Follow KVARTHA on Google news Follow Us!
ad

വയനാടന്‍ അനുഭവങ്ങള്‍ അയവിറക്കാന്‍ കുന്നിമണി കമ്മല്‍

വയനാടിന്റെ യാത്രാനുഭവങ്ങള്‍ എക്കാലവും മനസില്‍ നിറഞ്ഞുനില്‍ക്കാന്‍ കുന്നിമണി കൊണ്ട് അലങ്കരിച്ച പാരമ്പര്യ ആഭരണമായ ചൂതുമണിക്കമ്മലുമാKerala, Kochi, News, Wayanad, Travel & Tourism, Exotic Wayanad tribal earrings conjure up curiosity at KTM
കൊച്ചി: (www.kvartha.com 29.09.2018) വയനാടിന്റെ യാത്രാനുഭവങ്ങള്‍ എക്കാലവും മനസില്‍ നിറഞ്ഞുനില്‍ക്കാന്‍ കുന്നിമണി കൊണ്ട് അലങ്കരിച്ച പാരമ്പര്യ ആഭരണമായ ചൂതുമണിക്കമ്മലുമായി ഉത്തരവാദിത്ത ടൂറിസം മിഷന്‍. കുന്നിക്കുരു കൊണ്ട് നിര്‍മിക്കുന്ന ഈ സ്മരണികയുടെ പ്രകാശനം സംസ്ഥാന ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്ജ് കേരള ട്രാവല്‍ മാര്‍ട്ടില്‍ നിര്‍വ്വഹിച്ചു.

പക്കം (ഉചിതമായ സമയം) നോക്കി വെട്ടിയ കൈതോല മുള്ള് ചെത്തി ചീകുകയാണ് ചൂതുമണിക്കമ്മലിന്റെ നിര്‍മാണത്തിലെ ആദ്യ പടി. കരിമരുത് കത്തിച്ച് അതിന്റെ ചാരത്തിന്റെ ചൂടില്‍ ഇത് ചുട്ടെടുക്കുന്നു. ചെറുതേന്‍ മെഴുകും ചുട്ടെടുത്ത് അതില്‍ കൈതോല വട്ടത്തില്‍ ചുറ്റിയെടുക്കും. പിന്നീട് കൊങ്ങിണിയില കൂട്ടിത്തിരുമ്മി മിനുസപ്പെടുത്തിയ കുന്നിക്കുരു മണികള്‍ തേന്‍മെഴുകില്‍ ക്രമത്തില്‍ ഒട്ടിച്ചെടുക്കുന്നതോടെയാണ് ചൂതുമണിക്കമ്മലിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നത്.

വയനാട്ടിലെ അമ്പലവയലില്‍ ഉത്തരവാദിത്ത ടൂറിസം മിഷന്റെ ആഭിമുഖ്യത്തിലാണ് ഇതിനുള്ള പരിശീലനം നല്‍കി വരുന്നത്. അമ്പലവയല്‍ പഞ്ചായത്തിലെ അമ്പലക്കുന്ന് ഗ്രാമത്തിലെ ഗോത്രസമുദായം തന്നെയാണ് ചൂതുമണിക്കമ്മലിന്റെ നിര്‍മ്മാണം നടത്തുന്നത്.

പ്രാദേശികമായി സംഭരിച്ച കുന്നിക്കുരു ഉപയോഗിച്ച് 43 പേര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ തോട നിര്‍മാണത്തിന് പരിശീലനം നല്‍കിയത്. നാലു ദിവസമായിരുന്നു പരിശീലനം. കമ്മല്‍ നിര്‍മാണ രീതി നേരില്‍ കാണാനും ചൂതുമണിക്കമ്മല്‍ സ്മരണിക വാങ്ങുന്നതിനും സഞ്ചാരികള്‍ക്ക് അവസരമുണ്ടായിരിക്കും.

കേവലം സ്മരണികയ്ക്കപ്പുറം കേരളത്തിന്റെ തനതെന്നു പറയാവുന്ന പൈതൃക ആഭരണത്തെ മുഖ്യധാരയിലേക്ക് കൊണ്ടു വരാനുള്ള പ്രവര്‍ത്തനമാണ് ഉത്തരവാദിത്ത ടൂറിസം ചൂതുമണിക്കമ്മലിലൂടെ നടത്തുന്നതെന്ന് റാണി ജോര്‍ജ്ജ് ചൂണ്ടിക്കാട്ടി. എല്ലാവരും കൗതുകത്തോടെ കാണുന്ന ചൂതുമണിക്കമ്മല്‍ എന്ന ഈ തോട നിര്‍മ്മാണം പുതിയ തലമുറയില്‍ അന്യം നിന്ന് തുടങ്ങിയെന്ന തിരിച്ചറിവാണ് സ്മരണികയുടെ രൂപത്തില്‍ ഇത് പുനര്‍നിര്‍മ്മിക്കാന്‍ ഉത്തരവാദിത്ത ടൂറിസം തീരുമാനിച്ചതെന്നും അവര്‍ പറഞ്ഞു.

ഗോത്രവര്‍ഗ സമൂഹത്തിന് ടൂറിസം മേഖലയില്‍ നിന്നുള്ള വരുമാനത്തിന് പുറമെ ഗോത്രസംസ്‌കൃതിയെ സംരക്ഷിക്കാനുള്ള പരിശ്രമം കൂടിയാണ് ചൂതുമണിക്കമ്മലിന്റെ പ്രചാരണത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് ഉത്തരവാദിത്ത ടൂറിസം മിഷന്‍ സംസ്ഥാന കോഓര്‍ഡിനേറ്റര്‍ കെ രൂപേഷ് കുമാര്‍ പറഞ്ഞു.

ഉത്തരവാദിത്ത ടൂറിസം അമ്പലവയല്‍ ഡെസ്റ്റിനേഷന്‍ കോഓര്‍ഡിനേറ്റര്‍ ടി കെ സരീഷും സ്മരണിക പ്രകാശനത്തില്‍ പങ്കെടുത്തു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kochi, News, Wayanad, Travel & Tourism, Exotic Wayanad tribal earrings conjure up curiosity at KTM