Follow KVARTHA on Google news Follow Us!
ad

ഇനി കുടുംബത്തെ കൊണ്ടുവരാന്‍ ജോലി തന്നെ വേണമെന്നില്ല; യുഎഇയില്‍ പ്രവാസികള്‍ക്ക് ഫാമിലി സ്‌പോണ്‍സര്‍ഷിപ്പ് പോളിസി പ്രാബല്യത്തില്‍ വന്നു; അപേക്ഷിക്കുമ്പോള്‍ ആവശ്യമായ രേഖകള്‍ എന്തൊക്കെ?

യുഎഇയില്‍ പ്രവാസികള്‍ക്ക് കുടുംബത്തെ കൂടി കൊണ്ടുവരാനുള്ള ഫാമിലി സ്‌പോണ്‍സര്‍ഷിപ്പ് പോളിസി പ്രാബല്യത്തില്‍ വന്നു. ഈ വര്‍ഷം ആദ്യം ക്യാബിനറ്റ് അംഗീകരിച്ച തീരുമാനം ജൂലൈ World, News, UAE, Gulf, Family, Job, Policy, New family sponsorship policy for UAE expats comes into effect .
ദുബൈ: (www.kvartha.com 14.07.2019) യുഎഇയില്‍ പ്രവാസികള്‍ക്ക് കുടുംബത്തെ കൂടി കൊണ്ടുവരാനുള്ള ഫാമിലി സ്‌പോണ്‍സര്‍ഷിപ്പ് പോളിസി പ്രാബല്യത്തില്‍ വന്നു. ഈ വര്‍ഷം ആദ്യം ക്യാബിനറ്റ് അംഗീകരിച്ച തീരുമാനം ജൂലൈ 14 മുതല്‍ പ്രാബല്യത്തിലായതായി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് (എഫ് എ ഐ സി) അറിയിച്ചു.

പുതിയ പോളിസി പ്രകാരം ഒരാളുടെ തൊഴിലോ പദവിയോ ആധാരമാക്കിയായിരിക്കില്ല കുടുംബത്തെ സ്പാണ്‍സര്‍ ചെയ്യാനുള്ള യോഗ്യത നിശ്ചയിക്കുന്നത്. യുഎഇയില്‍ ജോലി ചെയ്യുന്ന വിദേശികളുടെ മാസവേതനം അനുസരിച്ചായിരിക്കും യോഗ്യത നിര്‍ണയിക്കുക. നേരത്തെ ഏതാനും കാറ്റഗറിയില്‍ മാത്രമായിരുന്നു ഈ സൗകര്യം നല്‍കിയിരുന്നത്.


4000 ദിര്‍ഹം മാസവേതനം ലഭിക്കുന്നവര്‍ക്കാണ് കുടുംബത്തെ കൊണ്ടുവരാന്‍ സാധിക്കുക. കമ്പനി താമസ സൗകര്യം ഏര്‍പ്പെടുത്തുന്നവരാണെങ്കില്‍ 3000 ദിര്‍ഹം മാസവേതനം മതി, അവര്‍ക്ക് കുടുംബത്തെ കൊണ്ടുവരാന്‍ സാധിക്കും. യുഎഇയില്‍ ജോലി ചെയ്യുന്ന പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും അവരുടെ പങ്കാളിയെയും 18 വയസ് തികയാത്ത കുട്ടികളെയും വിവാഹിതയാകാത്ത മകളുമടങ്ങുന്ന കുടുംബത്തെ പുതിയ ഫാമിലി സ്‌പോണ്‍സര്‍ പോളിസി പ്രകാരം യുഎഇയിലേക്ക് കൊണ്ടുവരാന്‍ സാധിക്കുമെന്ന് ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് അതോറിറ്റി വ്യക്തമാക്കി.

