Follow KVARTHA on Google news Follow Us!
ad

Life Story | ശ്രദ്ധ വേണം ഭക്ഷണ ശീലത്തിൽ!

ഒടുവിൽ അവൻ ഞങ്ങളെ വിട്ടുപോയി, Life Story, Health, Cancer, Operation, Hsopital

ചില്ലിട്ട ഓർമ്മകൾ 

/ കൂക്കാനം റഹ്‌മാൻ

(KVARTHA)
എനിക്ക് ശേഷമുണ്ടായ അനുജനും ഞാനും തമ്മിൽ എട്ടുവയസ്സിൻ്റെ വ്യത്യാസമുണ്ട്. ഞാൻ ഏഴാം ക്ലാസു വരെ ഓലാട്ട് സ്കൂളിലാണ് പഠിച്ചത്. അനിയനെയും അവിടെ ചേർത്തു. അവൻ കൃത്യമായി സ്കൂളിൽ പോവുകയും പഠിക്കുകയും ചെയ്യുമായിരുന്നു. നല്ല തടിച്ചു കൊഴുത്ത ദേഹപ്രകൃതമായിരുന്നു അവൻ്റേത്. ഉമ്മയുടെ കരുതലോടെയുള്ള വളർത്തൽ കൊണ്ടാണ് അവൻ അങ്ങിനെയായത്. അവൻ ആറാം ക്ലാസിലെത്തിയപ്പോൾ അവൻ്റെ ക്ലാസ് മാഷ് അവനെ കുട്ടികളുടെ മുമ്പിൽ വെച്ച് വഷളാക്കി പറഞ്ഞു. 'വത്തു നടക്കുമ്പോലെയാണല്ലോ നിൻ്റെ നടത്തം', തടിച്ച ശരീരമായതിനാൽ മെല്ലെ മെല്ലേ അവൻ നടക്കൂ. അതിന് ശേഷം കൂട്ടുകാരെല്ലാം അവനെ വത്ത് എന്ന് വിളിക്കാൻ തുടങ്ങി.
  
Article, Editor’s-Pick, Food, Health, Cancer, Be careful on what you eat.

അക്കാലത്തെ മാഷമ്മാരുടെ വകതിരിവില്ലാത്ത പ്രസ്താവനകൾ കുട്ടികൾക്ക് പ്രയാസമുണ്ടാക്കാറുണ്ട്. സുഹൃത്തുക്കളുടെ തമാശയാക്കി കളിയാക്കൽ മൂലം അവൻ സ്കൂളിൽ പോവാതായി. എത്ര നിർബ്ബന്ധിച്ചാലും എവിടെയെങ്കിലും പോയി ഒളിക്കും. ഉയരമുള്ള മരത്തിൽ കയറി ഒളിക്കൽ പുല്ലിൻ കയയിൽ കയറി വൈക്കോൽ ശരീരത്തിൽ മൂടി ഒളിച്ചിരിക്കുക എന്നെല്ലാമാണ് അവൻ്റെ കലാപരിപാടികൾ. അങ്ങിനെ ആറാം ക്ലാസിൽ പഠനം നിർത്തി. ഞങ്ങളുടെ നാട്ടിൽ പഠനം നിർത്തിയ കുട്ടികൾ ബീഡിക്കമ്പനികളിലേക്കാണ് ചെല്ലുക. ബീഡിക്ക് നൂല് കെട്ടലിൽ തുടങ്ങി ഒന്നോ രണ്ടോ വർഷം കൊണ്ട് ബീഡി തെറുപ്പുകാരനായി മാറും.

