Follow KVARTHA on Google news Follow Us!
ad

സുചിന്തിത തീരുമാനങ്ങളുമായി മുന്നോട്ട്

പ്രക്ഷോഭങ്ങള്‍ക്കും സമരപരമ്പരകള്‍ക്കും സംഘട്ടനങ്ങള്‍ക്കും വേദിയാകുന്ന സെക്രട്ടേറിയറ്റിനു മുമ്പില്‍ കഴിഞ്ഞ വ്യാഴാഴ്ച അത്യപൂര്‍വമായ ഒരു കാഴ്ചയൊരുങ്ങി. Article, CM, Oommen Chandy, KPCC, V.M Sudheeran, UDF, Congress, Endosulfan, Hotel, CM Against KPCC President
ഉമ്മന്‍ ചാണ്ടി-മുഖ്യമന്ത്രി

പ്രക്ഷോഭങ്ങള്‍ക്കും സമരപരമ്പരകള്‍ക്കും സംഘട്ടനങ്ങള്‍ക്കും വേദിയാകുന്ന സെക്രട്ടേറിയറ്റിനു മുമ്പില്‍ കഴിഞ്ഞ വ്യാഴാഴ്ച അത്യപൂര്‍വമായ ഒരു കാഴ്ചയൊരുങ്ങി. കാണി ഗോത്രവിഭാഗത്തിന്റെ പരമ്പരാഗത അനുഷ്ഠാന ചടങ്ങുകളായിരുന്നു അത്. ഉദ്ദിഷ്ടകാര്യം സാധിച്ചതിന് വാഴത്തടയില്‍ പന്തം വച്ച് തിരികൊളുത്തി നൈവേദ്യമര്‍പ്പിച്ച്  മലദേവതയെ പ്രീണിപ്പിച്ചുകൊണ്ടുള്ള ചാറ്റ് (ഗോത്രപൂജ) അരങ്ങേറി. ഗോത്രമഹാസഭ നേതാവ് സി.കെ. ജാനു ദീപം കൈമാറി.

മന്ത്രിസഭായോഗത്തില്‍ എടുത്ത തീരുമാനം ഗോത്രമഹാസഭ കോ ഓര്‍ഡിനേറ്റര്‍ എം. ഗീതാനന്ദന്‍ വായിച്ചു കഴിഞ്ഞപ്പോള്‍ ആദിവാസി സമൂഹം ആനന്ദനൃത്തമാടി. 162 ദിവസത്തെ ആദിവാസികളുടെ നില്പുസമരത്തിന് അങ്ങനെ സമാപനം കുറിച്ചു. ഒരു കല്ലുപോലും എറിയാതെ, ഒരു ബസുപോലും തടയാതെ, ഒരു ഹര്‍ത്താല്‍പോലും നടത്താതെയുള്ള ഗാന്ധിയന്‍ മോഡല്‍ സമരം. പല ഘട്ടങ്ങളിലായി നടന്ന ചര്‍ച്ചകളുടെ ഒടുവിലാണ് മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കും കഴിഞ്ഞ ബുധനാഴ്ച രാത്രി വൈകി പരിഹാരമായത്.
             
ജനകീയസമരത്തോട് ഒരു മതേതര സര്‍ക്കാര്‍ സ്വീകരിക്കേണ്ട മാതൃകാപരമായ സമീപനമാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത് എന്നാണ് പ്രമുഖ സാമൂഹിക പ്രവര്‍ത്തകയായ മേധാ പട്കര്‍ വിശേഷിപ്പിച്ചത്. രാത്രി 10.30 നാണ് മേധാ പട്കര്‍ ചര്‍ച്ചയ്ക്ക് ക്ലിഫ് ഹൗസില്‍ എത്തിയത്. ചെങ്ങറ, മൂലമ്പിള്ളി, അട്ടപ്പാടി, എന്‍ഡോസള്‍ഫാന്‍ ബാധിത പ്രദേശം  തുടങ്ങിയ ഇടങ്ങളിലൊക്കെ പതിഞ്ഞ സര്‍ക്കാരിന്റെ കാരുണ്യ സ്പര്‍ശത്തിന്റെ തുടര്‍ച്ചയാണിത്.
             
