Follow KVARTHA on Google news Follow Us!
ad

ഡല്‍ഹി റിപോര്‍ട്ട് വന്നിട്ടും ഇടുക്കിയിലെ അന്വേഷണം കഴിഞ്ഞില്ല; കോണ്‍ഗ്രസില്‍ അമര്‍ഷം

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ രാജ്യത്ത് കോണ്‍ഗ്രസ് തോറ്റത് സംബന്ധിച്ച എ.കെ ആന്റണിയുടെ Idukki, Kerala, Congress, Election, Lok Sabha, Deen Kuryakkos
ഇടുക്കി: (www.kvartha.com 19.10.2014) പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ രാജ്യത്ത് കോണ്‍ഗ്രസ് തോറ്റത് സംബന്ധിച്ച എ.കെ ആന്റണിയുടെ റിപോര്‍ട്ട് വന്നിട്ടും ഇടുക്കിയിലെ തോല്‍വിയെക്കുറിച്ചുളള അന്വേഷണം തീരാത്തതില്‍ കെ.പി.സി.സി. എക്‌സിക്യൂട്ടീവ് യോഗത്തില്‍ വിമര്‍ശനം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഡീന്‍ കുര്യാക്കോസ് ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തില്‍ അരലക്ഷത്തിലേറെ വോട്ടിന് പരാജയപ്പെട്ടത് സംബന്ധിച്ച് അന്വേഷിക്കാന്‍ കെ.പി.സി.സി. നിയോഗിച്ച സുരേഷ്ബാബു കമ്മീഷന്‍ തയ്യാറാക്കിയ റിപോര്‍ട്ടാണ് വെളിച്ചം കാണാത്തത്.

നാല് സിറ്റിങ് നടത്തി സുരേഷ്ബാബു കമ്മീഷന്‍ തയ്യാറാക്കിയ റിപോര്‍ട്ട് പുറത്തുവിടണമെന്ന് യോഗത്തില്‍ ഐ വിഭാഗം നേതാവ് സി.പി മാത്യു ആവശ്യപ്പെട്ടു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വക്കം പുരുഷത്തോമനെ കമ്മീഷനാക്കി വച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ റിപോര്‍ട്ട് ഇപ്പോഴും പുറംലോകം കണ്ടിട്ടില്ല. സുരേഷ്ബാബു കമ്മീഷന്‍ റിപോര്‍ട്ട് കൊടുത്തിട്ടുണ്ടോ എന്നു പോലും അറിയില്ല.

ഈ റിപോര്‍ട്ട് സമര്‍പിക്കുന്നതില്‍ കമ്മീഷന്‍ പരാജയപ്പെട്ടു. എല്‍.ഡി.എഫ് പിന്തുണയോടെ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ നിയമോപദേശകന്‍ അഡ്വ. ജോയ്‌സ് ജോര്‍ജാണ് പരമ്പരാഗത യു.ഡി.എഫ് മണ്ഡലമായ ഇടുക്കിയില്‍ വിജയിച്ചത്. സഭയുമായി ഇടഞ്ഞ സിറ്റിംഗ് എം.പി പി.ടി തോമസിന് സീറ്റ് നിഷേധിച്ചാണ് ഡീന്‍ കുര്യാക്കോസിനെ രംഗത്തിറക്കിയത്.

Idukki, Kerala, Congress, Election, Lok Sabha, Deen Kuryakkos
ഗ്രൂപ്പ് തിരിഞ്ഞുള്ള പ്രവര്‍ത്തനം സ്ഥാനാര്‍ഥിക്കെതിരേ ഉണ്ടായിരുന്നോ, കാലങ്ങളായി വോട്ട് ചെയ്ത സമുദായങ്ങളും മറ്റ് വോട്ട് ബാങ്കുകളും കൈവിട്ടോ തുടങ്ങിയ വിഷയങ്ങളെല്ലാം ചര്‍ച്ചാവിഷയമായിരുന്നു. എ വിഭാഗക്കാരന്‍ തന്നെയായ ഡി.സി.സി പ്രസിഡണ്ട് റോയി. കെ. പൗലോസിന്റെ നേതൃത്വത്തിലുളള വിഭാഗവും ജോയ്‌സ് ജോര്‍ജിന്റെ ബന്ധു കൂടിയായ മുന്‍ ഡി.സി.സി പ്രസിഡണ്ട് ഇ.എം ആഗസ്തിയുടെ നേതൃത്വത്തിലുളള ഐ വിഭാഗവും പാര്‍ട്ടി സ്ഥാനാര്‍ഥിക്കെതിരെ നിലകൊണ്ടതായി പ്രചരണ വേളയില്‍ തന്നെ ആരോപണമുയര്‍ന്നിരുന്നു. പി.ടി തോമസിന് നിഷേധിക്കപ്പെട്ട സീറ്റ് തനിക്ക് ലഭിക്കുമെന്നായിരുന്നു റോയി. കെ. പൗലോസിന്റെ പ്രതീക്ഷ. കഴിഞ്ഞ മാസം നടന്ന കെ.എസ്.യു ജില്ലാ സമ്മേളനത്തിലും പി.ടി റോയി വിഭാഗങ്ങളുടെ ഭിന്നത പ്രകടമായി. റോയിയുടെ അനുയായിയായ യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം വൈസ് പ്രസിഡണ്ട് ജിയോ മാത്യുവിനെ സസ്‌പെന്റ് ചെയ്തതും ഇതിന്റെ ഭാഗമായാണ്.

10 മാസമായി ഡി.സി.സി. യോഗം വിളിക്കാറില്ല. കെ.പി.സി.സി. പ്രസിഡണ്ട് വി.എം സുധീരന്റെ ജനപക്ഷയാത്ര വിജയിപ്പിക്കാന്‍ വേണ്ടിയെങ്കിലും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി യോഗം ചേരണമെന്ന് സി.പി മാത്യു ആവശ്യപ്പെട്ടു. പട്ടയം നല്‍കാമെന്നു വാഗ്ദാനം നല്‍കി ഇടുക്കിയിലെ ജനങ്ങളെ കബളിപ്പിക്കുന്ന രീതി അവസാനിപ്പിക്കണം. യുദ്ധകാലാടിസ്ഥാനത്തില്‍ പട്ടയം നല്‍കണം. കാലങ്ങളായി കോണ്‍ഗ്രസിനു പിന്നില്‍ അടിയുറച്ചുനിന്ന കത്തോലിക്കാ സഭയും ഹൈറേഞ്ച് സംരക്ഷണ സമിതിയും ഒരുമിച്ചതാണ് പാര്‍ട്ടിക്ക് ക്ഷീണമായത്. വോട്ട് ബാങ്ക് നഷ്ടപ്പെടാതെ ജനങ്ങളെ കോണ്‍ഗ്രസിലേക്ക് ആകര്‍ഷിക്കാന്‍ കാര്‍ഷിക പദ്ധതികള്‍ പ്രഖ്യാപിക്കണം.

റബറിനു വില കുറഞ്ഞ സാഹചര്യം ഗൗരവമായി കാണണം. ഇല്ലെങ്കില്‍ അടുത്ത തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലും തുടര്‍ന്നു വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഇടുക്കിയില്‍ കോണ്‍ഗ്രസിനു പരാജയമായിരിക്കും ഫലമെന്നും യോഗത്തില്‍ അഭിപ്രായങ്ങളുയര്‍ന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Idukki, Kerala, Congress, Election, Lok Sabha, Deen Kuryakkos. 

Post a Comment