Follow KVARTHA on Google news Follow Us!
ad

World Cup | ലോകകപ്പ് ക്രിക്കറ്റിൽ ഓസ്‌ട്രേലിയ തന്നെ രാജാക്കന്മാർ; ഫൈനലിൽ കംഗാരുക്കൾക്ക് തകർപ്പൻ ജയം; അഹ്‌മദാബാദിൽ ഇന്ത്യന്‍ കണ്ണീര്‍

ട്രാവിസ് ഹെഡ് ഹീറോയായി, Sports, Cricket, World Cup, Australia, Final
അഹ്‌മദാബാദ്: (KVARTHA) ഏകദിന ക്രിക്കറ്റ് ലോകകപ്പ് കിരീടം ഓസ്‌ട്രേലിയക്ക്. മൂന്നാം കിരീടം സ്വന്തമാക്കി 2003 ലെ തോൽവിക്ക് പകരം വീട്ടാൻ ഇറങ്ങിയ ടീം ഇന്ത്യയ്ക്ക് ദയനീയ തോൽവിയാണ് സ്വന്തം മണ്ണിൽ നേരിടേണ്ടി വന്നത്. അഹ്‌മദാബാദിലെ നരേന്ദ്ര മോഡി സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരാട്ടത്തിൽ കംഗാരുക്കൾ ഏഴ് വിക്കറ്റിനാണ് ഇന്ത്യയെ തകർത്തത്.

India, Cricket, World Cup, Sports, Muhammad Shami, Virat Kohli, Australia, Bowlers, Batsman, Wicket, Australia Won Cricket World Cup.

ഫൈനലിൽ ഓസ്‌ട്രേലിയക്ക് 241 റൺസ് വിജയലക്ഷ്യമാണ് ഇന്ത്യ വെച്ച് നീട്ടിയത്. ഇന്ത്യൻ ടീമിന് 10 വിക്കറ്റ് നഷ്ടത്തിൽ 240 റൺസ് നേടാൻ മാത്രമാണ് കഴിഞ്ഞത്. കെ എൽ രാഹുൽ 66 റൺസും വിരാട് കോഹ്‌ലി 54 റൺസും നേടി. ക്യാപ്റ്റൻ രോഹിത് ശർമ 47 റൺസും സൂര്യകുമാർ യാദവ് 18 റൺസും നേടി. കുൽദീപ് യാദവ് 10 റൺസ് സംഭാവന ചെയ്തു.
 



ഈ അഞ്ച് താരങ്ങൾ ഒഴികെ മറ്റാർക്കും രണ്ടക്കം തൊടാനായില്ല. രവീന്ദ്ര ജഡേജ ഒമ്പത് റൺസും മുഹമ്മദ് ഷമി ആറ് റൺസും ശ്രേയസ് അയ്യരും ശുഭ്മാൻ ഗില്ലും നാല് റൺസ് വീതവും നേടി പുറത്തായി. ജസ്പ്രീത് ബുംറയ്ക്ക് ഒരു റൺസ് മാത്രമാണ് നേടാനായത്. ഒമ്പത് റൺസെടുത്ത മുഹമ്മദ് സിറാജ് പുറത്താകാതെ നിന്നു. ഓസ്‌ട്രേലിയക്ക് വേണ്ടി മിച്ചൽ സ്റ്റാർക്ക് മൂന്ന് വിക്കറ്റ് വീഴ്ത്തി. പാറ്റ് കമ്മിൻസും ജോഷ് ഹേസിൽവുഡും രണ്ട് വീതവും ഗ്ലെൻ മാക്സ്വെൽ, ആദം സാംപ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി ബാറ്റിംഗിൽ 43 ഓവറിൽ ഓസ്‌ട്രേലിയ ലക്ഷ്യം കണ്ടു. രണ്ടാം ഓവറിലെ ആദ്യ പന്തിൽ തന്നെ ഡേവിഡ് വാർണറെ പുറത്താക്കി മുഹമ്മദ് ഷമി ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകി. അഞ്ചാം ഓവറിലെ മൂന്നാം പന്തിൽ 15 പന്തിൽ 15 റൺസെടുത്ത മിച്ചൽ മാർഷിനെയും ഏഴാം ഓവറിലെ അവസാന പന്തിൽ സ്റ്റീവ് സ്മിത്തിനെ (4) യും പുറത്താക്കിയപ്പോൾ ഇന്ത്യൻ ആരാധകരുടെ മുഖത്ത് പുഞ്ചിരി വിടർന്നു.

എന്നാൽ, ട്രാവിസ് ഹെഡും മാർനസ് ലാബുഷാഗും ചേർന്ന് ഓസ്‌ട്രേലിയൻ ഇന്നിംഗ്‌സിന്റെ ചുമതല ഏറ്റെടുക്കുകയായിരുന്നു. കരുതലോടെ കളിച്ച ഇരുവരും വിക്കറ്റ് വീഴ്ച്ച തടഞ്ഞു. ട്രാവിസ് ഹെഡ് 137 റൺസോടെയും മാർനസ് ലബുഷാഗ്നെ 58 റൺസോടെയും പുറത്താകാതെ നിന്നു.

ആറാം തവണയാണ് ഓസ്‌ട്രേലിയ ലോക ചാമ്പ്യരാകുന്നത്. അതേസമയം, മൂന്നാം തവണയും കപ്പ് നേടാമെന്ന ഇന്ത്യയുടെ സ്വപ്‌നം തകർന്നു. ടൂർണമെന്റിൽ തുടർച്ചയായി 10 മത്സരങ്ങൾ ജയിച്ചെങ്കിലും പതിനൊന്നാം മത്സരത്തിൽ ഇന്ത്യ പരാജയമറിഞ്ഞു. ഓസ്‌ട്രേലിയയ്‌ക്കെതിരെ രണ്ടാം തവണയാണ് ഇന്ത്യ ഫൈനലിൽ തോൽവി നേരിടുന്നത്.

Keywords: India, Cricket, World Cup, Sports, Muhammad Shami, Virat Kohli, Australia, Bowlers, Batsman, Wicket, Australia Won Cricket World Cup.

Post a Comment