പട്ടികജാതി ക്ഷേമത്തിനും അവര്‍ അധിവസിക്കുന്ന മേഖലയുടെ സമഗ്ര വികസനത്തിനുമായി 16 സുപ്രധാന തീരുമാനങ്ങളാണ് മന്ത്രിസഭ കൈക്കൊണ്ടത്. സമരവുമായി ബന്ധപ്പെട്ട എല്ലാ ആവശ്യങ്ങളോടും ഉദാരമായ സമീപനം സര്‍ക്കാര്‍ സ്വീകരിച്ചു. 2001ല്‍ അന്നത്തെ മുഖ്യമന്ത്രി ശ്രീ. എ.കെ. ആന്റണി തുടക്കമിട്ട ആദിവാസി പുനരധിവാസ പദ്ധതി പുനരുജ്ജീവിപ്പിച്ച് 7693 ഹെക്ടര്‍ നിക്ഷിപ്തവനഭൂമി പതിച്ചുനല്കുക, ആദിവാസി ഊരുകളെ പട്ടികവര്‍ഗ മേഖലയില്‍ ഉള്‍പ്പെടുത്തുന്ന പെസ നിയമം നടപ്പിലാക്കുക, മുത്തങ്ങയുടെ മുറിവുണക്കുക, അട്ടപ്പാടിയില്‍ സമഗ്ര കാര്‍ഷിക പാക്കേജ് നടപ്പാക്കുക, ആറളത്തെ ജൈവമേഖലയാക്കുക തുടങ്ങിയവയാണ് പ്രധാന തീരുമാനങ്ങള്‍.
             
ചാറ്റുപാട്ടുകള്‍ ഉയരേണ്ട വേറെയും തീരുമാനങ്ങള്‍ ഉണ്ടായെങ്കിലും അവയെല്ലാം വിവാദങ്ങളുടെ  വേലിയേറ്റത്തില്‍പ്പെട്ടുപോയി.  റബറിനു മെച്ചപ്പെട്ട വില ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചത്, സ്മാര്‍ട്ട് സിറ്റിയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയാകുന്നത്, ലിബിയയില്‍ കുടുങ്ങിപ്പോയ കൂടുതല്‍ നഴ്‌സുമാര്‍  മടങ്ങിവന്നത്, പക്ഷിപ്പനി നിയന്ത്രണവിധേയമാക്കിയത്,  മദ്യനയം ഫലപ്രദമായി നടപ്പാക്കുന്ന രീതിയില്‍ ബാര്‍ വിഷയത്തില്‍ പ്രായോഗിക തീരുമാനം ഉണ്ടായത്, കെ.എസ്.ആര്‍.ടി.സിക്ക് പുനരുദ്ധാരണപാക്കേജ് നടപ്പാക്കിയത് തുടങ്ങിയവയെല്ലാം ജീവല്‍പ്രശ്‌നങ്ങളായിരുന്നു. ആദിവാസികളോ  കര്‍ഷകരോ മദ്യനിരോധനമോ തങ്ങളുടെ പരിഗണനയില്‍പോലും  ഇല്ലാത്ത ഇടതുപക്ഷം, യുഡിഎഫ് സര്‍ക്കാര്‍ എടുത്ത  സക്രിയ തീരുമാനങ്ങളെ തമസ്‌കരിക്കാനുള്ള അന്ധമായ പ്രചാരണത്തിലാണ്.    
നിയമസഭയെ പ്രക്ഷുബ്ദ്ധമാക്കി
             
കഴിഞ്ഞ നിയമസഭാ സമ്മേളനത്തെ അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ പുകമറയിലാക്കി അലങ്കോലപ്പെടുത്താന്‍ പ്രതിപക്ഷം പരമാവധി ശ്രമിച്ചു. സഭ തുടങ്ങിയ അന്നു മുതല്‍ അവസാനിക്കുംവരെ  13 ദിവസവും ബാര്‍ വിവാദത്തിന്റെ പേരില്‍ സംഘര്‍ഷഭരിതമായിരുന്നു. എല്ലാ ദിവസവും ഒരു വിഷയം തന്നെ പല രീതിയില്‍ അടിയന്തരപ്രമേയമായി ഉന്നയിക്കാന്‍ ശ്രമിക്കുക, സഭാചട്ടങ്ങള്‍ കാറ്റില്‍പ്പറത്തുക, സഭാധ്യക്ഷനെ അവഹേളിക്കാന്‍ ശ്രമിക്കുക തുടങ്ങിയ നാടകങ്ങള്‍ക്കു സഭ വേദിയായി. മൊത്തം 14 വാക്കൗട്ടുകള്‍. അത്രയും തവണ അവര്‍ സഭയുടെ നടുത്തളത്തിലിറങ്ങി. മൂന്നു വര്‍ഷമായി നിലനിന്നിരുന്ന കീഴ്‌വഴക്കം പിച്ചിച്ചീന്തി പ്രതിപക്ഷ എംഎല്‍എമാര്‍ സ്പീക്കറുടെ ഡയസില്‍ ഇരച്ചുകയറി.   ചോദ്യോത്തരവേള സസ്‌പെന്‍ഡു ചെയ്തു ബഹളംവച്ചു.
             
