Follow KVARTHA on Google news Follow Us!
ad

കെ സുരേന്ദ്രന് പുറത്തിറങ്ങി നടക്കാന്‍ അവകാശമില്ലെങ്കില്‍ പോലീസിനെയും പുറത്തിറക്കാതിരിക്കാന്‍ ബി ജെ പിക്ക് അറിയാം; നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിക്കുമെന്നും എം ടി രമേശ്

ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് പുറത്തിറങ്ങി നടക്കാന്‍ Thrissur, News, Politics, Religion, Trending, BJP, Police, Warning, Bail, Kerala
തൃശൂര്‍: (www.kvartha.com 24.11.2018) ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് പുറത്തിറങ്ങി നടക്കാന്‍ അവകാശമില്ലെങ്കില്‍ പോലീസിനെയും പുറത്തിറക്കാതിരിക്കാന്‍ ബി.ജെ.പിക്ക് അറിയാമെന്ന് എം.ടി രമേശിന്റെ ഭീഷണി. ഇത്തരം സമരം വരും ദിവസങ്ങളില്‍ നടപ്പാക്കുമെന്നും ഞായറാഴ്ച നിലയ്ക്കലില്‍ ബി.ജെ.പിയുടെ നേതൃത്വത്തില്‍ നിരോധനാജ്ഞ ലംഘിക്കുമെന്നും എം.ടി രമേശ് വ്യക്തമാക്കി.

അതേസമയം, ചിത്തിര ആട്ടവിശേഷത്തിന് ശബരിമലയില്‍ അന്‍പത്തിരണ്ടുകാരിയെ ആക്രമിച്ച കേസില്‍ കെ. സുരേന്ദ്രന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുമ്പ് സുരേന്ദ്രനെ ചോദ്യം ചെയ്യാന്‍ വിട്ടുകിട്ടണമെന്ന പോലീസിന്റെ വാദവും കോടതി അംഗീകരിച്ചില്ല.


ഇതിനിടെ, സുരേന്ദ്രനെതിരെ ആദ്യം നല്‍കിയ റിപ്പോര്‍ട്ടില്‍ ഗുരുതര പിഴവുകള്‍ കടന്നുകൂടിയത് പോലീസിനെ വെട്ടിലാക്കുകയും ചെയ്തു. അസ്വാഭാവിക മരണം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇക്കാര്യം സുരേന്ദ്രന്റെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയതോടെ അധികമായി ചേര്‍ത്ത കേസുകളെല്ലാം പോലീസ് ഒഴിവാക്കി.

ശബരിമലയില്‍ നിരോധനാജ്ഞ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി പോലീസ് അറസ്റ്റ് ചെയ്ത കെ.സുരേന്ദ്രനെതിരെ കോടതിയില്‍ നല്‍കിയ ആദ്യ റിപ്പോര്‍ട്ടില്‍ കേസ് നമ്പര്‍ 1198/18 എന്നത് തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ശശിയെന്ന വ്യക്തിയുടെ അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ടുള്ളതാണ്.

ഇതേ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മാര്‍ഗ തടസമുണ്ടാക്കിയതിന് ഓട്ടോ ഡ്രൈവറെ പ്രതിയാക്കിയ കേസ് നമ്പര്‍ 705/ 15ലും സുരേന്ദ്രന്‍ പ്രതിപട്ടികയിലുണ്ട്. ഈ രണ്ട് കേസിലും സുരേന്ദ്രന്‍ പ്രതിയല്ലെന്ന് സാമാന്യയുക്തിയുള്ളവര്‍ക്ക് മനസിലാകും. കന്റോണ്‍മെന്റ് സ്‌റ്റേഷനില്‍ ബി.ജെ.പി നേതാക്കള്‍ പ്രതികളായ കേസ് നമ്പര്‍ 1284/18, 1524/17 എന്നിവയിലും സുരേന്ദ്രന്‍ പ്രതിയല്ലെന്ന് അഭിഭാഷകര്‍ വാദിച്ചു. ഇതോടെ നിലപാടില്‍ മലക്കം മറിഞ്ഞ പോലീസ് സുരേന്ദ്രനെതിരെ ഒമ്പത് കേസുകളുണ്ടെന്നത് തിരുത്തി അഞ്ച് കേസാക്കി.

നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച കേസില്‍ ശബരിമല ഉള്‍പ്പെടുന്ന റാന്നി താലൂക്കില്‍ രണ്ട് മാസത്തേക്ക് പ്രവേശിക്കരുതെന്ന ഉപാധിയോടെ സുരേന്ദ്രന് ജാമ്യം ലഭിച്ചെങ്കിലും മറ്റൊരു കേസില്‍ വാറണ്ടുള്ളതിനാല്‍ കൊട്ടാരക്കര സബ് ജയിലില്‍ നിന്നു ഇതുവരെ പുറത്തിറങ്ങാനായിട്ടില്ല.

അതേസമയം വന്‍ പോലീസ് സുരക്ഷയിലാണ് സുരേന്ദ്രനെ ശനിയാഴ്ച റാന്നി കോടതിയില്‍ ഹാജരാക്കിയത്. ചോദ്യം ചെയ്യാന്‍ വിട്ട് കിട്ടണമെന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും കോടതി അംഗികരിച്ചില്ല. കൊട്ടാരക്കര ജയിലില്‍ അടിസ്ഥാനസൗകര്യങ്ങള്‍ കുറവായതിനാല്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം പരിഗണിച്ച കോടതി കേസില്‍ അല്‍പ സമയത്തിനകം വിധി പറയും.

Keywords: BJP Leader MT Ramesh Challenging police, Thrissur, News, Politics, Religion, Trending, BJP, Police, Warning, Bail, Kerala.