Follow KVARTHA on Google news Follow Us!
ad

TV Rajesh | ബിജെപിയെ സഹായിക്കുന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന തിരുത്താന്‍ മല്ലികാര്‍ജുന ഖാര്‍ഗെ ഇടപെടണമെന്ന് സിപിഎം

കേരളത്തിലെ ഇടതുപക്ഷം കൂടി ചേരുന്നതാണ് ഇന്ത്യ മുന്നണി TV Rajesh, Statement, Rahul Gandhi, Politics, Kerala News
കണ്ണൂര്‍: (KVARTHA) രാഹുല്‍ ഗാന്ധി കണ്ണൂരില്‍ നടത്തിയ പ്രസ്താവന വളരെയേറെ അപക്വവും അതിലുപരി ബിജെപിയെ സഹായിക്കുന്നതുമാണെന്ന് സി പി എം ജില്ലാ ആക്ടിംഗ് സെക്രടറി ടി വി രാജേഷ് പ്രസ്താവനയില്‍ പറഞ്ഞു. കെ സി വേണുഗോപാലും കേരളത്തിലെ ചില കുബുദ്ധികളും നല്‍കുന്ന സ്‌ക്രിപ്റ്റ് ഉപയോഗിച്ച് ദേശീയനേതാവായ രാഹുല്‍ഗാന്ധി സ്വയം തരംതാഴുന്ന നിലയില്‍ ഇവിടെ വന്ന് പ്രസംഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

TV Rajesh Statement Against Rahul Gandhi, Kannur, News, TV Rajesh, Statement, Rahul Gandhi, Politics, Chief Minister, Pinarayi Vijayan, Congress, CPM, Kerala News


മുഖ്യമന്ത്രിയെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല എന്നാണ് രാഹുല്‍ഗാന്ധി ചോദിച്ചിരിക്കുന്നത്. ഇന്ത്യ മുന്നണിയുടെ ഭാഗമായ രാഷ്ട്രീയ പാര്‍ട്ടിയാണ് സിപിഎം. കേരളത്തിലെ ഇടതുപക്ഷം കൂടി ചേരുന്നതാണ് ഇന്ത്യ മുന്നണി. ഓരോ സംസ്ഥാനത്തും അതത് സാഹചര്യങ്ങളെ അടിസ്ഥാനപ്പെടുത്തി ബിജെപിയെ പരാജയപ്പെടുത്താനുള്ള തിരഞ്ഞെടുപ്പ് ധാരണയുണ്ടാക്കണം എന്നുള്ളതാണ് ഇന്ത്യമുന്നണിയുടെ കാഴ്ചപ്പാട്.

അതുകൊണ്ട് തന്നെ ഇന്ത്യ മുന്നണിയുടെ നേതാവായ രാഹുല്‍ ഗാന്ധി കണ്ണൂരില്‍ നടത്തിയ പ്രസ്താവന ബിജെപിയെ സഹായിക്കാനാണ് എന്നത് വ്യക്തമാണ്. മോദിക്കെതിരെ മുഖ്യമന്ത്രി മിണ്ടുന്നില്ലെന്നാണ് രാഹുല്‍ഗാന്ധി പറയുന്നത്. നോട്ട് നിരോധനം കൊണ്ട് വന്നപ്പോള്‍ അതിനെതിരെ ആദ്യമായി നമ്മുടെ രാജ്യത്ത് റിസര്‍വ്വ് ബാങ്കിന് മുന്‍പില്‍ സമരം നടത്തി നോട്ട് നിരോധനത്തിന്റെ പ്രശ്നങ്ങള്‍ പൊതുസമൂഹത്തിന് മുന്‍പിലേക്ക് എത്തിക്കാനുള്ള സമരമുഖം തുറന്നത് കേരളത്തിലാണ്.

നോട്ട് നിരോധനത്തിനെതിരെ ആദ്യം പ്രമേയം പാസാക്കിയ സംസ്ഥാനവും കേരളമാണ്. പൗരത്വ നിയമ ഭേദഗതി വന്നപ്പോള്‍ കേരള നിയമസഭയാണ് ഇന്ത്യയില്‍ ആദ്യമായി പ്രമേയം പാസാക്കിയത്. അന്ന് നിരവധി കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ രാജ്യത്തുണ്ടായിരുന്നു. അവരാരും അതിന് മുന്‍കയ്യെടുത്തതായി കണ്ടിട്ടില്ല. കേരളമാണ് അതിന് വഴി കാണിച്ചത്. പിന്നീട് സുപ്രീംകോടതിയില്‍ പോയി. പൗരത്വഭേദഗതിയില്‍ ചട്ടം കൊണ്ടുവന്നപ്പോള്‍ അതിനെതിരെയും സുപ്രീംകോടതിയില്‍ പോകാന്‍ തയാറായ ഏക സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലേതാണ്.

