Follow KVARTHA on Google news Follow Us!
ad

മനസ്സകങ്ങളില്‍ ഊഞ്ഞാല്‍ കെട്ടിയ കുട്ടി

താത്തൂര്‍ ശുഹദാക്കളുടെ നേര്‍ച്ച ശിര്‍ക്കും ഹറാമുമാണെന്ന് പുത്തന്‍ മദ്‌റസയില്‍ Article, Kerala, Kvartha, Song, Mohammed Sadiq
പി ടി മുഹമ്മദ് സാദിഖ്

(www.kvartha.com 15.10.2021) താത്തൂര്‍ ശുഹദാക്കളുടെ നേര്‍ച്ച ശിര്‍ക്കും ഹറാമുമാണെന്ന് പുത്തന്‍ മദ്‌റസയില്‍ നിന്ന് പഠിക്കുന്നതിനു മുമ്പാണ്. വെല്ലിമ്മച്ചിക്കും അമ്മായിമാര്‍ക്കുമൊപ്പം നേര്‍ച്ചക്ക് ഞാനും പോകും. ആ നേര്‍ച്ചപ്പറമ്പിലാണ് വില്‍പനക്കു വെച്ച പുസ്തകങ്ങള്‍ ആദ്യം കാണുന്നത്. ഏറെയും പാട്ടു പുസ്തകങ്ങള്‍. മാപ്പിളപ്പാട്ടുകള്‍. അവിടുന്നാണ് ആദ്യമായൊരു പുസ്തകം വാങ്ങുന്നത്. അതാണ് ആദ്യം വാങ്ങുന്ന സാഹിത്യ പുസ്തകം. 

    
Article, Kerala, Kvartha, Song, Write, Mohammed Sadiq, Book, Article by PT Mohammed Sadiq


എന്റെ സാഹിത്യക്കമ്പം തുടങ്ങുന്നത് മാപ്പിളപ്പാട്ടില്‍നിന്നാണ്. ഞാന്‍ ആദ്യം വാങ്ങുന്നതും വായിക്കുന്നതും മാപ്പിളപ്പാട്ടുകളാണ്. ആദ്യം എഴുതാന്‍ ശ്രമിച്ചതും മാപ്പിളപ്പാട്ടുകളാണ്. വലിയ പാട്ടെഴുത്തുകാരനാകണമെന്നായിരുന്നു ആദ്യ മോഹങ്ങളിലൊന്ന്. അന്നു വാങ്ങിയ പുസ്തകത്തിന്റെ പുറം ചട്ടയിലാണ് നീണ്ട മുടിയുള്ള ആ സുന്ദര മുഖം കാണുന്നത്. കല്യാണവീടുകളിലും കുറിക്കല്ല്യണപ്പീടികകളിലും തെങ്ങിന്‍ മുകളിലെ വലിയ കാഹളങ്ങളില്‍ നിന്ന് പാടിക്കൊണ്ടിരുന്ന മനുഷ്യന്‍. വി എം കുട്ടി. 

വി എം കുട്ടിയോടൊപ്പം ഒരു സുന്ദരിപ്പെണ്ണു കൂടിയുണ്ട്. അതേ തെങ്ങിന്‍ തലപ്പുകളിലെ ഉച്ചഭാഷിണികളില്‍ നിന്ന് മധുര സ്വരത്തില്‍ കിരികിരി ചെരിപ്പുമ്മലും മറ്റും പാടുന്ന വിളയില്‍ വത്സല. നെറ്റിയിലേക്ക് ചന്ദ്രക്കല പോലെ തൂങ്ങി നില്‍ക്കുന്ന മുടിയായിരുന്നു ആ മുഖത്തിന്റെ സൗന്ദര്യം. പിന്നീട് എപ്പോഴോ വാത്സല്യം വഴിയുന്ന ആ പേര് അവര്‍ മാറ്റിക്കളഞ്ഞു. നെറ്റിയിലെ ആ ചന്ദ്രക്കല അവര്‍ തട്ടത്തിന്‍ മറച്ചു.

