Follow KVARTHA on Google news Follow Us!
ad

കേരളത്തിലെ ഏറ്റവും മികച്ച രാഷ്ട്രീയ പാര്‍ട്ടിയേത് ? നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം

കേരളം നിയമസഭാ തെരഞ്ഞെടുപ്പിന്റെ വക്കിലാണ്. ശരിയായ അര്‍ത്ഥത്തില്‍ കൗണ്ട് ഡൗണ്‍ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. പതിമൂന്നാം നിയമസഭയുടെ കാലാവധി മെയ് 14ന് അവസാനിക്കും. ഇപ്പോള്‍ Kvartha, Online, Politics, Kerala, Which is the best Political party, Online Poll, Election
(www.kvartha.com 17.02.2016) കേരളം നിയമസഭാ തെരഞ്ഞെടുപ്പിന്റെ വക്കിലാണ്. ശരിയായ അര്‍ത്ഥത്തില്‍ കൗണ്ട് ഡൗണ്‍ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. പതിമൂന്നാം നിയമസഭയുടെ കാലാവധി മെയ് 14ന് അവസാനിക്കും. അഞ്ച് വര്‍ഷത്തോളമായി കേരളം ഭരിക്കുന്ന സര്‍ക്കാരിനു പകരമുള്ള പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തേണ്ടത് 2016 മെയ് 18നാണ്. എല്‍ഡിഎഫിനു ഭരണം കിട്ടിയാലും അതല്ല, യുഡിഎഫിനു ഭരണത്തുടര്‍ച്ച കിട്ടിയാലും ഭരണഘടനാ നടപടിക്രമങ്ങള്‍ പാലിച്ച് പുതിയ നിയമസഭ രൂപീകരിക്കുകയും പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കുകയും വേണം.

മുമ്പൊരിക്കലുമില്ലാത്ത വിധം ബിജെപിയും ഇത്തവണ വിജയവും നിയമസഭാ പ്രവേശനവും അവകാശപ്പെടുന്നു. കേരളത്തെ അക്ഷരാര്‍ത്ഥത്തില്‍ രാഷ്ട്രീയ കലുഷമാക്കിക്കൊണ്ട് ഭരണമുന്നണിയിലെ ഉന്നത നേതാക്കള്‍ക്കെതിരേ വരെ അഴിമതി ആരോപണങ്ങള്‍; പ്രതിപക്ഷത്തെ നയിക്കുന്ന സിപിഎമ്മിനെ പ്രതിസന്ധിയിലാക്കുന്ന കൊലക്കേസുകള്‍, കോടതിവിധികള്‍. കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിന്റെ രാഷ്ട്രീയവും ധാര്‍മികവുമായ പിന്തുണയോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രകടമാകുന്ന അസഹിഷ്ണുതയുടെ നിഷേധാത്മക രാഷ്ട്രീയം തിരിച്ചടിയാകുമെന്ന ബിജെപി കേരള ഘടകത്തിന്റെ ആശങ്ക.. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് ഇത്തവണ തെരഞ്ഞെടുപ്പു വരുന്നത്.

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തില്‍ കാസര്‍കോടു നിന്നു തിരുവനന്തപുരത്തേക്കു നടത്തിയ സമത്വമുന്നേറ്റ യാത്രയ്‌ക്കൊടുവില്‍ പ്രഖ്യാപിച്ച പുതിയ രാഷ്ട്രീയ പാര്‍ട്ടിയായ ഭാരതീയ ധര്‍മജന സേന ഉള്‍പെടെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇല്ലാതിരുന്ന പല രാഷ്ട്രീയ സാന്നിധ്യങ്ങളും ഇത്തവണയുണ്ട്. ആര്‍എസ്പിയില്‍ നിന്നു രാജിവയ്ക്കാന്‍ എംഎല്‍എ സ്ഥാനം ഉപേക്ഷിച്ച കോവൂര്‍ കുഞ്ഞുമോന്റെ ആര്‍എസ്പി (ലെനിനിസ്റ്റ്), ജെഎസ്എസ് പിളര്‍ന്നുണ്ടായ ഒന്നിലധികം ചെറുഗ്രൂപ്പുകള്‍ എന്നിവ ഉദാഹരണം.

