Follow KVARTHA on Google news Follow Us!
ad

യാത്രയ്ക്കിടയിലെ നേര്‍ക്കാഴ്ചകള്‍

Book Introduction: Direct views along the way #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പുസ്തക പരിചയം

- ഇബ്രാഹിം ചെര്‍ക്കള


(www.kvartha.com 25.02.2021) യാത്രകള്‍ പല തരത്തിലുണ്ടെങ്കിലും ഓരോ യാത്രയും നല്‍കുന്ന അനുഭവങ്ങള്‍ ഏറെ ആസ്വാദ്യകരമാണ്. വിനോദം പോലെ തന്നെ ജീവിതത്തിന്റെ ഗതിവിഗതികള്‍ നിര്‍ണയിക്കാനും യാത്രകള്‍ക്ക് കഴിയുന്നു. ഡോ. അസീസ് മിത്തടി പത്ത് രാജ്യങ്ങളില്‍ നടത്തിയ യാത്രകളിലെ വിവിധങ്ങളായ അനുഭവസാക്ഷ്യങ്ങളാണ് 'ഒരു പ്രവാസിയുടെ യാത്രാ കുറിപ്പുകള്‍' എന്ന പുസ്തകം. ഓരോ യാത്രയും സമ്മാനിച്ച പുതിയ പുതിയ കാഴ്ചകള്‍, കാഴ്ചപ്പാടുകള്‍ എല്ലാം വളരെ ലളിതമായ ഭാഷയില്‍ വായനക്കാര്‍ക്ക് കൗതുകവും പ്രതീക്ഷകളും നല്‍കുന്ന രീതിയില്‍ പറഞ്ഞുപോകുന്ന രചനാഭംഗി തന്നെയാണ് ഈ പുസ്തകത്തെ മനോഹരമാക്കുന്നത്.

ഓരോ രാജ്യങ്ങളിലെയും പ്രകൃതിയിലും മനുഷ്യനിലും കാണപ്പെടുന്ന വ്യത്യസ്തമായ വര്‍ണക്കാഴ്ചകള്‍ അടയാളപ്പെടുത്തുന്നതിലെ കഴിവ്, വായനക്കാരെ കൂടെ ചേര്‍ത്ത് നിര്‍ത്തുന്നതിന് ഉതകുന്ന രീതിയിലാണ്. ഭാഷകള്‍, വേഷങ്ങള്‍, സംസ്‌കാരങ്ങള്‍, തൊഴില്‍പരമായ വിശേഷങ്ങള്‍, ആചാരങ്ങള്‍, ആഘോഷങ്ങള്‍ എല്ലാം സാന്ദര്‍ഭികമായി കടന്നുവരുന്നു. ജപ്പാന്‍ യാത്രയിലാണ് തുടങ്ങുന്നത്. മറ്റു വിദേശ രാജ്യങ്ങളിലേക്കുള്ള യാത്രാ പ്രശ്‌നങ്ങള്‍ പോലെ തന്നെ ജപ്പാനിലേക്ക് പോകാന്‍ കടമ്പകള്‍ ഏറെയാണ്. പല കുറുക്കുവഴികളും തേടുകയും ജപ്പാനില്‍ ഒരു ജോലി തരപ്പെടുത്തുകയും ചെയ്യുക എന്നതും ചെറുപ്പക്കാരുടെ സ്വപ്നങ്ങളില്‍ ഒന്നാണ്. എന്നാല്‍ പ്രത്യേക തൊഴില്‍ വൈദഗ്ധ്യമുള്ളവര്‍ക്കും അതുപോലെ ജപ്പാനിലെ സ്ത്രീയെ വിവാഹം കഴിക്കുക വഴിയും മാത്രമേ ഇവിടെ തൊഴില്‍ വിസ കിട്ടാന്‍ വഴിയുള്ളൂ. ഇതിനെ മറികടന്ന് വിസിറ്റിംഗ് വിസയില്‍ എത്തി ഒളിച്ചു ജോലി ചെയ്യുന്നവരും ഉണ്ട്. ഇത്തരം നിയമവിരുദ്ധ തൊഴില്‍ നേടല്‍ മറ്റു രാജ്യങ്ങളിലും കാണാന്‍ പറ്റും. വിനോദ സഞ്ചാരത്തിന്റെ പേരിലും അതുപോലെ വിദ്യാഭ്യാസ വിസയിലും തീര്‍ത്ഥാടന യാത്രകളിലും വന്ന് തൊഴില്‍ എടുക്കുന്നവര്‍ ധാരാളമാണ്. ജപ്പാനിലെ കാലാവസ്ഥയും ജീവിത രീതികളും വളരെയധികം വിസ്തരിച്ചു തന്നെ അസീസ് വിവരിക്കുന്നു.

