Follow KVARTHA on Google news Follow Us!
ad

രാത്രിയില്‍ കോടതിയുടെ ചോദ്യം: മറുപടി അന്നു രാവിലെ

ചാലക്കുടി കോടതി രാത്രിയില്‍ പരാതിക്കാരനോട് ചോദ്യം ചോദിച്ചു. മറുപടി കിട്ടയത് അന്നു രാവിലെ. അമേരിക്കന്‍ സമയം ക്രമീകരിച്ച് വീഡിയോ Court, America, case, Chalakudy, Video conference, Night, order, Magistrate.
തൃശൂര്‍: (www.kvartha.com 22.12.2014) ചാലക്കുടി കോടതി രാത്രിയില്‍ പരാതിക്കാരനോട് ചോദ്യം ചോദിച്ചു. മറുപടി കിട്ടയത് അന്നു രാവിലെ. അമേരിക്കന്‍ സമയം ക്രമീകരിച്ച് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി നടന്ന കോടതി വിചാരണയിലാണ് ഇത്. സാധാരണ നിലയില്‍ വൈകിട്ട് നാല് മണിയോടെ കോടതി വ്യവഹാരങ്ങള്‍ കഴിയാറുണ്ടെങ്കിലും അമേരിക്കയിലുള്ള കേസിലെ പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ച് പ്രത്യേകമായി നേടിയ ഉത്തരവ് പ്രകാരം രാത്രി എട്ടര മണിയോടെയാണ് എല്ലാ ആധുനിക സംവിധാനവും ഒരുക്കി ചാലക്കുടി ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് വിചാരണ നടത്തിയത്.

ഡിസംമ്പര്‍ ഒമ്പത്, 16, 23 എന്നീ തിയതികളില്‍ വൈകിട്ട് അഞ്ച് മണിക്ക് ശേഷം വിചാരണ നടത്താനായിരുന്നു ഹൈക്കോടതി ഉത്തരവ്. എന്നാല്‍ സാങ്കേതിക സംവിധാനം തകരാറിലായതിനാല്‍ ഒമ്പതാം തിയതി വിചാരണ നടത്താന്‍ കഴിഞ്ഞില്ല. അമേരിക്കയിലേയും ഇന്ത്യയിലേയും പത്ത് മണിക്കൂര്‍ സമയ വ്യത്യാസം കണക്കാക്കിയാണ് ചാലക്കുടിയില്‍ കോടതി സമയം ക്രമീകരിച്ചത്. ഇത് പ്രകാരം രാത്രി എട്ടര മണിക്ക് ചാലക്കുടി മജിസ്‌ട്രേറ്റ് കോടതിയില്‍ വിചാരണ ആരംഭിച്ചപ്പോള്‍ മൂത്ത സഹോദരി ലളിതക്കെതിരെ അമേരിക്കയിലെ ന്യൂജഴ്‌സിയിലിരുന്ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഇളയ അനുജത്തിയും കോട്ടയം കാരാപ്പുഴ സ്വദേശിനിയുമായ ഇന്ദിരാ പ്രസാദും ഭര്‍ത്താവും ചാലക്കുടി മജിസ്‌ട്രേറ്റിന് ഇംഗ്ലീഷില്‍ മൊഴി നല്‍കി.

രാത്രി 7.30നാണ് സമയം നിശ്ചയിച്ചിരുന്നതെങ്കിലും അമേരിക്കയിലെ ചില മാസങ്ങളിലെ സമയ വ്യത്യാസം മൂലം ഒരു മണിക്കൂര്‍ വൈകിയാണ് കോടതി നടപടികള്‍ ആരംഭിച്ചത്. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി വിചാരണ നടത്തുവാന്‍ വിപുലമായ സംവിധാനങ്ങളും ടെക്‌നീഷ്യന്മാരുമാണ് ചാലക്കുടി കോടതിയിലുണ്ടായിരുന്നത്. സിനിമാ ചിത്രീകരണത്തിന് സെറ്റൊരുക്കും വിധം വൈകിട്ട് അഞ്ച് മണിമുതല്‍ തന്നെ വലിയ സ്‌ക്രീന്‍, ക്ലോസ്ഡ് സര്‍ക്ക്യൂട്ട് ക്യാമറ എന്നിവയും പ്രതിക്കൂടിനോട് ചേര്‍ന്ന് വിവിധ വശങ്ങളില്‍ നിന്നുള്ള ക്യാമറയും സജ്ജീകരിച്ചിരുന്നു. കോടതിയുടെ പേരിലെടുത്ത ബി.എസ്.എന്‍.എല്‍. കണക്ഷന്‍ വഴി സ്‌ക്കൈപ്പ് സംവിധാനത്തിലൂടെയായിരുന്നു വിചാരണ.

കോട്ടയം കാരാപ്പുഴ ചെന്നക്കാട്ട് വാര്യത്ത് ഇന്ദിരാ പ്രസാദിന്റെ മൂത്ത സഹോദരിയും ഇപ്പോള്‍ ചാലക്കുടി പുതുക്കാട് രാപ്പാട് വാര്യത്തെ ഹരിദാസിന്റെ ഭാര്യയുമായ ലളിതയുമായുള്ള ഭൂമി സംബന്ധമായ കേസാണ് വിചാരണ നടത്തിയത്. അനുജത്തിയുടെ പണം ഉപയോഗിച്ച് ചാലക്കുടി സി.എം.ഐ. പബ്ലിക്ക് സ്‌ക്കൂളിന് സമീപം 2004 ല്‍ വാങ്ങിയ 90 സെന്റ് ഭൂമിയില്‍ 15 സെന്റ് സഹോദരി ലളിതയും ഭര്‍ത്താവും ചതിയിലൂടെ കൈക്കലാക്കിയെന്നതാണ് കേസ്.

2008 ല്‍ ഇതു സംബന്ധിച്ചു ഇരിങ്ങാലക്കുട കോടതിയില്‍ നല്‍കിയ സിവില്‍ കേസ് കോടതി നേരത്തെ തള്ളിയിരുന്നു. പിന്നീട് ചാലക്കുടി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സെക്ഷന്‍ 420 പ്രകാരം വഞ്ചന കേസ് നല്‍കിയിരുന്നെങ്കിലും ചാലക്കുടി കോടതിയും ആദ്യം കേസ് തള്ളിയിരുന്നു. എന്നാല്‍ വീണ്ടും പരാതിക്കാരി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അമേരിക്ക ന്യൂജഴ്‌സില്‍ കംപ്യൂട്ടര്‍ എന്‍ജിനീയറായ ഇന്ദിരാപ്രസാദിന്റെ ഭര്‍ത്താവ് ബീഹാര്‍ സ്വദേശിയായ അവിനാഷ് പ്രസാദാണ്. ഇപ്പോള്‍ അമേരിക്കയിലുള്ള അവിനാഷ് ഇന്ത്യന്‍ റെയില്‍വേ സര്‍വ്വീസിലെ ഉദ്യോഗസ്ഥനാണ്. കുട്ടികളുടെ പഠനവും ജോലിയും കാരണം കോടതിയില്‍ നേരിട്ടെത്താനാകില്ലെന്ന അപേക്ഷപ്രകാരമാണ് വീഡിയോ കോണ്‍ഫറന്‍സ് വഴി സാക്ഷി വിചാരണ നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Court, America, case, Chalakudy, Video conference, Night, order, Magistrate.

Keywords: Court, America, case, Chalakudy, Video conference, Night, order, Magistrate.

Post a Comment