Follow KVARTHA on Google news Follow Us!
ad

പരീക്ഷ ഫലങ്ങൾ വന്നു; വിദ്യാർഥികൾ ഇങ്ങനെയും ആയിരിക്കണം

Exam results came; Students should be like this#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മുജീബുല്ല കെ എം

(www.kvartha.com 31.07.2021)
എസ് എസ്‌ എൽ സി, പ്ലസ് ടൂ സംസ്ഥാന, ഐ സി എസ് ഇ സിലബസ് പരീക്ഷാ ഫലങ്ങൾ വന്നു കൊണ്ടിരിക്കുന്നു, സി ബി എസ് ഇ ഫലങ്ങളും, ബിരുദ കോഴ്സ് ഫലങ്ങളും വരാനിരിക്കയാണ്. എ പ്ലസുകളുടെ പൊലിമയാണ് പലയിടത്ത് നിന്നും കേൾക്കുന്നത്. ഇതിനിടക്ക് ഗ്രേഡ് കുറഞ്ഞവരുടെയും, തോറ്റവരുടെയും തേങ്ങൽ പതിയെ കേൾക്കുന്നുമുണ്ട്.

ഗ്രേഡ് കുറഞ്ഞതിൻ്റെയോ തോറ്റതിന്‍റെയോ പേരില്‍ ഒരിക്കലും നിരാശപ്പെടുകയോ ആത്മഹത്യയില്‍ അഭയം തേടുകയോ ചെയ്യേണ്ടതില്ലെന്ന ചിന്ത കുട്ടികളില്‍ നിറയ്ക്കാനുള്ള ചുമതല അധ്യാപകർക്കും . മാതാപിതാക്കള്‍ക്കും സമൂഹത്തിനുമുണ്ട് എന്നത് നമ്മൾ മറക്കരുത്.

 
Article, Kerala, Students, Education, CBSE, School, Rank, Failed, Passed, Exam results came; Students should be like this.



വിദ്യാര്‍ത്ഥികളുടെ ബുദ്ധിപരമായ കഴിവുകളെ വിലയിരുത്തുന്നത് ഇന്നത്തെ കാലത്ത് എഴുത്തു പരീക്ഷയില്‍ അവര്‍ നേടുന്ന എ പ്ലസ് അടിസ്ഥാനമാക്കിയാണ്. സമ്പൂര്‍ണ എ പ്ലസ് നേടിയവര്‍ മിടുമിടുക്കര്‍. ഏഴില്‍ താഴെ എ പ്ലസ് നേടുന്നവര്‍ മിടുക്കര്‍. തീരെ നേടാത്തവര്‍ സാധാരണക്കാര്‍. ഇങ്ങനെയൊക്കെയാണ് തരംതിരിവ്. ഇതൊരു ഔദ്യോഗിക വിജനമല്ല. മറിച്ച് സമൂഹം വരുത്തുന്ന വേര്‍തിരിവാണ്.

ഏതാണ്ട് രണ്ടു ശതാബ്ദങ്ങള്‍ക്കു മുമ്പു വരെ വിദ്യാര്‍ത്ഥികളുടെ ഗ്രേഡ് നിര്‍ണ്ണയം എ പ്ലസ് അടിസ്ഥാനത്തിലായിരുന്നില്ല. അന്ന് ഒന്നാം റാങ്ക്, ഒന്നാം ക്ലാസ് എന്നിങ്ങനെയായിരുന്നു ഗ്രേഡിംഗ്.
മുൻ കാലങ്ങളിൽ 10-ാം ക്ലാസ് കഴിയുന്ന കുട്ടിയോട് സാധാരണ ചോദിക്കുന്ന ചോദ്യമാണ് ഭാവിയില്‍ എന്താകാനാണ് ആഗ്രഹിക്കുന്നത് എന്നത്. എനിക്കൊരു ഡോക്ടറാകണം എന്നായിരിക്കും കുട്ടികളിൽ നിന്നുണ്ടാവുന്ന മറുപടി.

