Follow KVARTHA on Google news Follow Us!
ad

Vote | ഇന്ത്യൻ പാർലമെൻ്റ് തിരഞ്ഞെടുപ്പ്: ഏതു വ്യക്തിക്ക്, ഏത് പാർട്ടിക്ക്, ഏതു മുന്നണിക്ക് വോട്ട് ചെയ്യണം?

സാമൂഹ്യ പ്രതിബദ്ധതയോടെ സമ്മതിദാനാവകാശം വിനിയോഗിക്കാം, Vote, Politics, Election, Lok Sabha election
/ എ സി ജോർജ്

(KVARTHA)
ആസന്നമായ ഇന്ത്യൻ പാർലമെൻ്റ് ഇലക്ഷനെ ആസ്പദമാക്കിയ ഒരു ചോദ്യമോ അതുപോലെ ഒരു മറുപടിയോ ആയി ഈ ലേഖനത്തിൻ്റെ ശീർഷകത്തെ കണക്കാക്കാം. ഇത്തരം ചോദ്യങ്ങൾ ചോദിക്കാനോ, അതിനു മറുപടി ആവശ്യപ്പെടാനോ തനിക്കെന്ത് അവകാശം എന്നു ഒരു പക്ഷേ വായനക്കാർക്ക് തോന്നിയേക്കാം. ഒരു ജനാധിപത്യ രാജ്യത്തെ ഇലക്ഷൻ നടക്കുമ്പോൾ ഇത്തരം ചോദ്യങ്ങൾക്ക് പ്രസക്തിയുണ്ട്. അതുപോലെ ചോദിക്കാനും പറയാനും പത്രമാധ്യമങ്ങൾക്കും സ്വതന്ത്ര നിരീക്ഷകർക്കും പൊതുജനങ്ങൾക്കും സ്വതന്ത്ര്യമുണ്ട്, അവകാശമുണ്ട് എന്നുള്ള വസ്തുത ഏവർക്കും അറിവുള്ളതാണല്ലോ. അതിൻ്റെ വെളിച്ചത്തിൽ തന്നെയാണ് ഈ ലേഖനവും.
  
Article, Editor’s-Pick, Indian Parliament Elections: Which Person, Which Party, Which Front Should You Vote For?

മുഖ്യമായി രണ്ട് മുന്നണികളാണ് ഇത്തവണത്തെ ഇന്ത്യൻ പാർലമെൻ്റ് ഇലക്ഷനിൽ കൊമ്പുകോർക്കുന്നത്. എന്നാൽ അത് കേരളത്തിലേയ്ക്ക് വരുമ്പോൾ മൂന്ന് മുന്നണികൾ തമ്മിലാണെന്ന് പറയാം. അതിനാൽ വ്യക്തികളെ നോക്കിയോ, പാർട്ടികളെ നോക്കിയോ, മുന്നണികളെ നോക്കിയോ ആണോ നമ്മൾ വോട്ട് ചെയ്യേണ്ടത്?. അത് പ്രായോഗിക തലത്തിൽ നോക്കിയാൽ മുന്നണികളെ പരിഗണിച്ചായിരിക്കണം നമ്മുടെ വോട്ടെന്ന് ചിന്തിക്കേണ്ടി വരും. ഒരു വ്യക്തി എത്ര മഹാൻ, അല്ലെങ്കിൽ എത്ര കഴിവുള്ള ആളാണെങ്കിലും ഒറ്റയ്ക്ക്, പാർട്ടി വിട്ടു മുന്നണി വിട്ടു കാര്യമായി ഒന്നും ചെയ്യാൻ സാധിക്കില്ല എന്ന വസ്തുത വളരെ വ്യക്തമാണല്ലോ.

