Follow KVARTHA on Google news Follow Us!
ad

World Cup | അർജന്റീന കാത്തിരുന്ന കനക കിരീടം; ഫ്രാൻസ് വീണത് വീരോചിതം പൊരുതി

Argentina wins World Cup #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ

/ മുജീബുല്ല കെ വി

(www.kvartha.com) ഒടുവിൽ എല്ലാ ചോദ്യങ്ങൾക്കും ഉത്തരമായി. 36 വർഷങ്ങളുടെ ദീർഘമായ കാത്തിരിപ്പിന് വിരാമം. 21-ആം ഫിഫ ലോകക്കപ്പ് കിരീടാവകാശി അർജന്റീന തന്നെ. തങ്ങളുടെ ആറാം ഫൈനലിൽ മൂന്നാമതും കപ്പിൽ മുത്തമിട്ട് മെസ്സിയും കൂട്ടരും. ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ തൊണ്ണൂറായിരത്തോളം കാണികളെയും ലോകമെമ്പാടും കളി വീക്ഷിക്കുന്ന ശതകോടി ജനങ്ങളെയും 120 മിനിറ്റുകൾ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തിയ ഉജ്ജ്വല പോരാട്ടത്തിനൊടുവിൽ, പെനാൽറ്റി ഷൂട്ടൗട്ടിലാണ് ഫ്രാൻസ് കീഴടങ്ങിയത്. ഭാഗ്യ നിർഭാഗ്യങ്ങൾ നിരന്തരം മാറിമറിഞ്ഞ ഫൈനലിൽ മുഴുവൻ സമയവും എക്സ്ട്രാ ടൈമും ഇഞ്ചുറി ടൈമും ഇരു ടീമുകളും മൂന്നു ഗോൾ വീതമടിച്ച് സമനിലയിലായപ്പോൾ, പുതിയ ലോക ഫുട്‌ബോൾ രാജാക്കന്മാരെ കണ്ടെത്താൻ ഷൂട്ടൗട്ട് അനിവാര്യമാവുകയായിരുന്നു.
              
Argentina wins World Cup,Kerala,Article,Football,FIFA-World-Cup-2022,Winner,Qatar,Argentina,France.

ആക്രമണ ഫുഡ്ബോളിലെന്റെ പുത്തൻ ഇതിഹാസം രചിച്ച മെസ്സിയും കൂട്ടരും മത്സരത്തിന്റെ എഴുപത്തിയെട്ട് മിനിറ്റോളം എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് മുന്നിലായിരുന്നു. എന്നാൽ മിനിറ്റുകളുടെ ഇടവേളയിൽ നേടിയ ഇരട്ട ഗോളുകളോടെ ഫ്രാൻസിന്റെ സൂപ്പർ താരം എംബാപ്പേ ടീമിന് സമനില നേടുകയായിരുന്നു. എക്സ്ട്രാ ടൈമിൽ മെസ്സിയും എംബാപ്പേയും വീണ്ടും ഓരോ ഗോളുകൾ നേടിയതോടെ മത്സരം 3 - 3 ന് സമനിലായിലായി. ഒപ്പം എംബാപ്പേക്ക് ലോകക്കപ്പ് ഫൈനലിൽ ഒരു ഹാട്രിക്ക് നേട്ടവും.
                 
Argentina wins World Cup,Kerala,Article,Football,FIFA-World-Cup-2022,Winner,Qatar,Argentina,France.

എല്ലാം കീഴടക്കിയിട്ടും ലോകക്കപ്പ് മാത്രം സ്വന്തമാക്കാനാവാതിരുന്ന മെസ്സിക്കുമുന്നിൽ ഇനി കീഴടക്കാൻ ലക്ഷ്യങ്ങളില്ല! സെമിയിൽ ക്രൊയേഷ്യയ്‌ക്കെതിരെയെന്നപോലെ, ഫ്രാൻസിനുമേൽ ആർത്തലച്ചു മുന്നേറുന്ന അർജന്റീനൻ താരങ്ങളെയാണ് ഗ്രൗണ്ടിൽ കണ്ടത്. ലുസൈൽ സ്റ്റേഡിയം തിങ്ങിനിറഞ്ഞ കാണികളെ സാക്ഷിയാക്കി അവർ ഫ്രാൻസ് ബോക്സിലേക്ക് ഇരച്ചു കയറിക്കൊണ്ടിരുന്നു. കളിയുടെ സമസ്ത മേഖലകളിലും ഫ്രാൻസിനെ നിഷ്പ്രഭമാക്കുന്ന പ്രകടനമായിരുന്നു ആദ്യ പകുതിയിൽ അർജന്റീനയുടേത്. അർജന്റീനയുടെ മുന്നേറ്റത്തിനുമുന്നിൽ പലപ്പോഴും ഫ്രാൻസ് കാഴ്ചക്കാരായി. മൂന്നാം മിനിറ്റില്‍ ജൂലിയന്‍ അല്‍വാരസിന്റെ ഗോള്‍ശ്രമം ഓഫ്‌സൈഡായി.

