Follow KVARTHA on Google news Follow Us!
ad

മഴ തിമിര്‍ത്തതോടെ ഡാമുകള്‍ തുറന്നു; മധ്യതിരുവിതാംകൂറിലും മധ്യകേരളത്തിലും പല സ്ഥലങ്ങളിലും വെള്ളംകയറി, ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍

മഴ ശക്തമായി പെയ്യുന്നതിനിടെ #കേരളാവാര്‍ത്തകള്‍ #മഴ #ഡാമുകള്‍ About 10 dams open in Central Travancore and central kerala; Lower areas under water
തിരുവനന്തപുരം: (www.kvartha.com 07.08.2020) മഴ ശക്തമായി പെയ്യുന്നതിനിടെ പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലെ പത്തിലധികം ഡാമുകള്‍ തുറന്ന് വിട്ടതോടെ 
മധ്യതിരുവിതാംകൂറും മധ്യകേരളവും വെള്ളപ്പൊക്ക ഭീതിയിലായി. ഇടുക്കിയില്‍ ഭൂതത്താന്‍ കെട്ട് ഉള്‍പ്പെടെ ആറ് അണക്കെട്ടുകളാണ് തുറന്ന് വിട്ടത്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 132.2 അടിയായി. ഇനിയും ഉയരുമെന്ന് അധികൃതര്‍ അറിയിച്ചു. 
Central Travancore
എറണാകുളം ജില്ലയില്‍ കല്ലാര്‍കുട്ടി, ലോവര്‍പെരിയാര്‍, പൊന്മുടി, പെരിങ്ങല്‍ക്കുത്ത് ഡാമും തുറന്നു. ഇടുക്കിയിലെ ഭൂതത്താന്‍ കെട്ട് തുറന്നതോടെ വെള്ളം പെരിയാറിലേക്ക് ഒഴുകിത്തുടങ്ങിയിരുന്നു. അതിന് പിന്നാലെ ജില്ലയിലെ ഡാമുകളും തുറന്നതോടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. 2018 ല്‍ പ്രളയം ഉണ്ടായിട്ടും ജില്ലയില്‍ ഇതുവരെ കൃത്യമായ ഡാം മാനേജ്‌മെന്റ് സിസ്റ്റം ഇല്ലെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്.

പത്തനംതിട്ടയില്‍ മൂഴിയാര്‍ ഡാമും മണിയാര്‍ ഡാമും തുറന്നു. ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ശബരിമലയ്ക്ക് അടുത്ത് ഉരുള്‍പൊട്ടിയതോടെ പമ്പയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്. റാന്നി ടൗണില്‍ വെള്ളം കയറി. ജലനിരപ്പ് ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. കാരണം ഇപ്പോഴും മഴ പെയ്യുകയാണ്. കഴിഞ്ഞ പ്രളയത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടം സംഭവിച്ച പ്രദേശമാണ് റാന്നി. പമ്പ, കക്കാട്ടാര്‍ തീരത്തുള്ളവരും മണിയാര്‍, വടശ്ശേരിക്കര, റാന്നി, പെരുനാട്, കോഴഞ്ചേരി, ആറന്‍മുള നിവാസികളും ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം നല്‍കി. ആറ് താലൂക്കുകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. ആളുകളെ മാറ്റിപാര്‍പ്പിക്കേണ്ടതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പെരുന്തേനരുവി കെ എസ് ഇ ബി പൗവര്‍ ഹൗസില്‍ വെള്ളംകയറി. ജനറേറ്ററുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു. പമ്പാ ത്രിവേണിയിലും റാന്നി- വടശ്ശേരിക്കര റോഡും വെള്ളത്തിനടിയിലായി.

കോട്ടയം ജില്ലയില്‍ താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ മാറ്റിപാര്‍പ്പിച്ചു. പൂഞ്ഞാറില്‍ ഉരുള്‍പൊട്ടി. മഴ ഇനിയും ശക്തമായാല്‍ പാല നഗരത്തില്‍ ഉള്‍പ്പെടെ വെള്ളംകയറും. പാലിയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. മീനച്ചിലാര്‍ പലയിടങ്ങളിലും കരകവിഞ്ഞ് ഉയരുകയാണ്. കോട്ടയം - കുമളി റോഡില്‍ ചില ഭാഗങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടായതായി. മഴ ശക്തമായതോടെ താഴ്ന്ന പ്രദേശങ്ങളിലെ റോഡുകളില്‍ വെള്ളക്കെട്ട് രൂക്ഷമായി. നിരവധി സ്ഥലങ്ങളിലെ വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറി. കൃഷി നാശവും സംഭവിച്ചു. മണിമലയാറിലും ജലനിരപ്പ് ഉയരുകയാണ്. ഈരാറ്റുപേട്ടയില്‍ മീനച്ചിലാര്‍ റോഡ് നിരപ്പിലാണ് ഉയരുന്നത്. പനയ്ക്കപ്പാലത്ത് വെള്ളംകയറി. ജില്ലയുടെ കിഴക്കന്‍മേഖലകളില്‍ മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിലും സാധ്യതയുണ്ട്. അതിനാല്‍ ജനങ്ങള്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജില്ലയില്‍ ഇന്‍സ്ഡന്റ് റസ്‌പോണ്‍സ് ടീം സജ്ജമായി.

പത്തനംത്തിട്ടയിലെ വെള്ളപ്പൊക്കം ആലപ്പുഴ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളായ അപ്പര്‍ കുട്ടനാടിനെയും കുട്ടനാടിനെയും ബാധിക്കും. 2018 ലെ പ്രളയത്തിന്റെ അനുഭവം ഉള്ളതിനാല്‍ ആളുകള്‍ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്. ചെങ്ങന്നൂര്‍, മാന്നാര്‍, പാണ്ടനാട് എന്നിവിടങ്ങളിലെ ആളുകള്‍ താമസിക്കാതെ മറ്റിടങ്ങളിലേക്ക് മാറേണ്ടിവരും. ആറന്‍മുള വള്ളംകളി നടക്കുന്ന, പമ്പയിലെ സത്രക്കടവില്‍ ജലനിരപ്പ് ഉയര്‍ന്ന് റോഡില്‍ കയറി. അച്ചന്‍കോവിലിലും ജലനിരപ്പ് ഉയര്‍ന്നു. ഇത് കോന്നി പോലുള്ള പ്രദേശങ്ങളില്‍ ആശങ്കയ്ക്ക് ഇടയാക്കി. എറണാകുളത്ത് ചിലയിടങ്ങളില്‍ റെയില്‍വേ ട്രാക്കില്‍വെള്ളം കയറിയിട്ടുണ്ട്. ചെല്ലാനം അടക്കമുള്ള പ്രദേശങ്ങളില്‍ കടല്‍ ആക്രമണം രൂക്ഷമായിട്ടുണ്ട്. ആളുകളെ മാറ്റിപാര്‍പ്പിച്ചു. നാശനഷ്ടം സംഭവിച്ചു. പെരിയാറിന്റെ തീരത്ത് താമസിക്കുന്നവരെ മാറ്റിപാര്‍പ്പിച്ചു. ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങി. ചാലക്കിടിയിലെ ജലനിരപ്പ് ഉയര്‍ന്നത് ആലുവ, പരവൂര്‍ താലൂക്കുകളെ ബാധിച്ചു.

Keywords: About 10 dams open in Central Travancore and central Kerala; Lower areas underwater, Dams, Pathanamthitta, Pampa, Ranni, Vadaserikkara, Ernakulam, Landslide, Flood, Lower area, Periyar, Idukki

Post a Comment