Follow KVARTHA on Google news Follow Us!
ad

കാസര്‍കോട് സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ശാന്തിക്കാരന്‍ അബ്രാഹ്മണനോ? - 1

അങ്ങനെ നമ്പൂതിരിയാകാതെ ഒരു ബ്രാഹ്മണന്‍ മേല്‍ശാന്തിയായി. ഇത് കാസര്‍കോട് ജില്ലയിലെ തീയ്യ സമുദായത്തിനു ലഭിച്ച അംഗീകാരം. Article, Prathibha-Rajan, kasaragod, Kerala,
നേര്‍ക്കാഴ്ച/പ്രതിഭാരാജന്‍

അങ്ങനെ നമ്പൂതിരിയാകാതെ ഒരു ബ്രാഹ്മണന്‍ മേല്‍ശാന്തിയായി. ഇത് കാസര്‍കോട് ജില്ലയിലെ തീയ്യ സമുദായത്തിനു ലഭിച്ച അംഗീകാരം. നമ്പൂതിരി ഇല്ലത്തില്‍ ജനിക്കാത്ത ബ്രാഹ്മണന്‍ എന്ന ഖ്യാതിയോടെ ഇതാദ്യമായി ഉത്തരബലബാറില്‍ ഒരു ശാന്തിക്കാരന്‍. പേര് ശ്രീനിഷ്. നെല്ലിക്കുന്ന് ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ മേല്‍ശാന്തിയായാണ് ശ്രീനീഷ് ചുമതലയേറ്റത്. ഇത്തരക്കാരെ അബ്രാഹ്മണനായ പൂജാരി എന്നു വേണം വിശേഷിപ്പിക്കാനെന്ന പ്രചരണത്തില്‍ മുഴുകുകയാണ് ഇവിടെ പൊതുസമുഹം. ശ്രീനീഷ് പിറന്ന കുലമായ തീയ്യകുലത്തിലുള്ളവര്‍ തന്നെയാണ് ഇത്തരം പ്രചരണത്തിന്റെ മുന്‍പന്തിയിലുള്ളതെന്നതാണ് മറ്റൊരു വിരോധാഭാസം.

ഏതു കുലത്തില്‍ ജനിച്ചു എന്നുള്ളതല്ല, ബ്രഹ്മത്തെ അറിഞ്ഞവനാരോ അവനാണ് ബ്രാഹ്മണനെന്ന് തിരുത്തി പറയാന്‍ നമുക്കിടയിലെ സാമുഹ്യ പരിഷ്‌കര്‍ത്താക്കള്‍ മുന്നോട്ടു വരേണ്ടിയിരിക്കുന്നു. തലമുറകളായി അവര്‍ണനെന്ന പഴികേട്ടു കാതുതഴമ്പിച്ചു വളര്‍ന്ന തീയ്യ സമുദാത്തിനു പ്രചോദനമാണ് ശ്രീനീഷ്. കീഴാള വര്‍ഗത്തില്‍ നിന്നും ഒരു ബ്രാഹ്മണന്‍ കൂടി ഉയര്‍ത്തെണീറ്റിരിക്കുന്നു.

ചെമ്മനാട്ടെ പാലിച്ചിയടുക്കത്താണ് ശ്രീനിഷിന്റെ ജനനം. സ്‌കൂള്‍ വിദ്യാഭ്യാസം ചെമ്മനാട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍. തുടര്‍ന്ന് പറവൂര്‍ ശ്രീധരന്‍ തന്ത്രി വടക്കന്‍ പറവൂരില്‍ സ്ഥാപിച്ച താന്ത്രിക വിദ്യാപീഠത്തില്‍ ചേര്‍ന്ന് ശാന്തിരത്നം പാസായി.

ഒരു കാലത്ത് നമ്പൂതിരി സമുദയാത്തിനപ്പുറത്ത് സ്വപ്നം കാണാന്‍ കഴിയാതിരുന്ന തലത്തിലേക്കാണ് ഈ ചെറുപ്പക്കാരന്‍ വളര്‍ന്നത്. ഇന്ന് ഇവിടേക്ക് നമ്പൂതിരി മനയ്ക്കലില്‍ നിന്നു മാത്രമല്ല, പുലയ-തീയ്യ സമുദയത്തില്‍ നിന്നു വരെ ബ്രഹ്മജ്ഞാനം തേടി വിദ്യാര്‍ത്ഥികളെത്തുന്നു. പഠനം പൂര്‍ത്തിയായി പരീക്ഷകളെല്ലാം പാസാകുന്നതോടെ അവര്‍ ബ്രാഹ്മണരായി പുന്‍ര്‍ജനിക്കുന്നു. ശ്രീകോവിലിന്റെ സംരക്ഷകരാകാന്‍ യോഗ്യത നേടുന്നു. ക്ഷേത്രപ്രതിഷ്ഠ അടക്കമുള്ള ദൈവീക കാര്യങ്ങളില്‍ വ്യാപൃതരാവുന്നു. ധ്വജ പ്രതിഷ്ഠയും, സഹസ്ര കലശാദി പൂജകളിലും യാഗങ്ങളിലും പങ്കാളിയാവുന്നു.

