Follow KVARTHA on Google news Follow Us!
ad

Golden Trevally | ഭക്ഷണമായി കഴിക്കാനും അലങ്കാരമത്സ്യമായും ഉപയോഗിക്കാം; മഞ്ഞപ്പാരയുടെ വിത്തുല്‍പാദനത്തില്‍ വിജയനേട്ടവുമായി സിഎംഎഫ്ആര്‍ഐ

ഉയര്‍ന്ന വിപണി മൂല്യമുള്ള മീന്‍ Thiruvananthapuram News, Cultivation, CMFRI, Discovers, Artificial Breeding Technology, Golden Trevally, Fish, Centra
കൊച്ചി: (KVARTHA) സമുദ്രമത്സ്യകൃഷിയില്‍ വലിയ മുന്നേറ്റത്തിന് വഴിതുറന്ന് മഞ്ഞപ്പാരയുടെ (ഗോള്‍ഡന്‍ ട്രെവാലി) കൃത്രിമ വിത്തുല്‍പാദനം വിജയകരമായി. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലെ (സിഎംഎഫ്ആര്‍ഐ) ഗവേഷകരാണ് അഞ്ച് വര്‍ഷത്തെ പരീക്ഷണത്തിനൊടുവില്‍ ഈ മീനിന്റെ വിത്തുല്‍പാദന സാങ്കേതികവിദ്യ വികസിപ്പിച്ചത്. ഭക്ഷണമായി കഴിക്കാനും അലങ്കാരമത്സ്യമായും ഉപയോഗിക്കുന്ന ഉയര്‍ന്ന വിപണി മൂല്യമുള്ള മത്സ്യമാണ് മഞ്ഞപ്പാര.

കൃഷിയിലൂടെ സമുദ്രമത്സ്യോല്‍പാദനം കൂട്ടാന്‍ സഹായിക്കുന്നതാണ് ഈ നേട്ടം. മികച്ച വളര്‍ച്ചാനിരക്കും ആകര്‍ഷകമായ രുചിയുമാണ് ഈ മീനിന്. അതിനാല്‍ തന്നെ കടല്‍കൃഷിയില്‍ വലിയ നേട്ടം കൊയ്യാനാകും. സിഎംഎഫ്ആര്‍ഐയുടെ വിശാഖപട്ടണം റീജണല്‍ സെന്ററിലെ സീനിയര്‍ സയന്റിസ്റ്റ് ഡോ റിതേഷ് രഞ്ജന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് നേട്ടത്തിന് പിന്നില്‍.

ഇവയുടെ പ്രജനന സാങ്കേതികവിദ്യ വിജയകരമായതോടെ, കടലില്‍ കൂടുമത്സ്യകൃഷി പോലുള്ള രീതികളില്‍ വ്യാപകമായി ഇവയെ കൃഷി ചെയ്യാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. കിലോക്ക് 400 മുതല്‍ 500 വരെയാണ് ഇവയുടെ ശരാശരി വില.


ഭക്ഷണമായി കഴിക്കാന്‍ മാത്രമല്ല, അലങ്കാരമത്സ്യമായും മഞ്ഞപ്പാരയെ ഉപയോഗിക്കുന്നുണ്ട്. ആഭ്യന്തര-വിദേശ വിപണികളില്‍ ആവശ്യക്കാരേറെയാണ്. ഈ ഇനത്തിലെ ചെറിയമീനുകളെയാണ് അലങ്കാരമത്സ്യമായി ഉപയോഗിക്കുന്നത്. ചെറുമീനുകള്‍ക്ക് കൂടുതല്‍ സ്വര്‍ണ്ണനിറവും ആകര്‍ഷണീയതയുമുണ്ട്. വലിയ അക്വേറിയങ്ങളിലെല്ലാം ഇവയെ പ്രദര്‍ശിപ്പിക്കാറുണ്ട്. അലങ്കാര മത്സ്യ വിപണിയില്‍ മീനൊന്നിന് 150 മുതല്‍ 250 രൂപ വരെയാണ് വില.


പവിഴപ്പുറ്റുകളുമായി ചേര്‍ന്ന് സ്രാവ്, കലവ തുടങ്ങിയ മത്സ്യങ്ങളുടെ കൂട്ടത്തിലാണ് മഞ്ഞപ്പാര ജീവിക്കുന്നത്. സ്രാവുകളുടെ സഞ്ചാരപഥത്തില്‍ വഴികാട്ടികളായി ഈ ഇനത്തിലെ ചെറിയമീനുകളെ കാണാറുണ്ട്. ഇന്ത്യയില്‍ തമിഴ്നാട്, പുതുച്ചേരി, കേരളം, കര്‍ണാടക, ഗുജറാത്ത് എന്നിവിടങ്ങളിലാണ് കാണപ്പെടുന്നത്. എന്നാല്‍ മത്സ്യബന്ധനം വഴി ഇവയുടെ ലഭ്യത കുറഞ്ഞുരുന്നതായാണ് കാണപ്പെടുന്നത്. 2019ല്‍ 1106 ടണ്‍ ഉണ്ടായിരുന്നത് 2023ല്‍ 375 ടണ്ണായി കുറഞ്ഞു.

മാരികള്‍ച്ചര്‍ രംഗത്ത് ഒരു നാഴികക്കല്ലായി ഈ നേട്ടം അടയാളപ്പെടുത്തുമെന്ന് സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ എ ഗോപാലകൃഷ്ണന്‍ പറഞ്ഞു. കടലില്‍ ലഭ്യത കുറയുന്ന സാഹചര്യത്തില്‍, ഇവയുടെ കൃത്രിമ പ്രജനനത്തിലെ വിജയത്തിന് അതീവ പ്രാധാന്യമുണ്ട്. കൃഷിയിലൂടെയും സീറാഞ്ചിംഗിലൂടെയും ഇവയുടെ ഉല്‍പാദനം കൂട്ടാന്‍ ഇത് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Keywords: News, Kerala, Kerala-News, Kochi-News, Agriculture-News, Thiruvananthapuram News, Cultivation, CMFRI, Discovers, Artificial Breeding Technology, Golden Trevally, Fish, Central Marine Fisheries Research Institute, CMFRI Discovers Artificial Breeding technology of Golden Trevally Fish.

Post a Comment