Follow KVARTHA on Google news Follow Us!
ad

പ്രളയക്കെടുതി: ദുരിതാശ്വാസ, പുനരധിവാസ, പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനശേഖരണത്തിനായി മന്ത്രിമാര്‍ വിദേശരാജ്യങ്ങളിലേക്ക്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി 1000 കോടി കടന്നു

പ്രളയക്കെടുതി ദുരിതാശ്വാസ, പുനരധിവാസ, പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ളThiruvananthapuram, News, Politics, Flood, Rain, Trending, Press meet, Pinarayi vijayan, Chief Minister, Kerala,
തിരുവനന്തപുരം: (www.kvartha.com 31.08.2018) പ്രളയക്കെടുതി ദുരിതാശ്വാസ, പുനരധിവാസ, പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനശേഖരണത്തിനായി മന്ത്രിമാര്‍ വിദേശ രാജ്യങ്ങളിലേക്ക്. ഒക്ടോബറിലാണ് മന്ത്രിമാരുടെ യാത്ര. ഒരു മന്ത്രിയെയും ആവശ്യമായ ഉദ്യോഗസ്ഥരെയുമാണ് അയക്കുക.

യു.എ.ഇ, ഒമാന്‍, ബഹ്‌റിന്‍, സൗദി അറേബ്യ, ഖത്തര്‍, കുവൈറ്റ്, സിംഗപ്പൂര്‍, മലേഷ്യ, ആസ്‌ത്രേലിയ, ന്യൂസിലന്‍ഡ്, യു.കെ, ജര്‍മ്മനി, യു.എസ്.എ, കാനഡ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് പ്രവാസികളില്‍ നിന്ന് ധനസമാഹരണം നടത്താനാണ് തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Ministers to visit foreign countries to raise fund to rebuild Kerala, Thiruvananthapuram, News, Politics, Flood, Rain, Trending, Press meet, Pinarayi vijayan, Chief Minister, Kerala

ദുരിതാശ്വാസം, പുനരധിവാസം, പുനര്‍നിര്‍മ്മാണം എന്നീ കാര്യങ്ങളില്‍ ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന ആഹ്വാനമാണ് നിയമസഭ കഴിഞ്ഞ ദിവസം ഏകകണ്ഠമായി നല്‍കിയത്. കേരളത്തെ കൂടുതല്‍ മെച്ചപ്പെട്ടനിലയില്‍ പുനര്‍നിര്‍മ്മിക്കണം എന്ന ആശയം തന്നെയാണ് നിയമസഭയും മുന്നോട്ടുവയ്ക്കുന്നത്. നിയമസഭ അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാണിക്കുന്നതുപോലെ അതിബൃഹത്തായ പുനരധിവാസ പുനര്‍നിര്‍മ്മാണ പദ്ധതികള്‍ക്ക് വിഭവ സമാഹരണം ഒരു വെല്ലുവിളിയാണ്

നാം ഒരുമിച്ചു നിന്നാല്‍ ഈ വെല്ലുവിളി തരണം ചെയ്യാനും വിജയകരമായി പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാക്കാനും കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല. നിയമസഭാസമ്മേളനം കഴിഞ്ഞശേഷം വ്യാഴാഴ്ച രാത്രി ചേര്‍ന്ന മന്ത്രിസഭായോഗമാണ് വിദേശത്ത് ധനസമാഹരണത്തിനടക്കമുള്ള തീരുമാനമെടുത്തത്. ലോക കേരളസഭ അംഗങ്ങളെയും പ്രവാസി സംഘടനകളെയും സഹകരിപ്പിച്ചാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ധനശേഖരണം നടത്തുക.

ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ നിന്ന് പ്രവാസി സംഘടനകളുടെ സഹകരണത്തോടെ ധനശേഖരണം നടത്താനും തീരുമാനിച്ചു. ഇതിനും മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പ്രത്യേക ചുമതല നല്‍കുന്നതാണ്.

എല്ലാ ജില്ലകളിലും പ്രാദേശിക കേന്ദ്രങ്ങള്‍ നിശ്ചയിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഫണ്ട് സമാഹരിക്കാനും ഏറ്റുവാങ്ങുന്നതിന് മന്ത്രിമാരെയും ഉന്നത ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തും.
കേരളത്തിന്റെ പുനര്‍നിര്‍മാണത്തില്‍ പങ്കാളികളാകാന്‍ താല്പര്യമുളള വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും സപ്തംബര്‍ 10 മുതല്‍ 15 വരെ ജില്ലാ കേന്ദ്രങ്ങളില്‍ നിന്ന് ഫണ്ട് ശേഖരണം നടത്താന്‍ തീരുമാനിച്ചു. ഇതിനു മുന്നോടിയായി സപ്തംബര്‍ മൂന്നിന് എല്ലാ ജില്ലകളിലും ധനസമാഹരണ പരിപാടിയുടെ സംഘാടനത്തെക്കുറിച്ച് ആലോചിക്കുന്നതിന് ജില്ലാ കലക്ടര്‍മാര്‍ ജില്ലയിലെ വകുപ്പ് മേധാവികളുടെ യോഗം വിളിക്കും.