എന്നാല്‍, ഈ ബഹളത്തിനിടയിലും സര്‍ക്കാര്‍ നിശ്ചിയിച്ചുറപ്പിച്ച എല്ലാ ബിസിനസുകളും നടത്തി. നിയമനിര്‍മാണത്തിന് ഏറെ പ്രാമുഖ്യമുള്ളതായിരുന്നു ഡിസംബറിലെ നിയമസഭാസമ്മേളനം.   അഞ്ചു ധനവിനിയോഗ ബില്ലുകള്‍ ഉള്‍പ്പെടെ 16 ബില്ലുകള്‍ പാസാക്കി.  കേരള മത്സ്യവിത്ത് ബില്‍, സംസ്ഥാനത്തെ ചെറുകിട തുറമുഖങ്ങളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്ന കേരള മാരിടൈം ബോര്‍ഡ് ബില്‍, ലൈബ്രറി കൗണ്‍സില്‍ നിയമനങ്ങള്‍ പിഎസ്‌സിക്കു വിടാനുള്ള ബില്‍, കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് പെന്‍ഷനും യാത്രക്കാര്‍ക്ക് ഇന്‍ഷ്വറന്‍സും ഏര്‍പ്പെടുത്താനുള്ള സംസ്ഥാന റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ സെസ് ബില്‍ തുടങ്ങിയ മൂലനിയമങ്ങളും പാസാക്കി.  ഇനി മൂന്ന് ഓര്‍ഡിനന്‍സുകള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ.
             
നിയമസഭയില്‍ പ്രതിപക്ഷം തുടര്‍ച്ചായി ബഹളം വയ്ക്കുമ്പോള്‍ അവിടെ നിന്ന് ഒരു കിലോമീറ്റര്‍ പരിസരത്ത് ആദിവാസികള്‍ അപ്പോഴും നില്പുസമരം നടത്തുകയായിരുന്നു. ശ്രീ. സി. ദിവാകരന്‍  അവതരിപ്പ ഒരു സബ്മിഷന്‍ ഒഴിവാക്കിയാല്‍ പ്രതിപക്ഷം നിയമസഭയില്‍ ആദിവാസി എന്നൊരു വാക്ക് ഉച്ചരിച്ചിട്ടില്ല. പെന്‍ഷന്‍ കിട്ടാതെ ഒരു കെഎസ്ആര്‍ടിസി ജീവനക്കാരന്‍ ആത്മഹത്യ ചെയ്തുവെന്ന് ആരോപിച്ച് പ്രതിപക്ഷം സഭയ്ക്കു പുറത്ത് കണ്ണീരൊഴുക്കുകയും സഭയ്ക്ക് അകത്ത്   പ്രസ്തുത ബില്‍ പിച്ചിച്ചീന്തുകയുമായിരുന്നു.

