Follow KVARTHA on Google news Follow Us!
ad

ചെങ്കണ്ണ് ഒരു ചെറിയ രോഗമല്ല, ജാഗ്രതൈ...!

സംസ്ഥാനത്തിന്റെ പല ഭാഗത്തും ചെങ്കണ്ണു രോഗം പടരുന്നു. നിരവധി പേരാണ് നിത്യേനയെന്നോണം Kasaragod, Kerala, Hospital, Treatment, Health, Pink eye disease spreads
രവീന്ദ്രന്‍ പാടി

(www.kvartha.com 24.10.2014) സംസ്ഥാനത്തിന്റെ പല ഭാഗത്തും ചെങ്കണ്ണു രോഗം പടരുന്നു. നിരവധി പേരാണ് നിത്യേനയെന്നോണം രോഗം ബാധിച്ച് ആശുപത്രികളിലെത്തുന്നത്. വളരെ വേഗം വ്യാപിക്കുന്ന ഈ സാംക്രമിക രോഗം ഏതു പ്രായത്തിലുള്ളവരെയും പിടികൂടുന്നു.
പ്രതിരോധ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന മറ്റുള്ളവരിലേക്കും വേഗം രോഗം പകരുന്നു. കാസര്‍കോട് ജില്ലയുടെ പല ഭാഗത്തും ചെങ്കണ്ണ് രോഗം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കാലാവസ്ഥയില്‍ പെട്ടെന്നു വ്യതിയാനമുണ്ടാകുമ്പോള്‍ രോഗം പടരാനുള്ള സാധ്യത കൂടുകയാണ്. മഴയും വെയിലും മാറി മാറി വരുമ്പോഴാണ് ചെങ്കണ്ണ് പ്രത്യക്ഷപ്പെടുന്നത്. ഇതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പധികൃതര്‍ മുന്നറിയിപ്പു നല്‍കി.

രോഗം വന്നാല്‍ ഉടന്‍ ചികിത്സ തേടണം. ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ മരുന്നു ഒഴിക്കാവൂ. വൈറസ് മൂലമുള്ള ചെങ്കണ്ണ് കാഴ്ചയെ പ്രതികൂലമായി ബാധിക്കുമെന്നതില്‍ അടിയന്തിര ചികിത്സ തേടണം. ഒരു കാരണവശാലും രോഗി സ്വയം ചികിത്സ നടത്തരുത്. ബാക്ടീരിയമൂലവും വൈറസ് മൂലവും കണ്ണുകള്‍ക്കു അണുബാധയുണ്ടാകാം. ഇതില്‍ ഏതുമൂലമാണ് രോഗമുണ്ടായതെന്നു നിര്‍ണയിച്ച ശേഷമാണ് ചികിത്സ നല്‍കുക.

കണ്ണില്‍ ചുവപ്പു നിറം, കണ്ണീരൊലിപ്പ്, ചൊറിച്ചിലും അസ്വസ്ഥതയും, കണ്‍പോളകളില്‍ വീക്കം എന്നിവയാണ് സാധാരണയായി കണ്ടുവരുന്ന ചെങ്കണ്ണു രോഗ ലക്ഷണങ്ങള്‍. കണ്ണിന് ചുവപ്പുനിറം ഉണ്ടാകുന്നതിനു പുറമെ, കണ്‍പോളകള്‍ക്കു വീക്കവും തടിപ്പും കൂടും. തുറക്കാന്‍ പറ്റാത്ത വിധം കണ്ണില്‍ പീള കെട്ടും. പ്രകാശം തട്ടുമ്പോള്‍ കണ്ണില്‍ അസ്വസ്ഥത അനുഭവപ്പെടും. കണ്ണില്‍ കരടു പോയതു പോലെയും തോന്നും. ഇരുട്ടത്തു കഴിയണമെന്ന തോന്നലും ഉണ്ടാകും.

