Follow KVARTHA on Google news Follow Us!
ad

Bekal Fest | ബീച് മഹോത്സവത്തിന് ബേക്കൽ ഒരുങ്ങി; കളറാക്കാൻ വിനോദങ്ങളും കലാസന്ധ്യകളും; ആവേശം വിതറാൻ പ്രമുഖരെത്തും; ലോകത്തിന് മുന്നില്‍ അടയാളപ്പെടുത്താൻ സജ്ജരായി സംഘാടകർ

പ്രാദേശിക കലാകാരന്‍മാരുടെ കലാവിരുന്നും മേളയുടെ ആകര്‍ഷകമാകും Beach Fest, Bekal, കാസറഗോഡ് വാർത്തകൾ, Malayalam News, CH Kunhambu MLA
കാസർകോട്: (KVARTHA) അന്താരാഷ്ട്ര ബീച് ഫെസ്റ്റിന്റെ രണ്ടാം പതിപ്പിന് ചരിത്രമുറങ്ങുന്ന ബേക്കൽ തീരം ഒരുങ്ങി. ഡിസംബർ 22ന് വൈകീട്ട് 5.30 ന് കേരള നിയമസഭാ സ്പീകര്‍ എ എന്‍ ശംസീര്‍ ഉദ്ഘാടനം ചെയ്യും. ബേക്കലിനെയും പരിസര പ്രദേശങ്ങളെയും ലോകത്തിന് മുന്നില്‍ വീണ്ടും അടയാളപ്പെടുത്താനുള്ള സജ്ജീകരണങ്ങളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്. കലാപരിപാടികളും എക്‌സ്‌പോയും വിപണന മേളയും ഫെസ്റ്റിന് മാറ്റ് കൂട്ടും. ജില്ലയുടെ തനത് കലാരൂപങ്ങളും പ്രാദേശിക കലാകാരന്‍മാരുടെ കലാവിരുന്നും മേളയുടെ ആകര്‍ഷകമാകും. പുതുവര്‍ഷത്തെ വരവേറ്റ് ഡിസംബര്‍ 31ന് ബീച് ഫെസ്റ്റ് സമാപിക്കും.

Bekal ready for beach fest

ഫെസ്റ്റിന് ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കുന്നത്. പൊതുജനങ്ങള്‍ക്ക് യാത്രാ സൗകര്യത്തിനായി കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകളും അധിക സർവീസ് നടത്തും. ബേക്കല്‍ ഫോര്‍ട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനുകൾക്ക് പ്രത്യേക സ്റ്റോപുകളും അനുവദിച്ചിട്ടുണ്ട്. ബീച് പാര്‍കിലേക്ക് കടന്നുവരാന്‍ അഞ്ച് ഇടങ്ങളിലായി 30 ഓളം പ്രവേശനവഴികളും സജ്ജമാക്കിയിട്ടുണ്ട്. ശുചീകരണത്തിന് അതിവിപുലമായ സന്നാഹങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. ഇ-ടോയ്ലറ്റും, മൂത്രപ്പുരകളും, വിശ്രമകേന്ദ്രങ്ങളും പാര്‍കിലുണ്ടാകും. വാഹന പാര്‍കിങ്ങിനായി 25 ഏകറോളം സ്ഥലം നീക്കിവെച്ചിട്ടുണ്ട്.

കേരളത്തില്‍ ആദ്യമായി പാരാ സെയിലിംഗ് (പാരച്യൂട്) സജ്ജമാക്കിക്കൊണ്ടാണ് ഇത്തവണ ബേക്കല്‍ കടലോരം ഫെസ്റ്റിനെ വരവേല്‍ക്കുന്നത്. ഒരാള്‍ക്ക് അഞ്ച് മിനുറ്റ് നേരം സമുദ്രോപരിതലത്തില്‍ പാരച്യൂടില്‍ പറന്നുനടക്കാനാവും. വാടര്‍ സ്‌പോര്‍ട്‌സിന്റെ ഭാഗമായി ജെറ്റ്‌സ്‌കൈ (കടലിലൂടെയുള്ള സ്‌കൂടർ യാത്ര), സ്പീഡ് ബോട്, ബീച് ബൈക്, ഒട്ടകപ്പുറത്തും കുതിരപ്പുറത്തുമുള്ള സവാരികള്‍, 24 സീറ്റുകളുള്ള കൂറ്റന്‍ പുതുപുത്തന്‍ ജെയിന്റ് വീല്‍, കുട്ടികള്‍ക്കായുള്ള കാര്‍ റൈസിംഗ് (കംപ്യൂടർ ഗെയിം), ബീചിലാകെ ചുറ്റിക്കറങ്ങാന്‍ കളിവണ്ടികളും (ടോയ് ട്രെയിന്‍) ഉണ്ടാകും.

