Follow KVARTHA on Google news Follow Us!
ad

മഅ്ദനിക്കെതിരെ കേസില്‍ കക്ഷി ചേരാനെത്തിയ മോഹന്‍ദാസിന് കോടതിയുടെ രൂക്ഷ പ്രതികരണം

പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനി പ്രതിയായ ബംഗളൂരു സ്‌ഫോടനക്കേസില്‍ മഅ്ദനിക്ക് ജാമ്യം Karnataka, Kerala, Abdul-Nasar-Madani, Court, Judge, Case, TG Mohandas, PDP Chairman, Madani: Two week bail extension is for Karnataka govt.
തിരുവനന്തപുരം: (www.kvartha.com 12.08.2014) പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനി പ്രതിയായ ബംഗളൂരു സ്‌ഫോടനക്കേസില്‍ മഅ്ദനിക്ക് ജാമ്യം തുടരുന്നതിനെതിരെ കക്ഷി ചേരാന്‍ ശ്രമിച്ച ടി.ജി. മോഹന്‍ദാസിന് സുപ്രീംകോടതിയില്‍ നിന്നു ലഭിച്ചത് കര്‍ക്കശമായ പ്രതികരണം. 'താങ്കളാരാണ്, താങ്കള്‍ക്കെന്താണ് ഇതില്‍ കാര്യം?' എന്നാണ് തിങ്കളാഴ്ച മോഹന്‍ദാസിനു വേണ്ടി ഹാജരായ അഭിഭാഷകനോട് ജസ്റ്റിസ് ജെ. ചെലമേശ്വര്‍ ചോദിച്ചത്.

ആര്‍.എസ്.എസിനു വേണ്ടി സുപ്രീംകോടതിയില്‍ ഹാജരാകാറുള്ള അഭിഭാഷക സംഘത്തില്‍ നിന്നുള്ളയാളാണ് മോഹന്‍ദാസിനു വേണ്ടിയും ഹാജരായത് എന്നതും ശ്രദ്ധേയമായി. മഅ്ദനി മോചിതനായാല്‍ അത് തന്റെ ജീവനു ഭീഷണിയാകുമെന്ന വിചിത്രമായ വാദം ഉയര്‍ത്തിയാണ് മോഹന്‍ദാസ് കക്ഷി ചേരാന്‍ ശ്രമിച്ചത്. മഅ്ദനിയെ മാറാട് കേസുമായി ബന്ധിപ്പിക്കുന്ന മൊഴിയുണ്ടെന്നും അതേക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയെ സമീപിച്ചത് താനാണെന്നും മോഹന്‍ദാസ് വാദിക്കുന്നു. ഇതിന്റെ പേരില്‍ മഅ്ദനിക്ക് തന്നോട് വിരോധമുണ്ടെന്നാണ് അദ്ദേഹം സുപ്രീംകോടതിയില്‍ സമര്‍ത്ഥിക്കാന്‍ ശ്രമിച്ചത്. എറണാകുളം ആസ്ഥാനമായ ലോ ജേര്‍ണല്‍ എഡിറ്ററാണ് ടി.ജി. മോഹന്‍ദാസ്.

അതേസമയം, മഅ്ദനിയുടെ ജാമ്യ കാലാവധി രണ്ടാഴ്ചത്തേക്കു കൂടി നീട്ടി നല്‍കിയ സുപ്രീംകോടതി, മൂന്നു മാസത്തേക്കു കൂടി ജാമ്യം ലഭിക്കണം എന്ന അപേക്ഷയില്‍ വാദം കേള്‍ക്കുന്നത് 22ലേക്കു നീട്ടി. കോടതി നിര്‍ദേശിച്ച ഉപാധികളെല്ലാം പാലിച്ചാണ് താന്‍ കഴിഞ്ഞ ഒരു മാസം ജാമ്യകാലാവധി പൂര്‍ത്തിയാക്കിയത് എന്നു ചൂണ്ടിക്കാട്ടിയാണ് മഅ്ദനി അഡ്വ. പ്രശാന്ത് ഭൂഷണ്‍ മുഖേന ജാമ്യം നീട്ടിച്ചോദിച്ചത്.

ഇതില്‍ നിലപാട് അറിയിക്കാന്‍ രണ്ടാഴ്ചത്തെ സമയമാണ് കര്‍ണാടക സര്‍ക്കാര്‍ ചോദിച്ചത്. ഈ കാലാവധിയാണ് മഅ്ദനിയുടെ ജാമ്യവും താല്‍ക്കാലികമായി നീട്ടിയിരിക്കുന്നത്. മഅ്ദനിക്ക് ജാമ്യം നല്‍കിയതിനെ നേരത്തെ എന്നപോലെ വീണ്ടും ശക്തമായി എതിര്‍ക്കുകയാണ് ഇപ്പോഴും പ്രോസിക്യൂഷന്‍ ചെയ്തത്.

ആ നിലപാടില്‍ ഉറച്ചുനിന്നുകൊണ്ടുതന്നെ വിശദമായ സത്യവാങ്മൂലം നല്‍കാനാണ് ഇപ്പോള്‍ രണ്ടാഴ്ച ചോദിച്ചിരിക്കുന്നത് എന്നാണു സൂചന. മഅ്ദനിക്ക് ഒരുമാസം ജാമ്യം ലഭിച്ച സാഹചര്യത്തില്‍ സര്‍ക്കാരിനു നിലപാടു മാറ്റമുണ്ടാകുമെന്ന പി.ഡി.പിയുടെയും കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും പ്രതീക്ഷ തകിടം മറിച്ചുകൊണ്ടാണ് കര്‍ണാടക സര്‍ക്കാര്‍ ഇപ്പോഴും മഅ്ദനിക്കെതിരെ ശക്തമായ നിലപാടെടുക്കുന്നത്. തിങ്കളാഴ്ച സര്‍ക്കാരിനു വേണ്ടി ഹാജരായത് സീനിയര്‍ കോണ്‍സലാണ് എന്നതുതന്നെ ഈ നിലപാടിനു തെളിവാണു താനും.

അതേസമയം, മഅ്ദനിയുടെ രോഗാവസ്ഥയ്ക്ക് പ്രതീക്ഷിക്കാവുന്ന വിധമുള്ള മാറ്റം ഉണ്ടാകണം എങ്കില്‍ കൂടുതല്‍ ചികില്‍സ വേണ്ടിവരുമെന്നാണ് ജാമ്യം നീട്ടിനല്‍കാനുള്ള അപേക്ഷക്കൊപ്പം സമര്‍പിച്ച മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ജൂലൈ 11 മുതലാണ് മഅ്ദനി ജാമ്യത്തില്‍ ആശുപത്രി വാസം തുടങ്ങിയത്.
Karnataka, Kerala, Abdul-Nasar-Madani, Court, Judge, Case, TG Mohandas, PDP Chairman, Madani: Two week bail extension is for Karnataka govt.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Karnataka, Kerala, Abdul-Nasar-Madani, Court, Judge, Case, TG Mohandas, PDP Chairman, Madani: Two week bail extension is for Karnataka govt.

Post a Comment