റാങ്കോ ക്ലാസോ ലഭിച്ച കുട്ടികള്‍ക്കെല്ലാം അന്നത്തെ കാലത്ത് ഡോക്ടറായാല്‍ മതി താനും. അത്യപൂര്‍വം ചിലര്‍ എഞ്ചിനീയറാകാനും സന്നദ്ധരായിരുന്നു. ബാക്കിയുള്ള ബഹുഭൂരിപക്ഷം കുട്ടികളുടേയും ആഗ്രഹം എന്തെന്ന് അറിയാന്‍ അന്നത്തെ കാലത്ത് ആര്‍ക്കും താത്പര്യവുമില്ലായിരുന്നു. ഇന്ന്, സ്ഥിതി തികച്ചും വ്യത്യസ്തമാണ്. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയാലും ഇല്ലെങ്കിലും കുട്ടികള്‍ക്ക് ഡോക്ടറാകാനാണ് മോഹം (സത്യത്തില്‍ ആ മോഹം, കുട്ടികളുടെ മാതാപിതാക്കള്‍ക്കാണ് മറ്റു മാര്‍ഗ്ഗങ്ങളില്ലെങ്കില്‍ മാത്രം, എഞ്ചിനീയറായാലും മതി)


ചിലർക്ക് എം ബി എ, ഐടി മേഖലകളുമാകാം. എന്നാൽ അധ്യാപകന്‍, പൊലീസ് ഓഫീസര്‍, ഫോറസ്റ്റ് ഓഫീസര്‍, മറ്റു സാങ്കതിക വിദഗ്ധര്‍ - ഇതിലൊന്നും കുട്ടികളില്‍ താത്പര്യം വളര്‍ത്തുന്നില്ല. എന്താണ് ഇതിന് കാരണം?. സമൂഹത്തിലെ അതിസമ്പന്ന വിഭാഗം, മക്കളെ ഐ എ എസ്, ഐ പി എസ്, ഐ എഫ് എസ് തുടങ്ങിയ അഖിലേന്ത്യാ സര്‍വീസുകളില്‍ പ്രതിഷ്ഠിക്കാനാണ് ആഗ്രഹിക്കുന്നത്. അതിനായി കുഞ്ഞുങ്ങളെ നഗരത്തിലെ പ്രശസ്തമായ ബോര്‍ഡിംഗ് സ്കൂളുകളില്‍ ചേര്‍ത്ത് പഠിപ്പിക്കുന്നു.


പഠനവും ജീവിതവും ബോര്‍ഡിംഗിലായതുകൊണ്ട്, കുട്ടികള്‍ക്ക് കുട്ടികള്‍ക്ക് സമൂഹത്തിലെ മറ്റു കുട്ടികളുമായി ഇടപഴകാന്‍ അവസരം ലഭിക്കുന്നില്ല. അവര്‍ ഭൂമിയിലെ സ്വര്‍ഗ്ഗത്തില്‍ വിശിഷ്ട പൗരന്‍മാരാണെന്ന് ധരിച്ചു പോന്നു. പഠനശേഷം അവര്‍ ഭരണത്തിന്‍റെ താക്കോല്‍ സ്ഥാനങ്ങളില്‍ അവരോധിക്കപ്പെട്ടേക്കാം. ഇതിനു സാധിച്ചില്ലെങ്കില്‍ സമൂഹവുമായി പൊരുത്തപ്പെടാന്‍ കഴിയാത്തവരായി അവര്‍ മാറുന്നതാണ് അധികവും കണ്ടുവരുന്നത്.


മധ്യവര്‍ഗ സമ്പന്നര്‍ കുട്ടികളെ കുഞ്ഞുനാള്‍ മുതല്‍ പറഞ്ഞു പഠിപ്പിക്കുന്നത്. മോന്‍/മോള്‍ ഡോക്ടറാകണം ഡോക്ടറാകണം എന്നാണ്. ഈ ആഗ്രഹ സാഫല്യത്തിന് അനുയോജ്യമായ വിധത്തില്‍ അവരെ ശൈശവം മുതലേ, തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കും പോലെ പുസ്തകച്ചുമടുകള്‍ വഹിപ്പിക്കുകയാണ്. അതുമാത്രമോ? സാവധാനത്തില്‍ ഭക്ഷണം കഴിയാക്കാനോ ശരിയായി ഉറങ്ങാനോ കുട്ടിയെ സമ്മതിക്കുകയുമില്ല. പന്ത്രണ്ടു വയസ്സുവരെയുള്ള കുട്ടികള്‍ക്ക് പ്രതിദിനം 10 മണിക്കൂര്‍ ഉറക്കം ആവശ്യമാണ്. അതിനുമുകളില്‍ പ്രായമുള്ളവര്‍ക്ക് ആറ് - ഏഴ് മണിക്കൂര്‍ വേണം. ഇതിനൊന്നും അവസരം കൊടുക്കുന്നുമില്ല.