നവോത്ഥാനത്തിലൂന്നിയ ഈ പതിറ്റാണ്ടിലെ മൂര്‍ത്തമായ വിപ്ലവമാണിത്. പിണറായി സര്‍ക്കാരിന്റെ ആര്‍ജ്ജവത്തിന്റെ കരുത്തുകൊണ്ടാണിത് സാധ്യമായത്. ബ്രഹ്മത്തേക്കുറിച്ച് മനസിലാക്കി പരീക്ഷയെഴുതി പാസായാല്‍ പോലും കീഴ്ജാതിക്കാരനെ അബ്രാഹ്മണരെന്ന് വിളിച്ച് അധിക്ഷേപിക്കുന്നതിന് തടയിടേണ്ടതുണ്ട്. ചെറുത്തുനില്‍പ്പിനു നേതൃത്വം നല്‍കേണ്ടത് അവര്‍ണരെന്ന് സ്വയം കരുതുന്നവരാണ്. ജാതി ക്ഷേത്രങ്ങളും പൊതു ക്ഷേത്രങ്ങളും അവരടങ്ങുന്ന സംഘാടകരും ഇവരെ ഇത്തരത്തില്‍ അംഗീകരിക്കാന്‍ തയ്യാറാകണം. സാമുഹ്യപരിഷ്‌കര്‍ത്താക്കള്‍ അവരുടെ കടമയേക്കുറിച്ച് ബോധവാന്മാരാകണം.

കീഴാളന് ക്ഷേത്ര ശാന്തിക്കാരനും, തന്ത്രിയുമാകാന്‍ കഴിഞ്ഞതിനു പിന്നില്‍ നിരന്തരമായ ആശയസമരത്തിന്റെ വിപ്ലവ മുഹൂര്‍ത്തങ്ങളുണ്ടായിരുന്നുവെന്ന് അവര്‍ ഓര്‍ക്കണം. പിണറായി സര്‍ക്കാറിന്റെ കിരീടത്തിലെ പൊന്‍തൂവല്‍ കൂടിയാണിത്. ക്ഷേത്രപ്രവേശന വിളംബരത്തിനു ശേഷം കേരളത്തില്‍ നടന്ന ചരിത്രപ്രധാനമായ തീരുമാനത്തിന്റെ അവസാനത്തെ ഏടാണിത്. അയല്‍ സംസ്ഥാനത്തുള്ളവര്‍ വരെ പിണറായി സര്‍ക്കാരിനെ പ്രകീര്‍ത്തിച്ചു. ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ മഡൈസ്നാന എന്ന അനാചാരത്തിനു തടയിടാനായതിനു പിന്നിലും ഇതിന്റെ സ്വാധീനമുണ്ട്. നടന്‍ കമലാഹസന്‍ ഈ തീരുമാനത്തെ വാനോളം പുകഴ്ത്തി. തിരുവനന്തപുരത്തെത്തി പിണറായിയെ നേരിട്ടുകണ്ട് അഭിനന്ദിച്ചു.



സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളില്‍ പൂജ ചെയ്യാന്‍ നമ്പൂതിരി സമുദായാംഗങ്ങളല്ലാത്തവരെ അനുവദിക്കാതിരുന്ന കേരള സര്‍ക്കാര്‍ നയത്തില്‍ മാറ്റം വരുത്താന്‍ പിണറായിക്കു സാധിച്ചത് അനാചാരങ്ങള്‍ക്കെതിരെയുള്ള പോരാട്ടവിജയമാണ്. സര്‍ക്കാര്‍ നിയന്ത്രണത്തിലല്ലാത്തതും, വിവിധ സമുദായങ്ങള്‍ നേതൃത്വം നല്‍കുന്നതുമായ ക്ഷേത്രങ്ങളിലും, കേരള ക്ഷേത്ര സംരക്ഷണ സമിതി നടത്തുന്ന ക്ഷേത്രങ്ങളിലുമൊക്കെ ഏറെക്കാലമായി നമ്പൂതിരിമാരല്ലാത്തവര്‍ പൂജ ചെയ്യുന്നുണ്ട്. എന്നാല്‍ സര്‍ക്കാര്‍ സ്ഥാപനമായ ദേവസ്വത്തിന്റെ കീഴിലുള്ള അമ്പലങ്ങള്‍ക്ക് ശക്തിമത്തായ സവര്‍ണവലയം മുറിച്ചുകടക്കാന്‍ കഴിഞ്ഞിരുന്നില്ല. ബ്രഹ്മജ്ഞാനം നേടിയാലും ഇല്ലെങ്കിലും നമ്പൂതിരി കുടുംബങ്ങളെ അല്ലാതെ ശാന്തി കര്‍മ്മങ്ങള്‍ക്കായി ഏര്‍പ്പെടുത്താനാവില്ല എന്ന നയമായിരുന്നു പിണറായി സര്‍ക്കാര്‍ തിരുത്തിക്കുറിച്ചത്. മുമ്പ്  നമ്പൂതിരി സമുദായക്കാരല്ലാത്തവരെ പൂജ ചെയ്യാന്‍ അനുവദിച്ചിരുന്നില്ല. ഇവിടെ ഇപ്പോള്‍ സമൂലമായ മാറ്റമുണ്ടായിരിക്കുകയാണ്.

തിരുവല്ല കടപ്രയിലെ കീച്ചേരി വാല്‍ക്കടവ് മണപ്പുറം ശിവക്ഷേത്രത്തിലെ ശാന്തിക്കാരന്‍ യദു കൃഷ്ണന് ശാന്തിക്കാരനാവാന്‍ അവസരമുണ്ടാക്കിയത് ഈ സര്‍ക്കാരാണ്. കാസര്‍കോട് പാലിച്ചിയടുക്കത്തെ ശ്രീനിഷ് അടക്കം പുലയസമുദായവും തീയ്യസമുദായത്തിലും പിറന്നവര്‍ ഇന്ന് കേരളത്തിലെ നിരവധി ക്ഷേത്രങ്ങളില്‍ പൂജാദി കര്‍മ്മങ്ങള്‍ ചെയ്യുന്നവരായുണ്ട്.

എന്നാല്‍ ഇത്തരം ഇടതുനയത്തിനെതിരെ ശക്തമായ പ്രക്ഷോഭവുമായി ഒരുകൂട്ടം സവര്‍ണ ഹിന്ദുക്കള്‍ രംഗത്തെത്തിയിരുന്നു. താണ ജാതിക്കാരെ ശ്രീകോവിലില്‍ പ്രവേശിപ്പിക്കാനോ, പൂജാവിധികള്‍ പഠിച്ച് യോഗ്യത നേടിയവരെ ബ്രാഹ്മണനായി അംഗീകരിക്കാനോ അത്തരക്കാര്‍ തയ്യാറായില്ല. ഇവരെ അബ്രാഹ്മണനായി വിലയിരുത്തി വകഞ്ഞു മാറ്റി നിര്‍ത്തപ്പെട്ടു. അവര്‍ണ സമുദായങ്ങളെന്ന് സ്വയം കരുതുന്നവര്‍ വരെ സവര്‍ണതയ്ക്കുകീഴടങ്ങുകയായിരുന്നു. കീഴ്‌വഴക്കം ലംഘിച്ചു മുന്നേറാന്‍ പലര്‍ക്കും മനക്കരുത്തുണ്ടായില്ല. കര്‍മ്മം കൊണ്ട് ഒരാള്‍ ബ്രാഹ്മണ്യം നേടി ക്ഷേത്രത്തില്‍ പൂജ ചെയ്യാന്‍ യോഗ്യത നേടിയാലും അയാള്‍ അബ്രാഹ്മണന്‍ തന്നെയാണെന്ന വകഞ്ഞു മാറ്റലിനെതിരെ സാമൂഹ്യപരിഷ്‌ക്കര്‍ത്താക്കള്‍ ഒന്നിക്കേണ്ടിയിരിക്കുന്നു. അവര്‍ ഒച്ച വെക്കേണ്ടിയിരിക്കുന്നു. ബ്രാഹ്മണ്യം എന്നത് ഏതെങ്കിലും സമുദായത്തിനുമാത്രമായി പതിച്ചു നല്‍കിയിരിക്കുന്ന അവകാശമോ ഖ്യാതിയോ അല്ല. അവ കര്‍മ്മം കൊണ്ട് നേടിയെടുക്കേണ്ടതാണ്. മേല്‍ജാതിക്കു മാത്രമേ വേദവും, തന്ത്രവും, പൂജാവിധികളും മനനം ചെയ്യാവൂ എന്ന കാട്ടുനീതിക്കെതിരെയുള്ള പോരാട്ടം ഇനിയും ശക്തിപ്പെടേണ്ടിയിരിക്കുന്നു.

