Follow KVARTHA on Google news Follow Us!
ad

കോണ്‍ഗ്രസ് പ്രകടന പത്രിക വെള്ളിയാഴ്ച, മെയ് ഒന്ന് മുതല്‍ മോദിയുടെ പ്രചരണ പരിപാടി; കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് ചൂട് സജീവമായി

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ദേശീയ ശ്രദ്ധ പിടിച്ചു കഴിഞ്ഞു. ദക്ഷിണേന്ത്യയെ സംബന്ധിച്ചിടത്തോളമിത്, 2019 ലെ ലോകസഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള ഒരു റിഹേര്‍സലാണ്. ഈ Kasaragod, Article, Aslam Mavilae, Karnataka, Election, Congress, BJP, Campaign program, Politics.

കര്‍ണാടക ഡയറി- 2/ അസ്ലം മാവില

(www.kvartha.com 26.04.2018) കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ദേശീയ ശ്രദ്ധ പിടിച്ചു കഴിഞ്ഞു. ദക്ഷിണേന്ത്യയെ സംബന്ധിച്ചിടത്തോളമിത്, 2019 ലെ ലോകസഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള ഒരു റിഹേര്‍സലാണ്. ഈ വര്‍ഷം നടക്കാന്‍ ബാക്കിയുളള മൂന്ന് സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ ഒന്നെന്ന പ്രത്യേകത കൂടി ഇതിനുണ്ട്.

ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം കര്‍ണാടക നിയമ സഭാ തെരഞ്ഞെടുപ്പവര്‍ക്ക് വളരെ പ്രധാനമാണ്. 2013ല്‍ നഷ്ടപ്പെട്ട സംസ്ഥാന ഭരണം തിരിച്ചു പിടിക്കുക. ഒപ്പം രാജ്യത്തെ ആകെയുള്ള 29 സംസ്ഥാനങ്ങളില്‍ തങ്ങളുടെ നിലവിലുള്ള ഭരണ സ്റ്റേറ്റുകളുടെ എണ്ണമായ 21 ന്റെ കൂടെ കര്‍ണാടകയെയും ചേര്‍ത്ത് 22-ലേക്കെത്തിക്കുക. അത് വഴി 2019 ലെ പൊതു തെരഞ്ഞെടുപ്പ് ആത്മവിശ്വാസത്തോടെ നേരിടുക - ബി.ജെ.പി.യുടെ മുമ്പിലുള്ള ലക്ഷ്യം വളരെ വ്യക്തം. കോണ്‍ഗ്രസിനുംകര്‍ണാടക തെരഞ്ഞെടുപ്പ് പ്രസ്റ്റീജ് വിഷയം തന്നെ.1985 ന് ശേഷം ഒരു മുന്നണിക്കോ കക്ഷിക്കോ തുടര്‍ ഭരണം ഇവിടെ ലഭിച്ചിട്ടില്ല. സിദ്ധാരാമയ്യ ടീമിനത് സാധിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കു കൂട്ടല്‍.

രാഹുല്‍ ഗാന്ധി ഇതിനകം ആറ് റൗണ്ട് പ്രചരണം നടത്തിക്കഴിഞ്ഞു. മലയാളിയായ കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ഒരു വര്‍ഷമായി നടന്നു കൊണ്ടിരിക്കുന്ന പ്രീ- ഇലക്ഷന്‍ ഹോം വര്‍ക്കില്‍ നിന്ന് തന്നെ ഈ തിരഞ്ഞെടുപ്പിനോടു കോണ്‍ഗ്രസ് കാണിക്കുന്ന ഗൗരവംസുതാര്യാം വ്യക്തമാണ്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കഴിഞ്ഞ രണ്ട് നിയസഭാ തെരഞ്ഞെടുപ്പുകളേക്കാളും കൂടുതല്‍ സൂക്ഷ്മത പുലര്‍ത്താന്‍ ഇപ്രാവശ്യത്തെ കോണ്‍ഗ്രസിന് സാധിച്ചിട്ടുണ്ടെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

വെള്ളിയാഴ്ച കോണ്‍ഗ്രസിന്റെ പ്രകടന പത്രിക പുറത്തിറങ്ങും. മംഗളൂരുവില്‍ വെച്ചാകാനാണ് സാധ്യത. മുഖ്യമന്ത്രി മത്സരിക്കുന്ന ചാമുണ്ടേശ്വരി, ബദാമി മണ്ഡലങ്ങളില്‍ ഒന്നില്‍ ഈ ചടങ്ങ് ഒരുപക്ഷേ നടക്കാനും ഇടയുണ്ട്. പീപ്പിള്‍സ് മാനിഫെസ്റ്റോ എന്നാണ് രാഹുല്‍ ഇതിന് നാമകരണം ചെയ്തിട്ടുള്ളത്. എല്ലാ വിഭാഗം ജനങ്ങളുടെയും പ്രശ്‌നങ്ങള്‍ മുന്നില്‍ കണ്ട് കൊണ്ട് തയാറാക്കിയ പ്രകടനപത്രികയാണത്രെ കോണ്‍ഗ്രസ് പുറത്തിറക്കുന്നത്.