കേരളത്തിലെ മത്സരം മൂന്ന് മുന്നണികൾ തമ്മിലാണെങ്കിലും ഇവിടെ നിന്ന് ജയിക്കുന്ന മൂന്ന് മുന്നണിയിലെ വ്യക്തികളും കേന്ദ്ര ഭരണത്തിൽ എത്തുമ്പോൾ രണ്ടു മുന്നണിയായി പരിണമിക്കുന്നു. അതായത്, ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതൃത്വം കൊടുക്കുന്ന ഇന്ത്യാ മുന്നണിയും ഇപ്പോൾ ഭരിക്കുന്ന ബി.ജെ.പി നേതൃത്വം കൊടുക്കുന്ന എൻ.ഡി.എ മുന്നണിയും ആണ് അവ. ഈ രണ്ട് മുഖ്യമുന്നണികളിലും പെടാത്ത ലൊട്ടുലൊടുക്ക് പാർട്ടികളുടെയോ വ്യക്തികളുടെയോ വിജയവും വളരെ പ്രധാനമാണ്. അവർ അവസരോചിതമായി ഭരിക്കുന്ന പാർട്ടിക്കോ പ്രതിപക്ഷ പാർട്ടികൾക്കോ പണവും സ്ഥാനമാനങ്ങളും കിട്ടുന്നതനുസരിച്ച് കാലുമാറ്റവും കൂറുമാറ്റവും നടത്തിയേക്കാം. അത്തരം നാടകീയ രംഗങ്ങൾ പ്രത്യേകിച്ച് ഇന്ത്യൻ രാഷ്ട്രീയ ഭരണ രംഗങ്ങളിൽ നാം പലവട്ടം കണ്ടതാണ്. ഒരു മുന്നണിക്കും ഭരിക്കാൻ തക്കതായ ഭൂരിപക്ഷം ലഭ്യമാകാതെ വന്നാൽ, സ്വതന്ത്രമായി ജയിച്ചു വരുന്ന സ്ഥാനാർത്ഥികൾക്ക് പ്രാധാന്യവും വിലപേശലും ആയിരിക്കും ഫലം.

ഏതായാലും ജനക്ഷേമത്തിനു വേണ്ടി ഭരിക്കാൻ തയ്യാറാകാത്ത ഭരണകൂടങ്ങൾ അധികാരത്തിലെത്തിയാൽ ഭരണഘടനയ്ക്കു തന്നെ തുരങ്കം വെച്ചുകൊണ്ട്, പ്രതിപക്ഷങ്ങളെ എല്ലാ അർത്ഥത്തിലും നിശബ്ദരാക്കിക്കൊണ്ട്, ഒരു ഫാസിസ്റ്റ്, തോന്നിവാസ, ജനാധിപത്യ ആഭാസഭരണം, കുരങ്ങിൻ്റെ കയ്യിൽ കിട്ടിയ പൂമാല മാതിരി മനുഷ്യാവകാശങ്ങളെ പോലും പിച്ചിച്ചീന്തി, മത വർഗീയത ആളിക്കത്തിച്ച് , ഭൂരിപക്ഷ മത ജീവികളുടെ ദുർബല മനസ്സുകൾ പ്രീണിപ്പെടുത്തി, ന്യൂനപക്ഷ അവകാശങ്ങളെ ഘട്ടം ഘട്ടമായി നിഷേധിച്ചും, അടിച്ചമർത്തിക്കൊണ്ടും കിരാത കാട്ടാള ഭരണം കൈവന്നാൽ അത് സ്വതന്ത്ര ഇന്ത്യയുടെ നിലനിൽപ്പിനെ തന്നെ ബാധിച്ചെന്നിരിക്കും.
  
Article, Editor’s-Pick, Indian Parliament Elections: Which Person, Which Party, Which Front Should You Vote For?