റബര്‍ പ്രതിസന്ധിക്കു പരിഹാരം
             
10 ലക്ഷം റബര്‍ കര്‍ഷകരുടെ പ്രശ്‌നവും സഭയില്‍ കാര്യമായി പൊന്തിവന്നില്ല. എന്നാല്‍ സര്‍ക്കാര്‍ ഈ വിഷയത്തിലും പരിഹാരം കണ്ടെത്തി. സര്‍ക്കാര്‍ മുന്നോട്ടുവച്ച ഫോര്‍മുല അംഗീകരിച്ച് അന്താരാഷ്ട്രവിലയുടെ 25 ശതമാനം അധികം നല്കി ടയര്‍ കമ്പനികള്‍ റബര്‍ വാങ്ങാന്‍ സന്നദ്ധമായി.  അഞ്ചു ശതമാനം വാങ്ങല്‍ നികുതിയില്‍ രണ്ടരശതമാനം കമ്പനികള്‍ക്കു നല്കാനും ബാക്കി മൂല്യവര്‍ധിത നികുതിയില്‍ ക്രമീകരിച്ച് ഇളവുനല്‍കാനുമാണ് സര്‍ക്കാരിന്റെ തീരുമാനം.  സര്‍ക്കാരിനു നികുതിയിനത്തില്‍ ലഭിക്കേണ്ടിയിരുന്ന  45 കോടി രൂപയാണ് കര്‍ഷകര്‍ക്കുവേണ്ടി ത്യജിച്ചത്. ഇടതുസര്‍ക്കാരിന്റെ കാലത്ത് റബറിനു വിലയിടിഞ്ഞപ്പോള്‍ അവര്‍ അതിന്റെ ഉത്തരവാദിത്വം ആഗോളവത്കരണത്തിലും ഗാട്ടിലും  ചുമത്തി  സായുജ്യമടഞ്ഞു.
             
ടൂറിസം രംഗത്ത് കേരളം എങ്ങനെ വളര്‍ന്നോ, അങ്ങനെയൊരു വളര്‍ച്ചയിലേക്കാണ് ഐടി മേഖല കടന്നുപോകുന്നത്. കേരളത്തിന്റെ ഐടി കയറ്റുമതി 2010-11ല്‍ 2520 കോടിയായിരുന്നത് 2013-14ല്‍ ഏഴായിരം കോടിയായി കുതിച്ചുയര്‍ന്നിട്ടുണ്ട്. കര്‍ണാടകത്തിന്റെ ഒന്നരലക്ഷം കോടിയും  തമിഴ്‌നാടിന്റെ 75,000 കോടിയും ആന്ധ്രാപ്രദേശിന്റെ 57,000 കോടിയും വലിയ സംഖ്യ തന്നെ. ഐടി രംഗത്ത് ഈ മുന്‍നിര സംസ്ഥാനങ്ങള്‍ക്കൊപ്പം നില്ക്കാന്‍ കേരളത്തിനു കഴിയുമായിരുന്നു. രാജ്യത്തെ ആദ്യത്തെ ഐടി പാര്‍ക്കായ ടെക്‌നോപാര്‍ക്കിന് തുടക്കം കുറിച്ച് കേരളം മാതൃക കാട്ടിയതുമാണ്. പിന്നീട് കംപ്യൂട്ടര്‍ തല്ലിപ്പൊളിച്ചും സ്മാര്‍ട്ട് സിറ്റിപോലുള്ള പദ്ധതികളെ ശരശയ്യയില്‍ കിടത്തിയും നാം ബഹുദൂരം പിറകിലായിപ്പോയി.
               
ഐടി മേഖലയില്‍ അടിസ്ഥാനസൗകര്യം ഒരുക്കാന്‍ സര്‍ക്കാരിനൊപ്പം സ്വകാര്യമേഖലയിലെ വന്‍ സംരംഭകരും ഇപ്പോള്‍ രംഗത്തുണ്ട്. സ്മാര്‍ട്ട് സിറ്റി, ടോറസ് തുടങ്ങിയ വലിയ ബ്രാന്‍ഡുകള്‍ കേരളത്തില്‍ സ്ഥാനമുറപ്പിച്ചു. സ്മാര്‍ട്ട് സിറ്റിയുടെ ആദ്യഘട്ടം അടുത്ത മേയില്‍ പ്രവര്‍ത്തനം ആരംഭിക്കും. 11 ഏക്കറില്‍ 6.5 ലക്ഷം വിസ്തീര്‍ണത്തിലാണ് ആദ്യഘട്ടം പൂര്‍ത്തിയാകുന്നത്. അപ്പോള്‍ ആറായിരം പേര്‍ക്കും  മൊത്തം പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ 90,000 പേര്‍ക്കും ജോലി ലഭിക്കും. 2005ല്‍ ആലോചന തുടങ്ങിയ ഈ പദ്ധതി പത്തുവര്‍ഷം കൊണ്ടാണ് ആദ്യഘട്ടത്തിലെത്തുന്നത്. ഈ പദ്ധതിയുടെ പേരില്‍ പഴിക്കപ്പെട്ടവരുണ്ട്.  ആത്യന്തിക വിജയം സത്യത്തിനു തന്നെയെന്നു കാലം തെളിയിക്കുന്നു.
             
ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നായ  കെ.എസ്.ആര്‍.ടി.സിയുടെ പുനരുദ്ധാരണത്തിന് പാക്കേജ് കൊണ്ടുവരാന്‍ സാധിച്ചു. പെന്‍ഷന്‍ കുടിശിക അടിയന്തരമായി നല്കുക, പെന്‍ഷന്‍ ഫണ്ട് രൂപീകരിക്കുക, പുതിയ ബസുകള്‍ ഇറക്കുക, നഷ്ടത്തിലോടുന്നവയെ റൂട്ടുമാറ്റി ഓടിക്കുക തുടങ്ങിയ 13 സുപ്രധാന തീരുമാനങ്ങളാണ് എടുത്തിട്ടുള്ളത്. 34,500 സ്ഥിരം ജീവനക്കാരും 12,000 താത്കാലിക ജീവനക്കാരും 36,968 പെന്‍ഷന്‍കാരുമുള്ള കെ.എസ്.ആര്‍.ടി.സിയില്‍ 35 ലക്ഷം പേരാണ് ദിവസേന യാത്ര ചെയ്യുന്നത്.
മദ്യനയവുമായി മുന്നോട്ട്
             
മദ്യനയത്തില്‍ പ്രായോഗികത നോക്കിയും പൊതുനന്മ ലക്ഷ്യമിട്ടും മാത്രമേ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുള്ളു. മദ്യനയത്തില്‍ വരുത്തിയ മാറ്റം യുഡിഎഫ് സര്‍ക്കാരിന്റെ  നയത്തിന്റെ തുടര്‍ച്ച മാത്രമാണ്. ഘട്ടംഘട്ടമായി മദ്യത്തിന്റെ ലഭ്യത കുറച്ചും മദ്യം വര്‍ജിച്ചും ബോധവത്കരണം നടത്തിയും സമ്പൂര്‍ണ മദ്യനിരോധനത്തിലേക്ക് കേരളത്തെ മെല്ലെ അടുപ്പിക്കുക എന്നതാണ് ആ നയം. 2011ല്‍ തന്നെ ഇതിനു തുടക്കമിടുകയും ചെയ്തു.
             
ബാര്‍ ഹോട്ടലുകള്‍ അടച്ചതുമൂലം തൊഴില്‍നഷ്ടപ്പെട്ട  തൊഴിലാളികളുടെ പ്രശ്‌നവും ടൂറിസം മേഖലയിലുണ്ടായ തിരിച്ചടിയുമാണ് മദ്യനയത്തില്‍  മാറ്റംകൊണ്ടുവരാന്‍ കാരണം. അടച്ച ബാറുകളിലെ പത്തുതൊഴിലാളികള്‍ ജീവനൊടുക്കിയ ദാരുണമായ സംഭവം നമ്മുടെ മുന്നിലുണ്ട്. പല കുടുംബങ്ങളും തകര്‍ച്ചയുടെ വക്കിലാണ്. അവരുടെ നിലവിളിയും സര്‍ക്കാര്‍ കേള്‍ക്കേണ്ടേ?  തൊഴില്‍ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ടൂറിസം സെക്രട്ടറിയും സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം 24,787 പേര്‍ക്കാണ്  തൊഴില്‍  നഷ്ടപ്പെട്ടത്.  ഈ ടൂറിസം സീസണില്‍ 5354 റൂം ബുക്കിംഗ് റദ്ദാക്കിയതോടെ 6.12 കോടി രൂപയുടെ നഷ്ടം സംഭവിച്ചു. കേരളവുമായി മത്സരിക്കുന്ന ശ്രീലങ്കയിലേക്കു വിദേശ ടൂറിസ്റ്റുകള്‍ പോകുന്ന സാഹചര്യമാണുള്ളത്. 22,926 കോടി രൂപ സംഭാവന ചെയ്യുന്ന ടൂറിസം മേഖലയ്ക്ക് സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തില്‍ രണ്ടാം സ്ഥാനമുണ്ട്. ബിയറും വൈനും ഇഷ്ടപ്പെടുന്നവരാണ് വിദേശ ടൂറിസ്റ്റുകളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ റിപ്പോര്‍ട്ട് പരിഗണിച്ചശേഷമാണ് മദ്യനയത്തില്‍ മാറ്റംകൊണ്ടുവന്നത്.
             
