Follow KVARTHA on Google news Follow Us!
ad

റാഫേല്‍ ഇടപാട് നടന്നതിന് പിന്നാലെ അനില്‍ അംബാനിയുടെ 1121.2 കോടിയുടെ നികുതി ഫ്രാന്‍സ് ഒഴിവാക്കി; വിശദീകരണവുമായി ഫ്രഞ്ച് സര്‍ക്കാര്‍

റാഫേല്‍ ഇടപാടിന് പിന്നാലെ അനില്‍ അംബാനിക്ക് ഫ്രാന്‍സ് നികുതിയിളവ് നല്‍കിയെന്ന National, News, No political interference in tax settlement with Anil Ambani's firm: France
ന്യൂഡല്‍ഹി: (www.kvartha.com 13.04.2019) റാഫേല്‍ ഇടപാടിന് പിന്നാലെ അനില്‍ അംബാനിക്ക് ഫ്രാന്‍സ് നികുതിയിളവ് നല്‍കിയെന്ന റിപോര്‍ട്ടുകള്‍ക്ക് മറുപടിയുമായി ഫ്രഞ്ച് സര്‍ക്കാര്‍ രംഗത്ത്. ഫ്രഞ്ച് ടാക്‌സ് അതോറിറ്റിയും അംബാനിയുടെ റിലയന്‍സ് കമ്പനിയും തമ്മിലുള്ള നികുതി ഇടപാട് ഒത്തുതീര്‍പ്പായി എന്നും ഇതിന് പിന്നില്‍ രാഷ്ട്രീയ ഇടപെടലൊന്നും നടന്നിട്ടില്ലെന്നും ഫ്രാന്‍സ് അധികൃതര്‍ പറഞ്ഞു.

റാഫേല്‍ ഇടപാട് പ്രഖ്യാപിച്ചതിന് പിന്നാലെ റിലയന്‍സിന്റെ പേരില്‍ ഫ്രാന്‍സില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള അനില്‍ അംബാനിയുടെ റിലയന്‍സ് അറ്റ്‌ലാന്റിക് ഫ്‌ളാഗ് ഫ്രാന്‍സ് എന്ന പേരിലുള്ള കമ്പനിക്ക് ഫ്രാന്‍സ് 143.7 ദശലക്ഷം യൂറോ(1121.2 കോടി ഇന്ത്യന്‍ രൂപ) യുടെ നികുതി ഒഴിവാക്കി നല്‍കിയെന്ന് ഫ്രഞ്ച് ദിനപ്പത്രമായ ലെ മോന്‍ഡേ ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2015ല്‍ ഇന്ത്യ 36 റാഫേല്‍ വിമാനങ്ങള്‍ ഫ്രാന്‍സില്‍ നിന്നും വാങ്ങുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷമാണ് അനില്‍ അംബാനിയുടെ കമ്പനിയുമായി ഉള്ള കോടികളുടെ നികുതി ഫ്രഞ്ച് സര്‍ക്കാര്‍ ഒഴിവാക്കി നല്‍കിയത്.

2008 - 2012 കാലയളവില്‍ റിലയന്‍സ് അറ്റ്‌ലാന്റിക് ഫ്‌ളാഗ് ഫ്രാന്‍സ് എന്ന കമ്പനി നികുതി വെട്ടിപ്പ് നടത്തിയതിനെ തുടര്‍ന്നുള്ള കേസാണ് റാഫേല്‍ ഇടപാട് നടന്നതിന് പിന്നാലെ ഒത്തുതീര്‍പ്പായത്. അതേസമയം റാഫേല്‍ ഇടപാടുമായി നികുതി ഇളവിന് ബന്ധമില്ലെന്ന് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം പ്രതികരിച്ചു. റാഫേല്‍ ഇടപാട് നടന്ന സമയത്തല്ല കമ്പനിക്ക് നികുതിയിളവ് ലഭിച്ചതെന്നും ഇതുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് വാസ്തവവിരുദ്ധമാണെന്നും കേന്ദ്ര പ്രതിരോധമന്ത്രാലയം വ്യക്തമാക്കി.

അതിനിടെ റാഫേല്‍ വിമാനങ്ങള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് വന്‍ അഴിമതി നടന്നുവെന്ന കോണ്‍ഗ്രസിന്റെ വെളിപ്പെടുത്തല്‍ ബിജെപിയെ പ്രതിരോധിത്തിലാക്കിയിരിക്കെയാണ് പുതിയ അഴിമതിയുടെ കഥകള്‍ കൂടി പുറത്തുവരുന്നത്. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഒരു വിമാനത്തിന് 526 കോടി എന്ന തോതില്‍ അന്തിമ ചര്‍ച്ച നടന്നിരുന്നു. എന്നാല്‍ 1670 കോടി രൂപയ്ക്കാണ് മോദി സര്‍ക്കാര്‍ വിമാനങ്ങള്‍ വാങ്ങിയതെന്നും ഇതില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. കൂനിന്മേല്‍ കുരുവെന്ന പോലെ പുതിയ വെളിപ്പെടുത്തലുകള്‍ കൂടി പുറത്തുവന്നത് ബിജെപിക്ക് തെരഞ്ഞെടുപ്പില്‍ ക്ഷീണമുണ്ടാക്കും. റാഫേല്‍ അഴിമതി തന്നെയാണ് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ആയുധം. രാജ്യത്തെ കള്ളന്മാര്‍ക്കെല്ലാം മോദിയുടെ പേരാണെന്നും 100 ശതമാനം കള്ളനാണ് മോദിയെന്നും ശനിയാഴ്ച കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ രാഹുല്‍ ആഞ്ഞടിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, News, No political interference in tax settlement with Anil Ambani's firm: France