മദ്രാസ് ഐ എന്ന പേരിലും അറിയപ്പെടുന്ന ചെങ്കണ്ണിന്റെ  ശാസ്തീയ നാമം Conjunctivitis എന്നാണ്. വിദേശങ്ങളില്‍ 'പിങ്ക് ഐ' എന്നും ഇതിനെ വിളിക്കുന്നു.  കണ്ണിന്റെ പുറത്തെ പാളിയായ കണ്‍ജങ്ക്‌റ്റൈവ എന്ന കോശ ഭിത്തിയില്‍ വൈറസോ, ബാക്ടീരിയയോ മറ്റു വസ്തുക്കളോ മൂലമോ വരാം. തല്‍ഫലമായി ഈ ഭാഗത്തേയ്ക്ക് കൂടുതല്‍ രക്തപ്രവാഹം ഉണ്ടാകുകയും അതു മൂലം കണ്ണ് ചുവന്നു കാണപ്പെടുകയും ചെയ്യുന്നു.

നാലു ദിവസം മുതല്‍ ഒരാഴ്ചവരെ ജോലിയെയും പഠനത്തെയും വായന, ടെലിവിഷന്‍ കാണല്‍ എന്നിവയെയും രോഗം ബാധിക്കും. കൂടുതലായി ബാക്ടീരിയ ബാധ മൂലമുള്ള ചെങ്കണ്ണാണ് പടര്‍ന്നുപിടിക്കുക എന്നിരിക്കിലും സമീപ കാലത്തായി വൈറസ് ബാധ മൂലവും രോഗം കണ്ടുവരുന്നു.

ബാക്ടീരിയ മൂലമുള്ള ചെങ്കണ്ണ് ആദ്യം ഒരു കണ്ണിനെയും വേഗം തന്നെ അടുത്ത കണ്ണിനെയും ബാധിക്കും. വൈറസ് മൂലമുണ്ടാകുന്ന ചെങ്കണ്ണ് ചിലപ്പോള്‍ ഒരു കണ്ണിനെ മാത്രമേ ബാധിക്കുകയുള്ളൂ. പീളകെട്ടലും കുറവാകും. അതേസമയം, കണ്‍പോളകള്‍ നീരുവന്ന് വീര്‍ത്ത് കണ്ണുകള്‍ ഇടുങ്ങിയിരിക്കും. ഈ അവസ്ഥ കുറച്ചുദിവസം നീണ്ടുനില്‍ക്കും.

എളുപ്പം പടരുന്ന രോഗമായതിനാല്‍ വീട്ടില്‍ ഒരംഗത്തിന് രോഗം വന്നാല്‍ അത് എല്ലാവരെയും ബാധിക്കാന്‍ സാധ്യതയുണ്ട്. വിദ്യാര്‍ഥികള്‍ക്ക് ചെങ്കണ്ണ് ബാധിച്ചാല്‍ സ്‌കൂളില്‍ വിടരുത്. രോഗം ബാധിച്ചവരുമായി അടുത്തിടപഴകുന്നതിലൂടെയും രോഗികളുടെ സ്പര്‍ശനമേറ്റ വസ്തുക്കള്‍ വഴിയുമാണ് രോഗം പകരുന്നത്. രോഗി ഉപയോഗിച്ച ടവല്‍, കണ്ണട, കമ്പ്യൂട്ടര്‍ മൗസ്, ആഹാരം കഴിക്കുന്ന പാത്രങ്ങള്‍, വാഷ്‌ബേസിനിലെ ടാപ്പ്, സോപ്പ്, കുളിമുറിയില്‍ ഉപയോഗിക്കുന്ന തോര്‍ത്തുമുണ്ട്, ടെലിവിഷന്‍ റിമോട്ട് കണ്‍ട്രോള്‍, പുസ്തകം, പേന തുടങ്ങിയവയിലൂടെയെല്ലാം രോഗാണു അടുത്ത വ്യക്തിയുടെ കൈകളിലേക്കും തുടര്‍ന്ന് കണ്ണുകളിലേക്കും പടരാം. രോഗികള്‍ കണ്ണ് തുടക്കുകയോ തൊടുകയോ ചെയ്താല്‍ ഉടന്‍ തന്നെ കൈകള്‍ സോപ്പിട്ട് കഴുകണം. മറ്റുള്ളവര്‍ ഉപയോഗിക്കുന്ന വാട്ടര്‍ ടാങ്ക് ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. എന്നാല്‍ രോഗിയുടെ കണ്ണുകളിലേക്ക് നോക്കുന്നതുമൂലം ഒരിക്കലും രോഗം പകരില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