മെസ്സിയെന്ന ആധുനിക ഫുട്‌ബോളിലെ മാന്ത്രികന് തന്നെയായിരുന്നു അർജന്റീനൻ അക്രമങ്ങളുടെ കടിഞ്ഞാൺ. മെസ്സിയും ഡി മരിയയും അൽവാരിസും നിരന്തരം ഫ്രഞ്ച് പ്രതിരോധനിരയെ വിറപ്പിച്ചുകൊണ്ടിരുന്നു. ഏതു നിമിഷവും ഗോൾ വീഴാമെന്ന ഭീഷണിയിലായിരുന്നു ഫ്രാൻസ്. ഒടുവിൽ അർജന്റീന കാത്തിരുന്ന ആ നിമിഷം വന്നെത്തി. 21-ാം മിനിറ്റില്‍ ഇടതു വിങ്ങിലൂടെ ബോക്‌സിനകത്തേക്ക് കുതിച്ച എയ്ഞ്ജല്‍ ഡി മരിയയെ ഫ്രാൻസിന്റെ ഔസ്മാനെ ഡെംബലെ ഫൗൾ ചെയ്തതിന് മത്സരം നിയന്ത്രിക്കുന്ന പോളിഷ് റഫറി സൈമണ്‍ മാര്‍ച്ചിനിയക് പെനാൽറ്റി വിധിച്ചു. കിക്കെടുത്ത ലയണൽ മെസ്സി ഉഗ്രനൊരു ഷോട്ടിലൂടെ അനായാസം ഹ്യൂഗോ ലോറിസിനെ കീഴടക്കി. ലുസൈൽ സ്റ്റേഡിയം പ്രകമ്പനം കൊണ്ടു

35-മിനിറ്റ്. പോസ്റ്റിന്റെ ഇടതുവശത്ത് നിന്ന് ഡി മരിയ എടുത്ത കിക്ക് വീണ്ടും ലോറിസിനെ കീഴടക്കി! ഹാഫ്‌വേ ലൈനിന് തൊട്ടുമുമ്പ് പന്ത് നേടിയതിന് ശേഷം, മെസ്സി മനോഹരമായ ഒരു ത്രൂ പാസിലൂടെ മാക് അലിസ്റ്ററിന് കൈമാറുന്നു. പന്തുമായി കുതിച്ച അലിസ്റ്റർ, തനിക്കത് അടിക്കാമായിരുന്നിട്ടും അപകട സാധ്യത കണ്ട്, ഇടതു വശത്തുകൂടി കുതിക്കുന്ന ഡി മരിയക്ക് ഒരു സുന്ദരൻ പാസ് നൽകുന്നു. ഗോൾകീപ്പർ ലോറിസിനെ കീഴടക്കി ഫാർ പോസ്റ്റിലേക്ക് ഡി മരിയ അനായാസം പന്ത് അടിച്ചു കയറ്റുന്നു. അതിഗംഭീര ഗോൾ! ഈ ടൂർണമെന്റിന്റെ ഗോളുകളിൽ ഒന്ന്!

രണ്ടാം ഗോളും വീണതോടെ ഫ്രാൻസ് തീർത്തും ബാക് ഫൂട്ടിലായി. ഡി മരിയയും മെസ്സിയും യഥേഷ്ടം ഫ്രഞ്ച് ബോക്സിൽ കയറിയിറങ്ങി. ഇടവേളയ്ക്ക് പിരിയുമ്പോൾ അർജന്റീന 2-0ന് മുന്നിൽ. രണ്ടാം പകുതിയിലും കൂടുതൽ ശൗര്യത്തോടെ ഇരച്ചുകയറുന്ന അർജന്റീനയെയാണ് കാണാനായത്. നിരവധി അവസരങ്ങൾ അവർ സൃഷ്ടിച്ചുകൊണ്ടിരുന്നു. പുകൾപെറ്റ ഫ്രഞ്ച് പ്രതിരോധം ഏറെ പ്രയാസത്തോടെയാണ് ഓരോന്നും രക്ഷപ്പെടുത്തിയത്. ഇതിനിടെ ഗ്രീസ്‌മൻറെ കോർണർ മാർട്ടിനെസ് ഉയർന്നുചാടി കയ്യിലൊതുക്കി.