അക്കാലത്ത് നല്ല ഷർട്ടും മുണ്ടും ഉടുത്ത് ബീഡി ക്കമ്പനിയിലേക്ക് പോകുന്നവരെ ആദരവോടെ നാട്ടുകാർ നോക്കി നിൽക്കും. പക്ഷേ ഒരു വർഷം കഴിഞ്ഞപ്പോഴേക്കും അനുജൻ ബീഡി തെറുപ്പും മതിയാക്കി. എന്തെങ്കിലുമൊരു ജീവിതമാർഗ്ഗം കണ്ടെത്തിക്കൊടുക്കേണ്ടെ? അപ്പോഴേക്കും ഞാൻ അധ്യാപക ജോലിയിൽ പ്രവേശിച്ചിരുന്നു. ഞങ്ങളുടെ പറമ്പിൽ റോഡു സൈഡിൽ ചെറിയൊരു ഒറ്റമുറി പീടിക ഞാൻ ഉണ്ടാക്കി. അതിൽ കച്ചവടം തുടങ്ങാൻ അനുജനു വേണ്ട സാമ്പത്തിക സഹായവും ഒരുക്കിക്കൊടുത്തു. ആ കച്ചവടത്തിൽ അവന് പുരോഗതി ഉണ്ടായി. കേവലം പതിനെട്ടു വയസ്സുകാരനായ അവൻ സ്വകാര്യമായി പുകവലി തുടങ്ങി. അതിന് കൂട്ടുകാരനായ സി രാഘവൻ പ്രോത്സാഹനം നൽകി. (സി രാഘവൻ എസ് ബി ഐയിൽ നിന്ന് സീനിയർ തസ്തികയിൽ വിരമിച്ചു).

നാട്ടിലേക്കാൾ കൂടുതൽ കച്ചവട സാധ്യത കരിവെള്ളൂർ ബസാറിലാണെന്ന് അവന് തോന്നി. കച്ചവടം കരിവെള്ളൂരിലേക്ക് മാറ്റി. വർഷങ്ങൾ പലതും കടന്നുപോയി. അവൻ്റെ കടയിൽ സ്ഥിരമായി വരുന്ന ഒരു പെൺകുട്ടിയുമായി അവൻ അടുപ്പത്തിലായി. അവളെ വിവാഹം കഴിക്കണമെന്ന് അവൻ വാശിപിടിച്ചു. അപ്പോഴേക്ക് അവന് ഇരുപത്തി ഒന്ന് വയസ് പൂർത്തിയായതേയുള്ളു. അവൻ്റെ ആഗ്രഹപ്രകാരം വിവാഹവും നടത്തിക്കൊടുത്തു. അവൻ്റെ ജീവിത രീതിയിൽ മാറ്റം വരാൻ തുടങ്ങി. സ്വന്തമായ തീരുമാനം മാത്രമെ നടപ്പാക്കൂ. സ്വൽപം സാമ്പത്തിക ഉയർച്ച ഉണ്ടായി. വലിയ കൂട്ടുകെട്ടിൽ പെട്ടു. ഭക്ഷണം പുറത്തു നിന്നേ കഴിക്കൂ. ലഹരിയോടും അൽപം കമ്പമുണ്ടായി എന്നു തോന്നുന്നു. പൊറോട്ടയും ബീഫും പോലുള്ളവ അവൻ്റെ നിത്യ ഭക്ഷണമായി മാറി.

ഒരു വർഷം കഴിഞ്ഞപ്പോൾ വയറു വേദനയുമായി പല ഡോക്ടർമാരെയും സമീപിച്ചു. അതിനു പരിഹാരം കാണാൻ പറ്റിയില്ല. വേദന കലശലായി. എന്നെ വിളിച്ചു. ഞാൻ ചെന്നു നോക്കി. എഴുന്നേൽക്കാൻ പറ്റുന്നില്ല. വയറിൽ ഒന്നരണ്ടു സ്ഥലത്ത് ചുവന്ന അടയാളം കണ്ടു. അവിടെയാണ് കടുത്ത വേദന. ഞങ്ങളുടെ കുടുംബ ഡോക്ടറും അനിയൻ്റെ സഹപാഠിയുമായ ഡോക്ടറുടെ അടുത്തേക്ക് അവനെ എത്തിച്ചു. കാറിൽ നിന്നിറങ്ങി ഡോക്ടറുടെ പരിശോധനാ മുറിയിലേക്ക് അവന് പോകാൻ പറ്റുന്നില്ല. നല്ല തിരക്കുള്ള സമയമായിട്ടും ഡോക്ടർ ക്ലിനിക്കിൽ നിന്നിറങ്ങി കാറിനടുത്തേക്ക് വന്നു. ഒന്ന് തൊട്ടു നോക്കി. 'മാഷെ ഇത് ഇപ്പോ പൊട്ടും ഉടനെ ഓപ്പറേഷൻ നടത്തണം', ഡോക്ടർ പറഞ്ഞ പയ്യന്നൂരിലെ ഒരു ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. ഡോക്ടർ തന്നെ നിർദേശിച്ച സർജനെ കണ്ടു. പെട്ടെന്ന് ഓപ്പറേഷൻ നടത്തി.
  