കോണ്‍ഗ്രസ് ഭരിക്കുന്ന മൂന്ന് സര്‍ക്കാരുകള്‍ നമ്മുടെ രാജ്യത്തുണ്ട്. കര്‍ണാടക, തെലങ്കാന, ഹിമാചല്‍ പ്രദേശ് എന്നീ മൂന്ന് സംസ്ഥാനങ്ങളും കോടതിയില്‍ പോകാന്‍ തയാറായില്ല. പൗരത്വ ഭേദഗതി നിയമം ഭരണഘടന വിരുദ്ധമായത് കൊണ്ട് തന്നെ ഈ നിയമം നടപ്പിലാക്കില്ല എന്ന് പ്രഖ്യാപിച്ച ആദ്യത്തെ സര്‍ക്കാരും കേരളത്തിലെ പിണറായി വിജയന്‍ സര്‍ക്കാരാണ്.

സംസ്ഥാനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ഫണ്ട് നിഷേധിച്ച് സംസ്ഥാനങ്ങളെ സാമ്പത്തികമായി അസ്ഥിരപ്പെടുത്താനുള്ള നീക്കത്തിനെതിരെ ഫെഡറലിസത്തിന്റെ വിഷയം ഉള്‍പ്പെടെ സജീവമാക്കി ഉയര്‍ത്തിക്കൊണ്ട് വന്നത് കേരളമാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഡെല്‍ഹിയില്‍ ആദ്യം സമരം നടത്താന്‍ തീരുമാനിച്ചതും കേരളമാണ്. പിന്നീടാണ് ഈ വഴിയില്‍ കര്‍ണാടകയും മറ്റും വന്നത്.

മോദിയുടെ മൂക്കിന് താഴെ ഡെല്‍ഹിയില്‍ സമരം നടത്തി, ആ സമരത്തില്‍ പഞ്ചാബ് മുഖ്യമന്ത്രിയും ഡെല്‍ഹി മുഖ്യമന്ത്രിയും പങ്കെടുത്തു. കബില്‍ സിബലിനെപ്പോലെയുള്ള വിവിധ രാഷ്ട്രീയപാര്‍ട്ടികളിലെ ദേശീയ നേതാക്കള്‍ ആ സമരത്തില്‍ പങ്കെടുത്തു. ഇതൊന്നും അറിയാത്ത ആളല്ല രാഹുല്‍ ഗാന്ധി.

പാര്‍ലമെന്റില്‍ നിന്നും രാഹുല്‍ഗാന്ധിയെ സസ്പെന്‍ഡ് ചെയ്തപ്പോള്‍ ആദ്യം പ്രതികരിച്ചത് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനാണ്. വസ്തുതകള്‍ ഇതായിരിക്കെ കേരളത്തില്‍ വന്ന് തരംതാണ പ്രസ്താവനകള്‍ നടത്തുന്ന രാഹുല്‍ ഗാന്ധി എന്താണ് ഉദ്ദേശ്യം എന്ന് വ്യക്തമാക്കണം.

രാജ്യത്തെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രാജ് ദീപ് സര്‍ദേശായി ചൂണ്ടിക്കാണിച്ചത് പോലെ രാജ്യത്ത് ബിജെപി വിരുദ്ധ പോരാട്ടത്തില്‍ മുന്നില്‍ നില്‍ക്കുന്നവരാണ് ഇടതുപക്ഷം. ആ ഇടതുപക്ഷത്തിന് നിര്‍ണായക സ്വാധീനമുള്ള കേരളത്തില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നതിലൂടെ രാജ്യത്തെ ബിജെപി വിരുദ്ധ പോരാട്ടത്തെ ദുര്‍ബലപ്പെടുത്തുകയാണ്. സ്വയം പരാജയം സമ്മതിക്കലാണ്. മാത്രമല്ല, നിര്‍ണായകമായ അവസരങ്ങളിലൊന്നും പാര്‍ലമെന്റില്‍ മോദിക്കെതിരെ ശബ്ദിക്കാന്‍ രാഹുല്‍ ഗാന്ധി വിനിയോഗിച്ചിട്ടില്ല.