Book Introduction: Direct views along the way

ചില ആഫ്രികന്‍ മാഫിയാ കഥകള്‍ വായനക്കാര്‍ക്ക് കൗതുകവും പേടിയും പകരുന്ന രംഗങ്ങള്‍ കൊണ്ട് നിറഞ്ഞതാണ്. സ്വര്‍ണഖനികള്‍ നിറഞ്ഞ ഘാനയില്‍ നിന്നും സ്വര്‍ണ്ണം ചെറിയ വിലയ്ക്ക് കിട്ടും എന്ന് വിശ്വസിപ്പിച്ചു ഘാന സ്വദേശികള്‍ നടത്തുന്ന കോടികളുടെ തട്ടിപ്പിന്റെ കഥ ഒരു ത്രില്ലര്‍ സിനിമ പോലെ ശ്വാസമടക്കിവായിക്കേണ്ടിവരും.

രണ്ട് ദിവസം മാത്രം നടത്തിയ ശ്രീലങ്കന്‍ യാത്രയിലെ അനുഭവങ്ങളും വിവരണങ്ങള്‍ കൊണ്ട് വായനക്കാര്‍ക്ക് ആ രാജ്യത്തെപ്പറ്റിയുള്ള നല്ല വിവരണം നല്‍കുന്നു. ഹോങ്‌കോങ് യാത്രയില്‍ സുഹൃത്തുക്കളുടെ കൂടെ ചെലവഴിച്ച കുറേ നിമിഷങ്ങള്‍, സിംഗപ്പൂര്‍ എയര്‍ലൈന്‍സിലെ യാത്രാ സൗകര്യങ്ങള്‍ മുതലായവ ഭംഗിയായി അടയാളപ്പെടുത്തിയിരിക്കുന്നു. ഇവിടെ ചെന്നപ്പോള്‍ മറ്റു യാത്രകളിലെന്ന പോലെ താമസിക്കാനുള്ള ഹോടെൽ ബുക്ക് ചെയ്തിരുന്നില്ല. എന്നാല്‍ സ്വയം പലരെയും പരിചയപ്പെട്ട് ഇന്ത്യക്കാര്‍ താമസിക്കുന്ന ഇടങ്ങള്‍ കണ്ടുപിടിക്കാനുള്ള സാഹസിക യാത്രയും പിന്നെയുള്ള തൊഴില്‍ അന്വേഷണവും എല്ലാം ഹോങ്‌കോങ് യാത്രയിലെ വേറിട്ട വിശേഷങ്ങളാണ്.

ചൂതാട്ടക്കാരുടെ നഗരമായ മകാവുവിലേക്കാണ് പിന്നീട് പോയത്. ഏതാനും മണിക്കൂറുകള്‍ ബോടില്‍ യാത്ര ചെയ്താല്‍ മകാവുവിലെത്താം. മനോഹരമായ കടല്‍കാഴ്ചകളില്‍ കൂടിയുള്ള യാത്ര മനസില്‍ സന്തോഷത്തിന്റെ അലകടല്‍ തീര്‍ക്കുന്നതാണ്. ഓരോ യാത്രയിലും അവിടങ്ങളില്‍ തന്നെ പുതിയ സുഹൃത്തുക്കളെ സൃഷ്ടിക്കും എന്ന സമര്‍ത്ഥമായ ഒരു കാര്യം കൂടി അസീസ് മിത്തടി ഈ യാത്രാനുഭവത്തില്‍ പങ്കുവെക്കുന്ന പ്രത്യേകതയാണ്. ഇതുകൊണ്ട് തന്നെ പലപ്പോഴും യാത്രയിലെ ഭക്ഷണം, താമസ കാര്യങ്ങളില്‍ വലിയ ഉപകാരമായിരുന്നതായി കാണാം.


തായ്‌വാന്‍ യാത്രയിലെ കാഴ്ചകളില്‍ കണ്ടുമുട്ടുന്ന പാക്കിസ്ഥാനി റെസ്റ്റോറന്റ് ഉടമയിലൂടെ തിരുവനന്തപുരം സ്വദേശി ബാലനെ പരിചയപ്പെടുന്നതും ജോലി അന്വേഷണത്തിനിടയില്‍ ചൈനീസ് ഭാഷ പഠിക്കാനുള്ള ശ്രമത്തില്‍ ഒരു ചൈനീസ് അധ്യാപികയുടെ കീഴില്‍ ഭാഷാപഠനത്തിന്റെ ശ്രമവും എല്ലാം വളരെ രസകരമായി വിവരിക്കുകയും വിദേശങ്ങളില്‍ എത്തിപ്പെട്ടാല്‍ യാത്രയില്‍ ബുദ്ധിമുട്ടുകളെ എങ്ങനെ നേരിടണം എന്ന കാര്യവും വായനക്കാരെ പഠിപ്പിക്കുന്നു.