58-ആം മിനിറ്റിൽ പ്രതിരോധനിരയെ കടന്ന് പോസ്റ്റിന്റെ ഇടതു മൂലയിലൂടെ മുന്നേറിയുള്ള അൽവാരിസിന്റെ ഷോട്ട് ഗോൾകീപ്പർ രക്ഷപ്പെടുത്തി. തൊട്ടുടനെ ബോക്സിൽനിന്ന് മെസ്സിക്ക് നേരെ വന്ന പാസ് നിയന്ത്രിക്കാനാവും മുമ്പ് ഡിഫൻസിന്റെ കാലിൽ തട്ടി പുറത്തുപോയി. ഫ്രഞ്ച് പ്രതിരോധത്തിനിടയിലൂടെ നൂണിറങ്ങി മെസ്സിയും കൂട്ടരും നിരവധി തവണ ഫ്രാൻസ് പോസ്റ്റിൽ ആക്രമിച്ചുകൊണ്ടിരുന്നു.

മിഡ്‌ഫീൽഡർ മക്കലിസ്റ്റർക്കായിരുന്നു അർജന്റീനൻ മുന്നേറ്റങ്ങളുടെ ചുക്കാൻ. മറുഭാഗത്ത്, ഒറ്റപ്പെട്ട ഫ്രഞ്ച് പ്രത്യാക്രമണങ്ങൾക്ക് തീരെ മൂർച്ഛയില്ലായിരുന്നു. ഇടയ്ക്ക് ഒറ്റയ്ക്ക് മുന്നേറിയുള്ള എംബാപ്പേയുടെ ഷോട്ട് ബാറിന് മുകളിലൂടെ പറന്നുപോയി. മറുഭാഗത്ത് ബോക്സിനു പുറത്തുനിന്നുള്ള ഫെർണാണ്ടസിന്റെ ഷോട്ട് നേരെ ഹ്യൂഗോ ലോറിസിന്റെ കൈകളിലേക്ക്.

എഴുപത്തിയൊന്പതാം മിനിറ്റിലാണ് എല്ലാം തകിടം മറിഞ്ഞത്. ബോക്സിലേക്ക് മുന്നേറിയ ഫ്രാൻസിന്റെ കോലോ മുആനിയെ ബോക്സിനകത്ത് പിടിച്ചു നിർത്തി അർജന്റീനയുടെ ഡിഫൻഡർ ഓട്ടമെന്റി ഫൗൾ ചെയ്തതിന് റഫറി പെനാൽറ്റി വിളിച്ചു. കിക്കെടുത്ത എംബാപ്പെ സമർത്ഥമായി അർജന്റീനൻ ഗോൾകീപ്പർ മാർട്ടിനസിനെ കീഴടക്കി. ആഘോഷത്തിന് നിൽക്കാതെ ഗോൾവലയിൽനിന്നും പന്തുമെടുത്തോടുന്ന എംബാപ്പെയുടെ ലക്‌ഷ്യം വ്യക്തമായിരുന്നു. ആ ഒരു നിമിഷത്തിൽ ഫ്രാൻസിന്റെ നഷ്ടപ്പെട്ട ഊർജ്ജം, ആത്മവിശ്വാസം തിരിച്ചു വന്നിരുന്നു. സമനിലയ്ക്കായി പൊരുതാൻ അവർ ഉറച്ച നിമിഷം.

