Follow KVARTHA on Google news Follow Us!
ad
Posts

കേരളയാത്രയില്‍ നേതാക്കള്‍; മുസ്ലീം ലീഗില്‍ വിവാദം

തിരുവനന്തപുരം: കേരളയാത്രയുടെ കൊല്ലത്തെ സ്വീകരണ പരിപാടിയില്‍ കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാരെ കിരീടമണിയിച്ച മുസ്ലീം Kanthapuram's yathra, Controversy, Muslim league, Kerala
തിരുവനന്തപുരം: കേരളയാത്രയുടെ കൊല്ലത്തെ സ്വീകരണ പരിപാടിയില്‍ കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാരെ കിരീടമണിയിച്ച മുസ്ലീം ലീഗ് കൊല്ലം ജില്ലാ പ്രസിഡണ്ടും മുന്‍ എം.എല്‍.എയും, വ്യവസായ പ്രമുഖനുമായ എ.യൂനുസകുഞ്ഞിന്റെ നടപടിക്കെതിരെ മുസ്ലീം ലീഗില്‍ വിവാദം.

കേരളയാത്രയുടെ പരിപാടികളില്‍ ആദ്യന്തം പങ്കെടുക്കരുതെന്ന് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡണ്ടിന്റെ ആവശ്യം നിരാകരിച്ചാണ് യൂനുസ്‌കുഞ്ഞ് ഉള്‍പ്പടെയുള്ള ചില മുസ്ലീം ലീഗ് നേതാക്കള്‍ പ്രസ്തുത പരിപാടികളില്‍ സംബന്ധിച്ചത്. കാസര്‍കോട്ടു നിന്നാരംഭിച്ച കേരളയാത്രയുടെ വാര്‍ത്തകള്‍ തമസ്‌ക്കരിച്ച മുസ്ലീം ലീഗ് മുഖപത്രം കോഴിക്കോട്ട് കാന്തപുരത്തിന്റെ യാത്ര എത്തയിതോടെ ചുവടുമാറ്റുകയും സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയുടെ പിന്നില്‍ പതിനായിരങ്ങള്‍ അണിനിരക്കുന്നത് തിരിച്ചറിഞ്ഞതോടെ പരിപാടിയുടെ സചിത്ര വാര്‍ത്തകള്‍ ഉള്‍ക്കൊള്ളിക്കുകയുമായിരുന്നു.

യാത്ര മലപ്പുറത്തെത്തിയപ്പോള്‍ മുസ്ലീം ലീഗിന്റെ അഖിലേന്ത്യാ സെക്രട്ടറി ഷഹിന്‍ഷ ജഹാംഗീര്‍ സ്വീകരണപരിപാടിയില്‍ പങ്കെടുത്ത് കാന്തപുരത്തെയും അദ്ദേഹം നിര്‍വ്വഹിക്കുന്ന സേവനങ്ങളെയും പ്രകീര്‍ത്തിച്ച് പ്രസംഗിച്ചു. നേരത്തെ പാനൂരിലും മുസ്ലീം ലീഗ് മണ്ഡലം സെക്രട്ടറി വി. നാസര്‍ കേരളയാത്രയുടെ സ്വീകരണത്തില്‍ സംബന്ധിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡണ്ടിന്റെ വിലക്ക് ലംഘിച്ച് യാത്രയിലുടനീളം മുസ്ലീം ലീഗ് നേതാക്കളുടെ സാന്നിദ്ധ്യം പ്രത്യക്ഷപ്പെട്ടത്. ലീഗിന്റെ നൂറുകണക്കിന് പ്രാദേശിക നേതാക്കളും യാത്രയില്‍ സജീവമായിരുന്നു.

കാസര്‍കോട്ടെ ചെങ്കള ഗ്രാമപഞ്ചായത്തിന്റെ മുന്‍ പ്രസിഡണ്ടും മഞ്ചേശ്വരം എം.എല്‍.എ പി.ബി. അബ്ദുല്‍ റസാഖിന്റെ സഹോദരനുമായ മുസ്ലീം ലീഗ് നേതാവ് പി.ബി. അഹമ്മദും മംഗലാപുരത്തു നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ചാര്‍ട്ടര്‍ ചെയ്ത പ്രത്യേക ട്രെയിനിലാണ് കേരളയാത്രയുടെ സമാപന ചടങ്ങില്‍ സംബന്ധിക്കാന്‍ എത്തിയത്.

അതേസമയം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്ന സമാപന പരിപാടിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പടെ സംസ്ഥാനത്തെ മുഴുവന്‍ രാഷ്ട്രീയ കക്ഷികളുടെയും, വ്യത്യസ്ത മതനേതാക്കളുടേയും സാന്നിദ്ധ്യം കേരളീയര്‍ നേരിട്ടറിഞ്ഞപ്പോള്‍ മുസ്ലീം ലീഗ് നേതാക്കളുടെ അസാന്നിദ്ധ്യവും ചര്‍ച്ചയായി. കാന്തപുരം വിഭാഗത്തെ നഖശിഖാന്തം എതിര്‍ക്കുന്ന ഇ.കെ. വിഭാഗത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് മുസ്ലീം ലീഗ് നേതൃത്വത്തിലെ ഒരു വിഭാഗം എ.പി. വിഭാഗവുമായി ഇപ്പോഴും അകല്‍ച്ചപാലിക്കുന്നത്. അത് മുതലാക്കാനാണ് മുസ്ലീം ലീഗിന്റെ പ്രഖ്യാപിത ശത്രുവായ ആര്യാടന്‍ മുഹമ്മദും കോണ്‍ഗ്രസില്‍ പ്രത്യേക പദവികളൊന്നുമില്ലെങ്കിലും എം.എല്‍.എ മാത്രമായ കെ. മുരളീധരനും സമാപന സമ്മേളനത്തില്‍ തങ്ങളുടെ സാന്നിദ്ധ്യമറിയിച്ചത്.

അതിനിടെ കേരളയാത്രയുടെ സംഘാടനവും സമാപനവും പരക്കെ പ്രശംസിക്കപ്പെട്ടു. രാഷ്ട്രീയപാര്‍ട്ടികളുടെ പതിവ് പ്രകടനങ്ങള്‍ കണ്ട് മടുത്ത തലസ്ഥാന നഗരിയിലെ ജനങ്ങള്‍ക്ക് സുന്നികളുടെ മഹാപ്രവാഹം പുതിയ ഒരു അനുഭവമായിരുന്നു. സമാപന പരിപാടിയില്‍ പുലര്‍ത്തിയ അച്ചടക്കം മാധ്യമങ്ങളാകെ എടുത്തുകാട്ടി. അച്ചടക്കത്തിന്റെ ചുവടുകളോടെ നീങ്ങിയ ജാഥ നിയന്ത്രിക്കാന്‍ പോലീസിന് തെല്ലും ക്ലേശിക്കേണ്ടിവന്നില്ല. സുന്നികള്‍ സൃഷ്ടിച്ച പാല്‍ക്കടല്‍ കാണാന്‍ നഗരമൊട്ടുക്കും വന്‍ജനസഞ്ചയമായിരുന്നു.

Related news:
ലീഗ് സംസ്ഥാന കമ്മിറ്റിയുടെ വിലക്ക് മറികടന്ന് അഖി. സെക്രട്ടറി കാന്തപുരത്തിന്റെ കേരളയാത്രയില്‍

Keywords: Kanthapuram's Kerala Yathra, Controversy, Muslim league, Kerala

Post a Comment