കഴിഞ്ഞ തെരഞ്ഞെടുപ്പിനു മുമ്പ് കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തില്‍ ലയിച്ച പി.സി ജോര്‍ജിന്റെ കേരള കോണ്‍ഗ്രസ് സെക്കുലര്‍ വീണ്ടും പുനരുജ്ജീവിപ്പിച്ചുവെന്നു മാത്രമല്ല അത് രണ്ടായി പിളരുകയും ചെയ്തിരിക്കുന്നു. ഒന്നിന് ഇടത് ആഭിമുഖ്യം, മറ്റൊന്നിന് ബിജെപിയോട്. പി.സി തോമസിന്റെ നേതൃത്വത്തില്‍ ഇടതുമുന്നണി ഘടക കക്ഷിയായിരുന്ന കേരള കോണ്‍ഗ്രസ് രണ്ടായപ്പോഴും ഒന്ന് ഇടത്തും ഒന്ന് ബിജെപിയിലുമായി. പി സി തോമസ് തന്നെയാണ് കറങ്ങിത്തിരിച്ച് ബിജെപി പാളയത്തിലെത്തിയത്.

ജമാഅത്തെ ഇസ്ലാമിയുടെ വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ, പോപ്പുലര്‍ ഫ്രണ്ടിന്റെ എസ്ഡിപിഐ എന്നിവ കാലുറപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ്. ബംഗളൂരു സ്‌ഫോടനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട അബ്ദുന്നാസര്‍ മഅ്ദനിക്ക് ജാമ്യം കിട്ടിയെങ്കിലും കേരളത്തിലേക്കു വരാന്‍ കഴിയാത്ത കോടതി ഉപാധിയുടെ പ്രതിസന്ധി പിഡിപിയെ അലട്ടുന്നു. തെരഞ്ഞെടുപ്പ് എന്നത് അഞ്ചുവര്‍ഷത്തിലൊരിക്കല്‍ മാത്രം ജനം രാജാവാകുന്ന അവസരമാണെന്നു പറയാറുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും ജനത്തെ ഏറ്റവുമധികം പരിഗണിക്കുന്ന കാലം.

പക്ഷേ, അതുകഴിഞ്ഞ് വെറുതേ കണ്ണുംപൂട്ടി സ്വന്തം സൈ്വരവിഹാരങ്ങളില്‍ മുഴുകാന്‍ നേതാക്കളെയും പാര്‍ട്ടികളെയും അനുവദിക്കും വിധത്തിലുള്ളതല്ല കേരളത്തിലെ രാഷ്ട്രീയ, സാമൂഹിക സാഹചര്യം. രാജ്യത്തെ മറ്റു പല സംസ്ഥാനങ്ങളിലേക്കാള്‍ രാഷ്ട്രീയബോധവും സാമൂഹിക ജാഗ്രതയും നിലനിര്‍ത്തുന്നവരാണ് കേരളീയര്‍ എന്നതാണു കാരണം. രാഷ്ട്രീയബോധമല്ല ഇത് പാര്‍ട്ടിബോധമാണ് എന്നുള്ള വിമര്‍ശനങ്ങളൊക്കെ ഒരു വശത്ത് കേള്‍ക്കേണ്ടിവരുമ്പോഴും കേരളജനത വെറും വോട്ടുബാങ്കായും ജാഥകളിലെ ആള്‍ക്കൂട്ടം മാത്രമായും ചുരുങ്ങിപ്പോകാന്‍ തയ്യാറല്ല. ജയപരാജയങ്ങളെ നിര്‍ണയിക്കുകയും ആരോഹണ അവരോഹണങ്ങളെ സ്വാധീനിക്കുകയും ചെയ്യുന്നതില്‍ നമ്മള്‍ പ്രവചനാതീത നിലപാടുകളെടുക്കുന്നു, മിക്കപ്പോഴും.
Which is the best Political party

