Follow KVARTHA on Google news Follow Us!
ad

സോഷ്യല്‍ മീഡിയ വിവാദങ്ങളല്ല, ജനകീയ പ്രശ്‌നങ്ങളാണ് ചര്‍ച്ച ചെയ്യേണ്ടത്: കുഞ്ഞാലിക്കുട്ടി

കാസര്‍കോട്: (www.kvartha.com 30.04.2016) സോഷ്യല്‍ മീഡിയ വിവാദങ്ങളല്ല ജനകീയ പ്രശ്‌നങ്ങളാണ് ചര്‍ച്ച ചെയ്യേണ്ടതെന്ന് വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കാസര്‍കോട് പ്രസ് ക്ലബ്ബില്‍ മാധ്യപ്രവര്‍ത്ത്കരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സേഷ്യല്‍ മീഡിയയില്‍ വി എസിനേയും ഉമ്മന്‍ചാണ്ടിയേയും പോലെ കുഞ്ഞാലിക്കുട്ടി സജീവമാകാത്തിനെ കുറിച്ച് ചോദിച്ചപ്പോഴാണ് ഈ പ്രതികരണമുണ്ടായത്. വി എസും ഉമ്മന്‍ ചാണ്ടിയും പരസ്പരം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിക്കുന്നത് സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് വിവാദമാക്കുകയാണ് ചെയ്യുന്നത്. കണ്ണീരൊഴുക്കി കഴിയുന്ന ജനവിഭാഗങ്ങളുടെ നീറുന്ന പ്രശ്‌നങ്ങളാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യേണ്ടത്. വിവാദങ്ങള്‍ സംബന്ധിച്ച് വി എസിനേയും ഉമ്മന്‍ചാണ്ടിയെയും ഉപദേശിക്കാനുള്ള വലിപ്പം എനിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി മറ്റൊരു ചോദ്യത്തിനോട് പ്രതികരിച്ചു.

എന്തിനെയും വിവാദമാക്കി ചര്‍ച്ച ചെയ്യുന്ന സോഷ്യല്‍ മീഡിയയിലെ പ്രവര്‍ത്തനങ്ങളോട് തനിക്ക് യോജിപ്പില്ല. സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങള്‍ മാത്രം താന്‍ ഉന്നയിക്കാറുണ്ട്. വിവാദങ്ങളില്‍ കയറിപ്പിടിക്കാത്തത് കൊണ്ടായിരിക്കാം താന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമല്ലെന്ന് പലര്‍ക്കും തോന്നുന്നത്. ഞങ്ങള്‍ മുന്നോട്ട് വെച്ച മുദ്രാവാക്യങ്ങള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യണം. വികസനകാര്യങ്ങളായിരിക്കണം സോഷ്യല്‍ മീഡിയ ഏറ്റെടുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഡിഎഫ് നേതാക്കളും ബിജെപി നേതാക്കളും തമ്മില്‍ കോഴിക്കോട്ട് ചര്‍ച്ച നടത്തി രഹസ്യ ധാരണയില്‍ എത്തിയെന്ന സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയെ കുറിച്ച് ചോദിച്ചപ്പോള്‍ ഞങ്ങള്‍ക്കാര്‍ക്കും അങ്ങനെയൊരു ചര്‍ച്ചയെകുറിച്ച് അറിയില്ലെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. ബിജെപി കേരളത്തില്‍ വരുന്നത് തടയാന്‍ യുഡിഎഫ് ആണ് ഏറ്റവും കൂടുതല്‍ ശ്രമിക്കുന്നത്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കാസര്‍കോട്ടെയും മഞ്ചേശ്വരത്തേയും പോരാട്ടമെന്ന് അദ്ദേഹം പറഞ്ഞു.



Keywords: Kasaragod, Kerala, Kunhalikutty, Social Network, Press-Club, Oomman Chandy, UDF, BJP, LDF