Follow KVARTHA on Google news Follow Us!
ad

റൈസ് ബക്കറ്റ് ചലഞ്ച്: ഇന്‍ഫോപാര്‍ക്ക് വിതരണം ചെയ്തത് രണ്ടു ടണ്‍ അരി

ഐടി കമ്പനികളുടെയും ജീവനക്കാരുടെയും സഹകരണത്തോടെ ഇന്‍ഫോപാര്‍ക്കില്‍ സംഘടിപ്പിച്ച റൈസ് ബക്കറ്റ് ചലഞ്ച് വന്‍ വിജയമായി Infopark, Rice Bucket Challenge, RBC, IT company, P.H. Kurian, Onam celebrations
കൊച്ചി: (www.kvartha.com 18.09.2014) ഐടി കമ്പനികളുടെയും ജീവനക്കാരുടെയും സഹകരണത്തോടെ ഇന്‍ഫോപാര്‍ക്കില്‍ സംഘടിപ്പിച്ച റൈസ് ബക്കറ്റ് ചലഞ്ച് വന്‍ വിജയമായി മാറി. രണ്ടാഴ്ച നീണ്ട ഈ പരിപാടിയിലൂടെ ശേഖരിച്ച രണ്ടു ടണ്‍ അരി കോതമംഗലം കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി കോളനിയിലെ കുടുംബങ്ങള്‍ക്ക് ബുധനാഴ്ച വിതരണം ചെയ്തു. ഉരുളന്‍തണ്ണിയിലെ മുതുവാക്കുടിയിലെ 200 കുടുംബങ്ങള്‍ക്ക് നല്‍കിയ ശേഷം ബാക്കി വന്ന അരി വൈകാതെ മറ്റൊരു ആദിവാസി കോളനിയില്‍ വിതരണം ചെയ്യും.

ഇന്‍ഫോപാര്‍ക്കിലെ ഓണാഘോഷങ്ങളുടെ ഭാഗമായി വ്യവസായ ഐടി പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യനായിരുന്നു സെപ്റ്റംബര്‍ അഞ്ചിന് റൈസ് ബക്കറ്റ് ചലഞ്ച് ഉദ്ഘാടനം ചെയ്തത്. ആദിവാസിക്കുടിയിലേക്കുള്ള അരിവിതരണത്തിനുള്ള വാന്‍ ഇന്‍ഫോപാര്‍ക്ക് സിഇഒ ഋഷികേശ് നായര്‍ ഫല്‍ഗ് ഓഫ് ചെയ്തു. ഇടമലയാര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ജോര്‍ജ് മാളിയേക്കല്‍, ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ മൂസ ആയക്കോടന്‍ എന്നിവര്‍ ഉരുളന്‍തണ്ണിയിലെ അരിവിതരണത്തിനു നേതൃത്വം നല്‍കി.

റൈസ് ബക്കറ്റ് ചലഞ്ച് അതിന്റെ മാനുഷികമൂല്യങ്ങളുടെ പേരില്‍ രാജ്യത്താകമാനം വൈകാരികചലനങ്ങളാണുണ്ടാക്കിയിട്ടുള്ളതെന്നും ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്‍ഫോപാര്‍ക്ക് തുടര്‍ന്നും പിന്തുണ നല്‍കുമെന്നും ഋഷികേശ് നായര്‍ പറഞ്ഞു. പിന്നോക്കസമുദായ ക്ഷേമ മന്ത്രി പി.കെ. ജയലക്ഷ്മിയുടെ പിന്തുണയോടെയായിരുന്നു റൈസ് ബക്കറ്റ് ചലഞ്ച് സംഘടിപ്പിച്ചത്. കൊച്ചിയിലെ ഇന്‍ഫോപാര്‍ക്കിനൊപ്പം അതിന്റെ തൃശൂരിലെ ഉപഗ്രഹ കേന്ദ്രത്തിലെ കമ്പനികളും പരിപാടിയില്‍ പങ്കെടുത്തു.

ലോകപ്രശസ്തമായി മാറിയ ഐസ് ബക്കറ്റ് ചലഞ്ചിന്റെ ഇന്ത്യന്‍ പതിപ്പാണ് റൈസ് ബക്കറ്റ് ചലഞ്ച്. 2013 മധ്യത്തോടെ തുടങ്ങുകയും ഈ വര്‍ഷം ജൂണ്‍ മാസത്തോടെ ഏറെ പ്രചാരം നേടുകയും ചെയ്ത ഐസ് ബക്കറ്റ് ചലഞ്ചിന് ബദലായാണ് റൈസ് ബക്കറ്റ് ചലഞ്ച് ആരംഭിച്ചത്. ഐസ് ബക്കറ്റ് ചലഞ്ചില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് ഹൈദരാബാദിലുള്ള ഒരു പത്രപ്രവര്‍ത്തകയാണ് റൈസ് ബക്കറ്റ് ചലഞ്ചിലൂടെ ഇതിന് പ്രാദേശികമാനം നല്‍കിയത്.

ആളുകള്‍ അരി ദാനം ചെയ്യുന്ന പരിപാടിയാണ് റൈസ് ബക്കറ്റ് ചലഞ്ച്. പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യാനാണ് അരി ശേഖരിക്കുക. ഇത്തരത്തില്‍ അരി ദാനം ചെയ്യുന്ന ചിത്രം സാമൂഹ്യമാധ്യമങ്ങളിലെവിടെയെങ്കിലും പോസ്റ്റുചെയ്യുകയും തന്റെ പരിചയത്തിലുള്ള മറ്റ് നാലുപേരെ ഇതിനായി വെല്ലുവിളിക്കുകയും ചെയ്യുകയാണ് ഇതിലൂടെ ചെയ്യുന്നത്.
Infopark, Rice Bucket Challenge, RBC, IT company,  P.H. Kurian, Onam celebrations

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Infopark, Rice Bucket Challenge, RBC, IT company,  P.H. Kurian, Onam celebrations.

Post a Comment