തെങ്ങിന്‍ തലപ്പില്‍ വി എം കുട്ടിയുടെ സ്വരം ഒഴുകി വരുമ്പോള്‍ കല്ല്യാണപ്പന്തലിലെ പുതിയാപ്പിളമാര്‍ക്കെല്ലാം കൈതപ്പൂ മണവും കദളിപ്പൂ നിറവുമായിരിക്കും. കൈതപ്പൂ മണത്താലും കദളിപ്പൂ നിറത്താലും
കൗതുക പുതുമാരന്‍ ഇത ഇത വരുന്നേ എന്നാണ് പാട്ട്. അതു കേട്ട് അകത്തളങ്ങളിലെവിടെയോ കൂട്ടുകാരികള്‍ക്കു നടുവില്‍ നാണം കൊണ്ടിരിക്കുന്ന പുതുപെണ്ണിന്റെ പടവെട്ടുന്ന മിഴികളില്‍ കുളിരു നിറയും. അധരത്തില്‍ വിരിയുന്ന അരിമുല്ല ചിരി മലര്‍ അവര്‍ ഒളിപ്പിക്കും. കവിളത്ത് പതിനാലാം രാവിന്റെ നറുനിലാവുദിക്കും. കരളിന്റെ അരുവിയില്‍ പരലുകള്‍ പിടയ്ക്കും. വരികളില്‍ കവിത തുളുമ്പും. പാട്ടില്‍ നമ്മള്‍ പ്രണയപ്പെട്ടു നില്‍ക്കും.

കല്യാണത്തലേന്നാണെങ്കില്‍ പാട്ടു വേറെയാണ്. മനസ്സിനകത്തൊരു ഊഞ്ഞാല്‍ കെട്ടി ആടുന്നോളെ, മണി മലരേ നിന്‍ മാരന്‍ വരുന്നുണ്ട് നാളെ. അപ്പാട്ടു കേട്ടാല്‍ പിന്നെ മണവാട്ടി ആ രാത്രി ഉറങ്ങില്ല. മനസ്സിലൊരു ഊഞ്ഞാല്‍ കെട്ടി അവള്‍ ആടിക്കൊണ്ടിരിക്കും.

വി എം കുട്ടിയുടെ പാട്ടുകളില്‍ ഞാന്‍ പ്രണയപരവശനായിട്ടുണ്ട്. ചന്ദനച്ചാറില്‍ മുങ്ങിയ ഹൂറിയേയും ചന്ദിരപ്പൂമുഖമുള്ളൊരു ബീവിയേയും കിനാവു കണ്ടിട്ടുണ്ട്. കടലുകള്‍ക്കപ്പുറം പ്രവാസിയായ കാലത്ത് മാഷുടെ പാട്ടു കേട്ട് വിരഹപ്പെട്ട് ഖല്‍ബു വെന്തു പൊരിഞ്ഞിട്ടുണ്ട്. എന്റെ ഭക്തിയുടെ കുട്ടിക്കാലത്തെ ആ പാട്ടുകള്‍ ലഹരിയിലാഴ്ത്തിയിട്ടുണ്ട്. തൗബക്കു വേണ്ടി കരം നീട്ടും പാപീ ഞാന്‍, തിന്മയില്‍ തുള്ളി പുളച്ചു മദിച്ചൂ ഞാനെന്ന് ഉറക്കപ്പായയില്‍ കിടന്നു അക്കാലത്ത് ഞാന്‍ മൂളിയിട്ടുണ്ട്. കവിളിലൊലിക്കുന്ന ചുടുകണ്ണീര്‍ കണ്ടില്ലേ, ഖല്‍ബിന്റെ ഉള്ളറ കാണുന്നോന്‍ നീയല്ലേ എന്നു കേണിട്ടുണ്ട്. അന്നിരുപത്തൊന്നില്‍ നമ്മളിമ്മലയാളത്തില് ഒന്നു ചേര്‍ന്നു വെള്ളയോടെതിര്‍ത്തു നല്ല മട്ടില് കേട്ട് വീര ശൂര പരാക്രമിയാകാന്‍ കൊതിച്ചിട്ടുണ്ട്. 

മാഷ് ശുദ്ധ കമ്യൂണിസ്റ്റുകാരനായിരുന്നു. പാര്‍ട്ടിയുടെ ആദ്യ കാല വേദികളില്‍ വിപ്ലവഗാനങ്ങളുമായി മാഷ് സഹയാത്ര ചെയ്തിട്ടുണ്ട്. മതത്തിന്റെ കള്ളത്തരങ്ങളെ അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. മുകളില്‍ പറഞ്ഞ പല വരികളും ആരെഴുതിയതാണെന്ന് കൃത്യമായി ഓര്‍ക്കുന്നില്ല. മുഹമ്മദ് മറ്റത്തും പി.ടി. അബ്ദുറഹ്മാനും ബാപ്പു വെള്ളി പറമ്പുമൊക്കെയായിരുന്നു മാഷുടെ പ്രധാന കവികള്‍.