വെറും രണ്ടു മിനിറ്റിനകം എംബാപ്പെ അടുത്ത ഗോളുമടിച്ചു! സ്റ്റേഡിയത്തെ അടിമേൽ മറിച്ച ഉഗ്രൻ ഗോൾ! അവിശ്വസനീയം! ശൂന്യതയിൽ നിന്ന്, രണ്ടേരണ്ടു നിമിഷങ്ങൾകൊണ്ട് മത്സരത്തിന്റെ മുഴുവൻ മുഖച്ഛായ മാറ്റി എംബാപ്പെ! ബോക്സിന്റെ ഇടതുഭാഗത്തുള്ള എംബാപ്പെയെ കണക്കാക്കി തുറാം നൽകിയ പാസ് സ്വീകരിച്ച്, ഒരു ലോ വോളിയിലൂടെ മാർട്ടിനെസിനെ കീഴടക്കി. അതോടെ അര്‍ജന്റീനയ്‌ക്കെതിരേ രണ്ട് മിനിറ്റിനുള്ളില്‍ രണ്ട് ഗോളടിച്ച് സമനില പിടിച്ച് ഫ്രാന്‍സ്! അർജന്റീനൻ കളിക്കാർക്കെന്നപോലെ, സ്റ്റേഡിയത്തിലും ലോകമെമ്പാടുമുള്ള അർജന്റീന ആരാധകർക്കും ഒരു നിമിഷം ഹൃദയഭേദകമായ കാഴ്ച!

ഇരട്ട ഗോളുകളോടെ സൂപ്പര്‍താരം കിലിയന്‍ എംബാപ്പെയുടെ ടൂർണമെന്റ് ഗോൾ സമ്പാദ്യം ഏഴായി! ലോകകപ്പിൽ പത്തോ അധികമോ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന റെക്കോർഡും!

ഇഞ്ചുറി ടൈമിൽ മാർട്ടിനസിന്റെ ഉഗ്രൻ സേവ്! മറുഭാഗത്ത് മെസ്സിയുടെ ഉജ്ജ്വല ഷോട്ട് ഗോൾകീപ്പർ കഷ്ടിച്ച് തട്ടിയകറ്റി. മുഴുവൻ സമയവും കഴിഞ്ഞപ്പോൾ മത്സരം സമനിലയിൽ. 2 - 2

എക്സ്ട്രാ ടൈമിൽ കിണഞ്ഞ് ശ്രമിച്ച് അർജന്റീന. 105-ആം മിനിറ്റിൽ ബോക്സിനകത്ത് ഇരട്ട ആക്രമണം ഗോളാകാതെ പോയത് നിർഭാഗ്യം കൊണ്ട് മാത്രം! തൊട്ടടുത്ത നിമിഷം പകരക്കാരൻ മാർട്ടിനസിന്റെ ഷോട്ട് ഗോളി മാത്രം മുന്നിൽ നിൽക്കെ വീണ്ടും പുറത്തേക്ക്.

എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയിൽ മെസ്സിയുടെ ഷോട്ട് വീണ്ടും ഗോൾകീപ്പർ ഡൈവ് ചെയ്ത് രക്ഷപ്പെടുത്തി. നിരന്തര ആക്രമണങ്ങൾക്കൊടുവിൽ, തൊട്ടടുത്ത നിമിഷം അർജന്റീന ഗോൾ നേടി! വീണ്ടും മെസ്സി! ഫ്രഞ്ച് ഗോൾമുഖത്തെ കൂട്ട ആക്രമണത്തിനിടെ മെസ്സി പോസ്റ്റിൽ പന്ത് അടിച്ചു കയറ്റുകയായിരുന്നു. ആദ്യം ഷൂട്ട് ചെയ്ത് ലൗട്ടാരോയുടെ കിക്ക് ഗോളി രക്ഷപ്പെടുത്തിയെങ്കിലും റീബൗണ്ടിൽ തൊട്ടു മുന്നിൽ നിൽക്കുന്ന മെസ്സി പന്ത് വലയിലാക്കുകയായിരുന്നു.

എന്നാൽ എംബാപ്പെയുടെ ഒരു ഷോട്ട് അർജന്റീനയുടെ മോണ്ടിയേലിന്റെ കയ്യിൽ തട്ടിയതിന് ഫ്രാൻസിന് അനുകൂലമായി വീണ്ടും പെനാൽറ്റി. കിക്കെടുത്ത എംബാപ്പെ വീണ്ടും മാർട്ടിനെസിനെ കീഴടക്കി. ഹാട്രിക്ക്! വീണ്ടും ഫ്രാൻസിന് സമനില! പിന്നീടങ്ങോട്ട് പൊരിഞ്ഞ പോരാട്ടം. ഇരു പോസ്റ്റിലും അതിവേഗ മുന്നേറ്റങ്ങൾ, വെടിയുണ്ടകൾ. രക്ഷകരായി ഇരു ഗോൾകീപ്പർമാരും! കാണികൾ ശ്വാസമടക്കിപ്പിടിച്ചു നിന്ന നിമിഷങ്ങൾ!