വിദ്യാര്‍ത്ഥികളില്‍ അതിയായ അജയ്യചിന്ത (സുപീരിയോരിറ്റി കോംപ്ലക്സ്) വളര്‍ത്തിയെടുക്കുന്നതും ദോഷമാണ്. ജയിക്കാനായ് ജനിച്ചവന്‍ ഞാന്‍ മാത്രമെന്നുളള് ഹുങ്ക് കുട്ടികളില്‍ ഉടലെടുക്കുകയാണ് ഇതിന്‍റെ ഫലം. ബാക്കിയുള്ള (താനൊഴികെയുള്ളവര്‍) കുട്ടികളെയെല്ലാം ശരാശരിയേക്കാള്‍ താഴെയാണെന്നും തങ്ങള്‍ മാത്രമാണ് സമൂഹത്തിലെ ഉന്നതസ്ഥാനീയരെന്നും കുട്ടികള്‍ സ്വയം തെറ്റിദ്ധരിക്കുന്നു.
ഈ മിഥ്യാധാരണയെ രക്ഷിതാക്കള്‍ പിന്തുണയ്ക്കുകയും ചെയ്യുന്നു, പ്രോത്സാഹിപ്പിക്കുന്നു. ഇത് നല്ലതല്ല.


ധനത്തിന്‍റെ ധാരാളിത്തം, അമിത സ്വാതന്ത്ര്യം, അടിച്ചുപൊളിച്ചു ജീവിക്കേണ്ട പ്രായം. ഇവ മൂന്നും പരമാവധി മുതലെടുത്ത് പല സമ്പന്ന കുടുംബത്തിലെ കുട്ടികളും വിദ്യാലയങ്ങളില്‍ വിലസുകയാണ്. തൻമൂലം പഠന കാര്യത്തില്‍ നിന്ന് ശ്രദ്ധകൾ വ്യതിചലിക്കുന്നു. ഇത്തരം കുട്ടികള്‍ വര്‍ഷാവസാന പരീക്ഷയില്‍ പരാജിതരാവുക സ്വാഭാവികം. പത്ത് വിഷയത്തിനും എ പ്ലസ് പ്രതീക്ഷിച്ചിരുന്ന കുട്ടി, ആറ് എ പ്ലസിലേക്കോ അതിലും താഴേക്കോ റാങ്കിംഗ് ചെയ്യപ്പെടുമ്പോള്‍, ആ വാര്‍ത്ത കേള്‍ക്കുന്ന. പല മാതാപിതാക്കളുടേയും സമനിലകളും തെറ്റാറുണ്ട്.


കുട്ടികളിലും കുറ്റബോധവും തുടര്‍ന്ന് അധമബോധവും സംജാതമാകും. ഇത് കടുത്ത നിരാശയിലേക്ക് നയിക്കും. ഈ നിരാശയുടെ മൂര്‍ദ്ധന്യാവസ്ഥയിലാണ്, പലപ്പോഴും കുട്ടികള്‍ ആത്മഹത്യകൾ ചെയ്യുന്നത്. ചിലപ്പോഴെങ്കിലും, സമൂഹത്തിൽ വില കുറഞ്ഞ് പോയെന്ന് കരുതി മാതാപിതാക്കളും ആത്മഹത്യ ചെയ്യാറുണ്ട്. ഈ പ്രവണതകൾ വര്‍ദ്ധിച്ചുവരികയുമാണ്. ഇത് തികച്ചും അനഭിലഷണീയമാണ്.


നിരാശയെന്നത് ഒരു വികാരമാണ്. കടുത്ത നിരാശമൂലം വ്യക്തികള്‍ പലപ്പോഴും വിഷാദത്തിലേക്ക് വഴുതിവീഴാറുണ്ട്. നിരാശപ്പെട്ട്, പ്രതീക്ഷകൾ തകരുമ്പോഴാണ് പലരും ആത്മഹത്യ ചെയ്യുന്നത്. കടുത്ത നിരാശ ശാരീരിക രോഗങ്ങള്‍ക്കും കാരണമാകും. മറ്റു ഭാഗിക വൈകല്യങ്ങളുമുണ്ടാകാം. കുടല്‍പ്പുണ്ണ്, ദഹനവ്യൂഹത്തിന്‍റെ പ്രവര്‍ത്തന മാന്ദ്യം എന്നിവയ്ക്കും കടുത്ത നിരാശ കാരണമാകുന്നു എന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നുമുണ്ട്.