പടച്ചോന്റെ പേരു ചൊല്ലി, തെറ്റുകള്‍ ചെയ്യണ പടപ്പുകളെ കുറിച്ചുള്ള പാട്ടുണ്ട്. മാഷുടെ ഗ്രൂപിനുവേണ്ടി പുന്നയൂർക്കുളം കുഞ്ഞു എന്ന മാപ്പിളകവി എഴുതിയതാണിത്.

പടപ്പുകള്‍ ചെയ്യണ തെറ്റു
പടച്ചോന്റെ പേരു ചൊല്ലി
പലതരം ജാഡ കാട്ടി
പടപ്പുകള്‍ ചെയ്യണ തെറ്റ്
മതത്തിന്റെ മറയിട്ട് മനുഷ്യനും

മനുഷ്യനും തിരിച്ചും മറിച്ചും തല്ലുന്നതിനെ കുറിച്ച് മാഷ് അപ്പാട്ടില്‍ പാടി. അകത്തും പുറത്തും കമ്യൂണിസ്റ്റുകാരനായിരുന്ന ആ പാട്ടുകാരന് അങ്ങിനെ പാടിയേ മതിയാകൂ. പുതിയ ഓഫീസിലെ സഹപ്രവര്‍ത്തകന്‍ രണ്ടു ദിവസം മുമ്പാണ് എന്നോട് ആ തത്വം പറഞ്ഞത്. നമുക്ക് ഫിലോസഫി മാറാം, പക്ഷേ, അസോസിയേഷന്‍ വിടാന്‍ പറ്റില്ല. അതെങ്ങിനെ മലയാളത്തിലാക്കണമെന്ന് എനിക്കറിയില്ല. എന്റെ തത്വശാസ്ത്രങ്ങള്‍ മാറിപ്പോയിട്ടുണ്ട്. പക്ഷേ, ചങ്ങാത്തങ്ങള്‍ വിട്ടു പോയിട്ടില്ല. വിട്ടു കളയാന്‍ ഞാന്‍ തയാറുമല്ല. അതുകൊണ്ടാകും മാപ്പിളപ്പാട്ടും ഒപ്പനയും കോല്‍ക്കളിയുമൊക്കെ എന്റെ മാപ്പിള സ്വത്വവുമായി അസോസിയേറ്റഡ് ആയിരിക്കുന്നത്. ഈ കലകള്‍ക്കു മുന്നില്‍ ഞാന്‍ അടിമുടി മാപ്പിളയാണ്. 

ഫിലോസഫികള്‍ മനുഷ്യനും മനുഷ്യനും തമ്മില്‍ തിരിച്ചും മറിച്ചും തല്ലാനുള്ളതാകരുത്. ഗതിയഞ്ചും മുട്ടുമ്പോള്‍ കൈ രണ്ടും പൊക്കീട്ട് പടച്ചോനെ നീട്ടി വിളിക്കുന്ന കപടന്മാരെ കുറിച്ചാണ് മാഷ് അപ്പാട്ടില്‍ പാടിയത്.

മാഷേ.. യാദൃച്ഛികമാകാം.. ഈ കുറിപ്പെഴുതും മുമ്പ് അവസാനമായി ഞാന്‍ കേട്ടു കൊണ്ടിരുന്ന പാട്ട് ഏതാണെന്ന് അറിയാമോ?

മാനവനൊരു ജാതി
മാനവനൊരേ മതം
മാനവനൊരു ദൈവം
അതാണ് സത്യം അതാണ് സത്യം അതേയതാണ് സത്യം
ഒരു കലാകാരനും മരിക്കുന്നില്ലല്ലോ. കേട്ടുകൊണ്ടിരിക്കാന്‍ മാഷു കൂടെത്തന്നെയുണ്ടാകും, എന്നും.


[ശിര്‍ക്ക്: ബഹുദൈവ വിശ്വാസം
ഹറാം: നിഷിദ്ധം
തൗബ: പശ്ചാത്താപം]

Keywords: Article, Kerala, Kvartha, Song, Write, Mohammed Sadiq, Book, Article by PT Mohammed Sadiq.

Post a Comment