അഡിഷണല്‍ ചീഫ് സെക്രട്ടറി തലത്തിലുളള ഉദ്യോഗസ്ഥര്‍ ഈ യോഗങ്ങളില്‍ പങ്കെടുക്കും. ജില്ലകളിലെ ധനസമാഹരണത്തിന് മന്ത്രിമാര്‍ക്ക് പ്രത്യേക ചുമതല നല്‍കിയിട്ടുണ്ട്.

കാസര്‍കോട് ഇ. ചന്ദ്രശേഖരന്‍

കണ്ണൂര്‍: ഇ.പി. ജയരാജന്‍, കെ.കെ. ശൈലജ

വയനാട് : രാമചന്ദ്രന്‍ കടന്നപ്പള്ളി

കോഴിക്കോട് : ടി.പി. രാമകൃഷ്ണന്‍, എ.കെ. ശശീന്ദ്രന്‍

മലപ്പുറം: കെ.ടി. ജലീല്‍

പാലക്കാട് : എ.കെ. ബാലന്‍

തൃശ്ശൂര്‍ : സി. രവീന്ദ്രനാഥ്, വി.എസ്. സുനില്‍കുമാര്‍

എറണാകുളം: എ.സി. മൊയ്തീന്‍ (ഇ.പി. ജയരാജന്‍ സഹായിക്കും)

ഇടുക്കി: എം.എം. മണി

കോട്ടയം: തോമസ് ഐസക്, കെ. രാജു

ആലപ്പുഴ: ജി. സുധാകരന്‍, തിലോത്തമന്‍

പത്തനംതിട്ട: മാത്യു ടി തോമസ്

കൊല്ലം: മേഴ്‌സിക്കുട്ടിയമ്മ

തിരുവനന്തപുരം: കടകംപള്ളി സുരേന്ദ്രന്‍

സംസ്ഥാനത്തെ പ്രൊഫഷണല്‍ വിദ്യാലയങ്ങള്‍, സര്‍ക്കാര്‍ എയ്ഡഡ് വിദ്യാലയങ്ങള്‍, സര്‍ക്കാര്‍ നിയന്ത്രണത്തിലുളള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സെപ്റ്റംബര്‍ 11ന് ധനസമാഹരണം നടത്തും. ഇതിന് പൊതു വിദ്യാഭ്യാസ, ഉന്നതവിദ്യാഭ്യാസ വകുപ്പുകളെ ചുമതലപ്പെടുത്തി. സംസ്ഥാനത്തെ സി.ബി.എസ്.സി, ഐ.സി.എസ്.സി. സ്ഥാപനങ്ങളെയും ധനസമാഹരണ പരിപാടിയില്‍ പങ്കാളികളാക്കും.

പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ പുതുക്കിപ്പണിയുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കണമെന്ന ആഹ്വാനത്തിന് ലോകമെങ്ങുനിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ഉള്ളവരും ഇല്ലാത്തവരുമെല്ലാം അവരവരുടെ കഴിവിനനുസരിച്ചും കഴിവിനപ്പുറവും നാടിനെ സഹായിക്കാന്‍ മുന്നോട്ടുവരുന്നു എന്നത് നമുക്ക് വലിയ ആത്മവിശ്വാസം പകരുന്നതാണ്.

ആഗസ്റ്റ് 30 വരെ 1026 കോടി രൂപ ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ചിട്ടുണ്ട്. ഏറ്റവും ശ്രദ്ധേയമായ കാര്യം 4.17 ലക്ഷം പേര്‍ ഓണ്‍ലൈന്‍ വഴിയാണ് സംഭാവന നല്‍കിയത് എന്നതാണ്. രാജ്യത്തിനും ലോകത്തിനും മികച്ച മാതൃകകള്‍ സമ്മാനിച്ച കൊച്ചു സംസ്ഥാനമാണ് കേരളം.

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ടിലേക്ക് 610.73 കോടി രൂപയും മറ്റു ബാങ്കുകളിലെ അക്കൗണ്ടുകളില്‍ 39.29 കോടി രൂപയുമാണ് ലഭിച്ചത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ചെക്കുകളും ഡ്രാഫ്റ്റുകളുമായി 185 കോടി രൂപയും വന്നിട്ടുണ്ട്.