കോണ്‍ഗ്രസായും സിപിഎമ്മായും സിപിഐയായും മുസ്്‌ലിം ലീഗായും ബിജെപിയായും കേരള കോണ്‍ഗ്രസായുമൊക്കെ രാഷ്ട്രീയം പറയുന്നതിനിടയില്‍ത്തന്നെ കേരളത്തിനു പൊതുവായുള്ളത് നട്ടെല്ലും തിരിച്ചറിവുകളുമാണ്. അതു വിട്ട് ആട്ടിന്‍പറ്റങ്ങളാകാന്‍ വേറെ ആളെ നോക്കണം. അതുകൊണ്ടാണല്ലോ പിളര്‍പ്പുകളും പുറത്താക്കലുകളും തരംതാഴ്ത്തലുകളും മാത്രമല്ല വെട്ടുംകുത്തും പോലുമുണ്ടാകുന്നത്. കാലം തിരിഞ്ഞുകുത്തുന്നത് തിരിച്ചറിയുന്നുമുണ്ട് കേരളം. അതുകൊണ്ട് രാഷ്ട്രീയ സംഘര്‍ഷങ്ങളുടെയും പാര്‍ട്ടിതല ക്വട്ടേഷന്‍ സംഘങ്ങളുടെയും കാലം അവസാനിച്ചേക്കാമെന്ന പുതിയ പ്രതീക്ഷ കേരളത്തില്‍ സജീവമാണിപ്പോള്‍.

തെരഞ്ഞെടുപ്പിലേക്കു കൈയും കാലുമെടുത്തു വച്ചു നില്‍ക്കുന്ന കേരളജനതയോട് മേല്‍പ്പറഞ്ഞ തിരിച്ചറിവുകളെ സാക്ഷിനിര്‍ത്തി കെവാര്‍ത്ത ചോദിക്കുകയാണ് പ്രസക്തമായ ചോദ്യം: കേരളത്തില്‍ ഏറ്റവുമധികം സ്വീകാര്യതയുള്ള രാഷ്ട്രീയ പാര്‍ട്ടി ഏതാണ്?

ഉത്തരങ്ങള്‍ ആപേക്ഷികമാകാം; ഒരാളുടെ രാഷ്ട്രീയ ഇഷ്ടമല്ല അപരന്റേത്. കുറേ എസ്എംഎസുകളല്ല ജനങ്ങളുടെ പിന്തുണയുടെ നേര്‍രൂപമാണ് രാഷ്ട്രീയപാര്‍ട്ടികളുടെ അടിത്തറ. പക്ഷേ, അത്തരം ഉത്തരങ്ങളുടെ കൂമ്പാരത്തില്‍ നിന്ന് പ്രാതിനിധ്യ സ്വഭാവമുള്ള ഒരു വലിയ ഉത്തരം കണ്ടെത്താനാകുമെന്നു തന്നെ ഞങ്ങള്‍ വിശ്വസിക്കുന്നു.

കെവാര്‍ത്തയുടെ ആന്‍ഡ്രോയിഡ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം Click Here

ഇങ്ങനെയാണ് നിങ്ങള്‍ നിങ്ങളുടെ പാര്‍ട്ടിയെ തെരഞ്ഞെടുക്കേണ്ടത്. താഴെയുള്ള പോളിംങ് വിഡ്ജറ്റില്‍ നിങ്ങള്‍ ഏത് രാഷ്ട്രീയ പാര്‍ട്ടിക്കാണോ വോട്ട് ചെയ്യുന്നത്, അതിന് മുകളില്‍ ക്ലിക്ക് ചെയ്ത് വോട്ട് രേഖപ്പെടുത്തുക. ഈ പോള്‍ നിങ്ങള്‍ക്ക് ഷെയര്‍ ചെയ്യാനും പറ്റും.


Keywords: Kvartha, Online, Politics, Kerala, Which is the best Political party, Online Poll, Election.