സര്‍ക്കാര്‍ ഇതിനു സന്നദ്ധമാണ്. പക്ഷെ നവോത്ഥാന ദാരിദ്ര്യം ഇനിയും വിട്ടുമാറാത്ത പൊതു സമുദായം സ്വയം അന്ധകാരത്തെ പുല്‍കുകയാണ്. പൊതുസമൂഹവും ഒരു പരിധിവരെ മനോഭാവം മാറ്റാതെ പഴമയില്‍ തന്നെ കടിച്ചു തൂങ്ങുന്നു. ഇതു മാറാതെ നിയമം മാറിയതു കൊണ്ടുമാത്രം ജാതി വിവേചനം അവസാനിക്കില്ലെന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.

ചരിത്രത്തിലേക്ക് നോക്കിയാല്‍ നമ്പൂതിരി സമുദായത്തില്‍ ജനിച്ചവരല്ലാത്ത, കര്‍മം കൊണ്ട് ബ്രാഹ്മണരായ നിരവധി പേര്‍ ഇന്ന് കേരളത്തിലുണ്ട്. പഠിപ്പും പരിശീലനവും ലഭിച്ച ഇവരെ തന്ത്രിമാരായും മേല്‍ശാന്തിമാരായും അംഗീകരിച്ചിരിക്കണമെന്ന ആദ്യവിളംബരമുണ്ടായത് 1985 ലെ പ്രശസ്തമായ ചേന്ദമംഗലം പാലിയം വിളംബരത്തിലൂടെയാണ്. ആ വിളംബര സമ്മേളനത്തിലേക്ക് ബ്രാഹ്മണസഭ നേതൃത്വം നല്‍കുന്ന യോഗ ക്ഷേമസഭയും, തീയ്യ - ഈഴവ സമുദായത്തിന്റെ വക്താക്കള്‍ എസ്എന്‍ഡിപിയും, പിന്നീട് സി കെ ജാനു നേതൃത്വമേറ്റെടുത്ത പുലയ മഹാസഭയും ഉള്‍പ്പെടെയുള്ള ഒട്ടെറെ സാമുദായിക സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തിരുന്നു. ഹൈന്ദവരുടെ ക്ഷേമമാണ് പാലിയം വിളമ്പരത്തിന്റെ കാതല്‍ എന്ന് ആര്‍എസ്എസ് വിശേഷിപ്പിച്ചു.

വിളമ്പരത്തിനു മുമ്പ് 1982 ഏപ്രില്‍ നാല്, അഞ്ച് തീയതികളില്‍ എറണാകുളത്തുവെച്ചു  വിശാലഹിന്ദു സമ്മേളനം നടന്നിരുന്നു. ആര്‍എസ്എസിനായിരുന്നു നിയന്ത്രണം. അന്ന് നടന്ന സമ്മേളനത്തിന്റെ ഉദ്ഘാടന വേളയില്‍ നടത്തിയ ഗണഹോമത്തിനു നേതൃത്വം നല്‍കിയത് നമ്പൂതിരി കുടുംബത്തില്‍ നിന്നുമുള്ള ആളായിരുന്നില്ല, പകരം ബ്രഹ്മശ്രീ ശ്രീധരന്‍ തന്ത്രിയായിരുന്നു. ശ്രീധരന്‍ തന്ത്രിയെ ആര്‍എസ്എസ് കൂടി അംഗീകരിച്ചതോടെ സാവര്‍ണ്യ ചിന്തയില്‍ നിന്നും അവര്‍ മാറി ഹൈന്ദവ ഏകീകരണത്തിന്റെ പുതിയ മാര്‍ഗം സ്വീകരിച്ചു എന്ന് സമൂഹം വിലയിരുത്തി. കാലം പിന്നിട്ടപ്പോള്‍ എന്താണ് സംഭവിച്ചത്? ഈഴവ സമുദയത്തില്‍ നിന്നും പുലയസമുദായത്തില്‍ നിന്നും ഉരുത്തിരിഞ്ഞു വന്ന ബ്രാഹ്മണരെ സാവര്‍ണ്യം തടഞ്ഞുവെക്കുന്ന കാഴ്ചയാണ് നമുക്ക് കാണാനായത്. തടഞ്ഞു എന്നു മാത്രമല്ല പുറത്താക്കി പിണ്ഡം വെച്ചു.

തുടരും..

Keywords: Article, Prathibha-Rajan, kasaragod, Kerala, Nerkazhcha by Prathibharajan