ഡിസംബര്‍ 22ന് തൈക്കുടം ബ്രിഡ്ജ് ആദ്യ ദിനത്തിലെ പരിപാടി അവതരിപ്പിച്ചുകൊണ്ട് പത്ത് ദിവസം നീളുന്ന കലാമേളയ്ക്ക് തിരികൊളുത്തും. 23ന് ശിവമണിയും പ്രകാശ് ഉള്ളിയേരിയും സംഗീത സംവിധായകന്‍ ശരത്തും ചേര്‍ന്നൊരുക്കുന്ന ട്രിയോ മ്യൂസികല്‍ ഫ്യൂഷനുണ്ടാകും. 24ന് കെ എസ് ചിത്രയും സംഘവും ചേര്‍ന്നവതരിപ്പിക്കുന്ന ചിത്രവസന്തത്തില്‍ പ്രശസ്ത ഗായകരായ അഫ്‌സല്‍, നിശാദ്, വയലിനിസ്റ്റ് രൂപാരേവതി എന്നിവർ അണിനിരക്കും. 25ന് ക്രിസ്മസ് ദിനത്തില്‍ എം ജി ശ്രീകുമാര്‍ നയിക്കുന്ന മെഗാ മ്യൂസികല്‍ ഇവന്റ്, 26ന് നടിയും നര്‍ത്തകിയുമായ ശോഭനയും ചെന്നൈ കലാക്ഷേത്രം വിദ്യാർഥികളും ചേര്‍ന്ന് അവതരിപ്പിക്കുന്ന നൃത്തനിശയും ആവേശം പകരും.

27ന് പാടിപ്പതിഞ്ഞ ഗാനങ്ങളുമായി പത്മകുമാറും ദേവും സംഘവും ചേര്‍ന്നൊരുക്കുന്ന ഓള്‍ഡ് ഈസ് ഗോള്‍ഡ് മ്യൂസികല്‍ മെലഡി, 28ന് അതുല്‍ നറുകരയുടെയും സംഘത്തിന്റെയും സോള്‍ ഓഫ് ഫോക് ബാൻഡും അരങ്ങേറും. അന്നേ വൈകീട്ട് 5.30ന് ദര്‍ശന ടി വിയുടെ പുത്തന്‍ കുട്ടിക്കുപ്പായം മാപ്പിളപ്പാട്ട് മത്സരത്തിന്റെ ഗ്രാൻഡ് ഫിനാലെയും മുഖ്യ വേദിയില്‍ നടക്കും. സംഗീതസംവിധായകന്‍ വിദ്യാധരന്‍ മാസ്റ്ററും ഗായിക രഹ്‌നയും മാപ്പിളകലാ ചരിത്രഗവേഷകന്‍ ഫൈസല്‍ എളേറ്റിലും സംബന്ധിക്കും. 29ന് കണ്ണൂര്‍ ശരീഫും സംഘവും ചേര്‍ന്ന് നയിക്കുന്ന മാപ്പിളപ്പാട്ട് നിശയ്‌ക്കൊപ്പം കണ്ണഞ്ചിപ്പിക്കുന്ന ഒപ്പനയും ഉണ്ടാകും.