യുഎഇയില്‍ പ്രവാസ ജീവിതം നയിച്ച അധികം ആളുകള്‍ക്കും പരിചിതമായ സ്ഥലമാണ് ഇറാന്റെ ഭാഗമായ കീഷ് എന്ന കൊച്ചു ദ്വീപ്. വിസിറ്റിംഗ് വിസയില്‍ എത്തി തൊഴില്‍ വിസയിലേക്ക് മാറുന്നതിനാണ് പ്രവാസികള്‍ കീഷില്‍ എത്തുന്നത്. ചെറിയ ചിലവില്‍ വിസ മാറ്റം നടത്തുവാന്‍ കഴിയുന്നതുകൊണ്ടാണ് ഈ വഴി സ്വീകരിക്കുന്നത്. അസീസ് കീഷ് ദ്വീപില്‍ കഴിച്ചുകൂട്ടിയ ദിവസങ്ങളിലെ അനുഭവമാണ് ഇറാന്‍ യാത്രയില്‍ പറയുന്നത്. വിസ മാറ്റത്തിന് എത്തുന്നവര്‍ക്ക് വിനോദത്തിനും ഇവിടെ കുറേ സ്ഥലങ്ങള്‍ ഉണ്ട്. ഫാറബി ബീചും ഹരിരെ എന്ന പുരാതന പട്ടണവും അങ്ങനെ നിറയെ കാഴ്ചകള്‍.

ഇതുവരെ നടത്തിയ യാത്രകളില്‍ വിനോദവും തൊഴിലും ഇടകലര്‍ന്ന യാത്രകളായിരുന്നു. ഖത്വര്‍, ബഹ്‌റൈന്‍ യാത്രകള്‍ മലയാളികള്‍ക്കായി വ്യക്തിത്വ വികസന ക്ലാസില്‍ ട്രെയിനിംഗ് എടുക്കുക എന്നതായിരുന്നു. നീണ്ട യുഎഇ പ്രവാസജീവിതത്തില്‍ വിവിധ തൊഴില്‍ രംഗത്തു പ്രവര്‍ത്തിച്ചെങ്കിലും മന:ശാസ്ത്ര പഠനരംഗത്തെ പാടവം കൊണ്ട് മികച്ച ഒരു ട്രെയിനര്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ സാധിച്ചു. വിവിധ രംഗങ്ങളില്‍ തൊഴില്‍ ചെയ്യുന്ന വ്യക്തികളില്‍ ആത്മവിശ്വാസം പകരുവാനും ഉയര്‍ച്ചകള്‍ കീഴടക്കാനുമുള്ള വഴികള്‍ തുറന്നുകൊടുത്തതില്‍ വലിയ സന്തോഷം പകരുന്നതായിരുന്നു യുഎഇയിലെ നാളുകള്‍.

വിദേശത്ത് തൊഴില്‍ അന്വേഷിക്കുന്നവര്‍ക്കും അതുപോലെ വിനോദയാത്രയ്ക്ക് പോകുന്നവര്‍ക്കും യാത്രയില്‍ ശ്രദ്ധിക്കാനുള്ള വിലപ്പെട്ട വിവരങ്ങള്‍ നല്‍കുന്നതാണ് ഈ പുസ്തകം. അതുപോലെ ഓരോ കാഴ്ചകളും മനസ്സില്‍ പതിപ്പിക്കാന്‍ ഉതകുന്ന ഭാഷാശൈലിയും കഥപറയുന്ന രിതിയില്‍ ഓരോ അദ്ധ്യായവും കോര്‍ത്തിണക്കുന്ന മികവും അസീസ് മിത്തടിയുടെ യാത്രാകുറിപ്പുകള്‍ക്ക് വലിയ സ്വീകാര്യത നല്‍കുന്നു.

Keywords: UAE, Gulf, Book, Review, Ibrahim, Cherkala, Job, Foreign, Language, Japan, Iran, Qatar, Beach, Island, Story, Bahrain, Africa, Class, Training.
< !- START disable copy paste -->   


Post a Comment