Follow KVARTHA on Google news Follow Us!
ad

കുട്ടനാട്ടില്‍ കൊക്കോ കൃഷി വീണ്ടും വ്യാപകമാകുന്നു

പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കുട്ടനാട് അപ്പര്‍ കുട്ടനാടന്‍ മേഖലകളില്‍ ഏറെ സജീവമായിരുന്ന കൊക്കോകൃഷി വീണ്ടും വ്യാപകമാകുന്നു. കൊക്കോയുടെ ഉത്പന്നങ്ങള്‍ക്ക് പ്രിയമേറുന്നതിനാല്‍ Kerala, News, Farmers, Cacao tree farming increased in Kuttanad
ഹരിപ്പാട്: (www.kvartha.com 11.02.2019) പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കുട്ടനാട് അപ്പര്‍ കുട്ടനാടന്‍ മേഖലകളില്‍ ഏറെ സജീവമായിരുന്ന കൊക്കോകൃഷി വീണ്ടും വ്യാപകമാകുന്നു. കൊക്കോയുടെ ഉത്പന്നങ്ങള്‍ക്ക് പ്രിയമേറുന്നതിനാല്‍ പലകര്‍ഷകരും കൊക്കോ കൃഷിയിലേക്ക് തിരിച്ചുവരവ് തുടങ്ങി. പാടങ്ങള്‍ ഉഴുതു മറിച്ച് ഒരുവര്‍ഷത്തില്‍ രണ്ടുതവണ നെല്‍കൃഷിയും അതോടൊപ്പം കരകൃഷിയും മത്സ്യകൃഷിയും ചെയ്ത് ഉപജീവനമാര്‍ഗ്ഗം കണ്ടെത്തിയിരുന്ന കര്‍ഷകരെ സംബന്ധിച്ച് എന്നും നഷ്ടത്തിന്റെ കണക്കുകളാണ് ബാക്കിവെച്ചതെന്നതിരിച്ചറിവും ഈ കര്‍ഷകരെ കൊക്കോ കൃഷിയിലേക്കും തിരിച്ചുകൊണ്ടുവരുന്നു.

പെട്ടെന്ന് നാശനഷ്ടമുണ്ടാകാത്തതും കൃഷിച്ചെലവ് നന്നേ കുറവും കൊക്കോയുടെ ഉത്പന്നങ്ങള്‍ക്ക് ലോകമെമ്പാടും പ്രിയമേറുന്നതും കൊക്കോകൃഷിയിലേക്കുള്ള തിരിച്ചുവരവിനുള്ള പ്രധാനകാരണമാണ്. തെങ്ങിനുണ്ടായ രോഗത്തെ തുടര്‍ന്ന് നാളികേര മേഖലയും കര്‍ഷകര്‍ കയ്യൊഴിഞ്ഞ മട്ടാണ്. കരകൃഷികളായ വാഴ, മരച്ചീനി, കാച്ചില്‍, ചേന, ചേമ്പ്, പച്ചക്കറിഎന്നിവയും കാലാവസ്ഥ വ്യതിയാനങ്ങളിലും മറ്റും കാര്യമായ വിളവ് ലഭിക്കാത്ത അവസ്ഥയിലാണ്. ഈ അവസരത്തിലാണ് എല്ലാമാസവും പൂക്കളും കായ്കളും തരുന്ന കൊക്കോ കൃഷിയെ കുറിച്ച് കുട്ടനാട്ടുകാര്‍ ചിന്തിക്കുന്നത്.

കൊക്കോയുടെ നല്ലകാലം തിരിച്ചുവരുന്നുവെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ആഭ്യന്തര, രാജ്യാന്തര വിപണികളില്‍ നിന്ന് കൊക്കോ കര്‍ഷകര്‍ക്കു ശുഭസൂചനകളാണ് കിട്ടുന്നത്. ഉത്പാദനത്തെക്കാള്‍ ഉപഭോഗം വര്‍ദ്ധിക്കുന്ന ആഭ്യന്തരവിപണി തന്നെ പ്രധാനം. ഇന്ത്യയിലെ കൊക്കോ ഉല്‍പാദനം 2010ല്‍ 12,954 ടണ്ണായിരുന്നത് കഴിഞ്ഞ വര്‍ഷം 18,920 ടണ്ണായി വര്‍ദ്ധിച്ചു. 46 ശതമാനമാണ് വര്‍ദ്ധന. ഇതില്‍ ഏകദേശം ഏഴായിരം ടണ്‍ കേരളത്തില്‍ നിന്നുമാണ്. ചോക്ലേറ്റ് നിര്‍മിക്കുന്നതിനുള്ള പ്രധാന അസംസ്‌കൃതവസ്തു കൊക്കോയുടെ കുരുക്കളാണ്.
എന്നാല്‍ എത്ര ഉത്പാദിപ്പിച്ചാലും മതിയാകില്ലെന്ന വിധത്തിലാണ് ആഭ്യന്തര ചോക്ലേറ്റ് വിപണിയുടെ വളര്‍ച്ച. ഇന്ത്യക്കാര്‍ക്ക് ഒരു വര്‍ഷം വേണ്ട ചോക്ലേറ്റ് ഉത്പാദിപ്പിക്കാന്‍ ഇപ്പോഴത്തേതിന്റെ നാലിരട്ടി കൊക്കോ ഉത്പാദനം ആവശ്യമാണത്രെ. കഴിഞ്ഞ വര്‍ഷം 1542 കോടി രൂപയ്ക്ക് 63,613 ടണ്‍ കൊക്കോയാണ് ഇറക്കുമതി ചെയ്തത്.

ഇപ്രകാരം ഇറക്കുമതി ചെയ്ത കൊക്കോ ഉപയോഗിച്ച് നിര്‍മിച്ച 25,000 ടണ്‍ ഉല്‍പന്നങ്ങള്‍ നാം തിരികെ കയറ്റുമതി ചെയ്യുകയുണ്ടായി. ഈ സാഹചര്യത്തില്‍ കൊക്കോകൃഷിക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കാനുള്ള തീരുമാനത്തിലാണ് ഡയറക്ട്രേറ്റ് ഓഫ് കാഷ്യൂ നട്ട് ആന്‍ഡ് കൊക്കോ ഡവലപ്മെന്റ്. ഇതില്‍ പതിനായിരം ഹെക്ടറോളം ആന്ധ്രയിലായിരിക്കും. കേരളത്തില്‍ രണ്ടായിരം ഹെക്ടറില്‍ കൂടി കൃഷിവ്യാപിക്കാനുള്ള പദ്ധതികളാണ് തയാറായി വരുന്നത്.

ക്രയലോ, ഫോറസ്റ്റിറോ, ട്രിനിറ്റാരിയോ എന്നീ മൂന്നു തരത്തിലുള്ള കൊക്കോകളാണ് കേരളത്തില്‍ കൃഷിചെയ്യുന്നത്. കാര്‍ഷിക മേഖലയില്‍ ഒരു വഴിത്തിരിവാകുകയാണ് കൊക്കോ കൃഷി. ലോകപാനീയത്തില്‍ ഇടംനേടുന്ന കൊക്കോയുടെ ഉത്പന്നങ്ങള്‍ക്ക് പ്രചാരമാകുംതോറും കൊക്കോകൃഷിയും വ്യാപകമാകുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Farmers, Cacao tree farming increased in Kuttanad
  < !- START disable copy paste -->