ഈ തീരുമാനം രാജ്യത്തെ പ്രവാസികള്‍ക്ക് സുസ്ഥിരമായ അന്തരീക്ഷം പ്രാപ്തമാക്കുമെന്നും ഇത് അവരുടെ ഉല്‍പാദനക്ഷമതയും ദേശീയ സമ്പദ്‌വ്യവസ്ഥയിലേക്കുള്ള സംഭാവനയും വര്‍ദ്ധിപ്പിക്കുമെന്നും എഫ്‌ഐസിയിലെ വിദേശകാര്യ, തുറമുഖ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സഈദ് രാഖന്‍ അല്‍ റഷ്ദി പറഞ്ഞു. ഉയര്‍ന്ന നിലവാരമുള്ള തൊഴിലാളികളെയും പ്രൊഫഷണലുകളെയും ആകര്‍ഷിക്കാനും ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളിലൊന്നായി യുഎഇയെ മാറ്റാനും ഈ തീരുമാനം കൊണ്ട് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഎഇയിലെത്തി താമസമാക്കുന്നവരെല്ലാം രാജ്യത്തെ നിയമങ്ങള്‍ അനുസരിക്കാനും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറിനില്‍ക്കാനും ബാധ്യസ്ഥരാണന്ന് അല്‍ റഷ്ദി ഓര്‍മിപ്പിച്ചു.

അപേക്ഷിക്കുമ്പോള്‍

രാജ്യത്ത് സ്‌പോണ്‍സറുമൊത്ത് താമസിക്കുന്നിടത്തോളം കാലം എല്ലാ കുടുംബാംഗങ്ങള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് ഉണ്ടായിരിക്കണം. അവരുടെ വിവരങ്ങള്‍ പോപ്പുലേഷന്‍ റെക്കോര്‍ഡ് ഉള്‍പ്പെടെ ബന്ധപ്പെട്ട അധികാരികളില്‍ രജിസ്റ്റര്‍ ചെയ്യണം. കൂടാതെ അവര്‍ എമിറേറ്റ്‌സ് ഐഡിക്കും അപേക്ഷിക്കണം. സ്‌പോണ്‍സറുടെ റെസിഡന്‍സി സാധുവായിരിക്കുന്നിടത്തോളം കാലം സ്‌പോണ്‍സര്‍ ചെയ്ത അംഗങ്ങള്‍ക്ക് യുഎഇയില്‍ തുടരാം.

അപേക്ഷിക്കാന്‍ ആവശ്യമായ രേഖകള്‍:

- അറബി ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത വിവാഹ സര്‍ട്ടിഫിക്കറ്റ്.

- കുട്ടികള്‍ക്കാണെങ്കില്‍ അറബി ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത ജനന സര്‍ട്ടിഫിക്കറ്റ്.

- ഏറ്റവും പുതിയ സാലറി പ്രൂഫ്.

- പൊതുമേഖലയില്‍ ജോലി ചെയ്യുന്നവരാണെങ്കില്‍ സാലറി സര്‍ട്ടിഫിക്കറ്റും സ്വകാര്യ മേഖലയിലുള്ളവരാണെങ്കില്‍ അവസാന മൂന്ന് മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റും.

സ്ത്രീകള്‍ കുടുംബത്തെ സ്‌പോണ്‍സര്‍ ചെയ്യുമ്പോള്‍

- നിര്‍ബന്ധമായും ഭര്‍ത്താവില്‍ നിന്ന് രേഖാമൂലമുള്ള അനുമതി ലഭിക്കണം.

- വിധവയോ വിവാഹ മോചനം നേടിയവരോ ആണെങ്കില്‍ ഭര്‍ത്താവിന്റെ മരണ സര്‍ട്ടിഫിക്കറ്റോ വിവാഹ മോചന സര്‍ട്ടിഫിക്കറ്റോ ഹാജരാക്കണം.

Keywords: World, News, UAE, Gulf, Family, Job, Policy, New family sponsorship policy for UAE expats comes into effect.