പൗരത്വഭേദതി നിയമത്തിനെതിരായ കോണ്‍ഗ്രസിന്റെ സമരങ്ങള്‍ തലപ്പാടി മുതല്‍ കളിയിക്കാവിള വരെ മാത്രമായി ഒതുങ്ങുകയാണ്. കേരളം വിട്ടാല്‍ പിന്നെ കോണ്‍ഗ്രസ് മറ്റൊരു ബിജെപിയാകാനാണ് മത്സരിക്കുന്നത്. അവതാരവേഷം കെട്ടിയും ആരാധനാലയങ്ങളില്‍ തീര്‍ത്ഥയാത്ര നടത്തിയും ബിജെപിയുടെ ഭീഷണിയെ ചെറുക്കാന്‍ കഴിയില്ല. അതിന് രാഷ്ട്രീയം വേണം. ബിജെപിയുടെ എംപിമാരില്‍ മഹാഭൂരിപക്ഷവും കോണ്‍ഗ്രസിന്റെ സംഭാവനയാണ്.

എന്തുകൊണ്ടാണിത് സംഭവിക്കുന്നത്? ആശയപരമായി ബിജെപിക്കെതിരെ കോണ്‍ഗ്രസ് കാണിക്കുന്ന ചാഞ്ചല്യമാണ് കോണ്‍ഗ്രസ് ദുര്‍ബലപ്പെടാനുള്ള മുഖ്യകാരണം. 2004 ല്‍ രണ്ടാം യുപിഎ സര്‍ക്കാര്‍ രൂപീകരണത്തിലേക്ക് നയിച്ചത് ഇടതുപക്ഷം നേതൃപരമായ പങ്കുവഹിച്ചത് കൊണ്ടായിരുന്നു എന്ന കാര്യം രാഹുല്‍ ഗാന്ധി മറന്നാലും രാജ്യത്തെ ജനങ്ങള്‍ക്കറിയാം.

അന്നത്തെ സര്‍ക്കാരിന്റെ നേട്ടങ്ങളെക്കുറിച്ച് പറയുമ്പോള്‍ ഇടതുപക്ഷ പിന്തുണ കൊണ്ട് മാത്രമാണ് ആ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞത് എന്നതും ഓര്‍ക്കണം. കെ സി വേണുഗോപാലും കേരളത്തിലെ ചില കുബുദ്ധികളും നല്‍കുന്ന സ്‌ക്രിപ്റ്റ് ഉപയോഗിച്ച് രാഹുല്‍ ഗാന്ധി തരം താഴരുത്. കെ സി വേണുഗോപാലിന് ചില ലക്ഷ്യങ്ങളുണ്ട്. അതില്‍ രാഹുല്‍ ഗാന്ധി വീണുപോകരുത്.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച നിര്‍ണായക ഘട്ടങ്ങളിലൊന്നും കോണ്‍ഗ്രസ് പാര്‍ട്ടിയെ മുന്‍നിരയില്‍ നിന്നും നയിക്കാന്‍ കെ സി വേണുഗോപാല്‍ ഉണ്ടായിരുന്നില്ല. രാജസ്ഥാനില്‍ ഭൂരിപക്ഷം കിട്ടി, അത് തമ്മിലടിപ്പിച്ച് നഷ്ടപ്പെടുത്തി. മധ്യപ്രദേശിലെ സര്‍ക്കാരും കാലാവധി തികച്ചില്ല. ഹിമാചല്‍പ്രദേശിലെ സര്‍ക്കാര്‍ ആടിയുലയുകയാണ്. ഈ തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ എഐസിസി എന്നത് ആള്‍ കേരള കോണ്‍ഗ്രസ് കമ്മിറ്റിയായി ചുരുങ്ങാന്‍ പോവുകയാണ്.

ഇതൊക്കെ മുന്‍പില്‍ നില്‍ക്കുമ്പോഴും കേരളത്തില്‍ വന്ന് പിണറായി വിജയനെ കടന്നാക്രമിക്കാന്‍ ആവേശം കാണിക്കുന്ന രാഹുല്‍ ഗാന്ധി ബിജെപിയെ തൃപ്തിപ്പെടുത്തുവാനാണ് ശ്രമിക്കുന്നതെന്ന് തോന്നിയാല്‍ അതില്‍ കുറ്റം പറയാന്‍ പറ്റില്ല. രാഹുല്‍ ഗാന്ധിയുടെ അഭിപ്രായമാണോ ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ഖാര്‍ഗെക്കുള്ളത് എന്ന് അറിയാന്‍ താല്‍പ്പര്യമുണ്ടെന്ന് ടി വി രാജേഷ് പ്രസ്താവനയില്‍ പറഞ്ഞു.

Keywords: TV Rajesh Statement Against Rahul Gandhi, Kannur, News, TV Rajesh, Statement, Rahul Gandhi, Politics, Chief Minister, Pinarayi Vijayan, Congress, CPM, Kerala News.

إرسال تعليق