Follow KVARTHA on Google news Follow Us!
ad

പാര്‍ട്ടിയെ ഒറ്റിയവരെ തിരിച്ചുവരാന്‍ അനുവദിക്കരുതെന്ന കടുത്ത തീരുമാനത്തില്‍ എം എല്‍ എമാര്‍; അയഞ്ഞ് ഗെലോട്ട്; സച്ചിന്റെ തിരിച്ചുവരവ് അനിശ്ചിതത്വത്തിലാവുമോ?

രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധിക്ക് അയവില്ല. സച്ചിന്‍ പൈലറ്റിന്റെ Jaipur,Rajastan,News,Trending,Kerala.
ജയ്പുര്‍:(www.kvartha.com 10.08.2020) രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധിക്ക് അയവില്ല. സച്ചിന്‍ പൈലറ്റിന്റെ കാര്യത്തില്‍ ഒരിടവേളയ്ക്ക് ശേഷം മുഖ്യമന്ത്രി അശോക് ഗെലോട്ട് അയഞ്ഞപ്പോള്‍ പ്രതിസന്ധിയുടെ കെട്ടുമുറുക്കി കോണ്‍ഗ്രസ് എംഎല്‍എമാര്‍. ഗെലോട്ടിന്റെ നിലവിലെ നിലപാടിനു വിരുദ്ധമായി പുറത്താക്കപ്പെട്ട ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് ഉള്‍പ്പെടെ 19 വിമത നിയമസഭാംഗങ്ങളെ കോണ്‍ഗ്രസില്‍ ഉള്‍പ്പെടുത്തരുതെന്നാണ് എംഎല്‍എമാരുടെ ആവശ്യം.

ജയ്‌സാല്‍മീറില്‍ ഞായറാഴ്ച കോണ്‍ഗ്രസ് നിയമസഭാ കക്ഷി (സിഎല്‍പി) യോഗത്തിലാണു പാര്‍ട്ടിയുടെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങളെ കുഴക്കുന്ന നിലപാടുമായി എംഎല്‍എമാര്‍ രംഗത്തെത്തിയത്. പാര്‍ട്ടിയെ ഒറ്റിയവരെ തിരിച്ചുവരാന്‍ അനുവദിക്കരുതെന്ന മന്ത്രി ശാന്തി ധരിവാളിന്റെ പ്രസ്താവനയെ അംഗങ്ങള്‍ ഏകകണ്ഠമായി പിന്തുണക്കുകയായിരുന്നു. ഇതിന് മറുപടിയായി, 'രാഷ്ട്രീയത്തില്‍, ചിലപ്പോള്‍ ജനാധിപത്യം സംരക്ഷിക്കാന്‍, ബുദ്ധിമുട്ടുള്ള തീരുമാനങ്ങളും എടുക്കേണ്ടതുണ്ട്' എന്നായിരുന്നു മുഖ്യമന്ത്രി എംഎല്‍എമാരോടു പറഞ്ഞതെന്നാണു റിപ്പോര്‍ട്ട്.


വിമതരായ 19 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ഭൂരിപക്ഷവും പാര്‍ട്ടിയിലേക്കു മടങ്ങിവരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നു ഞായറാഴ്ച ഗെലോട്ട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. സര്‍ക്കാരിനെതിരായ ഗൂഢാലോചനയില്‍ ഏര്‍പ്പെട്ട കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കും ഭാരവാഹികള്‍ക്കുമെതിരെ കര്‍ശന അച്ചടക്കനടപടി ശുപാര്‍ശ ചെയ്യുന്ന പ്രമേയം ജൂലൈ 13ന് സിഎല്‍പി പാസാക്കിയിരുന്നു. വോട്ടെടുപ്പില്‍ വിപ്പ് ലംഘിച്ചാല്‍ അയോഗ്യരാക്കപ്പെടുമെന്ന ഭയത്തിലാണു വിമതരില്‍ മിക്കവാറുമെന്നു കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു.

അതേസമയം, വെള്ളിയാഴ്ച നിയമസഭാ സമ്മേളനം നടക്കാനിരിക്കെ രാജസ്ഥാന്‍ രാഷ്ട്രീയത്തില്‍ മഞ്ഞുരുകലുണ്ടാകുമെന്നാണ് വിലയിരുത്തല്‍. സച്ചിന്‍ പൈലറ്റും വിമത എംഎല്‍എമാരും പാര്‍ട്ടിയില്‍ തിരിച്ചെത്തുമെന്നും സൂചനയുണ്ട്. അതേസമയം, രാഹുല്‍ ഗാന്ധിയുമായി സച്ചിന്‍ തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഒത്തുതീര്‍പ്പു ശ്രമങ്ങള്‍ക്കായി സച്ചിന്‍ പൈലറ്റും വിമത എംഎല്‍എമാരും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ കണ്ടേക്കുമെന്നും വിവരമുണ്ട്. രാജസ്ഥാന്‍ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കുന്നതിനുള്ള നീക്കം നടന്നുവരികയാണ്. രണ്ടാഴ്ചയ്ക്കുമുന്‍പ് പ്രിയങ്ക ഗാന്ധി ഡെല്‍ഹിയില്‍ സച്ചിന്‍ പൈലറ്റുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ അശോക് ഗെലോട്ടിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കുന്നതല്ലാതെ മറ്റൊരു ഒത്തുതീര്‍പ്പിനും തയാറല്ലെന്ന നിലപാടിലാണ് വിമതര്‍.

പ്രശ്‌നപരിഹാരത്തിന് പ്രിയങ്ക ഗാന്ധി നേരത്തെയും ശ്രമിച്ചെങ്കിലും വിട്ടുവീഴ്ചയ്ക്ക് സച്ചിന്‍ പൈലറ്റ് വിഭാഗം തയാറായിരുന്നില്ല. കഴിഞ്ഞ മാസം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും കാണാന്‍ അവസരമൊരുക്കാമെന്ന് പ്രിയങ്ക സച്ചിനെ അറിയിച്ചിരുന്നു. എന്നാല്‍ ഗെലോട്ടിനെ മാറ്റാതെ ഒരു വിട്ടുവീഴചയ്ക്കുമില്ലെന്ന് അവര്‍ അറിയിച്ചതായി പ്രിയങ്ക പറയുന്നു. നിയമസഭാ സമ്മേളനത്തിന് നാലു ദിവസം മാത്രം ബാക്കിയിരിക്കുമ്പോഴാണ് വിട്ടുവീഴ്ചയുണ്ടാകുന്നുവെന്ന തരത്തില്‍ റിപ്പോര്‍ട്ടു പുറത്തുവരുന്നത്.

Keywords: ‘Betrayers shouldn’t be allowed to come back’: Rajasthan Cong MLAs at CLP meet,Jaipur,Rajastan,News,Trending,Kerala.

Post a Comment