രാവിലെ ഉറക്കമെഴുന്നേല്‍ക്കുമ്പോള്‍ പീളകെട്ടി കണ്‍പോളകള്‍ ഒട്ടിപ്പിടിച്ച നിലയിലാണെങ്കില്‍ ബലംപ്രയോഗിച്ച് വലിച്ചുതുറക്കാന്‍ ശ്രമിക്കരുത്. ശുദ്ധജലം ഉപയോഗിച്ച് കണ്ണുകള്‍ കഴുകുകയോ വൃത്തിയുള്ള പഞ്ഞിയോ തുണിയുടെ കഷണമോ നനച്ച് കണ്ണുകള്‍ക്ക് മുകളില്‍ കുറച്ചുനേരം വെക്കുകയും പീള കുതിര്‍ന്നശേഷം കണ്ണുകള്‍ പതുക്കെ തുറക്കുകയും വേണം.

കണ്ണുകള്‍ ഇടക്കിടെ തണുത്ത ശുദ്ധജലത്തില്‍ കഴുകുന്നത് രോഗാണുക്കള്‍ പെരുകുന്നത് തടയാന്‍ സഹായിക്കും.  അസ്വസ്ഥതകള്‍ കുറക്കാനും അതിലൂടെ കഴിയും.   വെളിച്ചത്തിലേക്ക് നോക്കാന്‍ പ്രയാസമാണെങ്കില്‍ കറുത്ത കണ്ണട ഉപയോഗിക്കാം.  രോഗം ബാധിച്ചാല്‍ കണ്ണിന് പൂര്‍ണ വിശ്രമം നല്‍കണം.  വായനയും കമ്പ്യൂട്ടര്‍ മൊബൈല്‍ ഉപയോഗവും ടി.വി കാണലും  വെയില്‍ കൊള്ളുന്നതും അടുപ്പില്‍നിന്നും മറ്റുമുള്ള ചൂടേല്‍ക്കുന്നതും ഒഴിവാക്കണം.

രോഗാണു ബാധ മൂലമല്ലാതെ അലര്‍ജിയെ തുടര്‍ന്നും ചെങ്കണ്ണ് ഉണ്ടാകാമെന്നു പഠനങ്ങള്‍ പറയുന്നു.  ചില രാസവസ്തുക്കള്‍ കണ്ണിലായാലും ചെങ്കണ്ണ് പോലെ കണ്ണുകള്‍ ചുവന്ന് തടിക്കാം.  കണ്ണുനീര്‍ ഗ്രന്ഥികളിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കാരണം കണ്ണുകളില്‍ ജലാംശം കുറഞ്ഞാലും കണ്ണുകള്‍ ചുവക്കാം. എന്നാല്‍ ഇത്തരത്തിലുണ്ടാകുന്ന അസുഖം ഒരിക്കലും പകരുകയില്ല.
ഹോമിയോപ്പതിയിലും ആയുര്‍വേദത്തിലും അലോപ്പതിയിലും ചെങ്കണ്ണിന് ചികിത്സകളുണ്ട്.
Kasaragod, Kerala, Hospital, Treatment, Health, Pink eye disease spreads.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Kasaragod, Kerala, Hospital, Treatment, Health, Pink eye disease spreads. 

Post a Comment