സുരേന്ദ്രന്‍ സ്മാരക പുരസ്‌ക്കാരം വീണ ജോര്‍ജ്ജിന്

കണ്ണൂര്‍: ഏഷ്യാനെറ്റ് ലേഖകനായിരുന്ന സുരേന്ദ്രന്‍ നീലേശ്വരത്തിന്റെ സ്മരണയ്ക്കായി നീലേശ്വരം സുരേന്ദ്രന്‍ സ്മാരകസമിതി ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം ഇന്ത്യാവിഷന്‍ ഡെപ്യൂട്ടി ന്യൂസ് എഡിറ്റര്‍ വീണ ജോര്‍ജ്ജിന് നല്‍കുമെന്ന് സ്മാരകസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 10,001 രൂപയും പ്രശസ്തി പത്രവും, ശില്‍പവുമാണ് അവാര്‍ഡ്. മാധ്യമരംഗത്തെ സമഗ്രസംഭാവനയ്ക്കാണ് വീണജോര്‍ജ്ജിന് ഈ വര്‍ഷത്തെ അവാര്‍ഡ് നല്‍കുന്നത്. വാര്‍ത്ത അവതരണത്തിലും വിശകലനത്തിലുമുള്ള മികവാണ് വീണയെ അവാര്‍ഡിനായി തിരഞ്ഞെടുത്തത്.
പ്രമുഖ മാധ്യമനിരൂപകന്‍ ഡോ. സെബാസ്റ്റ്യന്‍പോള്‍, പ്രൊഫ. എം.എ. റഹ്മാന്‍, പ്രൊഫ. കെ.പി. ജയരാജന്‍ എന്നിവരടങ്ങിയ ജഡ്ജിംങ് കമ്മറ്റിയാണ് വീണയെ അവാര്‍ഡിനായി തിരഞ്ഞെടുത്തത്. പതിനൊന്നുവര്‍ഷമായി ദൃശ്യമാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്ന വീണ കൈരളി ടിവിയിലൂടെയാണ് മാധ്യമരംഗത്ത് എത്തിയത്. പിന്നീട് മനോരമ ന്യൂസിലും പ്രവര്‍ത്തിച്ചു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇന്ത്യാവിഷനില്‍ ഡെപ്യൂട്ടി ന്യൂസ് എഡിറ്ററായി ജോലിചെയ്യുകയാണ്.
ന്യൂസ്‌നൈറ്റ്, മുഖാമുഖം തുടങ്ങിയ പരിപാടികളിലൂടെയാണ് വീണ മാധ്യമരംഗത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടത്. അവാര്‍ഡ് പ്രഖ്യാപിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സ്മാരകസമിതി ചെയര്‍മാന്‍ പ്രൊഫ. കെ.പി. ജയരാജന്‍, സെക്രട്ടറി സേതുബങ്കളം, രാമരം മുഹമ്മദ്, ശെല്‍വരാജ് കയ്യൂര്‍ എന്നിവര്‍ സംബന്ധിച്ചു. ഡിസംബര്‍ മൂന്നിന് വൈകീട്ട് മൂന്നു മണിക്ക് നീലേശ്വരം തെരുവിലെ എന്‍.കെ.ബി.എം. ഹാളില്‍ നടക്കുന്ന ചടങ്ങില്‍വെച്ച് മുന്‍ നിയമസഭ സ്പീക്കര്‍ വി.എം. സുധീരന്‍ അവാര്‍ഡ് സമ്മാനിക്കും.

Keywords: IndiaVision-TV, Vena Jeorge, Award, Kannur, Kerala, 

Post a Comment

Previous Post Next Post