ബാങ്ക് പെയ്‌മെന്റെ് ഗേറ്റ്‌വേകള്‍ വഴി 145 കോടിരൂപയും , യു.പി.എ വഴി 1.04 കോടി രൂപയും പേറ്റിഎം വഴി 45 കോടി രൂപയും കിട്ടി. ട്രഷറി വഴി അടച്ചിട്ടുള്ള സംഭാവനകളും സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് പിടിച്ച തുകയും. ഫെസ്റ്റിവല്‍ അലവന്‍സ് തുകയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

വിദേശത്തു നിന്നുള്ള സംഭാവനകള്‍ എത്തുന്ന സാഹചര്യത്തില്‍ സംഭാവനകള്‍ നല്‍കിയവരുടെ വിവരങ്ങള്‍ രേഖപ്പെടുത്തണമെന്നും എട്ടു ജില്ലകളെ കൂടി ദുരിതബാധിത മേഖലകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും ആര്‍.ബി.ഐ നിര്‍ദേശിച്ചു.

കേരളത്തിന് കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനായുള്ള ചര്‍ച്ചകള്‍ക്കായി എംപിമാരായ കോടിക്കുന്നില്‍ സുരേഷ്, എന്‍.കെ പ്രേമചന്ദ്രന്‍, കെ സി വേണുഗോപാല്‍.കെ.വി തോമസ് എന്നിവര്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങുമായി കൂടിക്കാഴ്ച നടത്തി.

കേരളത്തിന് സൗജന്യ അരിയും മണ്ണെണ്ണയും നല്‍കണമെന്ന അവശ്യമുന്നയിച്ച് കേരളത്തിലെ എം.പി മാര്‍ കന്ദ്ര ഭക്ഷ്യ മന്ത്രി രാം വിലാസ് പസ്വാനുമായും കൂടിക്കാഴ്ച്ച നടത്തിയിരുന്നു. അരിക്ക് വില നല്‍കേണ്ടി വരുമെന്ന് കേന്ദ്രം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

മഹാദുരന്തത്തെ അതിജീവിക്കുന്നതിലും നാം ലോകത്തിന് മാതൃകയാകുമെന്ന കാര്യത്തില്‍ സംശയമില്ല. പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട ചെറുകിട കച്ചവടക്കാരെ സഹായിക്കുന്നതിന് വായ്പാ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചു. കച്ചവടക്കാര്‍ക്ക് പത്തു ലക്ഷം രൂപ വരെ ബാങ്കുകളില്‍ നിന്ന് വായ്പ ലഭ്യമാക്കും. സ്വയംസഹായ സംഘങ്ങള്‍, കുടുംബശ്രീ എന്നിവര്‍ക്കും ഈ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കാന്‍ തീരുമാനിച്ചു.

പ്രളയത്തില്‍ വീട്ടുപകരണങ്ങള്‍ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വരെ ബാങ്കുകളില്‍ നിന്ന് വായ്പ ലഭ്യമാക്കും. വായ്പയുടെ പലിശ സര്‍ക്കാര്‍ വഹിക്കും. വായ്പയുടെ തിരിച്ചടവ് ഉറപ്പാക്കുന്നതിന് കുടുംബശ്രീ വഴിയായിരിക്കും വായ്പ നല്‍കുക. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യവുമായി കരാര്‍ ഉണ്ടാക്കും. കേരളത്തെ മികച്ച നിലയില്‍ പുനര്‍നിര്‍മിക്കുന്നതിനുളള പദ്ധതിയുടെ കണ്‍സള്‍ട്ടന്റ് പാര്‍ട്ട്ണറായി അന്താരാഷ്ട്രതലത്തില്‍ പ്രശസ്തമായ കെ.പി.എം.ജിയെ നിയമിക്കും. കെ.പി.എം.ജിയുടെ സേവനം സൗജന്യമായിരിക്കും.

പ്രളയത്തില്‍ തകര്‍ന്ന പമ്പ പുനര്‍നിര്‍മിക്കുന്നതിനും ശബരിമല തീര്‍ത്ഥാടനം സൗകര്യപ്പെടുത്തുന്നതിനും അടിയന്തര നടപടി സ്വീകരിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനായി ചീഫ് സെക്രട്ടറി അധ്യക്ഷനായി ഉന്നതതല സമിതിയെ നിയമിക്കും. ഡോ.വി. വേണു, കെ.ആര്‍. ജ്യോതിലാല്‍, ടിങ്കു ബിസ്വാള്‍ എന്നീ സീനിയര്‍ ഉദ്യോഗസ്ഥരും പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റയും കമ്മിറ്റിയില്‍ അംഗങ്ങളായിരിക്കും.

