത്തു കയറാനനുവദിക്കാതെ നിരന്നു നിൽക്കെ, അവർക്കിടയിലൂടെയുള്ള മെസ്സിയുടെ ഷോട്ട് നേരെ ഗോൾകീപ്പർ ആൻഡ്രീസ് നോപ്പേർട്ടിന്റെ കൈകളിലേക്ക്. കളി ഇടവേളയ്ക്ക് പിരിയുമ്പോൾ സ്‌കോർ അർജന്റീന 1 - 0. കൂടുതൽ ആക്രമണ വീര്യവുമായാണ് രണ്ടാം പകുതിയിൽ അർജന്റീന എത്തിയത്. ഗാക്പോയും ഡീപ്പെയും അറ്റാക്കിങ് മൂഡിലായതോടെ നെതർലൻസും തുല്യ അളവിൽ തിരിച്ചടിച്ചു. മത്സരം മുറുകി.

62-ാം മിനിറ്റിൽ ബോക്സിന് പുറത്ത് മെസ്സിയെ വീഴ്ത്തിയതിന് അർജന്റീനയ്ക്ക് ഫ്രീ കിക്ക്. മെസ്സിയെടുത്ത

ബുള്ളറ്റ് കിക്ക് ബാറിന് മുകളിലൂടെ പുറത്തേക്ക്. 72-ാം മിനിറ്റിൽ അക്യുനയെ നെതർലൻസിന്റെ ഡംഫ്രിസ് വീഴ്ത്തിയതിന് അർജന്റീനയ്ക്ക് പെനാൽറ്റി. മെസ്സിയുടെ കനത്ത ഷോട്ട് ഗോളിക്ക് അനങ്ങാൻ അവസരം നൽകാതെ പോസ്റ്റിലേക്ക്. ലോകകപ്പിൽ മെസ്സിയുടെ പത്താം ഗോൾ!

83-ാം മിനിറ്റിൽ നെതർലാൻസ്‌ ഒരു ഗോൾ തിരിച്ചടിച്ചു. വലതു വിങ്ങിൽ നിന്നും ലഭിച്ച മനോഹരമായ പാസിൽ നിന്നും അത്യുജ്ജ്വലമായൊരു ഹെഡ്ഡറിലൂടെ വൗട്ട് വെഗോര്‍സ്റ്റ് മാർട്ടിനെസിനെ കീഴടക്കി അർജന്റീനയുടെ വല കുലുക്കുകയായിരുന്നു. മറ്റൊരു സബ്സ്റ്റിറ്റ്യൂട്ട് താരം ബെർഗുയിസ്‌ ആണ് ക്രോസ് നൽകിയത്. രണ്ടാം ഗോൾ വീണതോടെ വർധിത വീര്യത്തോടെ പോരാടുന്ന നെതർലാൻസിനെയാണ് കണ്ടത്. നിരന്തരം അവർ ആക്രമണമുതിർത്തതോടെ മത്സരം അത്യന്തം ആവേശകരമായി. ഒപ്പം മോശം റഫറിയിങ്ങും കൂടി ചേർന്നപ്പോൾ ഇടക്ക് കളി പരുക്കാനുമായി. കളിക്കാർ തമ്മിൽ കയ്യാങ്കളി വരെയെത്തി.

കളി അവസാനിക്കാനിരിക്കെ പത്ത് മിനിറ്റ് അധിക സമയത്തിന്റെ അവസാന നിമിഷം മെസ്സിയുടെ ഫൗളിൽ ഡച്ചുകാര്ക്ക് ലഭിച്ച ഫ്രീ കിക്ക് ഗോളാക്കി നെതർലാൻസ്‌ സമനില നേടി! ഫ്രീകിക്ക് സ്വീകരിച്ച വെഘോർസ്റ്റ് വീണ്ടും മാർട്ടിനെസിനെ കീഴടക്കി! പകരക്കാരനായിറങ്ങി ടീമിന്റെ രക്ഷകനായ വെഘോർസ്റ്റ്ന്റെ രണ്ടാം ഗോൾ! മുഴുവൻ സമയം കഴിഞ്ഞപ്പോൾ സ്കോർ 2 - 2.

എക്സ്ട്രാ ടൈമിലെ ഏറ്റവും മികച്ച അവസരം. ഫെർണാണ്ടസിന്റെ ഷോട്ട് നോപ്പേർട്ട് പ്രയാസപ്പെട്ട് രക്ഷപ്പെടുത്തി. അവസാന നിമിഷങ്ങളിൽ അർജന്റീനൻ താരങ്ങളൊന്നായി നെതർലാൻസ്‌ ഗോൾമുഖം വളഞ്ഞു. തുടരെത്തുടരെയുള്ള ആക്രമണങ്ങൾ. ഏതു നിമിഷവും ഗോളായേക്കുമെന്ന അവസ്ഥയിൽ, ഫ്രീകിക്കുകൾ, നിരന്തരം കോർണറുകൾ. ഗോൾ മാത്രം അകന്നു നിന്നു. അങ്ങിനെ രണ്ടാമത്തെ ക്വാർട്ടർ ഫൈനലും പെനാൽറ്റിയിലേക്ക്.

പെനാൽറ്റി ഷൂട്ടൗട്ടിൽ നെതർലൻസിന്റെ വാൻ ഡിജ്ക്, സ്റ്റീവൻ ബെർഗൂയിസ് എന്നിവരുടെ ഷോട്ടുകൾ ഗോൾകീപ്പർ എമിലിയാനോ മാര്‍ട്ടിനെസ് രക്ഷപ്പെടുത്തിയപ്പോൾ, ലയണല്‍ മെസ്സി, ലിയാന്‍ഡ്രോ പെരെഡെസ്, ഗോണ്‍സാലോ മോണ്ടിയല്‍, ലൗട്ടാറോ മാര്‍ട്ടിനെസ് എന്നിവർ അർജന്റീനക്കായി ഗോൾ നേടി, ടീമിനെ സെമിയിലെത്തിച്ചു. ഉജ്ജ്വലമായി പൊരുതി, തലയെടുപ്പോടെ തന്നെയാണ് നെതർലൻസിന്റെ പടിയിറക്കം. അർജന്റീന സെമി ഫൈനലിൽ ആദ്യ ക്വാർട്ടറിൽ ബ്രസീലിനെ ഷൂട്ടൗട്ടിൽ തോൽപിച്ചെത്തിയ ക്രൊയേഷ്യയെ നേരിടും.

Report: MUJEEBULLA KV

Keywords: FIFA World Cup: Messi’s Argentina beats Netherlands, international,FIFA-World-Cup-2022,Top-Headlines,Latest-News,Football,Sports,Article.

Post a Comment