അതിനാൽ നമ്മൾ ജനാധിപത്യത്തെ മാനിക്കുന്നവർ, നീതിയും സത്യവും രാജ്യത്തെങ്ങും നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നവർ, രാജ്യസുരക്ഷയും സാമ്പത്തിക അഭിവൃദ്ധിയും , ആബാലവൃദ്ധം ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റണമെന്ന് ആഗ്രഹിക്കുന്നവർ, ഏത് കക്ഷിക്ക് ഏതു മുന്നണിക്ക് വോട്ടു ചെയ്യണം? ചിന്തിക്കുക. കഴിഞ്ഞ കാലങ്ങളിൽ ഇന്ത്യ ഭരിച്ച മുന്നണികളുടെ ചരിത്രവും ട്രാക്ക് റെക്കോർഡുകളും പരിശോധിക്കുക. അതുപോലെ ഏതു ഭരകക്ഷിയുടെ കഴിഞ്ഞ ഭരണകാല വീഴ്ചകൾ തിരുത്തി, ജനങ്ങൾക്ക് വേണ്ടി ജനങ്ങളുടേതായ ഒരു ജനകക്ഷി ഗവൺമെൻ്റ് ആയി പ്രവർത്തിക്കാൻ പറ്റും?. തെരഞ്ഞെടുക്കപ്പെടുന്ന കക്ഷി ജനങ്ങളുടെ മേൽ സർവ്വാധിപത്യം പുലർത്തുന്ന ഒരു സേച്ഛാധിപത്യ ഫാസിസ്റ്റ്
ഗവണ്മെൻ്റ് ആയിരിക്കരുത്. മറിച്ച് അവരെ വോട്ടിട്ട് ജയിപ്പിച്ച വോട്ടർമാരായ പൊതുജനങ്ങൾ ആയിരിക്കണം അവരുടെ യജമാനന്മാർ.

ഭരണം കൈയ്യിൽ കിട്ടിയാൽ അവർക്ക് അധികാരം കൊടുത്ത പൊതുജനങ്ങളുടെ ന്യായമായ അവകാശങ്ങൾ അടിച്ചമർത്തുന്ന ഭസ്മാസുരന്മാർ ആയിരിക്കരുത് തെരഞ്ഞെടുക്കപ്പെടുന്ന ഭരണകർത്താക്കൾ. ഭരണത്തെ ന്യായമായി വിമർശിക്കുന്ന ഭരണ വീഴ്ചകൾക്കെതിരെ ജനാധിപത്യ രീതിയിൽ സമരം ചെയ്യുന്നവരെ നിഷ്ക്കരുണം അടിച്ചമർത്തുന്ന, ജയിലിൽ അടയ്ക്കുന്നതോ അല്ല ജനാധിപത്യം. ഭരണഘടനയെ ദുർവ്യാഖ്യാനം ചെയ്തു അതിലെ പ്രമാണങ്ങളെയും ലംഘിക്കുന്നതും അതിലെ ഓരോ സമിതികളെയും ഭരിക്കുന്ന കക്ഷി സ്വതന്ത്ര ഇഷ്ടപ്രകാരം മാത്രം കയ്യടക്കുന്നതും ആ അധികാരം ഉപയോഗിച്ച് പ്രതിയോഗികളെ ഇ ഡികളെ ഒക്കെ ഉപയോഗിച്ചു ജയിലിൽ അടയ്ക്കുന്നത് പേടിപ്പിക്കുന്നത് ഒരു ജനാധിപത്യ കക്ഷികൾക്കും ഒട്ടും ഭൂഷണമല്ല. അത് തനി ഫാസിസമാണ്.

അതുപോലെ തെരഞ്ഞെടുപ്പ് അവസരത്തിലും ശേഷവും വിജയികളെ പേടിപ്പിച്ചും വില കൊടുത്തും പാട്ടിലാക്കുന്നതും അഭിലക്ഷണീയമല്ല. ഭരണപരിഷ്ക്കാരമെന്ന പേരിൽ തുഗ്ലക്ക് പരീക്ഷണങ്ങളും നമുക്കാവശ്യമില്ല. അതുപോലെ എന്തെങ്കിലും നേട്ടങ്ങൾ ഉണ്ടായാൽ അത് തങ്ങൾ ഉണ്ടാക്കിയതാണെന്ന് മട്ടിൽ പെരുമ്പറ അടിക്കുന്ന എട്ടുകാലി മമ്മൂഞ്ഞുങ്ങളെയും ഈ തെരഞ്ഞെടുപ്പിൽ നമ്മൾ അകറ്റി നിർത്തണം. ഇന്ത്യൻ ജനത സാമൂഹ്യ പ്രതിബദ്ധതയോടെ, ഇന്ത്യൻ ജനാധിപത്യ സംരക്ഷകരായി ഭരണഘടനയുടെ കാവൽക്കാരായി അവരവരുടെ വിലയേറിയ സമ്മതിദാനാവകാശം പ്രയോഗിക്കുമെന്ന് പ്രത്യാശിക്കുന്നു.

Post a Comment