Follow KVARTHA on Google news Follow Us!
ad

ഓൺലൈൻ മാധ്യമ കൂട്ടായ്മയായ കോം ഇൻഡ്യയ്ക്ക് കേന്ദ്ര സർകാർ അംഗീകാരം; അർഹത നേടുന്ന കേരളത്തില്‍ നിന്നുള്ള ആദ്യ സംഘടന; നേട്ടം കൈവരിച്ച് കെ വാർത്ത ഉൾപെടെ 24 ഓൺലൈൻ മാധ്യമങ്ങൾ

Central Government Approves Com India#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡൽഹി: (www.kvartha.com 08.10.2021) കേരളത്തിലെ ആധികാരിക ഓൺലൈൻ മാധ്യമ കൂട്ടായ്മയായ കോം ഇൻഡ്യയ്ക്ക് കേന്ദ്ര സർകാരിന്റെ അംഗീകാരം ലഭിച്ചു. ഇതോടെ പുതിയ ഐടി നിയമത്തിന്‍റെ ഭാഗമായി കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അംഗീകരിച്ച മാധ്യമങ്ങള്‍ക്കുള്ള സ്വയം നിയന്ത്രണ സമിതിയില്‍ കോം ഇൻഡ്യയുടെ ഡിജിറ്റല്‍ പബ്ലിഷേഴ്‌സ് കണ്ടന്റ് ഗ്രീവന്‍സ് കൗൺസിൽ ഇടം നേടി. കോം ഇൻഡ്യയിൽ അംഗങ്ങളായ കെ വാർത്ത ഉൾപെടെ  24 ഓൺലൈൻ മാധ്യമങ്ങൾ ഇനി കേന്ദ്ര സർകാറിന്റെ ചട്ടക്കൂടിന് കീഴിലാവും. പ്രസ് കൗണ്‍സില്‍ ഓഫ് ഇൻഡ്യയുടെ നിയമങ്ങളും ഈ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് ബാധകമാകും.
  
Central Government Approves Com India

കെവാർത്തയ്ക്ക് പുറമെ കാസർകോട് വാർത്ത ഡോട് കോം, എക്സ്പ്രസ് കേരള ഡോട് കോം, കേരള ഓൺലൈൻ ന്യൂസ് ഡോട് കോം, ബിഗ് ന്യൂസ് ലൈവ് ഡോട് കോം, സത്യം ഓൺലൈൻ ഡോട് കോം, ട്രൂ വിഷൻ ന്യൂസ് ഡോട് കോം, ഗ്രാമ ജ്യോതി ഡോട് കോം, വൈഗ ന്യൂസ് ഡോട് കോം, മറുനാടൻ മലയാളി ഡോട് കോം, ഈസ്റ്റ് കോസ്റ്റ് ഡെയിലി ഡോട് ഇൻ, അഴിമുഖം ഡോട് കോം, മലയാളി വാർത്ത ഡോട് കോം, മെട്രോ മാറ്റിനി ഡോട് കോം, ഫിനാൻഷ്യൽ വ്യൂസ് ഡോട് ഇൻ, മറുനാടൻ ടിവി ഡോട് കോം,  മലയാളി ലൈഫ് ഡോട് കോം, ഇവാർത്ത ഡോട് ഇൻ, ബ്രിടീഷ് മലയാളി ഡോട് കോ ഡോട് യുകെ, മൂവി മാക്സ് ഡോട് ഇൻ, നെക്സ്റ്റ് ടിവി ഡോട് ഇൻ, ലോകൽ ഗ്ലോബ് ഡോട് കോം, ബിഗ് ന്യൂസ് കേരള ഡോട് കോം, ഷെയർ പോസ്റ്റ് ഡോട് മീഡിയ എന്നീ മാധ്യമങ്ങൾക്കാണ് അംഗീകാരം ലഭിച്ചത്. കോം ഇൻഡ്യയില്‍ പുതിയതായി അംഗങ്ങളാകുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും സമിതിയുടെ അംഗീകാരം ഉറപ്പാകും. നിലവിലുള്ളതും പുതുതായി ആരംഭിക്കുന്നതുമായ എല്ലാ ഓണ്‍ലൈന്‍ മാധ്യമങ്ങളും ഇനി കോം ഇൻഡ്യ പോലുള്ള ഏതെങ്കിലും ഒരു സ്വയം നിയന്ത്രണ സമിതിയില്‍ അംഗമാകേണ്ടത് നിര്‍ബന്ധമാണ്. 

