Follow KVARTHA on Google news Follow Us!
ad

Crime Branch അമല്‍ ജ്യോതി എന്‍ജിനീയറിംഗ് കോളജിലെ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ ക്രൈംബ്രാഞ്ച് അന്വേഷിക്കും; സമരം അവസാനിപ്പിച്ച് വിദ്യാര്‍ഥികള്‍

ആവശ്യം പൂര്‍ണമായും മാനേജ്‌മെന്റ് പ്രതിനിധികളെ അറിയിച്ചിട്ടുണ്ട് Crime Branch, Probe, Engineering Student Death, Strike, Kerala News, മലയാളം-വാർത്തകൾ
കാഞ്ഞിരപ്പള്ളി: (www.kvartha.com) അമല്‍ ജ്യോതി എന്‍ജിനീയറിംഗ് കോളജിലെ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു അറിയിച്ചു. ഇതോടെ ദിവസങ്ങളായി കോളജില്‍ വിദ്യാര്‍ഥികള്‍ നടത്തിയിരുന്ന സമരം പിന്‍വലിച്ചു. സമരത്തെ തുടര്‍ന്ന് കഴിഞ്ഞദിവസം അടച്ചിരുന്ന കോളജ് തിങ്കളാഴ്ച തുറക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവും സഹകരണ മന്ത്രി വിഎന്‍ വാസവനും ചീഫ് വിപ് എന്‍ ജയരാജു മാണ് കോളജ് മാനേജ്‌മെന്റുമായും വിദ്യാര്‍ഥി പ്രതിനിധികളുമായും ബുധനാഴ്ച രാവിലെ ചര്‍ച നടത്തിയത്. ഇതോടെ വിദ്യാര്‍ഥികള്‍ നടത്തിവരുന്ന സമരം താല്‍കാലികമായി പിന്‍വലിച്ചു. കോളജ് തിങ്കളാഴ്ച തുറക്കും.

ചര്‍ചയെ തുടര്‍ന്ന്, വിദ്യാഥിനി ആത്മഹത്യയിലേക്ക് നയിച്ച ഘടകങ്ങളെ കുറിച്ച് ക്രൈം ബ്രാഞ്ച് അന്വേഷിക്കാന്‍ തീരുമാനിച്ചു. എസ് പിയുടെ മേല്‍നോട്ടത്തില്‍ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പിയാണ് കേസ് അന്വേഷിക്കുക.

ആദ്യം വിദ്യാര്‍ഥികളുമായി ചര്‍ച നടത്തിയ ശേഷമാണ് മാനേജ്‌മെന്റ് പ്രതിനിധികളുമായുള്ള ചര്‍ച നടത്തിയത്. വിദ്യാര്‍ഥികളുടെ പരാതി പരിഹാര സെല്‍ പരിഷ്‌കരിക്കുമെന്നും മന്ത്രി പറഞ്ഞു.
വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടതു പ്രകാരം ഹോസ്റ്റല്‍ വാര്‍ഡനെ മാറ്റും. താത്കാലികമായി ചുമതല മറ്റൊരാള്‍ക്ക് നല്‍കും.

സമരത്തില്‍ പങ്കെടുത്തതിന് വിദ്യാര്‍ഥികള്‍ക്കെതിരെ അച്ചടക്കനടപടികള്‍ ഉണ്ടാകില്ല. പൊലീസ് നടപടികളില്‍ വിദ്യാര്‍ഥികളും മാനേജ്മെന്റും ആക്ഷേപം ഉന്നയിച്ചിട്ടില്ലെന്നും കൂടുതല്‍ ഉന്നതതല ഉദ്യോഗസ്ഥര്‍ കോളജിലെത്തി അന്വേഷണം നടത്തുമെന്നും മന്ത്രി ആര്‍ ബിന്ദു പറഞ്ഞു.

വിദ്യാര്‍ഥികളുടെ ആവശ്യം പൂര്‍ണമായും മാനേജ്‌മെന്റ് പ്രതിനിധികളെ അറിയിച്ചിട്ടുണ്ട്. എന്നാല്‍, ആരോപണവിധേയരാവരെ മാറ്റി നിര്‍ത്തണമെന്ന വിദ്യാര്‍ഥികളുടെ ആവശ്യം മാനേജ്‌മെന്റ് പ്രതിനിധികള്‍ അംഗീകരിച്ചിട്ടില്ലെന്നാണ് അറിയുന്നത്. സ്വാശ്രയ കോളജുകളില്‍ അച്ചടക്കത്തിന്റെ പേരിലും സദാചാരത്തിന്റെ പേരിലും കുട്ടികള്‍ കടുത്ത മാനസിക സമ്മര്‍ദം അനുഭവിക്കുന്നുണ്ടെന്ന് മന്ത്രി ആര്‍ ബിന്ദു പ്രതികരിച്ചു.