നവംബര്‍ 17നാണ് മണ്ഡലമകരവിളക്ക് തീര്‍ത്ഥാടനം ആരംഭിക്കുന്നത്. പ്രളയത്തില്‍ തകര്‍ന്ന റോഡുകളും പാലങ്ങളും കെട്ടിടങ്ങളുമെല്ലാം സമയബന്ധിതമായി പുനര്‍നിര്‍മ്മിക്കേണ്ടത് അത്യാവശ്യമാണ്. അതിനാല്‍ പുനര്‍നിര്‍മ്മാണത്തിന്റെ ചുമതല ടാറ്റ പ്രൊജക്ട് ലിമിറ്റഡിന് നല്‍കാന്‍ തീരുമാനിച്ചു. പ്രളയത്തില്‍ വീടുകള്‍ക്കും കടകള്‍ക്കും ഉണ്ടായ നാശനഷ്ടങ്ങളുടെ വിവരശേഖരണം ഡിജിറ്റലായി നടത്തുന്നതിനും തീരുമാനിച്ചു.

200 മത്സ്യത്തൊഴിലാളികളെ പോലീസില്‍ കോസ്റ്റല്‍ വാര്‍ഡന്മാരാക്കും. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് തീരദേശത്തെ മത്സ്യത്തൊഴിലാളി വിഭാഗത്തില്‍ നിന്ന് പോലീസ് വകുപ്പില്‍ കോസ്റ്റല്‍ വാര്‍ഡര്‍മാരാക്കുന്നത്. വാര്‍ഡന്മാരായി 200 പേരെ കരാറടിസ്ഥാനത്തില്‍ നിയമിക്കാനാണ് മന്ത്രിസഭായോഗത്തില്‍ തീരുമാനമായത്.

സാംസ്‌കാരിക വകുപ്പിന് കീഴിലുളള സ്ഥാപനങ്ങളുടെ ചെയര്‍മാന്മാരുടെയും വൈസ് ചെയര്‍മാന്മാരുടെയും ഓണറേറിയം പുതുക്കി നിശ്ചയിക്കാനും കേരള ഹൈക്കോടതിയിലേക്ക് 105 തസ്തികകള്‍ (വിവിധം) സൃഷ്ടിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. കേരള അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാ ബോര്‍ഡുമായി ലയിപ്പിച്ച കേരള കൈത്തൊഴിലാളിവിദഗ്ധ തൊഴിലാളി ക്ഷേമപദ്ധതിയിലെ സ്ഥിരം ജീവനക്കാര്‍ക്ക് ശമ്പളപരിഷ്‌കരണം നടപ്പാക്കാനും തീരുമാനമായി.

കോഴിക്കോട് ആസ്ഥാനമായി രൂപീകരിച്ച മൂന്നംഗ വഖഫ് ട്രിബ്യൂണലിന്റെ പ്രവര്‍ത്തനത്തിന് 15 തസ്തികകള്‍ സൃഷ്ടിക്കും. ദിവസവേതനാടിസ്ഥാനത്തില്‍ മൂന്ന് ഡ്രൈവര്‍മാരേയും നിയമിക്കും.

ജൂലായ് 13ന് പൊന്നാനിയിലുണ്ടായ കടല്‍ ക്ഷോഭത്തില്‍ തകര്‍ന്ന മത്സ്യബന്ധനയാനങ്ങള്‍ക്കും ഉപകരണങ്ങള്‍ക്കുമുണ്ടായ നഷ്ടത്തിന് തുല്യമായ നഷ്ടപരിഹാരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അനുവദിക്കും.

കേരള മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മിഷന്‍ നിയമത്തില്‍ ഭേദഗതി വരുത്തുന്നതിനുള്ള കരട് ബില്ലും മന്ത്രിസഭ അംഗീകരിച്ചു. 2008ലെ നിയമപ്രകാരം 2007 ഡിസംബര്‍ 31 വരെയുളള കാലത്തേക്കുളള കടങ്ങള്‍ക്കു മാത്രമേ ആശ്വാസം നല്‍കാനാകൂ. കടാശ്വാസത്തിന് പരിഗണിക്കുന്നതിനുളള കാലപരിധി 2008 ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിക്കുന്നതിനാണ് പ്രധാനമായും ഭേദഗതി കൊണ്ടുവരുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Ministers to visit foreign countries to raise fund to rebuild Kerala, Thiruvananthapuram, News, Politics, Flood, Rain, Trending, Press meet, Pinarayi vijayan, Chief Minister, Kerala.