അപ്പോൾ നമുക്ക് നിരാശയെ അതിജീവിക്കാന്‍ കഴിയുമോ? തീര്‍ച്ചയായും. കുട്ടിക്കാലത്തുതന്നെ ചെറിയ തോതിൽ നിരാശ അനുഭവിക്കാനുള്ള സന്ദര്‍ഭങ്ങള്‍ കുട്ടികള്‍ക്ക് ഉണ്ടാകണം. അത് വിദ്യാര്‍ത്ഥികളില്‍ ക്ഷമാശീലവും ആര്‍ജ്ജവവും രൂപപ്പെടാന്‍ ഉപകരിക്കും. ചെറിയ ക്ലാസുകളില്‍ പഠിക്കുമ്പോള്‍ കുട്ടികള്‍ ഏതെങ്കിലും വിഷയത്തില്‍ തോറ്റാല്‍, സാരമില്ല മോനേ/മോളേ നിരാശ വേണ്ട, തോല്‍വി മറ്റൊരു വിജയത്തിലേക്കുള്ള ചവിട്ടുപടിയാണ്. എന്നൊക്കെ ഉപദേശിച്ച് മക്കളെ സാന്ത്വനിപ്പിക്കാന്‍ മാതാപിതാക്കള്‍ക്കും അധ്യാപകർക്കും കഴിയണം. നിഴലും വെളിച്ചവും പോലെ ജീവിതത്തില്‍ മാറിമാറി പ്രതിഫലിക്കുന്ന പ്രതിഭാസമാണ് വിജയവും പരാജയവും എന്നും കുട്ടികളെ പറഞ്ഞ് ബോധ്യപ്പെടുത്തണം.


പരാജയമെന്നത് ഒരു വലിയ കുറ്റമോ ഭാഗ്യഹീനതയോ അല്ലെന്ന ചിന്ത കുട്ടികളിലുണ്ടാക്കാന്‍ കഴിഞ്ഞാല്‍ കൗമാര ആത്മഹത്യകള്‍ ഒരു പരിധിവരെ കുറയ്ക്കാന്‍ കഴിയും. പരാജിതര്‍ക്ക്, ഗ്രേഡുകൾ കുറഞ്ഞവർക്ക് ഇന്നുള്ളതിനേക്കാള്‍ നല്ല ജീവിത സൗകര്യങ്ങള്‍ ഭാവിയില്‍ ഉണ്ടായേക്കാം. ജീവിതം വട്ടപ്പൂജ്യത്തില്‍ നിന്നാരംഭിച്ച് സ്വപ്രയത്നത്താല്‍ ബഹുകോടി സമ്പത്തും സമൂഹത്തില്‍ സമുന്നത സ്ഥാനവും കൈവരിച്ച ധാരാളം മഹാൻമാരുടെ കഥകൾ നമുക്കറിയാം. തോമസ് ആൽവാ എഡിസനെ പോലുള്ളവരുടെ കാലാതിവര്‍ത്തികളായ ജീവിതകഥകള്‍ കുട്ടികള്‍ക്ക് പരിചയപ്പെടുത്തണം.


പരീക്ഷകളില്‍ നേടുന്ന എ പ്ലസുകള്‍ അല്ല, ജീവിതത്തില്‍ നേടുന്ന എ പ്ലസുകളാണ് ജീവിത സൗഭാഗ്യത്തിന് നിദാനം. ആ ചിന്ത വിദ്യാര്‍ത്ഥികളില്‍ ഉളവാക്കിയെടുക്കണം. അതിനായി വേണ്ടത് വിദ്യാര്‍ത്ഥികളെ തോല്‍വികൾ ഉണ്ടാകുന്നതോ ഗ്രേഡുകൾ കുറയുന്നതോ തെറ്റോ കുറ്റമോ അല്ലെന്ന് ബോധ്യപ്പെടുത്തിക്കൊടുക്കലാണ്. അത് സമൂഹത്തിൻ്റെ കടമയാണ്. നിങ്ങളിലാണ് നാടിൻ്റെ പ്രതീക്ഷ, നിങ്ങളാണ് നാളെയുടെ താരങ്ങൾ എന്ന് കുട്ടികളെ ചേർത്ത് വെച്ച് പറയാനാകണം. അതവർക്ക് ധൈര്യവും പ്രതീക്ഷയുമേകും. നമ്മളുടെ മക്കൾ എല്ലാം അറിഞ്ഞ് വളരട്ടെ.

Keywords: Article, Kerala, Students, Education, CBSE, School, Rank, Failed, Passed, Exam results came; Students should be like this.

< !- START disable copy paste -->

إرسال تعليق