അതേ സമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കര്‍ണടക ഇലക്ഷന്‍ പര്യടനം മെയ് ഒന്നിന് തുടങ്ങിയേക്കും. അതിന് മുന്നോടിയായി ഈ മാസം 26 മുതല്‍ സ്ഥാനാര്‍ത്ഥികളോടും പ്രാദേശിക നേതാക്കളോടും മോദി ഓണ്‍ലൈനില്‍ കുടി ആശയ വിനിമയമാരംഭിക്കും. മോദിയുടെ കൂടി വരവോടെ ദേശീയ മാധ്യമങ്ങള്‍ തെരഞ്ഞെടുപ്പ് വാര്‍ന്നകള്‍ക്ക് കൂടുതല്‍ കവറേജ് നല്‍കിതുടങ്ങും. രാഹുല്‍ - മോദി വാക്‌പോരിനുള്ള അവസരം കൂടിയാണ് ഇതോടെ ഒരുങ്ങുന്നത്.

ഇപ്പോഴത്തെ മുഖ്യമന്ത്രി സിദ്ധാരാമയ്യയുടെ ഭരണവും മുന്‍ മുഖ്യമന്ത്രി യെദിയൂരപ്പയുടെ ഭരണവും തമ്മിലുള്ള മാറ്റുരക്കലാണ് ശരിക്കും ഈ തെരഞ്ഞെടുപ്പെന്നാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് ചാര്‍ജുളള കെ.സി. വേണുഗോപല്‍ പറയുന്നത്. ബി.ജെ.പി.യുടെ ഒരു നേതാവെന്ന നിലയിലല്ലാതെ മോദിക്ക് മറ്റൊരു പ്രധാന്യവും കര്‍ണാടകയിലെ വോട്ടര്‍മാര്‍ നല്‍കില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

ഏറ്റവും പുതിയ രണ്ട് എക്‌സിറ്റ് ഫലങ്ങള്‍ വന്നതോടെ മൂലക്കിരുന്ന ദേവഗൗഡയുടെ ജെഡി(എസ്) ഇലക്ഷന്‍ ചിത്രത്തില്‍ പതിയെ വന്നു തുടങ്ങി. തൂക്കു ഭരണത്തില്‍ ജനതാദള്‍ (എസ്)ന് കിംഗ് മെയ്ക്കറുടെ റോളുണ്ടാകുമെന്ന നിലയിലേക്കാണ് എക്‌സിറ്റ് പോള്‍ റിസള്‍ട്ട്. ഇതിനകം തന്നെ ബി.ജെ.പി.യുടെ ബി ടീമെന്ന ആരോപണം കോണ്‍ഗ്രസ് ഒരു മുഴം മുമ്പേ ജെഡിഎസിന് നേരെ എറിഞ്ഞു കഴിഞ്ഞു. മുഖ്യമന്ത്രി മത്സരിക്കുന്ന ചാമുണ്ഡേശ്വരിയില്‍ ബി.ജെ.പി. താരതമ്യേന ദുര്‍ബ്ബല സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് ജെ ഡി എസ്‌നെ പിന്തുണക്കാനാണത്രെ. ദേവഗൗഡയുടെ മകന്‍ കുമരസ്വാമി ഈ മണ്ഡലത്തില്‍ ഫുള്‍ടൈം ക്യാമ്പ് ചെയ്യുന്നുണ്ട് പോല്‍. അത് പോലെ ബി.ജെ.പി. വരുണയില്‍ യെദിയൂരപ്പയുടെ മകനെ മത്സര രംഗത്ത് നിന്ന് പിന്‍വലിച്ച് അപ്രധാന സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതിന് പിന്നിലും ഇത് തന്നെ കാരണമത്രെ. അപ്പോള്‍, കോണ്‍ഗ്രസിന്റെ ആരോപണത്തില്‍ കഴമ്പില്ലാതെയില്ല എന്ന് വേണം കരുതാന്‍. വരുണയില്‍ മുഖ്യമന്ത്രിയുടെ മകനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. അച്ഛനെയും മകനെയും തറപറ്റിക്കാനുള്ള ബി.ജെ.പി. തന്ത്രം അവരുടെ ചെറിയ കേന്ദ്രത്തില്‍ നിന്നൊന്നുമല്ല ഉണ്ടായിട്ടുള്ളതെന്ന് വേണം കരുതാന്‍. (ജനതാദളില്‍ ഒന്നിച്ചുള്ള സമയത്ത് ദേവഗൗഡയായിരുന്നു സിദ്ധരാമയ്യയുടെ തെരഞ്ഞെടുപ്പ് മാനേജര്‍ എന്നത് കൂട്ടത്തില്‍ സൂചിപ്പിക്കട്ടെ)

തെരഞ്ഞെടുപ്പ് വേളകള്‍ തന്ത്രങ്ങളുടെ ഗോദയാണല്ലോ. എതിരാളികളെ ഇടിച്ചു വീഴ്ത്താനുള്ള ചെറിയ അവസരം പോലും രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരിക്കലും പാഴാക്കില്ല. അന്തരീക്ഷത്തിലെ കത്തുന്ന ചൂടിനോടൊപ്പം കര്‍ണാടക തിരഞ്ഞെടുപ്പ് അതിലും കനത്ത ചൂടിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.

കര്‍ണ്ണാടക ഡയറി-1:
രണ്ട് ഇന്ദ്രന്മാരുടെ വി ഐ പി പോരാട്ടം ഇനി ഇല്ല, വരുണയില്‍ വിജയേന്ദ്ര പിന്മാറി,യതീന്ദ്ര മാത്രം


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Article, Aslam Mavilae, Karnataka, Election, Congress, BJP, Campaign program, Politics, Karnataka Diary-2, Article by Aslam Mavilae.