പൂട്ടിയ ബാറുകള്‍ക്ക് ബിയര്‍ & വൈന്‍ പാര്‍ലറുകള്‍ അനുവദിക്കുന്നത് തൊഴില്‍രഹിതരെ പുനരധിവസിപ്പിക്കണമെന്ന വ്യവസ്ഥയിലാണ്. വീര്യം കൂടിയ മദ്യത്തില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യത്തിലേക്കുള്ള യാത്രയായിരിക്കും അടുത്ത പത്തുവര്‍ഷം. ബിയര്‍- 6%, കള്ള്- 8%, വൈന്‍- 8-15.5%, വിദേശനിര്‍മിത മദ്യം- 42.86% എന്നിങ്ങനെയാണ് വീര്യം. ബീയര്‍ & വൈന് 113 ലൈസന്‍സുകള്‍ നല്കിയിട്ടുണ്ട്. ബീയറും വൈനും  വിദേശമദ്യം പോലെതന്നെയാണെന്നാണ്  ചിലരുടെ വ്യാഖ്യാനം. കേരളം മദ്യത്തില്‍ മുങ്ങാന്‍ പോകുന്നുവെന്ന് ഇവര്‍ ഒച്ചവയ്ക്കുന്നു.

ഒരു മാസം ശരാശരി വിദേശനിര്‍മിത മദ്യത്തിന്റെ   18.61 ലക്ഷം കെയ്‌സുകളും (ഒരു കെയ്‌സ് ഒന്‍പത് ലിറ്റര്‍) ബിയറിന്റെ 7.11 ലക്ഷം ബിയര്‍ കെയ്‌സുകളുമാണ് (ഒരു കെയ്‌സ് 12 കുപ്പി) വില്ക്കുന്നത്. വൈന്‍ 4,500 കെയ്‌സുകള്‍ (12 കുപ്പി) മാത്രം.  കേരളത്തെ ലഹരിയില്‍ മുക്കുന്ന വിദേശനിര്‍മിത മദ്യമാണ് ഇല്ലാതാകാന്‍ പോകുന്നത്. ഒറ്റയടിക്ക് 730 ബാറുകളുടെ  ലൈസന്‍സ് സ്ഥിരപ്പെടുത്തിക്കൊടുക്കുകയും ഒരു ബാറോ ഔട്ട്‌ലെറ്റോ പൂട്ടാന്‍ ധൈര്യം കാട്ടാതിരിക്കുകയും ചെയ്ത പ്രതിപക്ഷത്തിന്  സര്‍ക്കാരിന്റെ മദ്യനയത്തിനെതിരേ രംഗത്തുവരാന്‍ എന്തവകാശമാണുള്ളത്?
             
ബാഹ്യസമ്മര്‍ദമല്ല, സാമൂഹിക യാഥാര്‍ഥ്യമാണ് സര്‍ക്കാര്‍ തീരുമാനത്തിന്റെ അടിസ്ഥാനം. മദ്യനയം സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തുകഴിഞ്ഞു. ഇനി പുനഃപരിശോധന ഉണ്ടാകില്ല. വിവിധ തലങ്ങളില്‍ നടന്ന വിശദമായ ചര്‍ച്ചയ്ക്ക് ശേഷമാണ് സുവ്യക്തമായ തീരുമാനം എടുത്തത്.  ഇത്തരം വിവാദങ്ങളില്‍ സര്‍ക്കാരിനെ തളച്ചിടാന്‍ ആര്‍ക്കും കഴിയില്ല. പരിഹരിക്കപ്പെടേണ്ട ഒട്ടനവധി വിഷയങ്ങള്‍ ഇനിയും കാത്തിരിക്കുന്നു. അവ ഓരോന്നും പരിഹരിച്ച് ജനങ്ങള്‍ക്ക് സമാശ്വാസവും നാടിനു വികസനവും ഉറപ്പാക്കി സര്‍ക്കാര്‍ ലക്ഷ്യത്തില്‍ എത്തുക തന്നെ ചെയ്യും.

Article, CM, Oommen Chandy, KPCC, V.M Sudheeran, UDF, Congress, Endosulfan, Hotel, CM Against KPCC President

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Article, CM, Oommen Chandy, KPCC, V.M Sudheeran, UDF, Congress, Endosulfan, Hotel, CM Against KPCC President

Post a Comment