ഒടുവിൽ റഫറിയുടെ ലോങ്ങ് വിസിൽ മുഴങ്ങി. മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക്.. എന്തൊരു ഫൈനൽ!

ഷൂട്ടൗട്ടിൽ അർജന്റീനയുടെ നാല് ഷോട്ടുകളും ഗോളായപ്പോൾ, ഫ്രാൻസിന്റെ ഒരു കിക്ക് മാർട്ടിനസ് രക്ഷപ്പെടുത്തി. ഒരു കിക്ക് പുറത്തു പോയതോടെ, ഖത്തറിൽ ഒരു മാസം നീണ്ട ഗംഭീര ഫുട്ബോൾ മാമാങ്കത്തിന് വിരാമം! അർജന്റീന ചാമ്പ്യൻ! എന്തൊരു ഫൈനലായിരുന്നു അത്!

കാവ്യനീതി എന്ന് പറയുമ്പോലെ, മത്സരം അർഹിച്ച റിസൽറ്റ്! സമ്പൂർണ്ണ ആധിപത്യം പുലർത്തി, മത്സരത്തിന്റെ എഴുപത്തിയെട്ട് മിനിറ്റോളം എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് മുന്നിലായിരുന്ന അർജന്റീന ഒരു വിജയം അർഹിച്ചിരുന്നു. ഇടയ്ക്ക് വെളിച്ചപ്പാടിളകിയ എംബാപ്പേയുടെ രണ്ട് ഉജ്ജ്വല ഗോളുകൾ എല്ലാം തകിടം മറിച്ചത് നിമിഷങ്ങളുടെ ഇടവേളയിലാണ്. എക്സ്ട്രാ ടൈമിൽ വീണ്ടും ഗോളടിച്ച് മെസ്സിയും എംബാപ്പേയും. ഒടുവിൽ എക്സ്ട്രാ ടൈമിന്റെ അവസാന നിമിഷം, മാർട്ടിനസിന്റെ അസാധ്യ സേവിങ്!

വീണ്ടും ഷൂട്ടൗട്ടിലും 'ഗോൾഡൻ ഗ്ലൗസ്' മാർട്ടിനസ് രക്ഷകനായതോടെ, അർജന്റീനയ്ക്ക് 36 വര്ഷങ്ങളുടെ ദീർഘമായ കാത്തിരിപ്പിന് വിരാമം.

അക്ഷരാർത്ഥത്തിൽ രണ്ട് ഫുട്‌ബോൾ പ്രതിഭകളുടെ പോരാട്ടം കൂടിയായി, ഫൈനൽ!

ആരാണ് കേമനെന്ന ചോദ്യം അപ്രസക്തമാക്കുംവിധം, മെസ്സിയും എംബാപ്പെയും കളം അടക്കിവാണ ഫൈനൽ.. ഒടുവിൽ, ഒരാൾക്ക് ഗോൾഡൻ ബൂട്ടും, മറ്റേയാൾക്ക് ഗോൾഡൻ ബോളും.. ടീമിനുവേണ്ടി ഏഴു ഗോളുകൾ നേടി ഈ ലോകകപ്പിലെ ഏറ്റവും വലിയ ഗോൾവേട്ടക്കാരനായ എംബാപ്പെ ഗോൾഡൻ ബൂട്ടു നേടിയപ്പോൾ, മാന്ത്രിക നീക്കങ്ങളിലൂടെ തൻ്റെ ടീമിനെ ഉടനീളം ചുമലിലേറ്റിയ ലയണൽ മെസ്സിക്ക് മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ.

തുടർച്ചയായി രണ്ടാം വട്ടവും ഫൈനലിലെത്തി, തുടർച്ചയായി കപ്പുനേടുന്നതിനടുത്തെത്തിയ ഫ്രാൻസിന്, വീരോചിതം പൊരുതി, മുഴുവൻ സമയവും അർജന്റീനയെ സമനിലയിൽ പിടിച്ചു നിർത്തി, തലയുയർത്തിത്തന്നെ മടക്കം!

Keywords: Argentina wins World Cup,Kerala,Article,Football,FIFA-World-Cup-2022,Winner,Qatar,Argentina,France.

Post a Comment