30ന് ഗൗരീ ലക്ഷ്മിയുടെ മ്യൂസികല്‍ ബാൻഡും, ഫെസ്റ്റിവലിന്റെ സമാപന ദിവസമായ ഡിസംബര്‍ 31ന് റാസാ ബീഗത്തിന്റെ ഗസലും ആട്ടം കലാസമിതിയുടെ മ്യൂസിക് ഫ്യൂഷനും തുടര്‍ന്ന് പുതുവര്‍ഷത്തെ വരവേറ്റുകൊണ്ടുള്ള മെഗാ ന്യൂ ഇയര്‍ നൈറ്റും നടക്കും. സമീപത്തെ റെഡ്മൂണ്‍ പാര്‍കിലെ രണ്ടാം സ്റ്റേജില്‍ എല്ലാ ദിവസവും കുടുംബശ്രീ പരിപാടികള്‍ക്ക് ശേഷം ഡി ജെ പാര്‍ടികളും, മ്യൂസിക് നൈറ്റും മറ്റു കലാപ്രകടനങ്ങളും അരങ്ങേറും. പൊലീസ് ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കും.

ബേക്കല്‍ റിസോര്‍ട്സ് ഡെവലപ്മെന്റ് കോര്‍പറേഷനും (BRDC), ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും, ടൂറിസം വകുപ്പും, കുടുംബശ്രീ മിഷനും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജനകീയ കമിറ്റിയും ഒരുമിച്ചാണ് ബേക്കൽ ഫെസ്റ്റ് ഒരുക്കുന്നത്. ഉദുമ എംഎല്‍എ അഡ്വ. സി എച് കുഞ്ഞമ്പു ചെയര്‍മാനും, ജില്ലാ കലക്ടര്‍ കെ ഇമ്പശേഖര്‍ ജെനറല്‍ കണ്‍വീനറുമായ സംഘാടക സമിതിയാണ് ഫെസ്റ്റിന് ചുക്കാന്‍ പിടിക്കുന്നത്. ഫെസ്റ്റിന്റെ വരവറിയിച്ച് കഴിഞ്ഞ ദിവസം സംഘടിപ്പിച്ച വർണാഭമായ വിളംബര ഘോഷയാത്ര നാടിന്റ മനം കവർന്നു. കുടുംബശ്രീ പ്രവർത്തകർ അവതരിപ്പിച്ച തിരുവാതിരയും മാനത്ത് തെളിയിച്ച സുവർണറാന്തലുകളും മാറ്റേകി.

ഒരുക്കങ്ങള്‍ വിലയിരുത്തി കലക്ടർ

ബേക്കല്‍ ബീച്ച് ഫെസ്റ്റ് രണ്ടാം പതിപ്പിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് ജില്ല കലക്ടര്‍ കെ ഇമ്പശേഖര്‍ സ്ഥലം സന്ദര്‍ശിച്ചു. പള്ളിക്കര പഞ്ചായത് പ്രസിഡണ്ട് എം കുമാരന്‍, എഡിഎം കെ നവീന്‍ ബാബു, സബ് കലക്ടര്‍ സൂഫിയാന്‍ അഹ്‌മദ്, അസിസ്റ്റന്റ് കലക്ടര്‍ ദിലീപ് കൈനിക്കര, ബി ആര്‍ ഡി സി മാനജിങ് ഡയറക്ടര്‍ പി ഷിജിന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍, ഡിവൈഎസ്‌പി സി കെ സുനില്‍കുമാര്‍, ജില്ലാ ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ എം ലക്ഷ്മി, തഹസില്‍ദാര്‍ എം മായ, ഡിടിപിസി സെക്രടറി ലിജോ ജോസഫ്, ഫയര്‍ഫോഴ്‌സ് ഓഫീസര്‍ പവിത്രന്‍, പൊലീസ് ഇന്‍സ്‌പെക്ടര്‍ യു വിപിന്‍, ബിആര്‍ഡിസി ഉദ്യോഗസ്ഥര്‍, സംഘാടക സമിതി പ്രോഗ്രാം കമിറ്റി ചെയര്‍മാന്‍ മധു മുതിയക്കാല്‍, വിവിധവകുപ്പ് ഉദ്യോഗസ്ഥര്‍, സംഘാടക സമിതി പ്രതിനിധികള്‍ എന്നിവരും കലക്ടറെ അനുഗമിച്ചു.

Keywords: News, Kerala, Kasaragod, Beach Fest, Bekal, Malayalam News, CH Kunhambu MLA, Inauguration, Bekal ready for beach fest.
< !- START disable copy paste -->

Post a Comment