Article, Editor’s-Pick, Food, Health, Cancer, Be careful on what you eat.

ഒന്നുരണ്ടു മണിക്കൂർ കഴിഞ്ഞിട്ടും ഡോക്ടറും നഴ്സുമാരും തിയ്യേറ്ററിൽ നിന്ന് പുറത്തുവരാത്തപ്പോൾ വേവലാതിയായി. ഉച്ചക്ക് ശേഷം രണ്ട് മണിക്ക് തിയ്യേറ്ററിൽ കയറ്റിയതാണ്. വൈകീട്ട് ഏഴു മണിയായി. ഡോക്ടർ പുറത്തേക്ക് വന്നു. അദ്ദേഹം പറഞ്ഞു. 'കുടലിനകത്ത് ഒന്നും വ്യക്തമായി കാണുന്നില്ല. പുകപോലെ എന്തോ ഒന്ന് കുടൽ മുഴുവൻ നിറഞ്ഞുനിൽക്കുന്നു'. നാളെ ഒന്നു കൂടി ഓപ്പറേറ്റ് ചെയ്തു നോക്കാം. അനുജനെ ഐ.സി.യുവിലേക്ക് മാറ്റി. രണ്ടാം ദിനവും അതേ പ്രക്രിയ ആരംഭിച്ചു. ഡോക്ടർ പറഞ്ഞു, 'ഒന്നും മനസ്സിലാവുന്നില്ല', (ആ സർജറി ചെയ്ത ഡോക്ടർ നാട്ടിൽ തന്നെയുണ്ട്, സർജറി ചെയ്യാൻ നിർദ്ദേശിച്ച ഡോക്ടർ ഇന്ന് വിദേശത്താണ്. പയ്യന്നൂരിലെ പ്രമുഖ ഹോസ്പിറ്റൽ നിലവിലുണ്ട്. പേരെടുത്തു പറയാത്തത് ആർക്കും വിഷമം വരേണ്ട എന്ന് കരുതിയാണ്)

ഇവിടെ നിന്നിട്ട് കാര്യമില്ലെന്ന് മനസ്സിലായി നേരെ മണിപ്പാലിലെത്തിച്ചു. കുടലിൽ നിന്ന് അസഹ്യമായ രൂക്ഷ ഗന്ധമുള്ള ഒരു തരം ദ്രാവകം ലിറ്റർ കണക്കിന് പുറത്തേക്കെടുത്തു. കുടൽ കാൻസറായിരുന്നു എന്ന് അവിടുത്തെ ഡോക്ടർ കണ്ടെത്തി. ഓപ്പറേഷൻ കൂടാതെ ചികിത്സ നടത്തി ഭേദമാക്കായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഇനി പറഞ്ഞിട്ടു കാര്യമില്ല വീട്ടിലേക്ക് കൊണ്ടുപോകുന്നതാണ് നല്ലതെന്ന് അദ്ദേഹം നിർദ്ദേശിച്ചു. വീട്ടിൽ കൊണ്ടുപോയി ഒന്നും ചെയ്യാൻ പറ്റാത്തതിനാൽ കാഞ്ഞങ്ങാട് എൻ്റെ സുഹൃത്ത് നടത്തുന്ന ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു. ഒരാഴ്ചയോളം അവിടെ കിടന്നു. അവൻ ഞങ്ങളെ വിട്ടുപോയി. ഇതിൽ നിന്നും പഠിച്ച പാഠം ഡോക്ടർ നിർദ്ദേശിക്കുമ്പോൾ പെട്ടെന്ന് തീരുമാനത്തിലെത്താതെ ഒന്നുരണ്ടു ഡോക്ടർമാരോട് അഭിപ്രായം ആരാഞ്ഞതിന് ശേഷമേ ചികിൽസ ആരംഭിക്കാവൂ എന്നാണ്.

Post a Comment