Follow KVARTHA on Google news Follow Us!
ad

Binoy Viswam | ഇസ്രാഈൽ പ്രധാനമന്ത്രി നെതന്യാഹുവിനെപ്പോലെ നരേന്ദ്ര മോദിയും ജനങ്ങളാൽ വിചാരണ ചെയ്യപ്പെടുമെന്ന് ബിനോയ് വിശ്വം

'എല്‍ഡിഎഫ് രാഷ്ട്രീയമാണ് ഇന്ത്യയുടെ ഭാവി', Binoy Viswam, Lok Sabha Election, Congress, Politics, CPI
കണ്ണൂര്‍: (KVARTHA) ഇസ്രാഈൽ പ്രധാനമന്ത്രി നെതന്യാഹു സ്വന്തം ജനങ്ങളാല്‍ വിചാരണ ചെയ്യപ്പെടുകയാണെന്നും അത് പോലെ അദ്ദേഹത്തിന്റെ ഇന്ത്യയിലെ ആശയ സുഹൃത്തായ നരേന്ദ്രമോദിയും ജനങ്ങളാല്‍ വിചാരണ ചെയ്യപ്പെടുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എം പി. കണ്ണൂര്‍ പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പിലൂടെയാണ് ആ വിചാരണ നടക്കുക. നെതന്യാഹുമാര്‍ ഇന്ത്യയെ കീഴ്പെടുത്താന്‍ പാടില്ല. സിഎഎ അടക്കമുള്ള കരിനിയമങ്ങള്‍ പിന്‍വലിക്കുമെന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ പ്രകടനപത്രികയില്‍ പറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
  
News, News-Malayalam-News, Kerala, Kerala-News, Politics, Politics-News, Lok-Sabha-Election-2024, CPI's Binoy Viswam slams PM Modi.

കോണ്‍ഗ്രസ് പത്രികയിലെവിടെയും സിഎഎയെ കുറിച്ച് പരമാര്‍ശമില്ല. രാഹുല്‍ഗാന്ധി വരെ സിഎഎക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച വ്യക്തിയാണ്. പക്ഷേ കോണ്‍ഗ്രസിനകത്ത് പല കാര്യങ്ങളെ കുറിച്ചും വ്യക്തമായ നിലപാടുകളുണ്ടാകുന്നില്ല. ബിജെപിയിലേക്കുള്ള കോണ്‍ഗ്രസ് നേതാക്കളുടെ ഒഴുകിപോക്കുള്‍പ്പെടെ പല വിഷയങ്ങളിലും അവരുടെ ചാഞ്ചാട്ടം കാണുമ്പോള്‍ ഈ ചോദ്യം ചോദിക്കാതിരിക്കാനാവില്ല. രാഹുല്‍ഗാന്ധിയുടെ വയനാടിലേക്കുള്ള വരവിലൂടെ കോണ്‍ഗ്രസ് ഏത് താത്പര്യമാണ് ഉയര്‍ത്തിപിടിക്കുന്നത്. വാസ്തവത്തില്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയത്തിലെ ദൂരകാഴ്ചയില്ലായ്മയാണ് രാഹുല്‍ഗാന്ധിയെ വയനാടിലേക്ക് തള്ളിപറഞ്ഞയച്ചതിന് പിന്നിലെ കാരണം.

ആരാണ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യഎതിരാളിയെന്ന പ്രസക്തമായ ചോദ്യത്തിനും അവരുടെ ഭാഗത്ത് നിന്നും വ്യക്തമായ ഉത്തരമില്ല. ഗാന്ധിയെ മറക്കാതെ നെഹ്റുവിനെ ഓര്‍ത്തുകൊണ്ട് മുന്നോട്ട് പോയാല്‍ മാത്രമെ കോണ്‍ഗ്രസിന് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കൃത്യമായ പങ്ക് അര്‍ത്ഥവത്തായി നിറവേറ്റാനാകുകയുള്ളു. ഗാന്ധിജിയെ മറക്കാതെ നെഹ്റുവിനെ ഓര്‍ക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മാത്രമെ ചാഞ്ചാടാതെ നില്‍ക്കാന്‍ സാധിക്കുകയുള്ളു. ആശയ രാഷ്ട്രീയ പാപ്പരത്തം കോണ്‍ഗ്രസിനെ നന്നായി ബാധിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ഗാന്ധിയെയും നെഹ്റുവിനെയും മറക്കാത്ത കോണ്‍ഗ്രസുകാര്‍ ഒത്തിരിപ്പേര്‍ പാര്‍ട്ടിയിലുണ്ട്. അവര്‍ തീര്‍ച്ചയായും എല്‍ഡിഎഫിനായിരിക്കും വോട്ട് ചെയ്യുക.

കോണ്‍ഗ്രസ് നേതൃത്വം ഒരു കൈ പണ്ടേ ബിജെപിയുടെ തോളിലും ഇപ്പോള്‍ മറു കൈ മുസ്ലീം ആര്‍എസ്എസ് ആയ എസ് ഡി പിഐയുടെ തോളിലും വെച്ചിരിക്കുകയാണ്. എസ് ഡി പി ഐ പിന്തുണ പ്രഖ്യാപിച്ച് ഒരാഴ്ച കഴിഞ്ഞാണ് യുഡിഎഫ് നേതാക്കള്‍ അവരുടെ വോട്ട് സ്വീകരിക്കില്ലെന്ന് പറയുന്നത്. മിനുറ്റുകള്‍ക്ക് ശേഷം കൊല്ലത്ത് കോണ്‍ഗ്രസിന്റെ നേതാവ് യുഡിഎഫിന് എല്ലാവരുടെയും വോട്ട് വേണമെന്ന് പറയുന്നു. കോണ്‍ഗ്രസ്-എസ് ഡി പി ഐ ബാന്ധവം വേണമെന്ന കാര്യത്തില്‍ യു ഡി എഫ് നേതൃത്വത്തിന് യാതൊരു സംശയവുമില്ല.

പക്ഷെ പരസ്യമായിട്ടാണോ രഹസ്യമായിട്ടാണോയെന്ന കാര്യത്തില്‍ മാത്രമെ സംശയമുള്ളു. എന്നാല്‍ ഇത്തരം വിഷയങ്ങളിലെല്ലാം യഥാര്‍ത്ഥ കോണ്‍ഗ്രസുകാര്‍ക്ക് കടുത്ത അമര്‍ശമുണ്ട്. എല്‍ഡിഎഫ് രാഷ്ട്രീയമാണ് ഇന്ത്യയുടെ ഭാവിയെന്നും ഇന്ത്യാ സഖ്യത്തിന്റെ യഥാര്‍ത്ഥ വക്താക്കള്‍ ഇടതുപക്ഷമാണെന്നും ബിനോയ് വിശ്വം എം പി പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്റ് സിജി ഉലഹന്നാന്‍ അധ്യക്ഷനായി. സെക്രട്ടറി കെ വിജേഷ് സ്വാഗതവും വൈസ് പ്രസിഡന്റ് സബിന പത്മന്‍ നന്ദിയും പറഞ്ഞു.

Keywords: News, News-Malayalam-News, Kerala, Kerala-News, Politics, Politics-News, Lok-Sabha-Election-2024, CPI's Binoy Viswam slams PM Modi.

Post a Comment