കേന്ദ്ര സർകാർ അംഗീകാരം ലഭിക്കുന്ന കേരളത്തിൽ നിന്നുള്ള ആദ്യത്തെയും ഇൻഡ്യയിലെ മൂന്നാമത്തെയും സംഘടനയായി കോം ഇൻഡ്യ മാറി. കേരളത്തിലെ മുഖ്യധാര മാധ്യമങ്ങൾ ഉൾപെട്ട സമിതിക്ക് അംഗീകാരം ലഭിക്കുന്നത് വൈകുമ്പോഴാണ് കോം ഇൻഡ്യ നേട്ടം കൈവരിച്ചത്. പുതിയ ഐ ടി നിയമത്തിന്റെ ഭാഗമായി കേന്ദ്ര സർകാർ നിർദേശിച്ച മുഴുവൻ മാനദണ്ഡങ്ങളും സമയബന്ധിതമായി പൂർത്തിയാക്കാനായി എന്നതും കോം ഇൻഡ്യയുടെ നേട്ടത്തിന് കാരണമായി. 

കേന്ദ്ര സര്‍കാര്‍ കൊണ്ടുവരുന്ന പുതിയ പ്രസ് ആന്‍ഡ് പീരിയോഡികല്‍സ് ആക്ട് -2019 ഉം ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് ബാധകമാകുന്ന വിധമാണ് നടപ്പിലാക്കാന്‍ പോകുന്നത്. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ആരംഭിച്ച നടപടി ക്രമങ്ങള്‍ക്കും വിശദമായ പരിശോധനകള്‍ക്കും ശേഷമാണ് അംഗീകാരം നൽകിയത്. കോം ഇൻഡ്യയും അംഗങ്ങളായ മാധ്യമ സ്ഥാപനങ്ങളും കേന്ദ്ര സർകാരിന്റെ വിശദമായ പരിശോധന നടപടികൾക്ക്  വിധേയമായിരുന്നു. ഓണ്‍ലൈന്‍ മാധ്യമങ്ങൾ സ്വയം നിയന്ത്രിത സംവിധാനങ്ങളും പരാതി പരിഹാര സെലുകളും രൂപീകരിക്കണമെന്ന് നിയമത്തിൽ നിഷ്കർഷിച്ചിരുന്നു. കോം ഇൻഡ്യയുടെ കീഴിലുള്ള  സെല്‍ഫ് റെഗുലേറ്റിങ് ബോഡി ഈ മാധ്യമങ്ങളുടെ സ്വയം നിയന്ത്രണ സംവിധാനമായി പ്രവർത്തിക്കും. ഡിജിറ്റല്‍ മാധ്യമങ്ങളിലെ ഉള്ളടക്കവും വാര്‍ത്തകളും ഈ വിദഗ്ദ സമിതിയുടെ പരിശോധനയ്ക്ക് വിധേയമാകും.

മുന്‍ കാലികറ്റ് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. കെകെഎന്‍ കുറുപ്പ് ആണ് കോം ഇൻഡ്യ ഗ്രീവന്‍സ് കൗണ്‍സിൽ അധ്യക്ഷൻ. ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട് മുന്‍ ഡയറക്ടറും പ്രമുഖ സാഹിത്യകാരനുമായ ഡോ. ജോര്‍ജ് ഓണക്കൂര്‍, മുന്‍ ഹയര്‍സെകൻഡറി ഡയറക്ടറും കേരളാ യൂനിവേഴ്‌സിറ്റി കണ്‍ട്രോളറുമായിരുന്ന ജയിംസ് ജോസഫ്, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ആര്‍ ഗോപീകൃഷ്ണന്‍, കോം ഇൻഡ്യ പ്രസിഡന്റും സത്യം ഓൺലൈൻ എഡിറ്ററുമായ വിന്‍സെന്റ് നെല്ലിക്കുന്നേല്‍, കോം ഇൻഡ്യ ജനറൽ സെക്രടറിയും കെവാർത്ത എഡിറ്ററുമായ അബ്ദുൽ മുജീബ്, കോം ഇൻഡ്യ ട്രഷററും ട്രൂ വിഷൻ ന്യൂസ് എഡിറ്ററുമായ കെകെ ശ്രീജിത് എന്നിവര്‍ സമിതി അംഗങ്ങളാണ്.
 
കോമിനെ കൂടാതെ  വെബ് ജേര്‍ണലിസ്റ്റ് സ്റ്റാന്‍റാര്‍ഡ്സ് അതോറിറ്റി, പ്രൊഫഷണല്‍ ന്യൂസ് ബ്രോഡ് കാസ്റ്റിങ് സ്റ്റാന്‍റാര്‍ഡ്സ് അതോറിറ്റി എന്നീ സമിതികള്‍ക്കാണ് കഴിഞ്ഞ രണ്ട് മാസങ്ങളിലായി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചത്. 

Keywords: National, News, Kvartha, Media, Central Government, Broadcasting, Ministry, Top-Headlines, Com India, Ministry of Information and Broadcasting, Central Government Approves Com India.
< !- START disable copy paste -->

Post a Comment