വിദ്യാര്‍ഥിനി ജീവനൊടുക്കാനുള്ള കാരണങ്ങള്‍ വിലയിരുത്തി റിപോര്‍ട് നല്‍കാന്‍ സാങ്കേതിക സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ് നിര്‍ദേശിച്ചു. ഇതിനായി സിന്‍ഡികേറ്റ് അംഗം പ്രൊഫ. ജി സഞ്ജീവ്, ഡീന്‍ അകാഡമിക് ഡോ.വിനു തോമസ് എന്നിവര്‍ കോളജിലെത്തും. സംസ്ഥാന യുവജന കമിഷന്‍ സംഭവത്തില്‍ കേസെടുത്ത് ജില്ലാ പൊലീസ് മേധാവിയോടു റിപോര്‍ട് തേടി.

കഴിഞ്ഞദിവസം കെഎസ്യു, എബിവിപി പ്രവര്‍ത്തകര്‍ കോളജിന് മുന്നില്‍ സമരം നടത്തിയിരുന്നു. കെഎസ്യു ജില്ലാ പ്രസിഡന്റ് കെ എന്‍ നൈസാമിന്റെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചു. എബിവിപിയുടെ പ്രതിഷേധ മാര്‍ച് സംസ്ഥാന ജോയിന്റ് സെക്രടറി എസ് അരവിന്ദ് ഉദ്ഘാടനം ചെയ്തു.

വിദ്യാര്‍ഥി സമരത്തിനു പരിഹാരം കാണാന്‍ ഗവ. ചീഫ് വിപ് എന്‍ ജയരാജ്, ഡി വൈ എസ് പി എം അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കോളജില്‍ നടന്ന ചര്‍ച പരാജയപ്പെട്ടിരുന്നു. ചര്‍ചയ്ക്കു ശേഷം പുറത്തു വന്ന ജയരാജിനെ വിദ്യാര്‍ഥികള്‍ തടയുകയും ചെയ്തു. പൊലീസും വിദ്യാര്‍ഥികളും തമ്മില്‍ സംഘര്‍ഷവുമുണ്ടായി. അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും പുറത്തിറങ്ങാന്‍ കഴിയാത്ത വിധം കോളജ് കവാടങ്ങള്‍ അടച്ച് വിദ്യാര്‍ഥികള്‍ ഒരു മണിക്കൂറോളം സമരം നടത്തിയിരുന്നു.

കോളജിലെ ഫുഡ് ടെക്‌നോളജി വിഭാഗം രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ എറണാകുളം തിരുവാങ്കുളം സ്വദേശി ശ്രദ്ധയെ (20) കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്‍സ്‌പെക്ടര്‍ സുനില്‍ തോമസിന്റെ നേതൃത്വത്തില്‍ കാഞ്ഞിരപ്പള്ളി പൊലീസ് ശ്രദ്ധയുടെ വീട്ടിലെത്തി മാതാപിതാക്കളുടെ മൊഴിയെടുത്തു.

Crime Branch to probe Sradha suicide, Amal Jyothi students withdraw protest, Kottayam, News, Strike, Students, Meeting, Ministers, Parents, Engineering Student Death, Kerala

ജൂണ്‍ ഒന്നിനു രാവിലെ കോളജിലേക്കു പോയ ശ്രദ്ധ അന്നു രാത്രിയും പിറ്റേന്ന് രാവിലെയും വീട്ടിലേക്ക് വിളിച്ചിരുന്നതായി പിതാവ് പൊലീസിനോടു പറഞ്ഞു. ഉച്ചയ്ക്ക് വകുപ്പു മേധാവിയുടെ മുറിയില്‍ കയറുന്നതുവരെ ശ്രദ്ധ സന്തോഷവതി ആയിരുന്നുവെന്നു കൂട്ടുകാരികള്‍ പറഞ്ഞതായും പിതാവ് മൊഴി നല്‍കി.

മകള്‍ക്ക് നീതി കിട്ടാന്‍ ഏതറ്റം വരെയും പോകുമെന്നും പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും ഗവര്‍ണറെ കാണുമെന്നും സതീശ് പറഞ്ഞു.

Keywords: Crime Branch to probe Sradha suicide, Amal Jyothi students withdraw protest, Kottayam, News, Strike, Students, Meeting, Ministers, Parents, Engineering Student Death, Kerala. 

Post a Comment